മാര്‍ച്ച് മുപ്പത് ലോകമെങ്ങുമുള്ള ഫലസ്ത്വീനികള്‍ക്ക് ഓര്‍മപുതുക്കല്‍ ദിനമാണ്. 'ഭൂമിദിനം' എന്നാണവരതിന് പേരിട്ടിരിക്കുന്നത്. 1976-ല്‍ 'സുരക്ഷ-പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കാന്‍' എന്ന പേരില്‍ ഇസ്രയേല്‍ ഗവണ്‍മെന്റ് ആയിരക്കണക്കിന് ഏക്കര്‍ ഭൂമി പിടിച്ചെടുക്കാന്‍ തുനിഞ്ഞപ്പോള്‍, അധിനിവിഷ്ട ഫലസ്ത്വീനിലെ മുഴുവന്‍ അറബ് നഗരങ്ങളിലും പൊതുപണിമുടക്കും പ്രതിഷേധ റാലികളും സംഘടിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ഇസ്രയേലി പട്ടാളവും പോലീസുമായുള്ള സംഘര്‍ഷങ്ങളില്‍ ആറ് ഫലസ്ത്വീനികള്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ഒരുപാട് പേര്‍ തുറുങ്കിലടക്കപ്പെടുകയും ചെയ്തു. ഇത്തരം ക്രൂരതകളും അവയോട് അന്താരാഷ്ട്ര സമൂഹം പുലര്‍ത്തുന്ന നിസ്സംഗതയുമൊന്നും ഫലസ്ത്വീനികള്‍ക്ക് പുത്തരിയല്ല. പക്ഷേ, 1976 മാര്‍ച്ച് മുപ്പതിന് നടന്ന പ്രക്ഷോഭങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. 1948-നു ശേഷം ഇതാദ്യമായിട്ടായിരുന്നു ഫലസ്ത്വീനികള്‍ ഒരു ദേശീയ കൂട്ടായ്മ എന്ന നിലക്ക് ഇസ്രയേലി നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കുന്നത്. ഫലസ്ത്വീന്‍ വിമോചന സമരത്തില്‍ അഹിംസാത്മകമായ നിയമലംഘനം എന്ന ആശയത്തിന് പ്രചാരം ലഭിക്കുന്നതും ഇതോടെയാണ്. ഈ വര്‍ഷം മാര്‍ച്ച് മുപ്പതിനും അനുസ്മരണ പരിപാടികള്‍ നടന്നിരുന്നു. തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് അത് സംഘടിപ്പിക്കപ്പെട്ടത്. ഇത്തവണത്തെ 'ഭൂമിദിന'ത്തിന്റെ പ്രത്യേകത, വിശുദ്ധ നഗരമായ അല്‍ഖുദ്‌സിലേക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച 'ജറൂസലമിലേക്കുള്ള ആഗോള മാര്‍ച്ച്' ആയിരുന്നു. ജറൂസലമിനെ ജൂതവത്കരിക്കുന്നത് ലോകശ്രദ്ധയില്‍ കൊണ്ടുവരാനുള്ള കാമ്പയിന്റെ ഭാഗമായിരുന്നു അത്. ബിഷപ്പ് ഡസ്മണ്ട് ടൂടു, മെയ്‌റെഡ് കൊറിഗന്‍, റബ്ബി ലിന്‍ ഗോത്‌ലീബ്, ഡോ. ജറമിയ റൈറ്റ്, ജറൂസലം ആര്‍ച്ച് ബിഷപ്പ് അത്തല്ല ഹന്ന, സിന്‍ഡി ഷീഹന്‍, പ്രഫ. റിച്ചാര്‍ഡ് ഫാള്‍ക്ക്, റോന്നി കസ്‌റില്‍സ്, ബ്രിട്ടനിലെയും ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങി നിരവധി പ്രമുഖരുടെ പിന്തുണയും ആശീര്‍വാദവും ഈ കാമ്പയിന് ലഭിച്ചു. 85 രാജ്യങ്ങളില്‍ നിന്നാണ് മാര്‍ച്ചില്‍ അണിനിരക്കാനായി പ്രതിനിധികള്‍ എത്തിച്ചേര്‍ന്നത്. അവരില്‍ സുന്നികളും ശീഈകളും ക്രിസ്ത്യാനികളും ജൂതന്മാരും ഹിന്ദുക്കളും ബുദ്ധമതക്കാരും നിരീശ്വരവാദികളും എല്ലാമുണ്ട്. ഇവരും ഗസ്സ, പടിഞ്ഞാറെകര, ജോര്‍ദാന്‍, ലബനാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നെത്തിയ പതിനായിരക്കണക്കിന് ഫലസ്ത്വീനികളും ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ടാണ് ഇസ്രയേലിന്റെ അതിര്‍ത്തികളിലേക്ക് നീങ്ങിയത്. ജറൂസലം എന്ന വിശുദ്ധ നഗരത്തിന്റെ സാംസ്‌കാരിക ബഹുത്വത്തിന്റെയും സാര്‍വലൗകികതയുടെയും വിളംബരമായിരുന്നു അത്. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്നേ ദിവസം ദല്‍ഹി, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള നൂറോളം ലോകനഗരങ്ങളില്‍ പ്രകടനങ്ങളും നടന്നു. അങ്ങനെ, ഭൂമിശാസ്ത്രപരവും മറ്റുമായ സകലവിധ അതിര്‍വരമ്പുകളും അകല്‍ച്ചകളും മാറ്റിവെച്ചുകൊണ്ട് മഹത്തായ ഒരു ലക്ഷ്യത്തിന് വേണ്ടി സമാധാന പ്രേമികളായ മുഴുവന്‍ മനുഷ്യരും നടത്തുന്ന സമീപകാല ചരിത്രത്തിന്റെ ഏറ്റവും വലിയ അന്താരാഷ്ട്ര ജനകീയ മുന്നേറ്റമായി 'ഗ്ലോബല്‍ മാര്‍ച്ച് ടു ജറൂസലം' മാറി. 'മില്യന്‍ മാര്‍ച്ച് ടു ജറൂസലം' എന്നാണ് അറബ് മീഡിയ ഇതിനെ വിശേഷിപ്പിച്ചത്.
എന്റെ സുഹൃത്താണ് ഡോ. സഊദ് അബൂമഹ്ഫൂസ്. ജോര്‍ദാനില്‍ പ്രവാസ ജീവിതം നയിക്കുന്ന ഫലസ്ത്വീനി. അറബ് ലോകത്തെ വലിയ ദിനപത്രങ്ങളിലൊന്നായ അസ്സബീലിന്റെ എഡിറ്ററും ജോര്‍ദാന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തക സമിതിയംഗവുമാണ്. ജറൂസലമിന്റെ പ്രാധാന്യം അദ്ദേഹം ഇങ്ങനെ സംഗ്രഹിച്ചു: ''ഒരു ചതുരശ്ര കിലോമീറ്റര്‍ മാത്രം ചുറ്റളവുള്ള പ്രദേശമാണ് അല്‍ ഖുദ്‌സ്. ലോകത്തെ ഏറ്റവും അപകടം പിടിച്ച ഒരു ചതുരശ്ര കിലോമീറ്റര്‍. അവിടെ സമാധാനമുണ്ടോ എങ്കില്‍ ലോകത്ത് എല്ലായിടത്തും സമാധാനമുണ്ട്.'' ജൂതന്മാരും ക്രിസ്ത്യാനികളും മുസ്‌ലിംകളും ഒരുപോലെ ജറൂസലം നഗരത്തിന് ചരിത്രപരവും മതപരവുമായ പ്രാധാന്യം നല്‍കുന്നുണ്ട്. ഇബ്‌റാഹീമി വിശ്വാസ സംഹിതകളുടെ കേന്ദ്ര സ്ഥാനമാണത്. മൊത്തം മനുഷ്യകുലത്തിന്റെ പൊതു പൈതൃകമായും അതിനെ കാണാവുന്നതാണ്. ചരിത്രത്തിലുടനീളം നിരവധി രാഷ്ട്രീയ തകിടം മറിച്ചിലുകള്‍ക്കും സൈനിക അധിനിവേശങ്ങള്‍ക്കും നഗരം സാക്ഷിയായിട്ടുണ്ടെങ്കിലും അവിടത്തെ വിവിധ മതക്കാരായ ജനങ്ങള്‍ പരസ്പരം ആദരിച്ചും സാഹോദര്യബന്ധം നിലനിര്‍ത്തിയുമാണ് കഴിഞ്ഞുപോന്നിട്ടുള്ളത്. 1948-ല്‍ ഇസ്രയേല്‍ ജറൂസലം കൈയേറിയതോടെ പിന്നീട് വന്ന ഓരോ ഗവണ്‍മെന്റും നഗരത്തിന്റെ മുഖഛായ മാറ്റാനും ജനസംഖ്യാനുപാതം താളം തെറ്റിക്കാനും അങ്ങനെ ഒരു 'ജൂത ജറൂസലം' പണിതുയര്‍ത്താനുമാണ് ശ്രമിച്ചുവന്നിട്ടുള്ളത്. ഇത് അറബികള്‍ക്കെതിരായ നീക്കമല്ല, മാനവരാശിക്കെതിരായ നീക്കമാണ്.
മഹാത്മാഗാന്ധി ഇഫക്ട്
ജറൂസലം ഗ്ലോബല്‍ മാര്‍ച്ചിന്റെ സംഘാടക ചെയര്‍മാന്‍ ഡോ. രിബ്ഹി ഹലൂം ആ മാര്‍ച്ചില്‍ പങ്കുകൊള്ളാനും സംസാരിക്കാനും എന്നെയും ക്ഷണിച്ചിരുന്നു. വളരെ ആദരിക്കപ്പെടുന്ന ഫലസ്ത്വീനി കവിയും എഴുത്തുകാരനുമാണ് ഡോ. രിബ്ഹി. നിരവധി രാഷ്ട്രങ്ങളില്‍ ഫലസ്ത്വീനെ പ്രതിനിധീകരിച്ച് അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ അസംഖ്യം സഖാക്കള്‍ക്കൊപ്പം അദ്ദേഹവും അമ്മാനില്‍ അഭയാര്‍ഥിയായി കഴിയുകയാണ്. പ്രായം 76 ആയെങ്കിലും ഒരുനാള്‍ സ്വതന്ത്ര ഫലസ്ത്വീനിലേക്ക് തിരിച്ചുപോകാനാവുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. അറബികളെക്കുറിച്ച് നമ്മുടെ മീഡിയ പറഞ്ഞുപരത്തുന്നതിന് നേര്‍വിരുദ്ധമായി നാം ഇന്ത്യക്കാരെ ഫലസ്ത്വീനികള്‍ ഏറ്റവും നന്നായി ആദരിക്കുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്. 1920-കള്‍ മുതല്‍ ഫലസ്ത്വീനികള്‍ക്ക് വേണ്ടി മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചെയ്തുവന്ന സേവനങ്ങള്‍ ചരിത്ര പാഠപുസ്തകത്തിലൂടെ അവര്‍ തങ്ങളുടെ പുതുതലമുറയെ പഠിപ്പിക്കുന്നുണ്ട്. ജറൂസലം വിശുദ്ധ നഗരത്തിന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായുള്ള ചരിത്രബന്ധങ്ങളും കാണാതിരുന്നുകൂടാ. 1919 മുതല്‍ക്ക് തന്നെ ജറൂസലം ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വ്യവഹാരങ്ങളില്‍ ഇടം നേടിയിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന് തുടക്കം കുറിച്ച മൗലാനാ മുഹമ്മദ് അലിയും മൗലാനാ ശൗക്കത്ത് അലിയും ആള്‍ ഇന്ത്യാ ഖിലാഫത്ത് കമ്മിറ്റിക്ക് രൂപം നല്‍കുകയുണ്ടായി. ആ കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നത് മഹാത്മാ ഗാന്ധിയും. 1931-ല്‍ ജറൂസലം മുഫ്തിയുടെ പേരില്‍ ജറൂസലം കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്തത് അലി സഹോദരന്മാരിലെ മൗലാനാ ശൗക്കത്തലിയായിരുന്നുവെന്നതും കൗതുകമുണര്‍ത്തുന്നതാണ്. 'സയണിസം ഒളിഞ്ഞും തെളിഞ്ഞും മുസ്‌ലിംകളെ അവരുടെ മണ്ണില്‍നിന്നും വിശുദ്ധ ഗേഹങ്ങളില്‍നിന്നും പുറന്തള്ളുകയാണ്' എന്ന് ആ കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നുണ്ട്. തന്റെ ഭൗതികശരീരം മറമാടേണ്ടത് ഒന്നുകില്‍ സ്വതന്ത്ര ഇന്ത്യയില്‍, അല്ലെങ്കില്‍ ജറൂസലമിലെ പുണ്യനഗരത്തില്‍ എന്നത് മൗലാനാ മുഹമ്മദലിയുടെ വസ്വിയ്യത്തായിരുന്നല്ലോ. നമ്മുടെ ഈ സംയോജിത ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും സ്വാധീനം ഇന്നത്തെ അറബ് യുവാക്കളിലും കാണാനുണ്ട്; പ്രത്യേകിച്ച് അറബ് വസന്തത്തിനു നേതൃത്വം നല്‍കിയ യുവാക്കളില്‍. അമ്മാനിലായിരുന്നപ്പോള്‍ മഹാത്മാഗാന്ധി ആവിഷ്‌കരിച്ച അഹിംസാ സമരരീതികളെക്കുറിച്ച് അറബ് വസന്തം ആക്ടിവിസ്റ്റുകളായ യുവാക്കളുമായി ആശയവിനിമയം നടത്താന്‍ എനിക്ക് അവസരമുണ്ടായി. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഇസ്‌ലാമിക് ആക്ഷന്‍ ഫ്രന്റിന്റെ സമുന്നത നേതാവ് ഡോ. ഹംസ മന്‍സൂറും മൊറോക്കോയിലെയും തുനീഷ്യയിലെയും ഇസ്‌ലാമിക കക്ഷികളുടെ വിദേശകാര്യ സെക്രട്ടറിമാരും പങ്കെടുത്ത അത്താഴ വിരുന്നില്‍ വെച്ച് അവരെന്നോട് പറഞ്ഞു: ''അറബ് മുസ്‌ലിം ലോകം ഇന്ന് മഹാത്മാ ഗാന്ധിയെ ശ്രവിക്കുകയാണ്. ഏകാധിപത്യ-സര്‍വാധിപത്യ ഭരണകൂടങ്ങളെ താഴെയിറക്കാനുള്ള ഏകവഴി ഗാന്ധിയന്‍ സമരരീതിയാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായിരിക്കുന്നു... അല്‍ഖാഇദ പോലുള്ള തീവ്രവാദി വിഭാഗങ്ങളെ പരാജയപ്പെടുത്താനും ഇതുതന്നെയാണ് വഴിയെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു.'' ജോര്‍ദാനിലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തക സമിതിയില്‍ ഗാന്ധിയന്‍ സമരരീതിയെക്കുറിച്ചായിരുന്നു ഒരിക്കല്‍ മുഖ്യ ചര്‍ച്ചയെന്നും അതെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടെന്നും കേട്ടപ്പോള്‍ ഞാന്‍ അതിശയിച്ചുപോയി. അറബ് വസന്തത്തിന് ഗാന്ധിയന്‍ ചിന്തകള്‍ പ്രചോദനമായെന്ന് നൊബേല്‍ പുരസ്‌കാര ജേതാവും യമനീ പ്രക്ഷോഭത്തിന്റെ നേതാവുമായ തവക്കുല്‍ കര്‍മാനും പറഞ്ഞിട്ടുണ്ടല്ലോ. അഭയാര്‍ഥികളായ ഫലസ്ത്വീനികളെ തിരിച്ചുവരാന്‍ അനുവദിക്കണമെന്നും ഇസ്രയേലിന്റെ അനധികൃത പാര്‍പ്പിട നിര്‍മാണം അവസാനിപ്പിക്കണമെന്നും ജറൂസലം നഗരിയെ ജൂതവത്കരിക്കരുതെന്നും ഫലസ്ത്വീനികള്‍ക്ക് നേരെ ഉയര്‍ത്തിക്കെട്ടിയ വര്‍ണവിവേചന മതില്‍ പൊളിച്ചുകളയണമെന്നും മറ്റും ആവശ്യപ്പെട്ട് ജോര്‍ദാന്റെ ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് നീങ്ങിയ പതിനായിരങ്ങളോടൊപ്പം ഞാനും ചേര്‍ന്നു. ജൂത റബ്ബിമാരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. 'ഞങ്ങള്‍ ജൂതന്മാരാണ്, പക്ഷേ സയണിസ്റ്റുകളല്ല' എന്ന ബാനര്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ചു. ലബനാനില്‍ നടന്ന മാര്‍ച്ചിലും ഇന്ത്യന്‍ പ്രതിനിധിസംഘം പങ്കുകൊണ്ടിരുന്നു. എന്റെ പ്രസംഗത്തില്‍, സമരം സമാധാനപരമായിരിക്കുന്നതിന്റെ മെച്ചങ്ങള്‍ എണ്ണിപ്പറഞ്ഞപ്പോള്‍ വലിയ കൈയടിയാണ് ലഭിച്ചത്. ഗസ്സയിലും പടിഞ്ഞാറെ കരയിലും നടന്ന മാര്‍ച്ചുകളും സമാധാനപരമായിരുന്നെങ്കിലും ഇസ്രയേലി സൈനികര്‍ പ്രകടനക്കാര്‍ക്ക് നേരെ വെടിവെച്ച് ഒരാളെ കൊലപ്പെടുത്തുകയും നിരവധിയാളുകളെ പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന ദുഃഖവാര്‍ത്തയാണ് പിന്നീട് കേള്‍ക്കാന്‍ കഴിഞ്ഞത്. മാര്‍ച്ച് നടക്കുന്നതിന് തൊട്ടുമുമ്പുള്ള മാസം രണ്ട് ഫലസ്ത്വീന്‍ തടവുകാര്‍- ഖാദര്‍ ഹനാനും ഹനശലബി എന്ന വനിതയും- ഇസ്രയേലി ജയിലില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിരുന്നു. ഇതും ഒരു ഗാന്ധിയന്‍ സമരമുറ തന്നെയാണല്ലോ. 2000ത്തിലധികം തടവുകാര്‍ പിന്നീട് ഈ സമരരീതി സ്വീകരിച്ച് ത്യാഗത്തിന് തയാറായി. മഹാത്മായുടെ കാല്‍പാടുകള്‍ പിന്തുടരുന്ന ഒരു ജനതയെന്ന നിലക്ക്, ജൂതരും ക്രിസ്ത്യാനികളും മുസ്‌ലിംകളും തോളുരുമ്മി ജീവിക്കുന്ന ഒരു സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രം എന്ന അവരുടെ ന്യായമായ ആവശ്യത്തെ പിന്തുണക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. |
No comments:
Post a Comment