എന്റെ ഭാവിയും അവളുടെ നോട്ടവും
'ഹലോ ഇത് രഘുനാഥന്‍ സാറാണോ?'….
'രഘുനാഥന്‍ പിന്നെ സാറല്ലാതെ ടീച്ചര്‍ ആകുമോ? വെളുപ്പാന്‍ കാലത്ത് വെറുതെ മിനക്കെടുത്താതെ വച്ചിട്ടു പോടെ' എന്ന് ചോദിയ്ക്കാന്‍ തോന്നിയ ഞാന്‍ ഉടന്‍ എന്നെ നിയന്ത്രിച്ചു. കാരണം, മൊബൈലില്‍ കൂടി കേട്ടത് വെറുമൊരു സ്വരമല്ല. മധുരസ്വരമാണ്. കളമൊഴി,കിളിമൊഴി എന്നൊക്കെ കവികള്‍ പറയുന്നത് കേട്ടിട്ടില്ലേ? ഏതാണ്ട് അതുപോലൊക്കെത്തന്നെയുള്ള ഒരു മൊഴി..!!
ശബ്ദം കേട്ടിട്ട് ഒരു യുവതിയാണെന്ന് തോന്നുന്നു. എരുമ കരയുന്നതു പോലെയുള്ള എന്റെ സ്വരം കേട്ടു പേടിച്ച് അവള്‍ ഫോണ്‍ വച്ചിട്ട് പോയാലോ എന്ന് ശങ്കിച്ച ഞാന്‍ എന്റെ സ്വരത്തില്‍ മാക്‌സിമം അളവില്‍ പഞ്ചസാര ചേര്‍ത്ത് മറു ചോദ്യം ഉന്നയിച്ചു..
'അതേല്ലോ ..ഇതാരാ..?'
'പട്ടാളക്കാരന്‍ രഘുനാഥന്‍ അല്ലെ?' അപ്പുറത്ത് നിന്നും വീണ്ടും ചോദ്യം.
'എടീ പെങ്കൊച്ചേ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത വീരയോദ്ധാവായ രഘുനാഥന്‍ തന്നെയാണ് നിന്നോട് സംസാരിക്കുന്നത്' എന്ന് പറയാന്‍ തോന്നിയെങ്കിലും ഞാന്‍ വീണ്ടും എന്നെ നിയന്ത്രിച്ചു. ആദ്യത്തെ അളവില്‍ തന്നെ വീണ്ടും പഞ്ചസ്സാര കുറുക്കി…
'അതെ അതെ…ആരാ വിളിക്കുന്നത്..?'
അപ്പുറത്ത് നിശബ്ദത ..ദൈവമേ വച്ചിട്ട് പോയോ? ആളുമാറി വിളിച്ചതാണോ? ഞാന്‍ ശങ്കിച്ചു..
'ഈ ബ്ലോഗൊക്കെ എഴുതുന്ന രഘുനാഥന്‍ തന്നെയല്ലേ ?' അപ്പുറത്ത് നിന്നും അപ്രതീഷിതമായ ചോദ്യം കേട്ട ഞാന്‍ ഞെട്ടി..
അമ്പടീ.. നീയപ്പോള്‍ എന്റെ ആരാധികയാണ് അല്ലെ? ഞാന്‍ എഴുതുന്ന പട്ടാളക്കഥകള്‍ വായിച്ചു ഒത്തിരിപ്പേര്‍ കമന്റ് എഴുതാറുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരാള്‍, അതും ഒരു യുവതി എന്നെ ഫോണില്‍ വിളിക്കുന്നത്. ഞാന്‍ അടിമുടി കോരിത്തരിച്ചു..ആസകലം കോരാതെ തരിച്ചു..കവികള്‍ പറയുന്നത് പോലെ തരളിത ഹൃദയനായി മാറി..എന്റെ സ്വരത്തില്‍ ഞാനറിയാതെ പഞ്ചസാര കൂടി കല്‍ക്കണ്ടമായോ എന്നൊരു സംശയം..
'അതെ അതുതന്നെ'… ആരാ ഈ വിളിക്കുന്നെ ??
'സാര്‍ ഞാന്‍ ശാലിനി..സാറിന്റെ നാട്ടുകാരിയാ … മുതുകുളത്താ വീട്…ഹരിപ്പാട്ടാ വര്‍ക്കു ചെയ്യുന്നേ..'
ഹോ..എന്റെ മനസ്സറിഞ്ഞ പോലയല്ലേ അവള്‍ സംസാരിക്കുന്നത്? ബ്ലോഗ്ഗില്‍ ഞാന്‍ പെണ്ണുകാണാന്‍ പോകുന്ന വിവരവും അതെല്ലാം ചീറ്റിപ്പോകുന്ന കഥകളും എഴുതിയിട്ടുണ്ട്. അതൊക്കെ ഇവള്‍ വായിച്ചിട്ടുമുണ്ടാകും. ഞാനൊരു 'ക്രോണിക് ഇല്ലാത്ത ബാച്ചിലര്‍' ആണെന്നും നല്ലൊരു പെണ്ണിനെ കിട്ടിയാല്‍ അപ്പോള്‍ തന്നെ കെട്ടിക്കളയും എന്നവള്‍ക്ക് അറിയാമായിരിക്കും.അതുകൊണ്ടാവുമോ രാവിലെ തന്നെ അവള്‍ വിളിച്ചത്? ഇപ്പോഴത്തെ പെണ്‍പിള്ളാരൊക്കെ ഭാവിയിലേയ്ക്ക് നല്ല നോട്ടമുള്ളവര്‍ ആണെന്ന് മാത്തപ്പന്‍ പറഞ്ഞത് എത്ര ശരി..അത് കൊണ്ടല്ലേ അവള്‍ തന്നെ മുന്‍കൈ എടുത്ത് എന്നെ വിളിച്ചത്..? സ്മാര്‍ട്ട് ഗാള്‍ ….ഐ ലൈക് യു ഡാ… (ലവ് യു ഡാ…എന്ന് നേരില്‍ കാണാന്‍ പറ്റിയാല്‍ പറയണം) ഞാന്‍ തീരുമാനിച്ചു.
'സാറിന്നു ഫ്രീയാണോ എനിക്കൊന്നു കാണാന്‍ പറ്റുമോ?'
അവളുടെ അടുത്ത കിളിമൊഴി കേട്ട ഞാന്‍ വീണ്ടും കോരിത്തരിക്കുക മാത്രമല്ല ഒപ്പം ഞെട്ടിത്തരിക്കുക കൂടി ചെയ്തു. 'വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും കാരാമില്‍ക്ക് ' എന്ന് പറഞ്ഞത് പോലെ, ഇവള്‍ രണ്ടും കല്പിച്ച് ഇറങ്ങിയവള്‍ തന്നെ. സംശയമില്ല.! കാശ്മീര്‍ പ്രശ്‌നം പോലെ നീണ്ടു നീണ്ടു പോകുന്ന എന്റെ കല്യാണ പ്രശ്‌നം ഇതാ തീരാന്‍ പോകുന്നു. ഒരു യുവസുന്ദരി എന്നെ കാണാന്‍ ആഗ്രഹിക്കുന്നു!! അവളെ കാണാന്‍ ഞാനും ആഗ്രഹിക്കുന്നു. എല്ലാത്തിനും കാരണക്കാരന്‍ പട്ടാളക്കഥകള്‍ എന്ന കിടിലന്‍ ബ്ലോഗ്ഗ് ! അത് കിടക്കുന്ന കിടിലോല്‍ കിടിലന്‍ ബൂലോകം.!! ജയ് ജയ് പട്ടാളക്കഥകള്‍. ജയ് ജയ് ബൂലോകം, ജയ് ജയ് ഞാന്‍..!!!.
'പിന്നെന്താ കാണാമല്ലോ….എപ്പോഴാ വരുന്നത്' ഞാന്‍ ചോദിച്ചു..
'സാറിന് കഴിയുമെങ്കില്‍ ഒന്ന് ഹരിപ്പാട് വരെ വരാമോ? വൈകിട്ട് അഞ്ചു മണിക്ക് ശേഷം വന്നാല്‍ സൌകര്യമാണ്. എന്തെങ്കിലും അസൗകര്യം ഉണ്ടെങ്കില്‍ വേണ്ട കേട്ടോ'
'അസൗകര്യം? എനിക്കോ? ഞാനിപ്പോഴേ വരാന്‍ റെഡി ' എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിച്ചെങ്കിലും വീണ്ടും ഞാന്‍ എന്നെ നിയന്ത്രിച്ചു. ആക്രാന്തം പാടില്ല. വെയിറ്റ് ആന്‍ഡ് സീ .
'വരാന്‍ പറ്റുമോ എന്ന് നോക്കട്ടെ' ഞാന്‍ പറഞ്ഞു. എവിടെയാ വരണ്ടേ?
' ബസ് സ്‌റ്റോപ്പിനടുത്തു നിന്നാല്‍ മതി.' ഞാന്‍ എത്തിക്കോളാം. അവള്‍ പറഞ്ഞു.
'ഓക്കേ. പക്ഷെ എങ്ങനെ ഞാന്‍ തിരിച്ചറിയും? ഞാന്‍ ഇതുവരെ ശാലിനിയെ കണ്ടിട്ടില്ലല്ലോ? ശാലിനി എന്നെയും.'?
'അത് സാരമില്ല. ഞാന്‍ സ്‌റ്റോപ്പിന്റെ നേരെ മുന്‍പിലുള്ള ബേക്കറിയുടെ അടുത്ത് നില്‍കാം.' വന്നു കഴിയുമ്പോള്‍ ഈ നമ്പരില്‍ വിളിച്ചാല്‍ മതി.'
അങ്ങനെ ഇരുപതാം നൂറ്റാണ്ടിലെ പെണ്ണുകാണല്‍, അതായത് ചെറുക്കന്‍ പോയി പെണ്ണിനെ കാണുക എന്ന മുഷിപ്പന്‍ പരിപാടി ഇതാ ഞാന്‍ തിരുത്തിക്കുറിക്കാന്‍ പോകുന്നു. പെണ്ണ് നേരിട്ട് വന്നു ചെറുക്കനെ കാണുന്ന അതിനൂതന സമ്പ്രദായം ഇന്ന് മുതല്‍ തുടങ്ങാന്‍ പോകുന്നു. ഇതിനെല്ലാം കാരണഭൂതനായ ബൂലോകം ജയ്..പട്ടാളക്കഥകള്‍ ജയ്…..ഞാന്‍ ജയ്..
ദിവസത്തിന് നീളം കൂടിയോ എന്നെനിക്കു സംശയമായി. അഞ്ചു മണിയാകാന്‍ ഇത്രയും സമയമെടുക്കുമോ? ഞാന്‍ വീണ്ടും വീണ്ടും വാച്ചില്‍ നോക്കി. നാലര ആയപ്പോള്‍ പുതിയ ജീന്‍സും ടി ഷര്‍ട്ടും ധരിച്ചു. മുടി സ്‌റ്റൈലില്‍ ചീകി വച്ചു. മുഖത്ത് ഫെയര്‍ ആന്‍ഡ് ലൌലിയും അതിന്റെ കൂടെ മേമ്പൊടിയായി പൌഡറും തേച്ചു. കണ്ണാടിയില്‍ ചാഞ്ഞും ചരിഞ്ഞും നോക്കി. സൌന്ദര്യം മുന്‍പിലും പുറകിലും ഉണ്ടെന്നു ഉറപ്പു വരുത്തി. ബൈക്കെടുത്തു ഹരിപ്പാട്ടെയ്ക്ക് പുറപ്പെട്ടു.
അഞ്ചു മണിയാകാന്‍ കൃത്യം അഞ്ചു മിനിട്ട് ബാക്കിയുള്ളപ്പോള്‍ ഞാന്‍ ബസ് സ്‌റ്റോപ്പില്‍ എത്തി. ബൈക്ക് നിറുത്തി സ്‌റ്റോപ്പിന്റെ നേരെ മുന്‍പിലുള്ള ബേക്കറിയുടെ പരിസരം ശ്രദ്ധിച്ചു. അത്ഭുതം!! അവിടെയതാ അവള്‍ നില്കുന്നു!! ഇറുകിയ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച്, മുടി ഉച്ചിയില്‍ വാല് പോലെ ഉയര്‍ത്തിക്കെട്ടി, ഒരു ചുവന്ന ഹോണ്ട ആക്ടീവയില്‍ അവള്‍ എന്നെ പ്രതീക്ഷിച്ചിരിക്കുന്നു..'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' എന്ന സിനിമയിലെ നായിക 'സൌന്ദര്യയുടെ' ദേഹപ്രകൃതി. സുന്ദരി…മനോഹരി..സുമുഖി..എനിക്ക് ബോധിച്ചു. എന്റെ ഭാര്യയാകാനുള്ള എല്ലാ അളവുകളുമുണ്ട്. ആവശ്യത്തില്‍ കൂടുതല്‍ തൂക്കവുമുണ്ട്. .. . ഇവള്‍ മതി…ഞാന്‍ തീരുമാനിച്ചു.
എങ്കിലും മനസ്സു പറയുന്നു. ആക്രാന്തം പാടില്ല. ഇതവള്‍ തന്നെയാണോ? വേറെ ആരെങ്കിലും ആണെങ്കിലോ? ഏതായാലും ഒന്ന് ഫോണ്‍ ചെയ്തു നോക്കാം. ഭഗവാനെ ഇതവള്‍ തന്നയാകണേ. ഞാന്‍ അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു…
അതാ അവള്‍ ഫോണ്‍ എടുക്കുന്നു.!! അവള്‍ തന്നെ.പിന്നെ ഒട്ടും താമസിച്ചില്ല. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. വണ്ടി മുന്‍പോട്ടെടുത്തു. നേരെ അവളുടെ അടുത്ത് പോയി സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി.
അപ്രതീക്ഷിതമായ ആ ആഗമനത്തില്‍ അവളൊന്നു ഞെട്ടി. ഞാന്‍ തലയില്‍ നിന്നും ഹെല്‍മെറ്റ് ഊരിമാറ്റി. മുടി കൈത്തലം കൊണ്ട് മാടിയൊതുക്കി. എന്നിട്ട് അവളെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.
'രഘുനാഥന്‍ സര്‍ ?' അവള്‍ എന്നെ നോക്കി ചിരിച്ചു. നല്ല ചിരി. കവിളില്‍ നുണക്കുഴികള്‍. എനിക്ക് പിന്നെയും അവളെ ഇഷ്ടമായി…
'സാര്‍ നമുക്ക് ആ ബേക്കറിയില്‍ ഇരുന്നു സംസാരിക്കാം എന്താ?' അവള്‍ എന്നെ നോക്കി..
'പിന്നെന്താ… ആകട്ടെ …നമ്മുടെ ആദ്യത്തെ മീറ്റിംഗ് ആല്ലേ ? ഒരു കോഫിയില്‍ തന്നെ തുടങ്ങാം.'
ഞങള്‍ ബേക്കറിയുടെ മൂലയ്ക്കുള്ള കസേരകളില്‍ ഇരുന്നു. അവള്‍ തന്റെ പുറത്തു കിടന്ന ബാഗ് എടുത്ത് മുന്‍പിലുള്ള ടേബിളില്‍ വച്ചു. കണ്ടിട്ട് അതൊരു ലാപ് ടോപ് ആണെന്ന് തോന്നുന്നു. അപ്പോള്‍ ഇവള്‍ ഐ.ടി ഫീല്‍ഡില്‍ തന്നെയാകണം ജോലി ചെയ്യുന്നത്. വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും കാരാ മില്‍ക് . ഞാന്‍ മനസ്സില്‍ പറഞ്ഞു.
എന്ത് പറയണം എവിടെ തുടങ്ങണം എന്നറിയാതെ ഞങ്ങള്‍ പരസ്പരം കുറച്ചു നേരം മുഖത്തോടു മുഖം നോക്കിയിരുന്നു.അവളുടെ സുന്ദരവദനം കണ്ടപ്പോള്‍ ഞാന്‍ പറയാന്‍ ഓര്‍ത്ത് വച്ചിരുന്നതെല്ലാം മറന്നു.
'ഞാന്‍ കുറച്ചു നാള്‍ മുതല്‍ സാറിനെ കാണണം എന്ന് കരുതി ഇരിക്കുകയായിരുന്നു..ഇനി താമസിച്ചാല്‍ സാര്‍ തിരിച്ചു പോയേക്കുമോ എന്ന് പേടിച്ചാ ഇന്ന് വിളിച്ചത്.'.. ഒടുവില്‍ അവള്‍ തന്നെ തുടക്കമിട്ടു..ഒപ്പം തന്റെ മുന്‍പിലിരുന്ന ലാപ് ടോപ് പുറത്തെടുത്ത് ഓണ്‍ ചെയ്തു.
കൊള്ളാം..ഞാനെഴുതിയ പോസ്റ്റുകള്‍ എന്നെത്തന്നെ കാണിക്കാന്‍ പോവുകയാണ് ഈ മിടുക്കി..പോസ്റ്റുകളെക്കുറിച്ച് തന്നെയാകട്ടെ ആദ്യത്തെ ചര്‍ച്ച. പിന്നീടത് പതുക്കെ പെണ്ണുകാണല്‍, കല്യാണം മുതലായ മേഘലകളിലെയ്ക്ക് കൊണ്ടുപോകണം. എന്നിട്ട് വേണം എനിക്ക് തുറന്നു പറയാന്‍ 'ഐ ലവ് യു ഡാ'….. ഞാന്‍ ഉറപ്പിച്ചു.
'സാര്‍ നോക്കൂ. ഞങളുടെ കമ്പനി പുതുതായി ലോഞ്ച് ചെയ്ത പോളിസിയാണ്. ഇതില്‍ സാറിനെപ്പോലെയുള്ള പട്ടാളക്കാര്‍ക്ക് വേണ്ടി ചില പുതിയ സ്‌കീമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപകട ഇന്‍ഷുറന്‍സ്, മരണം സംഭവിച്ചാല്‍ പത്തു ലക്ഷം വരെ താങ്കളുടെ ഭാര്യക്ക് കിട്ടാവുന്ന ഒരേയൊരു പോളിസി ഇത് മാത്രമേ ഇന്ന് നിലവിലുള്ളൂ സാര്‍……..'
ഭാവിയില്‍ ഞാന്‍ തട്ടിപ്പോയാല്‍ എന്റെ ഭാര്യക്കോ കുട്ടികള്‍ക്കോ കിട്ടാവുന്ന ഭാരിച്ച തുകയെപ്പറ്റി അവള്‍ വാചാലയായപ്പോള്‍ ഞാന്‍ അവളുടെ മുഖത്ത് നോക്കി അന്തം വിട്ടിരുന്നു…അപ്പോള്‍ എന്റെ കൂട്ടുകാരന്‍ മാത്തപ്പന്റെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങുകയായിരുന്നു…
'ഇപ്പോഴത്തെ പെണ്‍ പിള്ളാര്‍ക്ക് ഭാവിയിലേയ്ക്ക് നല്ല നോട്ടമാ.'
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment