ഏകാന്തസമരത്തിന്റെ 12 വര്‍ഷങ്ങള്‍
ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി മരണത്തെപ്പോലും തോല്പിച്ചു സമരം ചെയ്യുന്ന കത്തുന്നജീവിതമാണ് ഇറോം ശര്‍മിള ചാനുവിന്റേത്. 2000 നവംബര്‍ അഞ്ചിന് തുടങ്ങിയ ശര്‍മിളയുടെ നിരാഹാര സമരം പന്ത്രണ്ടാം വര്‍ഷത്തിലേക്കു കടന്നിരിക്കുന്നു. പതിനൊന്ന് വര്‍ഷങ്ങള്‍ !!! ലോകം കണ്ട ഏറ്റവും വലിയ നിരാഹാരസമരം. ജനാധിപത്യം തന്നെയാണോ ഇന്ത്യയുടെ ഭരണസമ്പ്രദായം എന്ന ചോദ്യം ഇറോം ശര്‍മിളയുടെ നിരാഹാരം നമ്മിലുയര്‍ത്തുന്നു. ഇറോം ശര്‍മിളയുമായുള്ള മുഖാമുഖത്തിന്റെ മലയാളരൂപം ചുവടെ.
എന്തിനാണ് ഇങ്ങനെ ഒരു സമരം?
എന്റെ മാതൃരാജ്യത്തിന്റെ രക്ഷയ്ക്കായി. 1958 ലെ ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് അവര്‍ മാറ്റാത്തിടത്തോളം കാലം ഞാന്‍ എന്റെ നിരാഹാരം അവസാനിപ്പിക്കില്ല.
ഇതിലേക്കു നയിച്ച സംഭവത്തെപ്പറ്റി പറയാമോ?
രണ്ടു ദിവസത്തിനുള്ളില്‍ ഒരു സമാധാനറാലി നടത്തുന്നതിനെപ്പറ്റി ആലോചിക്കാനുള്ള യോഗത്തില്‍ പങ്കെടുത്തിട്ടു മടങ്ങിവരുമ്പോഴാണ് ഞാന്‍ മാലോമിലെ സംഭവം അറിയുന്നത്. വെടിയേറ്റു കിടക്കുന്നവരുടെ ഫോട്ടോകള്‍ പിറ്റേന്ന് പത്രത്തില്‍ കണ്ടപ്പോള്‍ ഞാന്‍ നടുങ്ങിപ്പോയി. മരണത്തിന്റെ പ്രാരംഭമുഖമായ ഈ വഴിയിലേക്ക് നീങ്ങാന്‍ ആ ഫോട്ടോകള്‍ എനിക്ക് പ്രേരണ നല്‍കി. നിരപരാധികളായ ആളുകള്‍ക്കുമേല്‍ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ എനിക്ക് മറ്റൊരു വഴിയും തിരഞ്ഞെടുക്കാനുണ്ടായിരുന്നില്ല. ഞാന്‍ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു ഇത്. സമാധാനറാലി നടത്തിയതുകൊണ്ടൊന്നും കാര്യമില്ലെന്ന് എനിക്കറിയാമായിരുന്നു. ഇത്തരം ഭീതിജനകമായ അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാനെന്തെങ്കിലും ചെയ്‌തേ തീരുവെന്നു തോന്നി.
എന്നാല്‍ അതിന് ഈ പ്രത്യേകമാര്‍ഗം തിരഞ്ഞെടുത്തത്... മരണംവരെയുള്ള ഉപവാസം എന്തിനാണ്?
ആ ഒരു മാര്‍ഗം മാത്രമേ എനിക്കാവുമായിരുന്നുള്ളൂ. കാരണം നിരാഹാരസമരം ആത്മീയതയെ അടിസ്ഥാനമാക്കിയുള്ള കാര്യമാണ്.
അത് ആരോഗ്യത്തെ, ശരീരത്തെ പ്രതികൂലമായി ബാധിക്കില്ലേ?
അതു കാര്യമാക്കുന്നില്ല... നമ്മളെല്ലാം മരണമുള്ളവരല്ലേ.
ഇതാണ് ശരിയായ മാര്‍ഗമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടോ? ഇതൊരുതരം ശാരീരികമായ പീഡനമല്ലേ?
ഇതു പീഡനമല്ല. ഇതു ശിക്ഷയുമല്ല... ഇതെന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യമായി ഞാന്‍ കരുതുന്നു.
ഈ സമരത്തോട് വീട്ടിലെ പ്രതികരണമെന്തായിരുന്നു?
എന്റെ തീരുമാനത്തെപ്പറ്റി അമ്മയ്ക്കറിയാമായിരുന്നു. വലിയ പഠിപ്പൊന്നുമില്ലാത്ത ഒരു സാധുവാണെങ്കിലും എന്നെ എന്റെ കര്‍മ്മം ചെയ്യാന്‍ അനുവദിക്കുന്നതിനുള്ള ധൈര്യമുണ്ടായി.
എന്നാണ് അമ്മയെ അവസാനമായി കണ്ടത്?
ഉപവാസം തുടങ്ങുന്നതിനുമുമ്പ്... ഞാന്‍ എന്റെ ലക്ഷ്യം നേടിയിട്ടല്ലാതെ പരസ്പരം കാണില്ലെന്ന് ഞങ്ങള്‍ തമ്മില്‍ ഒരു ധാരണയുണ്ട്.
ഇതു നിങ്ങള്‍ രണ്ടുപേര്‍ക്കും വളരെ പ്രയാസമുണ്ടാക്കുന്ന കാര്യമല്ലേ?
അത്ര പ്രയാസമുണ്ടാക്കുന്നതല്ല... (കുറച്ചുനേരം നിശ്ശബ്ദയായി) എന്താണെന്നുവെച്ചാല്‍ .... ഞാന്‍ എങ്ങനെയാണ് അത് വിശദമാക്കുക... അര്‍പ്പിതമായ ഓരോ കര്‍മവുമായിട്ടാണ് നമ്മളെല്ലാം ഈ മണ്ണിലേക്ക് വന്നിരിക്കുന്നത്... നമ്മള്‍ വന്നത് ഒറ്റയ്ക്കാണ്...
എന്തുകൊണ്ടാണ് കസ്റ്റഡിയില്‍ കഴിയുന്നത്?
അതെന്റെ തീരുമാനമല്ല. നിരാഹാരസമരം നിയമവിരുദ്ധമായി കാണുന്ന സര്‍ക്കാരാണ് ഇതൊക്കെ നടപ്പാക്കുന്നത്.
മരണംവരെയുള്ള നിരാഹാരത്തിലൂടെ നിങ്ങള്‍ 'ആത്മഹത്യയ്ക്കു ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു. ആത്മഹത്യാ ശ്രമം കുറ്റമല്ലേ?
അവരങ്ങനെ ചിന്തിക്കുന്നുണ്ടാവാം... എന്തു സാഹചര്യമുണ്ടായാലും ആത്മഹത്യ ചെയ്യാന്‍ എനിക്ക് താത്പര്യമില്ല... ഞാനൊരു മരണവ്യാപാരിയായിരുന്നെങ്കില്‍ നമുക്കിപ്പോള്‍ എങ്ങനെ സംസാരിക്കാനാവും? എന്റെ നിരാഹാരത്തിന് ഒരര്‍ഥമുണ്ട്, അതാവശ്യവുമാണെന്ന് തോന്നി. കാരണം ഇതല്ലാതെ മറ്റൊരു മാര്‍ഗവും ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാന്‍ എനിക്കില്ല...
എത്ര നാള്‍ ഇതു തുടരാനാണ് തയ്യാറെടുക്കുന്നത്?
എനിക്കറിയില്ല. എന്നാലും എനിക്ക് പ്രതീക്ഷയുണ്ട്. സത്യത്തിനുവേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്. സത്യം വൈകിയാണെങ്കിലും വിജയം നേടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദൈവം എനിക്കതിനുള്ള ധൈര്യം തരുന്നു. അതുകൊണ്ടാണ് ഈ കൃത്രിമമായ ട്യൂബിന്റെ സഹായത്താല്‍ ഞാനിപ്പോഴും ജീവനോടെയിരിക്കുന്നത്.
കസ്റ്റഡിയില്‍ കഴിയുമ്പോള്‍ എങ്ങനെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്?
കുറെസമയം ഞാന്‍ യോഗമുറകള്‍ ചെയ്യും. എന്റെ ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ നിലനിറുത്താന്‍ അതു സഹായിക്കും. സാഹചര്യങ്ങളാണ് നമ്മളെ ഓരോന്നുമായി പൊരുത്തപ്പെടാന്‍ പഠിപ്പിക്കുന്നത്. മൂക്കിലൂടെ കയറ്റിയിരിക്കുന്ന ട്യൂബൊക്കെ കൃത്രിമമായ സജ്ജീകരണമാണെങ്കിലും ഞാനവയുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു.
ഈ ജീവിതത്തിനിടയ്ക്ക് ശര്‍മ്മിളയ്ക്ക് നഷ്ടമായെന്നു തോന്നുന്നത് എന്താണ്?
ജനങ്ങള്‍ . എനിക്കവരെ കാണാനോ ഇടപെടാനോ പറ്റുന്നില്ല. ഞാന്‍ ഇവിടെ തടവുകാരിയായതുകൊണ്ട് അനുവാദം വാങ്ങാതെ ആര്‍ക്കും ഇങ്ങോട്ടു വരാനാവില്ല. അതുകൊണ്ട് ആളുകളെയൊക്കെ എനിക്കു നഷ്ടമാകുന്നു.
ശര്‍മ്മിളയുടെ ഒരേയൊരു ആഗ്രഹം എന്താണെന്നു ചോദിച്ചാല്‍...?
ആഗ്രഹമോ? വിവേകമുള്ള മനുഷ്യര്‍ എന്ന നിലയില്‍ സ്വയം ദൃഢനിശ്ചമെടുക്കാനുള്ള അവകാശം.
സേനയ്ക്കിപ്പോഴുള്ള പ്രത്യേകാധികാരം പിന്‍വലിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടോ? നിങ്ങളുടെ പോരാട്ടം ലക്ഷ്യത്തിലെത്തെുമെന്ന് കരുതുന്നുണ്ടോ?
എന്റെ പ്രയത്്‌നം വളരെ കാഠിന്യമേറിയതാണെന്ന് പലതവണ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാലും ക്ഷമയോടെ ലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കണം. സന്തോഷത്തിന്റേതായ ആ ദിനം ഒരിക്കല്‍ വരും, അതുവരെ ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍. അതുവരെ ക്ഷമയോടെ കാത്തിരിക്കാന്‍ ഞാന്‍ ബാധ്യസ്ഥയാണ്.
(അനുവദിച്ച സമയം കഴിഞ്ഞു.) ഞാന്‍ മടങ്ങാന്‍ എഴുന്നേറ്റപ്പോള്‍ ശര്‍മ്മിള പറഞ്ഞു: 'എനിക്കൊരു സഹായം ചെയ്യുമോ. നെല്‍സണ്‍ മണ്ടേലയുടെ ആത്മകഥ വായിക്കാന്‍ എനിക്കാഗ്രഹമുണ്ട്. ആ ബുക്കിന്റെ ഒരു കോപ്പി എത്തിച്ചുതരാനാവുമോ. അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി എനിക്കു കൂടുതല്‍ അറിയില്ല. ഇവിടെ കടുത്ത നിയന്ത്രണമാണ്, അതുകൊണ്ട് സെക്യൂരിറ്റി വാര്‍ഡെന്ന് മേല്‍വിലാസത്തില്‍ എഴുതണം.'
(ഡല്‍ഹിയിലെ ടി.വി.പ്രൊഡ്യൂസറും ഡോക്യുമെന്ററി ഫിലിം മേക്കറുമായ കവിതാജോഷി ശര്‍മ്മിളയുമായി മണിപ്പാലിലെ ജെ.എന്‍.ഹോസ്പിറ്റലിലെ സെക്യൂരിറ്റി സെല്ലില്‍വെച്ചു നടത്തിയ അഭിമുഖം. ഇത് 2006 മാര്‍ച്ച് 25ന് തെഹല്‍ക്കയില്‍ പ്രസിദ്ധീകരിച്ചിരുന്നു.)
മണിപ്പൂര്‍ : ഉരുകിയമരുന്ന ഉടലുകള്‍ ...
കവിതാരചന ഈ സാഹചര്യത്തില്‍ എങ്ങനെ നടക്കുന്നു?
എഴുതാനുള്ള പ്രേരണ... എന്റെ ജനങ്ങള്‍ക്കുള്ള ആയുധമായിട്ടാണ് ആലോചിക്കുന്നത്... ദൈവകൃപയാല്‍ ... എന്നാല്‍ കവിതാരചന ജീവിതമാര്‍ഗമായി സ്വീകരിക്കാന്‍ എനിക്കു തോന്നിയിട്ടില്ല.
പോരാട്ടത്തിനിടയിലുള്ള ഏകാന്തതയെപ്പറ്റി?
ഇതു ദൈവനിയോഗമായിട്ടാണ് ഞാന്‍ കാണുന്നത്. ഈ പോരാട്ടത്തിന്റെ കഷ്ടപ്പാടുകളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ട് ഞാനതിനെ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണ്. സത്യാഗ്രഹം തുടരാനാണ് ആഗ്രഹം... എന്റെ മുഴുവന്‍ കരുത്തും ഇതിനു നല്‍കുക... എന്റെ ജീവിതത്തുടിപ്പാണ്... അതെന്നെ പോരാട്ടത്തിന്റെ പാതയില്‍ മുന്നോട്ടു കൊണ്ടുപോകുകയാണ്. ചിലപ്പോള്‍ ഞാന്‍ ഏകയാണെന്നു തോന്നും... എന്നാല്‍ ആരും എന്റെകൂടെയില്ലെന്നുള്ളത് ഞാന്‍ കാര്യമായി എടുക്കുന്നില്ല. ഈ ലോകത്തേക്കു ഞാന്‍ തനിയേയാണ് വന്നത്. പോകുന്നതും തനിച്ചാണെന്നറിയാം. ജനനംപോലെ മരിക്കുന്നതും തനിച്ചായിരിക്കും... നമ്മുടെ ഉത്തരവാദിത്വങ്ങള്‍ എന്താണ്... നമ്മള്‍ എന്തു കാരണത്താല്‍ ഈ മണ്ണില്‍ നില്‍ക്കുന്നു... ഒരു വ്യക്തിയെന്ന നിലയില്‍ നമ്മളിവിടെ എന്താണു ചെയ്യുന്നത്... അത്തരം ചിന്തകളാണ് ഇപ്പോഴത്തെ സാഹചര്യങ്ങളിലേക്ക് എന്നെ രൂപപ്പെടുത്തിയെടുത്തത്. എല്ലാ വ്യക്തിയിലും ദൈവികാംശം കുടികൊള്ളുന്നതുകൊണ്ടാണ് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നതെന്ന് വിശ്വസിക്കുന്നു... എന്റെ പ്രവൃത്തികളിലൂടെ എന്തെങ്കിലും എനിക്കു ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന തോന്നല്‍ അഭിമാനുണ്ടാക്കുന്നതാണ്... അതിനുള്ള മാര്‍ഗം തിരഞ്ഞെടുത്തത് എന്റെമാത്രം ആഗ്രഹമല്ലായിരുന്നു. അതെന്റെ ജനങ്ങള്‍ക്കു വേണ്ടിയുള്ള തീരുമാനമായിരുന്നു. ഈ നിരാഹാരസമരം തുടങ്ങുന്നതിനു മുമ്പുതന്നെ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി ഉപവാസശീലം എനിക്കുണ്ടായിരുന്നു. അത് എന്റെ ആന്തരാവയവങ്ങളെ മാത്രമല്ല, മനസ്സിനെയും ശുദ്ധമാക്കുന്ന ഒന്നാണെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു. നമ്മുടെ ഇന്ദ്രിയസുഖത്തിനായി രാവിലെയും ഉച്ചയ്ക്കും രാത്രിയുമൊക്കെ നാം ഭക്ഷണം കഴിക്കുന്നു. ഞാന്‍ വ്യാഴാഴ്ചകളില്‍ ഉപവാസമനുഷ്ഠിച്ചിരുന്നപ്പോള്‍ ദഹിക്കാത്തവയെല്ലാം ശുദ്ധീകരിക്കപ്പെടുമായിരുന്നു. ഭക്ഷണക്കാര്യത്തില്‍ സ്വതന്ത്രനിലപാടെടുക്കാന്‍ എനിക്കിതു പ്രേരകമായി. ആഹാരം കിട്ടാത്തവന്റെ വിശപ്പിനെപ്പറ്റിയും മനസ്സിലാക്കാന്‍ ഇടവരുത്തി. സ്വന്തം കൈകൊണ്ടുതന്നെ തിന്നുകയും കുടിക്കുകയും ചെയ്യാനാണ് എനിക്കാഗ്രഹം. എന്നാല്‍, ഇന്ന് മൂക്കിലൂടെ കയറ്റിയ ട്യൂബിന്റെ സഹായത്തിലാണ് ഞാന്‍ നിലനില്‍ക്കുന്നത്. തുടര്‍ന്നും ജീവിക്കണമെന്നാഗ്രഹിക്കുകയാണെങ്കില്‍ കൈകൊണ്ടു സ്വയം കഴിക്കുന്നതും ട്യൂബുവഴി ഉള്ളിലേക്കു കടത്തിവിടുന്നതും തമ്മില്‍ വലിയ വ്യത്യാസം തോന്നുകയില്ല. ഇപ്പോഴത്തെ ഈ നിര്‍ണായകഘട്ടത്തില്‍ എന്റെ ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ല. ആഹാരം കഴിക്കലോ എന്റെ തൃപ്തിയോ അതൃപ്തിയോ എന്നതിനൊന്നും പ്രസക്തിയില്ല. ഇപ്പോള്‍ മുലകുടിക്കുന്ന കുഞ്ഞിനെപ്പോലെയാണ് ഞാന്‍ ... ആവശ്യമുള്ള സമയത്ത് എനിക്കിഷ്ടമായവ ഭക്ഷിക്കാനോ വേണ്ടെന്നു തോന്നുമ്പോള്‍ തടയാനോ സ്വാതന്ത്ര്യമില്ല. കാരണം ഞാന്‍ ഒരു തടവുകാരിയാണ്. അതുകൊണ്ട് മൂക്കിലൂടെ ഈ ട്യൂബിടുന്നതിനെ എതിര്‍ക്കാന്‍ എനിക്കു കഴിയില്ല. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ചിന്തിക്കുന്നില്ല. പല്ലുകള്‍ വൃത്തിയാക്കാന്‍ കുറച്ചു പഞ്ഞിക്കക്ഷണം മാത്രം. ഇത്തരം സാഹചര്യങ്ങളൊന്നും എന്നെ തളര്‍ത്തുകയല്ല, മറിച്ച് ഞാന്‍ ചെയ്യുന്ന പ്രവൃത്തിയില്‍ എനിക്ക് കൂടുതല്‍, ആത്മവിശ്വാസമുണ്ടാക്കുകയാണ് ചെയ്യുന്നത്. എന്റെ കണ്ണുകള്‍ കാണാന്‍ ആഗ്രഹിക്കുന്നവ എനിക്കു കാണാന്‍ കഴിയുന്നില്ല. ഒരു മനുഷ്യജീവിക്കു വേണ്ട എല്ലാ സുഖങ്ങളും ഞാനുപേക്ഷിച്ചിരിക്കുകയാണ്. അതെല്ലാം എന്റെ ലക്ഷ്യത്തെപ്പറ്റി ഓര്‍മിക്കുമ്പോള്‍ നിസ്സാരമായി മാറുന്നു.
മരണത്തെപ്പറ്റി ചിന്തിക്കാറുണ്ടോ?
ജീവിച്ചിരിക്കുന്നോ മരിക്കുമോ ഇതിനെക്കുറിച്ചൊന്നും ഞാന്‍ വേവലാതിപ്പെടാറില്ല. കാരണം, എല്ലാ മനുഷ്യര്‍ക്കും ഇതു രണ്ടുമുണ്ടല്ലോ. എന്റെ ആത്മാവിന്റെ കാവലാള്‍ ദൈവം മാത്രമാണ്നമ്മള്‍ ഇഷ്ടപ്പെടുന്നതുപോലെ ജീവിക്കാനോ മരിക്കാനോ നമുക്കാവില്ല. എല്ലാം ദൈവനിശ്ചയപ്രകാരം മാത്രം. മരണവും ജീവിതവും ആ കൈകളിലാണ്. അതുകൊണ്ട് മരിക്കുമോ എന്ന ഭയം എനിക്കൊരിക്കലും ഉണ്ടാകാറില്ല. ദൈവനിശ്ചയപ്രകാരം ഞാന്‍ നല്ലതു ചെയ്യുന്നു. എന്റെ ജനങ്ങള്‍ക്കുവേണ്ടി.
മനുഷ്യന്‍ എന്ന നിലയില്‍ നമുക്കെല്ലാം തെറ്റുകള്‍ പറ്റാറുണ്ട്. നമുക്കു ജന്മം നല്‍കിയ മാതാപിതാക്കള്‍ എങ്ങനെയുള്ളവരായിരിക്കണമെന്ന് നമുക്ക് നിര്‍വചിക്കാനാവില്ലെങ്കിലും അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. നല്ല സ്വഭാവഗുണങ്ങളുള്ളവരായിരുന്നു അവര്‍. അവര്‍ക്കു ശരിയെന്നു തോന്നിയിരുന്ന മാര്‍ഗത്തിലൂടെയാണ് അവരെന്നെ വളര്‍ത്തിയത്. ഞാന്‍ വളരുകയും പഠിക്കുകയും ചെയ്തപ്പോള്‍ തെറ്റും ശരിയും എനിക്കു വേര്‍തിരിച്ചു കാണാനായി. മാതാപിതാക്കളുടെ ചില പ്രവൃത്തികള്‍ തെറ്റാണെന്നു തോന്നിയാല്‍ ഞാന്‍ അതു തിരുത്താന്‍ ശ്രമിക്കാറുണ്ടായിരുന്നു. അതുപോലെ സ്വന്തം തെറ്റുകള്‍ തിരുത്താനും ശ്രമിച്ചിരുന്നു.
സ്‌നേഹം, സത്യം എന്നിവയെപ്പറ്റി?
സ്‌നേഹത്തിന്റെ മുഖമെന്താണെന്ന് നമുക്കറിയാം. അതെനിക്ക് ഹൃദയവും ജീവിതവുമാണ്. നിഷ്‌കളങ്കമാണ്. സൂക്ഷ്മതയും ലാളിത്യവും ആത്മാര്‍ത്ഥതയുമാണ് സത്യത്തിനുള്ളത്. ഞാന്‍ ദൈവവിശ്വാസമുള്ള ആളാണ്. എന്നാല്‍, ഞാന്‍ എനിക്കു വേണ്ടി ദൈവത്തോട് ഒന്നും അപേക്ഷിക്കാറില്ല, എന്റെ കണ്ണുകളെ തൃപ്തമാക്കുന്ന കാഴ്ചകള്‍ക്കോ എന്റെ ജീവിതത്തെ സന്തോഷകരമാക്കാനോ ഒന്നും.
ജീവിക്കാനുള്ള ആഗ്രഹത്തെപ്പറ്റി?
നമുക്കെല്ലാം കൂട്ടുകെട്ടുകളും പങ്കാളികളും വേണം. നമ്മള്‍ റോഡിലേക്കിറങ്ങുമ്പോള്‍ ആളുകള്‍ ചുറ്റും കൂടുക, സംസാരിക്കുക. ഇതെല്ലാം എനിക്കും ഇഷ്ടമുള്ള കാര്യമാണ്. മനസ്സുതുറന്നുചിരിക്കാന്‍ കഴിയുക, കൂട്ടുകാരുമായി ആലോചിച്ച് തീരുമാനങ്ങളിലെത്തുക. ഇതെല്ലാം മനസ്സിനു കരുത്തുകിട്ടുന്ന സന്ദര്‍ഭങ്ങളാണ്. മനുഷ്യരെന്ന നിലയ്ക്ക് നമുക്കിതെല്ലാം ആവശ്യമാണ്, അതില്‍നിന്നു വ്യത്യസ്തയല്ല ഞാനും. എന്നാല്‍ ക്രൂരമായ സംഭവങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ ചില ദൃഢനിശ്ചയങ്ങളിലേക്ക് എത്തിച്ചേരാനാണ് തോന്നുക. എന്നാല്‍ അത്തരം സൗകര്യങ്ങളെല്ലാം നഷ്ടപ്പെടുത്തുന്ന ഏകാന്തതയിലാണ് ഇപ്പോള്‍ എന്റെ ജീവിതം. ദൈവം എന്നില്‍ അര്‍പ്പിച്ചിരിക്കുന്ന കര്‍മം ഇതുവരെ പൂര്‍ത്തിയായിട്ടില്ലാത്തതുകൊണ്ട് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു. അതു പൂര്‍ത്തിയാകുന്നതുവരെ എനിക്കു ജീവിച്ചിരുന്നേപറ്റൂ. അതിനുള്ള ശക്തിയും ധൈര്യവും ദൈവം എനിക്കു തരുന്നുണ്ട്. അതുകൊണ്ട് ഞാന്‍ ചെയ്യുന്ന പ്രവൃത്തി ഒരിക്കലും പീഡനമായി അനുഭവപ്പെട്ടിട്ടില്ല. എന്നാല്‍, മറ്റുള്ളവരെപ്പോലെ ഈ ലോകത്തു ജീവിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. ഞാനും ഒരു മനുഷ്യജീവിയാണ്, സന്തോഷം നിറഞ്ഞ ഒരു ലോകത്ത് എനിക്കും ജീവിക്കണം.
(ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന് ഫിലിംമേക്കറായ പങ്കജ് ബൂട്ടാലിയ ജെ.എന്‍. ഹോസ്പിറ്റലിലെ സെക്യൂരിറ്റി വാര്‍ഡില്‍ കഴിയുന്ന ശര്‍മ്മിളയുമായി 2004 ഡിസംബറില്‍ നടത്തിയ സംഭാഷണത്തിന്റെ പ്രധാന ഭാഗങ്ങളാണിവ. ശര്‍മ്മിളയുടെ ആദ്യകവിതാസമാഹാരമായ 'ഫ്രാഗ്രന്‍സ് ഓഫ് പീസ്' എന്ന പുസ്തകത്തില്‍ ഇതുള്‍പ്പെടുത്തിയിട്ടുണ്ട്)
മൊഴിമാറ്റം : ബി.ശ്രീരാജ്
(ഇറോം ശര്‍മിള: പതിറ്റാണ്ട് നീണ്ട പോരാട്ടം എന്ന പുസ്തകത്തില്‍ നിന്ന്)
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment