Monday, 25 February 2013

[www.keralites.net] വാടക ഗര്‍ഭപാത്രം ഇസ്‌ലാമികമായി അനുവദനീയമോ ?

 

ചോദ്യം: ബീജസംയോജനം നടത്തിയ സിക്താണ്ഡം നിക്ഷേപിക്കാന്‍ ഗര്‍ഭപാത്രം നല്‍കുന്നതിലും മറ്റൊരാളുടേത് സ്വീകരിക്കുന്നതോ ഇസ്‌ലാമികമായി അനുവദനീയമാണോ ?

ബീജസംയോജനം നടത്തിയ സിക്താണ്ഡം നിക്ഷേപിക്കാന്‍ ഗര്‍ഭപാത്രം നല്‍കുന്നതോ മറ്റൊരാളുടേത് സ്വീകരിക്കുന്നതോ (പ്രതിഫലം സ്വീകരിച്ചാലും ഇല്ലെങ്കിലും) ഇസ് ലാമികമായി അനുവദനീയമല്ല. രക്തബന്ധം പരിപാവനമായി കാണുന്നതിനാല്‍ അതിന് ലംഘനമുണ്ടാക്കും വിധം സ്വീകര്‍ത്താവിന്റെ രക്തവുമായി കലരുമെന്നതിനാലാണ് അത്. 
കുട്ടികളില്ലാത്തവര്‍ക്കായി പാശ്ചാത്യ ലോകത്തുടലെടുത്തിട്ടുള്ള നവീനരീതിയാണ് ഗര്‍ഭ പാത്രം അന്യര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുക എന്നത്. ധാര്‍മിക സദാചാര മൂല്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ആളുകളെ സംബന്ധിച്ചിടത്തോളം വളരെ വിമര്‍ശന വിധേയമായ രീതിയാണിത്. അല്ലാഹു കല്‍പ്പിച്ച ചാരിത്ര്യത്തിനും സദാചാര വിശുദ്ധിക്കും വിരുദ്ധമാണിത്. 'തങ്ങളുടെ ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കുന്നവരും. തങ്ങളുടെ ഇണകളും അധീനതയിലുള്ള സ്ത്രീകളുമായി മാത്രമേ അവര്‍ ദാമ്പത്യബന്ധത്തിലേര്‍പ്പെടുകയുള്ളൂ. അവരുമായുള്ള ബന്ധം ആക്ഷേപാര്‍ഹമല്ല. '(അല്‍ മുഅ്മിനൂന്‍).
ഒന്നാമതായി തങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീകളും ഭാര്യമാരുമായിട്ടല്ലാതെ ദാമ്പത്യബന്ധം പുലര്‍ത്തുന്നത് വിലക്കി. രണ്ടാമതായി മനുഷ്യനോട് രക്തബന്ധത്തെയും സന്താനങ്ങളെയും സംരക്ഷിക്കാന്‍ കല്‍പ്പിച്ചു. ഗര്‍ഭപാത്രം മറ്റൊരാള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് നിഷിദ്ധമാകുമെന്ന് അതിനാല്‍ തന്നെ  മനസ്സിലാക്കാം. അണ്ഡത്തിന്റെ ഉടമയോ ഗര്‍ഭപാത്രത്തിന്റെ ഉടമയോ ആരാണ് കുട്ടിയുടെ യഥാര്‍ത്ഥ അവകാശിയെന്നത് തര്‍ക്കമുള്ള സംഗതിയാണ്. സിക്താണ്ഡം മാതാവില്‍ നിന്നും, ഗര്‍ഭകാല പോഷണങ്ങളും രക്തവും മറ്റൊരു സ്ത്രീയില്‍ നിന്നും ആകുമ്പോള്‍ തീരുമാനം അസാധ്യമാണ്. 
മാതാവിനോട് നല്ലനിലയില്‍ പെരുമാറണമെന്നും അവരോട് നന്ദികാണിക്കണമെന്നും കല്പ്പിച്ചതിന്റെ അടിസ്ഥാനങ്ങളിലൊന്നായി ഖുര്‍ആന്‍ എടുത്തുപറഞ്ഞത് മാതാവിന്റെ വളരെ പ്രയാസകരമായ ഗര്‍ഭകാലത്തെയാണ്. ' മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാം ഉപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിര്‍ത്തലോ രണ്ടുകൊല്ലം കൊണ്ടുമാണ്. അതിനാല്‍ നീയെന്നോട് നന്ദികാണിക്കുക. നിന്റെ മാതാപിതാക്കളോടും.' (ലുഖ്മാന്‍: 14)
മേല്‍ ആയത്തിന്റെ വെളിച്ചത്തില്‍ നാം ആരെയാണ് യഥാര്‍ത്ഥമാതാവെന്ന് തീര്‍പ്പ് കല്‍പ്പിക്കുക. രക്ത ബന്ധത്തിന്റെ പവിത്രത ഇവിടെ ലംഘിക്കപ്പെടുന്നു. മറ്റൊരു സംഗതിയുള്ളത്; ഗര്‍ഭ പാത്രത്തെ സംബന്ധിച്ചാണ്. സ്ത്രീയുടെ ഗുഹ്യാവയവമായ യോനിയുടെ ആന്തരഭാഗമാണ് ഗര്‍ഭപാത്രം. അതിലേക്ക് പരപുരുഷന്റെ ബീജത്തെ പ്രവേശിപ്പിക്കുക എന്നത് ഖുര്‍ആന്‍ കല്പ്പിച്ച വിശുദ്ധിക്ക് എതിരാണ്. പരോക്ഷ വ്യഭിചാരത്തോളം ആശങ്കപ്പെടേണ്ട ഒന്നാണെന്ന് ചുരുക്കം. പ്രസ്തു വിഷയത്തില്‍ മെഡിക്കല്‍ സയന്‍സിന്റെ വിശദീകരണം കാണുക: 
'ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭപാത്രവും അതിന്റെ ചുറ്റുപാടുകളും സ്വാധീനിക്കും. പുകവലി, മദ്യപാനം എന്നീ ദുശ്ശീലങ്ങളുള്ള ആളാണ് ഗര്‍ഭപാത്രത്തിന് ഉടമയെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിനെ അത് സാരമായി ബാധിക്കും. ഇത്തരത്തില്‍ ഏതെങ്കിലും ഗുരുതര പ്രശ്‌നങ്ങള്‍ ഗര്‍ഭസ്ഥ ശിശുവില്‍ കണ്ടാല്‍ അത് സുഖപ്പെടുത്തുന്നതിനായി ഓപ്പറേഷന്‍ പോലുള്ള പ്രക്രിയകള്‍ക്ക് പ്രസ്തുത സ്ത്രീ വിധേയയാകേണ്ടിവരും. തന്റെ ജീവനില്‍ ആശങ്കയുള്ള ഏതെങ്കിലും സ്ത്രീ കുഞ്ഞ് തന്റേതല്ലാത്തതിനാല്‍ അതിന് സമ്മതിക്കുകയില്ലെന്ന് ഉറപ്പാണ്. 
ഇതിന് പുറമെ, ഗര്‍ഭാവസ്ഥയില്‍ ഒരു സ്ത്രീക്ക് പ്രമേഹത്തിനും രക്ത സമ്മര്‍ദ്ധത്തിനും സാധ്യതയുണ്ട്. ബാക്റ്റീരിയകള്‍ പുറത്തുവിടുന്ന വിഷാംശം രക്തത്തില്‍ കൂടുതലായി കാണുന്ന ടോക്‌സീമിയ എന്ന അവസ്ഥയില്‍ സംജാദമാകാറുണ്ട്. ഇത്തരം ഘട്ടത്തില്‍ ഗര്‍ഭിണിയുടെ ജീവന്‍ അപകടപ്പെട്ടേക്കാം എന്ന ആശങ്കയുണ്ടായാല്‍ ഗര്‍ഭസ്ഥ ശിശുവിനെ ഒഴിവാക്കേണ്ടിവരും. അപ്പോള്‍ പ്രസ്തുത പ്രതിസന്ധിയെ അണ്ഡദാതാവായ മാതാവും ഗര്‍ഭിണിയും എങ്ങനെയാണ് കൈകാര്യം ചെയ്യുക. നിയമ സാമൂഹിക മാനസിക സദാചാര പ്രശ്‌നങ്ങള്‍മാത്രമേ ബാക്കിപത്രമായുണ്ടാകൂ എന്നതിനാല്‍ അത്തരം നവീന രീതികള്‍ ഉപേക്ഷിക്കുന്നതാണ് വിശ്വാസിക്ക് അഭിലക്ഷണീയം. ഒരു സന്താനമുണ്ടാകണമെന്ന ആഗ്രഹം അത് അല്ലാഹു നിശ്ചയിച്ച പ്രകൃതി പ്രതിഭാസത്തിലൂടെ ആകുമ്പോള്‍ മാത്രമേ സമാധാനപരമാവുകയുള്ളൂ. വിവാഹത്തിലൂടെ ഹൃദയങ്ങളൊന്നിച്ച ദമ്പതികള്‍ അവരുടെ ശരീരം ഒന്നാകുമ്പോള്‍ ഒരു ജീവന്‍ ഉയിരെടുക്കുന്നു. അതിനെ അവര്‍തന്നെ എല്ലാവിധ സമ്മിശ്ര വികാരങ്ങളോടെയും ഗര്‍ഭം ചുമന്ന് പ്രസവിക്കുന്നു. ലോകത്ത് മാതാവല്ലാത്ത മറ്റൊരാളും അനുഭവിക്കാത്ത വേദനയും നിര്‍വൃതിയും പകര്‍ന്നുകിട്ടേണ്ട രക്തബന്ധവും സ്‌നേഹ ബന്ധവും ഒരു മൂന്നാം കക്ഷിയെ ആശ്രയിച്ച് തുലച്ചുകളയണമോ എന്നത് നമ്മുടെ ആലോചനാമൃതമാകേണ്ടതാണ്. 

എഴുതിയത് : ഇസ് ലാം പാഠശാല   
തിങ്കള്‍, 25 ഫെബ്രുവരി 2013 09:27

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment