Friday, 22 February 2013

[www.keralites.net] ചില പുരുഷന്മാര്‍ പറയുന്നത്‌

 

ചില പുരുഷന്മാര്‍ പറയുന്നത്‌

എന്തും പറയാം
എവിടെയും പറയാം
എങ്ങനെയും പറയാം
ആര്‍ക്കും പറയാം
ആരോടും പറയാം

ചില പുരുഷന്മാര്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ് സ്ത്രീയെക്കുറിച്ച്, കേട്ട് കേട്ട് ശരിയേത്, തെറ്റേത് എന്ന സന്ദേഹത്തില്‍പ്പെട്ടു പോവുകയും ചെയ്തു പോയിരിക്കുന്നു ഒരുപാട് സ്ത്രീകള്‍.


രാജ്യത്ത് നിയമങ്ങളുണ്ട്, നിയമവ്യവസ്ഥയുണ്ട്, കോടതിയുണ്ട്, സ്ത്രീകള്‍ക്ക് അതിലൊക്കെ ഇടവുമുണ്ട്. എന്നിട്ടും കേള്‍ക്കേണ്ടി വരുന്നു നിത്യം, നിരന്തരം.

ഒരുപാട് വീടുകളുടെ അകത്തളങ്ങളില്‍ അഭിമാനം സ്ത്രീക്ക് കാക്കപ്പൊന്നാണ്. അവിടെ തകര്‍ത്താടുന്ന പിതൃഘടനയുടെ ഉച്ചഘോഷങ്ങളില്‍ സ്ത്രീ ശബ്ദം പലപ്പോഴും മനുഷ്യകര്‍ണ്ണങ്ങള്‍ക്ക് പ്രാപ്യമായ മെഗാഹെര്‍ട്‌സുകളിലേക്ക് എത്തുന്നില്ല.

ഇപ്പോള്‍ പൊതുസ്ഥലത്തും തകര്‍ത്താടുകയാണ് പുരുഷമേധാവിത്വത്തിന്റെ ധാര്‍ഷ്ഠ്യജല്‍പ്പനങ്ങള്‍. സ്വരം പോലും അധികാരത്തിന്റെ ഉന്മത്തഘോഷമായി മാറിപ്പോകുന്നത് ഒന്നോ രണ്ടോ പേര്‍ക്കല്ല. അധീശത്വം ഉറപ്പിക്കാന്‍ ഉച്ചൈഘോഷങ്ങളും, ഇടിച്ചു താഴ്ത്തലുകളും കൊണ്ട് സാധ്യമാവുമെന്ന് കരുതുന്ന വിഡ്ഢികള്‍ നിറഞ്ഞ കുടുംബഘടനയെ സഹിച്ചും ക്ഷമിച്ചും മുന്നോട്ട് കൊണ്ടുപോയത് ഒന്നോ രണ്ടോ സ്ത്രീകളല്ല. വീടുകള്‍ സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഊറ്റിക്കുടിക്കുന്ന അപമാനകേന്ദ്രങ്ങളായത് എന്ന് മുതലെന്ന് ചരിത്ര ഗവേഷകന്മാര്‍ക്ക് കണ്ടെത്താനാവുമോ എന്നറിയില്ല.


വീടുകളില്‍ നിന്ന് സ്ത്രീയെ ഭര്‍ത്സിക്കുന്ന സ്വഭാവം പുറലോകത്തേക്ക് നിര്‍ഗ്ഗളിച്ചതില്‍ അത്ഭുതപ്പെട്ടിട്ട് കാര്യമില്ല. പഠിച്ചതല്ലേ പാടാന്‍ പറ്റൂ. സ്ത്രീ എന്തും പറയപ്പെടാനുള്ളവളാണെന്ന് വീടുകളില്‍ നിന്ന് പഠിച്ചു വളര്‍ന്നവര്‍ പുറംലോകത്തെത്തി അതു തന്നെ ആവര്‍ത്തിക്കുന്നു.


ആവര്‍ത്തനം വിരസമാണ്, പക്ഷേ ഈ ആവര്‍ത്തനം വിരസം മാത്രമല്ല നിയമലംഘനം കൂടിയാണ്. സ്ത്രീയെക്കുറിച്ച് എന്തും പറയാം എന്ന അവസ്ഥ മൈക്കുകള്‍ക്ക് മുന്നില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയകളില്‍ വരെ പ്രബലമാണ്.



വീട്ടില്‍ പറഞ്ഞു ശീലിച്ച ആഭാസ വര്‍ത്തമാനങ്ങള്‍ പുറത്തും ഒരു ഉളുപ്പുമില്ലാതെ എഴുന്നള്ളിക്കുകയാണ് പലരും. സ്ത്രീകളെ മര്യാദ പഠിപ്പിക്കാന്‍ നേതാക്കന്മാര്‍ പൊതുവേദികളില്‍ പുതിയ വസ്ത്രധാരണ കോഡുകളും പെരുമാറ്റച്ചട്ടങ്ങളും സൃഷ്ടിച്ച് കഷ്ടപ്പെടുമ്പോള്‍ സോഷ്യല്‍ മീഡിയകളിലെ സ്റ്റാറ്റസ് മെസ്സേജുകളിലൂടെ, കമന്റുകളിലൂടെ തങ്ങളുടെ ഉള്ളിലുള്ള മാലിന്യം മുഴുവന്‍ പുറത്തേക്കൊഴുക്കുന്ന പുരുഷന്മാര്‍ കുറച്ചൊന്നുമല്ല, ഇവരില്‍ സാംസ്‌കാരിക നായകര്‍ എന്ന പേര് ചാര്‍ത്തിക്കുട്ടിയവര്‍ വരെ ഉണ്ട് എന്നതാണ് അതിശയം.

സ്ത്രീയെക്കുറിച്ച് എന്തും പറയാം എന്നതിന്റെ അങ്ങേയറ്റമായിരിക്കുന്നു. ഇതിനിടയില്‍ മനസ്സില്‍ നന്മയും വെട്ടവും ബാക്കിയുള്ള ഏതെങ്കിലും പുരുഷന്‍ സ്ത്രീകളെ പിന്തുണച്ച് സഹായത്തിനെത്തിയാല്‍ അപ്പോള്‍ തുടങ്ങും ''പെണ്‍കോന്തന്‍'' എന്ന വിളി. സ്ത്രീകളോട് സഹാനുഭൂതിയുള്ള പുരുഷന്‍ ആണും പെണ്ണും കെട്ടവന്‍ എന്ന മട്ടിലാണ് ഒരുപാട് പേര്‍ സംസാരിക്കാറുള്ളത്. സ്ത്രീയെക്കുറിച്ച് എന്തും പറയുവാന്‍ തയ്യാറാവുന്ന പുരുഷന്മാര്‍ക്കെതിരെ അതേ ഭാഷയില്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയ്യാറാവുമ്പോള്‍ ഞെട്ടി വിറയ്ക്കുന്ന പുരുഷന്മാരെക്കണ്ട് ഉള്ളില്‍ ചിരിച്ചു പോകാറുള്ളത് സഹതാപം കൊണ്ടു കൂടിയാണ്. ''സ്ത്രീകള്‍ ഇത്തരം ഭാഷയൊക്കെ പറയാമോ'' എന്ന് നല്ല പിള്ള അഭിപ്രായപ്രകടനം നടത്തുന്നവരും കുറവല്ല. മുള്ളിനെ മുള്ള് കൊണ്ടേ എടുത്തു കളയാനാവൂ എന്ന് സ്ത്രീകള്‍ പഠിച്ചത് സ്വാനുഭവത്തില്‍ നിന്ന് തന്നെയാണ്, ആ അനുഭവം നല്‍കിയത് പുരുഷന്മാര്‍ തന്നെയാണല്ലോ.

''വ്യഭിചാരം'' എന്ന വാക്ക് സ്ത്രീക്ക് തറവാട്ടുസ്വത്ത് ചാര്‍ത്തിക്കിട്ടിയത് പോലെയാണ് പലര്‍ക്കും. സ്ത്രീ മാത്രമായി എങ്ങനെ വ്യഭിചാരം ചെയ്യുമെന്നും അതിലുള്‍പ്പെടുന്ന പുരുഷന്‍ എങ്ങനെയാണ് സംബോധന ചെയ്യപ്പെടേണ്ടത് എന്നുമൊക്കെ ചോദിച്ച് പോയാല്‍ അപ്പോള്‍ ചാര്‍ത്തിക്കിട്ടും മറ്റൊരു പേര്, ''ഫെമിനിസ്റ്റ്'' - എന്തൊരപകടം, എന്തൊരന്യായം. ''തീവ്രവാദി''യെന്ന് കേട്ടാല്‍ പേടിയാണെങ്കില്‍ ഫെമിനിസ്റ്റ് എന്ന് പറയുന്നത് പുച്ഛത്തോടെയാണ്. മനുഷ്യരാശിയുടെ പാതി അനുഭവിക്കുന്ന അനീതിയെക്കുറിച്ച് മിണ്ടാന്‍ ശ്രമിക്കുന്നവരെ ഒതുക്കാന്‍ എത്ര വിദഗ്ധമായാണ് ആ വാക്കിന് മൂല്യച്യുതി ഉണ്ടാക്കിയത്!


സ്ത്രീകളെ ബഹുമാനിക്കുന്നത് പോയിട്ട് മനുഷ്യവംശത്തില്‍പ്പെട്ടവരാണെന്ന് അംഗീകരിക്കാന്‍ പോലും കഴിയാത്ത പുരുഷസമൂഹത്തെ നേരിടാന്‍ സ്ത്രീകള്‍ തീവ്രവാദികളെക്കാള്‍ മൂത്ത തീവ്രവാദികള്‍ ആകേണ്ടി വരുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീക്കുന്നത് സ്ത്രീകളല്ല, പുരുഷന്മാര്‍ തന്നെയാണ്.


പുരുഷാധിപത്യം ഉള്ളില്‍ ഒളിച്ച് വച്ച് നടന്നാലും ഇടയ്‌ക്കൊക്കെ പുറത്തു ചാടിപ്പോവുന്നത് പലര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നു. മാന്യതയ്ക്ക് വേണ്ടി പോലും സ്ത്രീവിരുദ്ധത പറയാതിരിക്കാന്‍ കഴിയാതെ വരുന്നത് ഉള്ളിലുള്ള അരക്ഷിതത്വം കൊണ്ടാണെന്നത് വ്യക്തമാണല്ലോ. സ്വകാര്യമായി പറഞ്ഞുകൊണ്ടിരിക്കുന്നതൊക്കെ പരസ്യമായും പറഞ്ഞു പോകുകയാണ് പലരും.


റോഡില്‍, ബസില്‍, തീവണ്ടിയില്‍ എവിടെയും പുരുഷന്മാര്‍ അസഭ്യം പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഏത് ആഭാസവും സ്ത്രീകളുടെ മുഖത്ത് നോക്കി എവിടെ വച്ചും പറയാം എന്ന് ശീലിച്ചു പോയവര്‍, അത് കേള്‍ക്കുന്ന സ്ത്രീയുടെ മാനസികാവസ്ഥയെക്കുറിച്ച് എന്താണ് ധരിക്കുന്നത്? ഒരു സ്ത്രീയും ഇതൊന്നും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല, ഒരു പെണ്‍കുട്ടിയും ആഭാസന്മാരെ ഇഷ്ടപ്പെടുകയുമില്ല. അപമാനം പുരുഷനെന്ന പോലെ സ്ത്രീക്കും സഹിക്കാനാവാത്തതു തന്നെയാണ്, പുരുഷനെയും സ്ത്രീയെയും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് മനുഷ്യരായിത്തന്നെയാണ്. പുരുഷന്‍ അപമാനിക്കാനും സ്ത്രീ അപമാനിക്കപ്പെടാനും എന്നത് പ്രപഞ്ചനീതിയല്ല. എന്നിട്ടും പറഞ്ഞ് പറഞ്ഞ് രസിക്കുകയാണ് പുരുഷന്‍; കേള്‍ക്കുന്നവര്‍ മനുഷ്യകുലത്തില്‍പ്പെട്ടവരാണെന്നും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അര്‍ഹതയുള്ളവരാണെന്നും ഉള്ള ബോധം പോലുമില്ലാതെ.

ഇത്തരം പറച്ചിലുകള്‍ക്ക് അവസാനം ഇല്ല എന്ന് വിശ്വസിക്കാന്‍ കഴിയില്ല. അന്യായങ്ങള്‍ക്കറുതിയില്ലെന്ന് വിശ്വസിച്ചാല്‍ ജീവിതം എങ്ങനെ മുന്നോട്ട് പോവും. അതുകൊണ്ട് തന്നെ സ്ത്രീകള്‍ക്കിനിയുമിത് താങ്ങാന്‍ കഴിയില്ല. സ്ത്രീയുടെ മൗനം കീഴടങ്ങലായിരുന്നു എന്ന് ധരിച്ചു പോയി പലരും. അത് സഹനത്തിന്റെയും ക്ഷമയുടെയും സ്‌നേഹത്തിന്റെയും ഔദാര്യമായിരുന്നു എന്ന് തിരിച്ചറിയാനാവാതെ പോയി പലര്‍ക്കും.

കാലം മാറുകയാണ്. പുതിയ പെണ്‍കുട്ടികള്‍ ആഭാസം കേട്ട് കുനിഞ്ഞു നടക്കുമെന്ന് കരുതിയാല്‍ അപകടമാണ്. അവര്‍ ചിലപ്പോള്‍ തീവ്രവാദികളേക്കാള്‍ തീവ്രവാദികളായിപ്പോയേക്കും. സൂക്ഷിക്കുക. അവരുടെ ഉള്ളില്‍ തലമുറകള്‍ കേട്ട് കേട്ട് കൂട്ടി വച്ച അപമാനഭാരത്തിന്റെ അഗ്നിപര്‍വ്വതങ്ങളുണ്ട്. എന്തും, ഏതും, എവിടെയും പറയുന്നവര്‍ വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കാന്‍ ശീലിക്കുക.അഗ്നിപര്‍വ്വതങ്ങള്‍ എപ്പോഴാണ് പൊട്ടിത്തെറിക്കുക എന്ന് പറയാനാവില്ല. സ്ത്രീയുടെ ഉള്ളിലെ അഗ്നിപര്‍വ്വതങ്ങള്‍ക്കും പൊട്ടിത്തെറിക്കാന്‍ കഴിയും.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment