Wednesday, 5 December 2012

[www.keralites.net] ഇസ്രയേല്‍ ഇല്ലാത്ത ലോകം

 

ഇസ്രയേല്‍ ഇല്ലാത്ത ലോകം
 
 
ഞ്ചുവര്‍ഷം കൂടി കഴിഞ്ഞാല്‍ കുപ്രസിദ്ധമായ ബാല്‍ഫര്‍ പ്രഖ്യാപനത്തിന് നൂറു വര്‍ഷം തികയും. 1917 നവംബര്‍ 2-ന് അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബാല്‍ഫര്‍ പ്രഭു, സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന റോത്‌സ് ചൈല്‍ഡ് പ്രഭുവിന് അയച്ച എഴുത്താണ് 'ബാല്‍ഫര്‍ പ്രഖ്യാപനം' എന്ന് പിന്നീടറിയപ്പെട്ടത്. അതുവരെ സയണിസ്റ്റ് തീവ്രവാദികള്‍ക്കിടയില്‍ ഒരാശയം മാത്രമായിരുന്ന ഇസ്രയേല്‍, ആഗോള സാമ്രാജ്യത്വത്തിന്റെ ഔപചാരിക അജണ്ടയില്‍ ഉള്‍പ്പെടുന്നത് അതോടെയാണ്.
 
അന്ന് ഫലസ്ത്വീന്‍ ബ്രിട്ടീഷുകാരുടെ കോളനി പോലുമായിട്ടില്ല. മുസ്‌ലിംകളും ക്രൈസ്തവരുമടങ്ങുന്ന തദ്ദേശീയരുടെ സ്വന്തം നാടാണ് അന്ന് ഫലസ്ത്വീന്‍. വളരെ കുറച്ച് ജൂതരും ഉണ്ടായിരുന്നു- അതില്‍ തന്നെ സയണിസ്റ്റുകള്‍ നന്നേ ചുരുക്കം. തങ്ങള്‍ക്ക് നിയമപരമായി അവകാശമില്ലാത്ത ഒരു പ്രദേശമാണ് ഒരു സാങ്കല്‍പിക, കൃത്രിമ രാജ്യമുണ്ടാക്കാന്‍ വേണ്ടി, അവിടെ ഒരിക്കലും ജീവിച്ചിട്ടില്ലാത്ത കുറെയാളുകള്‍ക്കായി ബ്രിട്ടന്‍ ഇങ്ങനെ വെച്ചു നീട്ടിയത്. അതില്‍ പിന്നീടുള്ള ചരിത്രം ഫലസ്ത്വീന്‍കാര്‍ക്കു നേരെയുള്ള അതിക്രമങ്ങളുടേതും ക്രൂരതകളുടേതുമാണ്. 1948-ല്‍ ഫലസ്ത്വീന്‍ ജനതയുടെ മൂന്നില്‍ രണ്ടും (അവരില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടും) ആട്ടിയിറക്കപ്പെട്ടു; അവര്‍ അഭയരഹിതരായി. ലോകസമാധാനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളിയായി ഇസ്രയേല്‍ നിലവില്‍ വരികയും ഇക്കാലമത്രയും ഹിംസാത്മക രാഷ്ട്രീയത്തിലൂടെ നിലനില്‍ക്കുകയും ചെയ്തു. പക്ഷേ, എത്രകാലം?
 
ഇസ്രയേലിന് ഇനി ഏറെക്കാലമില്ലെന്ന് പറയുന്നത് ഇറാന്‍ പ്രസിഡന്റ് അഹ്മദീ നിജാദ് മാത്രമല്ല. അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഇസ്രയേലിനെ പിഴുതുമാറ്റാന്‍ പോന്നതാണെന്ന മുന്നറിയിപ്പ് ഇസ്രയേലില്‍ തന്നെ പലരും പങ്കുവെക്കുന്നുണ്ട്.
 
പ്രമുഖ ജൂതനേതാവും മുന്‍ യു.എസ് വിദേശകാര്യ സെക്രട്ടറിയുമായ ഹെന്റി കിസിംഗര്‍ ഈയിടെ നടത്തിയ ഒരു പ്രവചനം ന്യൂയോര്‍ക്ക് ടൈംസ് ഉദ്ധരിച്ചിരിക്കുന്നു: പത്തു വര്‍ഷത്തിനകം ഇസ്രയേല്‍ ഇല്ലാതാകും എന്നാണ് കിസിംഗര്‍ പറയുന്നത്. ''2022-ല്‍ ഇസ്രയേല്‍ ഉണ്ടായിരിക്കില്ല.''
 
ഇത്ര കൃത്യതയോടെയല്ലെങ്കിലും യു.എസ് രഹസ്യാന്വേഷക സമൂഹവും ഇത്തരമൊരു നിഗമനത്തിലെത്തിയിട്ടുണ്ടത്രെ (www.foreignpolicyjournal. com). വളരെ വ്യാപകമായി പ്രവര്‍ത്തിക്കുന്നവരും മൊത്തം ഏഴായിരം കോടി ഡോളറിന്റെ പ്രവര്‍ത്തന ബജറ്റുള്ളവരുമായ 16 അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ തയാറാക്കിയ 82 പേജുള്ള അവലോകന റിപ്പോര്‍ട്ടിന്റെ തലക്കെട്ട് 'ഇസ്രയേലാനന്തര മധ്യപൗരസ്ത്യത്തിനുള്ള തയാറെടുപ്പ്' എന്നാണ്.
 
നീതിക്കുവേണ്ടിയുള്ള ഫലസ്ത്വീന്‍കാരുടെ പോരാട്ടവും അതിനു വര്‍ധിതമായി കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണയുമാണ് ഇത്തരം കണക്കുകൂട്ടലുകള്‍ക്ക് നിദാനം. 1967-ല്‍ ഇസ്രയേല്‍ തട്ടിയെടുത്ത ഫലസ്ത്വീന്‍ ഭൂമിയില്‍ ഏഴു ലക്ഷം ഇസ്രയേലി കുടിയേറ്റക്കാര്‍ അനധികൃതമായി താമസിക്കുന്നുണ്ട്. ഇത് ഇസ്രയേലിന്റെ ഭൂമിയല്ല, ഫലസ്ത്വീന്റേതാണെന്ന് ലോകം മുഴുവന്‍ പറയുന്നു. 1980-കളുടെ ഒടുവിലത്തെ ദക്ഷിണാഫ്രിക്കയുടെ അവസ്ഥയിലാണ് ഇസ്രയേല്‍ ഇന്ന്- 16 യു.എസ് രഹസ്യാന്വേഷക ഏജന്‍സികള്‍ പറയുന്നതതാണ്. അതേസമയം, ഇസ്രയേലിലെ ലിക്കുഡ് പാര്‍ട്ടി നയിക്കുന്ന തീവ്രവാദി സഖ്യ സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാരുടെ നിഷ്ഠുരതകള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഒരു 'അപ്പാര്‍ത്തൈഡ് മതില്‍' അടക്കമുള്ള വംശവിവേചന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നു. ഫലസ്ത്വീന്‍കാര്‍ക്ക് സ്വന്തം നാട്ടില്‍ സഞ്ചരിക്കാന്‍ അസംഖ്യം ചെക്‌പോസ്റ്റുകളിലൂടെ പോകേണ്ടിവരുന്നു. ഉപരോധങ്ങള്‍, കൊലപാതകങ്ങള്‍ എന്നിങ്ങനെ നാട്ടുകാര്‍ക്കെതിരെ ഇസ്രയേലിന്റെ അതിക്രമങ്ങള്‍ ലോകം മുഴുവന്‍ കാണുന്നു. മറുവശത്ത് അറബ് വസന്തം, ഇസ്‌ലാമിക നവജാഗരണം, ഇറാന്റെ പ്രാധാന്യം തുടങ്ങിയവ കൂടിയാവുമ്പോള്‍ ഇസ്രയേലിന് പിടിച്ചുനില്‍ക്കാനാവില്ലെന്ന് യു.എസ് ഏജന്‍സികള്‍ തീര്‍ത്തു പറയുന്നു.
 
ഇസ്രയേലിന്റെ അക്രമങ്ങളെയും കൊള്ളരുതായ്മകളെയും ഇത്രനാളും പിന്തുണച്ചുവന്ന അമേരിക്കയില്‍ മറുചിന്ത തുടങ്ങിക്കഴിഞ്ഞു. 'അമേരിക്കന്‍ മൂല്യങ്ങളോട്' ഒട്ടും ചേരാത്തതാണ് ഇസ്രയേലിന്റെ സയണിസ്റ്റ് ഭീകരതയെന്ന് പലരും ഉറക്കെ തന്നെ പറയുന്നു. ഇതിനു പുറമെ, കടുത്ത സാമ്പത്തിക പ്രയാസത്തിലകപ്പെട്ട അമേരിക്കക്ക് ഇസ്രയേലിന്റെ ഭാരം ഇനിയും താങ്ങാനാവില്ലെന്ന തിരിച്ചറിവും വളരുന്നുണ്ട്. കാര്യങ്ങള്‍ ശരിക്കുമറിഞ്ഞാല്‍ അമേരിക്കക്കാര്‍ ഇസ്രയേലിനെതിരാവുമെന്ന നിലപാടോടെ ifamericansknew.org പോലുള്ള വെബ് സൈറ്റുകള്‍ ശക്തമായി രംഗത്തുണ്ട്. വാഷിംഗ്ടണ്‍ റിപ്പോര്‍ട്ട് ഓണ്‍ മിഡില്‍ ഈസ്റ്റ് അഫയേഴ്‌സ് എന്ന പ്രസിദ്ധീകരണത്തില്‍ യു.എസിലെ വിദേശകാര്യ ഉദ്യോഗസ്ഥനായിരുന്ന റിച്ചഡ് കര്‍ട്ടിസ് ക്രോഡീകരിച്ച ബൃഹത്തായ ഒരു വിശകലനം 1998-ല്‍ ഇറങ്ങിയിരുന്നു. അതിലെ വിവരങ്ങള്‍ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നുമുണ്ട്. 'അമേരിക്കന്‍ നികുതിദായകര്‍ ഇസ്രയേലിനു വേണ്ടി ഒടുക്കുന്ന വില' എന്ന റിപ്പോര്‍ട്ടിലെ പുതിയ വിവരങ്ങള്‍: ഇസ്രയേലിന്റെ ജനസംഖ്യ 78 ലക്ഷത്തോളം. അമേരിക്കയുടെ ഒരു സംസ്ഥാനമായ ന്യൂജേഴ്‌സിയെക്കാള്‍ പത്തു ലക്ഷം കുറവ്. പക്ഷേ, ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാണ് ഇസ്രയേല്‍. വ്യാപാരക്കരുത്തില്‍ 48-ാം സ്ഥാനം; അമേരിക്കക്ക് 198-ാം സ്ഥാനം. എന്നിട്ടും അമേരിക്കയുടെ മൊത്തം വിദേശസഹായച്ചെലവിന്റെ പത്തിലൊന്ന് ഇസ്രയേലിന് നല്‍കുന്നു. സഹാറക്ക് തെക്കുള്ള ആഫ്രിക്ക, ലാറ്റിനമേരിക്ക, കരീബിയന്‍ തുടങ്ങി നൂറുകോടിയിലേറെ ജനമുള്ള പ്രദേശങ്ങള്‍ക്കെല്ലാം കൂടി അമേരിക്ക കൊടുത്തിട്ടുള്ളതിലും കൂടുതലാണ് ഇസ്രയേല്‍ എന്ന ഒറ്റ രാഷ്ട്രത്തിന് കൊടുത്തത്. യു.എസ് ഭരണകൂടങ്ങളിലും മാധ്യമങ്ങളിലും സയണിസ്റ്റ് ലോബി ഇന്നും ശക്തമാണെങ്കിലും മറുപക്ഷത്തിന്റെ വാദമുഖങ്ങള്‍ കൂടുതല്‍ കേട്ടുതുടങ്ങുന്നു എന്നത് ചെറുതെങ്കിലും വലിയ മാറ്റമാണ്.
 
ഇതിനു പുറമെയാണ് അന്താരാഷ്ട്ര സമൂഹത്തില്‍ ഇസ്രയേലിനെതിരെ രൂപപ്പെട്ടുവരുന്ന നീക്കങ്ങള്‍. ഭരണകൂടങ്ങളും മറ്റു സ്ഥാപിത സംവിധാനങ്ങളും സയണിസ്റ്റ് സമ്മര്‍ദങ്ങള്‍ക്ക് വിധേയം തന്നെ. എന്നാല്‍, പൊതുസമൂഹങ്ങള്‍ ആവുന്ന വിധം വിയോജിപ്പും ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുന്നുണ്ട്. ഇസ്രയേലിലെ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വിവിധ വിഭാഗങ്ങള്‍ തീരുമാനിച്ചത് ഉദാഹരണം. യു.എസ് പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചിന്റെ ജനറല്‍ അസംബ്ലി, ഇസ്രയേലില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളില്‍നിന്ന് ഓഹരി പിന്‍വലിക്കാന്‍ 2004-ല്‍ നീക്കം നടത്തിയിരുന്നു. യുനൈറ്റഡ് ചര്‍ച്ച് ഓഫ് കാനഡയുടെ ടൊറണ്ടോ സഭ 2003-ല്‍ ഉല്‍പന്ന ബഹിഷ്‌കരണം പ്രഖ്യാപിച്ചു; 2012 ആഗസ്റ്റില്‍ അവരുടെ ജനറല്‍ കൗണ്‍സില്‍ തന്നെ ഇത്തരം തീരുമാനമെടുത്തു. 2009 ഫെബ്രുവരിയില്‍ (ഗസ്സാ യുദ്ധസമയത്ത്) ബെല്‍ജിയം ഇസ്രയേലിന് ആയുധം വില്‍ക്കുന്നത് നിര്‍ത്തി. ഐറിഷ് ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ് അതേ മാസം ഇസ്രയേലി ഉല്‍പന്നങ്ങള്‍ക്ക് ബഹിഷ്‌കരണം പ്രഖ്യാപിച്ചു. 2009 സെപ്റ്റംബറില്‍ ബ്രിട്ടീഷ് ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസും ഇത്തരം തീരുമാനമെടുത്തു. വിവിധ രാജ്യങ്ങളില്‍ തൊഴിലാളി പ്രസ്ഥാനങ്ങളും മറ്റും സമാനമായ രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. 2010-ല്‍ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും ബഹിഷ്‌കരണ തീരുമാനമെടുത്തു. ഇസ്രയേലിനെതിരെ ബഹിഷ്‌കരണം, മൂലധന നിഷേധം, ഉപരോധം (Boycott, Divestment, Sanctions: BDS) എന്ന സമരതന്ത്രം 2005-ല്‍ തുടങ്ങി. ദക്ഷിണാഫ്രിക്കയിലെ എ.എന്‍.സി ഇന്റര്‍നാഷ്‌നല്‍ സോളിഡാരിറ്റി കോണ്‍ഫറന്‍സ്, ഇന്ത്യയിലെ സി.പി.ഐ(എം) തുടങ്ങി അനേകം സംഘടനകള്‍ ഇത് അംഗീകരിച്ചിട്ടുണ്ട്. 
 
സാംസ്‌കാരിക മേഖലയില്‍ നടക്കുന്ന ഇസ്രയേല്‍വിരുദ്ധ നിലപാടിനു ഉദാഹരണമാണ് കഴിഞ്ഞ ജൂണില്‍ പ്രസിദ്ധ എഴുത്തുകാരി ആലിസ് വാക്കര്‍ തന്റെ ദ കളര്‍ പര്‍പ്പ്ള്‍ എന്ന നോവല്‍ ഇസ്രയേലില്‍ പ്രസിദ്ധപ്പെടുത്താന്‍ അനുമതി നിഷേധിച്ച സംഭവം. ഫലസ്ത്വീനെതിരെ വംശവിവേചനം നടത്തുന്നുവെന്ന് റസ്സല്‍ ട്രൈബ്യൂണല്‍ ചൂണ്ടിക്കാണിച്ചത് പ്രകാരം താനും 'ബി.ഡി.എസ്' എന്ന അഹിംസാ സമരമാര്‍ഗം സ്വീകരിക്കുകയാണ് എന്ന് അവര്‍ പ്രസാധകരെ അറിയിച്ചു. ഫിലിം നിര്‍മാതാക്കള്‍ ഇസ്രയേലിലെ ചലച്ചിത്ര മേളകള്‍ ബഹിഷ്‌കരിക്കുന്നു. പ്രശസ്ത ജര്‍മന്‍ എഴുത്തുകാരന്‍ ഗുന്തര്‍ഗ്രാസ് ഈയിടെ ഇസ്രയേലി ക്രൂരതകളെ അപലപിച്ചെഴുതിയ കവിത വലിയ കോളിളക്കമുണ്ടാക്കി.
 
ഫലസ്ത്വീന്‍ രാഷ്ട്രീയം ശക്തമായ ഒരു അവബോധമായി ചിന്തിക്കുന്നവരില്‍ പടരുമ്പോള്‍ ഭക്തിടൂറിസത്തിന്റെ പേരില്‍ ഇസ്രയേലധിനിവിഷ്ട ഫലസ്ത്വീന്‍ പ്രദേശങ്ങളിലേക്ക് 'തീര്‍ഥാടനം' നടത്തുന്ന ആളുകളും ഗ്രൂപ്പുകളും നമുക്കിടയിലുണ്ട്. ബെത്‌ലഹേം, ജറൂസലം തുടങ്ങിയ പുണ്യ നഗരങ്ങളിലേക്കുള്ള സ്ഥിരം ടൂര്‍ പാക്കേജുകളുടെ ഉപഭോക്താക്കളാകുന്നവര്‍, അറിയാതെയാവാം, ഇസ്രയേലിന്റെ അധിനിവേശ രാഷ്ട്രീയത്തിനാണ് ശക്തിപകരുന്നത്. ഇന്ത്യയിലെ ക്രൈസ്തവര്‍ ഈ അപകടം തിരിച്ചറിഞ്ഞു എന്നതാണ് സമീപകാല വിശേഷം (ഫ്രണ്ട്‌ലൈന്‍ 2012 ആഗസ്റ്റ് 24-ലെ ലേഖനങ്ങള്‍ കാണുക).
 
കഴിഞ്ഞ വര്‍ഷം കേരളത്തില്‍നിന്ന് 3000 ക്രൈസ്തവര്‍ 'പുണ്യഭൂമി'യിലേക്ക് ടൂറിസ്റ്റ് ഗ്രൂപ്പുകള്‍ മുഖേന തീര്‍ഥയാത്ര പോയി. മുന്‍ വര്‍ഷത്തിലും 25 ശതമാനം കൂടുതലാണിത്. ജൂതര്‍ക്കും ക്രൈസ്തവര്‍ക്കുമെന്ന പോലെ മുസ്‌ലിംകള്‍ക്കും പുണ്യഭൂമിയാണത് എന്നതിനാല്‍ അവരും പല ഗ്രൂപ്പുകളിലായി പോകുന്നു. എന്നാല്‍, ഇസ്രയേലി അധിനിവേശത്തിന്റെ ഇരകളോട് സഹാനുഭൂതിയില്ലാത്ത ചെയ്തിയാണിതെന്ന് ക്രൈസ്തവ സഭകള്‍ മനസ്സിലാക്കുന്നു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സര്‍ക്കാറുകള്‍ ജറൂസലമിലേക്ക് പുണ്യയാത്ര ചെയ്യാന്‍ ക്രൈസ്തവര്‍ക്ക് ധനസഹായം നല്‍കുന്നുണ്ടെങ്കിലും അത്തരം യാത്രകള്‍ ശരിയല്ലെന്നാണ് സഭകള്‍ വ്യക്തമാക്കുന്നത്.
 
അയ്യായിരം കിലോമീറ്റര്‍ പുണ്യയാത്ര ചെയ്യുന്നവര്‍ ഓര്‍ക്കുന്നില്ല, തൊട്ടടുത്ത് വെസ്റ്റ് ബാങ്കിലുള്ള മുസ്‌ലിംകള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ അങ്ങോട്ട് പോകാന്‍ അനുമതിയില്ലെന്ന്. ജറൂസലമിലെ ബെത്‌ലഹേം യൂനിവേഴ്‌സിറ്റി ഡീന്‍ ഫാദര്‍ ജമാല്‍ ഖാദര്‍ പറയുന്നതിങ്ങനെ: ഈ യൂനിവേഴ്‌സിറ്റിയിലെ എത്രയോ ചെറുപ്പക്കാര്‍ക്ക് ജറൂസലമിലെ പുണ്യ സ്ഥലങ്ങളില്‍പോകാന്‍ നല്ല ആഗ്രഹമുണ്ട്. പക്ഷേ, ആ എട്ടു കിലോമീറ്റര്‍ യാത്ര അവര്‍ക്ക് ദുസ്സാധ്യമാണ്. സ്വന്തം നാട്ടില്‍ അവര്‍ അന്യരാക്കപ്പെട്ടിരിക്കുന്നു.
 
2008-ലെ കണക്കനുസരിച്ച് ഫലസ്ത്വീന്‍ ജനതയുടെ (ഒരു കോടി ആറു ലക്ഷം) 67 ശതമാനം കുടിയിറക്കപ്പെട്ടവരാണ്- 71 ലക്ഷം പേര്‍. അതില്‍തന്നെ 66 ലക്ഷം അഭയാര്‍ഥികള്‍. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ സ്ഥിതി പിന്നെയും മോശമായിട്ടേയുള്ളൂ. എന്നാല്‍, ഇന്ത്യയില്‍നിന്ന് 'തീര്‍ഥയാത്ര' പോകുന്നവര്‍ ഇതൊന്നും അറിയുന്നില്ല-അറിവുണ്ടെങ്കിലും ഗൗനിക്കുന്നുമില്ല.
 
ക്രിസ്ത്യാനികളില്‍ പലരും ബൈബിളിലെ 'വാഗ്ദത്തഭൂമി' എന്ന് വിചാരിച്ചാണ് ഇസ്രയേലില്‍ പോകുന്നത്. ബൈബിളിലെ ഇസ്രയേലും ഇന്നത്തെ രാഷ്ട്രീയ ഇസ്രയേലും തമ്മില്‍ വലിയ അന്തരമുള്ള കാര്യം അവരോര്‍ക്കുന്നില്ല. ചരിത്രകാരനായ ഇലാന്‍ പാപ്പ് ഈ അന്തരത്തെപ്പറ്റി പ്രതിപാദിച്ചതിങ്ങനെ: ഇന്നത്തെ ജൂത സമൂഹത്തെ പ്രാചീന ഇസ്രയേല്‍ ദേശമായി പുനരാഖ്യാനം നടത്തിയത് യൂറോപ്യന്‍ ക്രൈസ്തവ കേന്ദ്രിത പണ്ഡിതരാണ്. 'സയണിസത്തിന്റെ ആധാര മിഥ്യകള്‍ അങ്ങനെയാണ് രൂപം കൊണ്ടത്- ഭൂമിയില്ലാത്ത ജനത, ജനതയില്ലാത്ത ഭൂമിയിലേക്ക് മടങ്ങുന്നു എന്ന മട്ടില്‍.'
 
സംഭവിച്ചതോ? പല രാജ്യങ്ങളില്‍ നിന്നുമായി ജൂതവംശജര്‍ ഫലസ്ത്വീനില്‍ കടന്നുകയറുകയും അവിടത്തുകാരെ അവരുടെ ഭൂമിയില്‍ നിന്ന് ആട്ടിയിറക്കുകയും ചെയ്തു. ഇരകള്‍ക്ക് അതൊരു മഹാദുരന്തമാണ്: നഖ്ബ. 64 വര്‍ഷത്തെ ഈ ക്രൂരതകള്‍ക്ക് വെള്ള പൂശുന്നത് ഇരകള്‍ക്ക് അസഹ്യവുമാണ്. ടൂറിസം അതാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ 'പുണ്യയാത്രകള്‍' ഫലസ്ത്വീന്‍ ജനതയോട് കാട്ടുന്ന നിന്ദയാണ്. ഫലസ്ത്വീനിലെ ക്രൈസ്തവ സഭകള്‍ മറ്റു രാജ്യങ്ങളിലെ ക്രൈസ്തവരോട് ആവശ്യപ്പെടുന്നത്, ഇസ്രയേലി അധിനിവേശത്തെ സാധൂകരിക്കുന്ന തരത്തില്‍ തീര്‍ഥയാത്ര ചെയ്യരുത് എന്നാണ്; പകരം 'പുണ്യഭൂമിയിലേക്ക് നീതിയാത്ര' എന്ന പേരില്‍ അവര്‍ ബദല്‍ ടൂറിസത്തിന് പ്രോത്സാഹനം നല്‍കുന്നു. ഫലസ്ത്വീനിലെ ബദല്‍ ടൂറിസം ഗ്രൂപ്പുകളുമായി സഹകരിച്ച് ചെല്ലുന്നവര്‍ക്ക് ഫലസ്ത്വീന്‍ ഭാഗം കൂടി യാത്രയില്‍ കാണാന്‍ അവസരമുണ്ടാകും.
 
ചെന്നൈയിലും ദല്‍ഹിയിലുമായി ഏതാനും ക്രൈസ്തവ സംഘടനകള്‍ ഈയിടെ നടത്തിയ കൂടിയാലോചനകളില്‍ ഫലസ്ത്വീന്‍ ഒരു വിഷയമായിരുന്നു. ബൈബിളിലെ ഫലസ്ത്വീനും ഇന്നത്തെ അധിനിവിഷ്ട ഫലസ്ത്വീനും രണ്ടാണ് എന്ന് അവര്‍ അടിവരയിട്ടു പറയുന്നു. അതുകൊണ്ട് ക്രൈസ്തവ സഭകള്‍ ഫലസ്ത്വീന്റെ വശം കൂടി കാണിക്കാന്‍ തയാറുള്ള ബദല്‍ ടൂറിസം പങ്കാളികളുമായി ചേര്‍ന്ന് ധാരണയോടെ വേണം തീര്‍ഥാടനം സംഘടിപ്പിക്കാന്‍. പശ്ചിമബംഗാളിലെ ബോര്‍ഡ് ഓഫ് തിയോളജിക്കല്‍ എജുക്കേഷന്‍ (സെറമ്പൂര്‍ കോളേജ്), ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ), കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സും നാഷ്‌നല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും ഉള്‍പ്പെടുന്ന ഇന്ത്യന്‍ സോളിഡാരിറ്റി എക്യുമെനിക്കല്‍ നെറ്റ്‌വര്‍ക്ക്-ഫലസ്ത്വീന്‍ എന്നിവ ചേര്‍ന്നാണ് ജൂലൈയില്‍ കൂടിയാലോചനകള്‍ സംഘടിപ്പിച്ചത്. വിവിധ സഭകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും മറ്റുമായി 40 പേര്‍ പങ്കെടുത്തു.
 
ഫലസ്ത്വീനിലെ സഭകളുടെ കൂട്ടായ്മ (ചര്‍ച്ചസ് ഇന്‍ ഫലസ്ത്വീന്‍) 2009-ല്‍ ഇറക്കിയ 'കായ്‌റോസ് രേഖ' ലോകമൊട്ടുക്കുമുള്ള ക്രൈസ്തവസഭകളോട് ഒരഭ്യര്‍ഥന നടത്തിയിരുന്നു. 'ഞങ്ങളുടെ ദുരിതങ്ങള്‍ക്കും ഞങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിച്ച ഈ (സയണിസ്റ്റ്) അധിനിവേശത്തിനും മതപരമായ എന്തെങ്കിലും ഭക്തിവേഷം ഇട്ടുകളയരുതേ' എന്നായിരുന്നു അത്. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിന്റെ പാരമ്യത്തില്‍ അവിടത്തെ സഭ ഇറക്കിയ സൗത്താഫ്രിക്കന്‍ കായ്‌റോസ് ഡോക്യുമെന്റിനു (1985) സമാനമാണ് ഈ 'കായ്‌റോസ് ഡോക്യുമെന്റ് ഫലസ്ത്വീന്‍'. 'ബി.ഡി.എസ്' (Boycott, Divestment, Sanctions) പ്രസ്ഥാനത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതാണ് ഈ പ്രമാണം. ലോകമെങ്ങുമുള്ള ക്രൈസ്തവരോടും ക്രൈസ്തവ സംഘങ്ങളോടും അത് ആവശ്യപ്പെടുന്നു: വ്യക്തമായ നിലപാട് എടുക്കുക. 'നിങ്ങള്‍ ഒന്നുകില്‍ ഫലസ്ത്വീന്‍കാരോടൊപ്പമാണ്; അല്ലെങ്കില്‍ അവര്‍ക്കെതിരാണ്. ഞങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ബി.ഡി.എസില്‍ അണിചേരാതിരിക്കുകയും എന്ന രണ്ടുംകെട്ട നിലപാട് പറ്റില്ല' എന്ന് ബി.ഡി.എസിന്റെ സ്ഥാപക ഘടകമായ 'ബാദില്‍' ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്റര്‍ അംജദ് അല്‍ഖസീസ്.
 
അധിനിവിഷ്ട ഫലസ്ത്വീന്‍ ഭൂമിയില്‍ ഇസ്രയേല്‍ കൂറ്റന്‍ വിഭജനമതില്‍ പണിയുന്നത് നിയമവിരുദ്ധമാണെന്ന് ലോകകോടതി തീര്‍പ്പ് കല്‍പിച്ച് ഒരു വര്‍ഷം തികഞ്ഞപ്പോഴാണ് ബി.ഡി.എസ് പ്രസ്ഥാനം തുടങ്ങിയത്. അതില്‍ പിന്നീട് അതിന് വ്യാപകമായ പിന്തുണ ലഭിച്ചു. അക്കാദമിക രംഗത്തുള്ളവര്‍ ഇസ്രയേലി സര്‍വകലാശാലകളെ ബഹിഷ്‌കരിച്ചു. ഇസ്രയേലി കമ്പനികള്‍ക്ക് വന്‍കരാറുകള്‍ നല്‍കില്ലെന്ന് പ്രാദേശിക അധികൃതര്‍ തീരുമാനിച്ചു തുടങ്ങി. ലോകമെങ്ങുമുള്ള ക്രിസ്ത്യന്‍ സഭകള്‍, ഇസ്രയേലി കമ്പനികളില്‍ തങ്ങള്‍ക്കുള്ള നിക്ഷേപം പുനഃപരിശോധിച്ചുതുടങ്ങി. വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇതിന് പ്രോത്സാഹനം നല്‍കുന്നു.
 
അംജത് അല്‍ഖസീസ് പറയുന്നു: ഫലസ്ത്വീന്‍ ജനകീയ ചെറുത്തുനില്‍പിന്റെ ചരിത്രം വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. 1960-കളിലും '70-കളിലും സായുധ പോരാട്ടം. '80-കളില്‍ അക്രമരഹിതമായ നിസ്സഹകരണ പ്രസ്ഥാനം. '90-കളില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍. രണ്ടായിരത്തില്‍ നയതന്ത്രം. ഓരോ തവണയും ഇസ്രയേലിന്റെ മറുപടി സൈനിക ബലപ്രയോഗവും ഫലസ്ത്വീനികളെ കൊന്നൊടുക്കലും. ജൂതരല്ലാത്തവരെ മുഴുവന്‍ ഇല്ലാതാക്കുകയെന്ന വംശീയ നിലപാടാണ് അവരുടേത്. ഇതിനെ ചെറുക്കേണ്ടത് അവകാശം മാത്രമല്ല ബാധ്യതയുമാണ്.
 
ബി.ഡി.എസ് പ്രസ്ഥാനം വേരുപിടിക്കുന്നതിന്റെ അങ്കലാപ്പ് ഇസ്രയേലിനുണ്ട്. വ്യക്തികളോ സംഘടനകളോ അതിനോട് കൂറു പുലര്‍ത്തുന്നത് കഴിഞ്ഞ വര്‍ഷം അവര്‍ നിരോധിച്ചത് അതിന്റെ സൂചനയാണ്. എന്നാല്‍, ചെറുത്തുനില്‍പ് വ്യാപിക്കുക തന്നെയാണ്. വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ജനീവ സെക്രട്ടേറിയറ്റില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഇന്ത്യക്കാരി അരുണാ ജ്ഞാനദാസന്‍ ശുഭാപ്തി വിശ്വാസത്തോടെ പറയുന്നു: ''ഫലസ്ത്വീന്‍ പ്രക്ഷോഭത്തോടുള്ള ക്രൈസ്തവ സഭകളുടെ നിലപാട് മാറുന്നതോടെ ചെറുത്തുനില്‍പ് വിജയിക്കും.'' സി.എസ്.ഐയിലെ റവ. വിജി വര്‍ഗീസ് ഈപ്പന്‍ ചൂണ്ടിക്കാട്ടുന്ന ഒരു വസ്തുത, ചെറുതെങ്കിലും മാറിവരുന്ന നിലപാടിന്റെ സൂചന തന്നെയാണ്: ഇസ്രയേലി ഔദ്യോഗിക എയര്‍ ലൈന്‍സായ 'എത് അല്‍'ന്റെ പരസ്യം സി.എസ്.ഐ ലൈഫ് എന്ന മുഖപത്രത്തില്‍ ഞങ്ങള്‍ ചേര്‍ക്കാറുണ്ടായിരുന്നു. 2007-ഓടെ ഞങ്ങളത് നിര്‍ത്തി. ബോധപൂര്‍വം എടുത്ത തീരുമാനമായിരുന്നു ഇത്. 
 
ഇസ്രയേലിലേക്ക് 'തീര്‍ഥാടനം' നടത്തുന്നവര്‍ ഓര്‍ത്തുവെക്കേണ്ട ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞുവെക്കുന്നു. ''ഒരുതരം സഞ്ചാരഭക്തി നാം വളര്‍ത്തിയിരിക്കുന്നു. പുണ്യയാത്രകള്‍ എന്നാണ് നാം പറയാറ്. പക്ഷേ, ഫലസ്ത്വീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന പുണ്യരഹിത യുദ്ധത്തിലേക്കാണ് നാം നല്‍കുന്ന ഓരോ രൂപയും ചെല്ലുന്നതെന്ന വസ്തുത മറന്നുപോകുന്നു.''
 
ഇസ്രയേലിന്റെ ക്രൂരതകള്‍ എന്നാണവസാനിക്കുക? ഈ ചോദ്യത്തിനുള്ള ഉത്തരം ആ രാഷ്ട്രത്തിന്റെ മാത്രമല്ല, നമ്മുടെ ഓരോരുത്തരുടെയും നിലപാടില്‍നിന്നാണ് വരേണ്ടത്.
 
 
THANKS&REGARDS
ABDULGAFOOR MK
gafoormktrithala@gmail.com
mkgafoortrithala@gmail.com
mktrithala@yahoo.com

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment