എണ്‍പത്തെട്ടാം വയസ്സില്‍ ജീവിതപുസ്തകത്തിന്റെ ഏടുകള്‍ മറിച്ചുനോക്കുമ്പോള്‍ ജി. കേശവപ്പിള്ള എന്ന ജി.കെ. പിള്ള ലാഭനഷ്ടങ്ങളുടെ വിലയിരുത്തലിന് തയ്യാറല്ല. സിനിമയെക്കാള്‍ ഒരുപക്ഷേ കൂടുതല്‍ സ്‌നേഹിച്ച, രാഷ്ട്രീയം നല്‍കിയ അവഗണന ഈ നടനെ മുള്ളുകൊണ്ടെന്നപോലെ കുത്തിനോവിക്കുന്നുണ്ട്. പതിനാറാംവയസ്സില്‍ ഒളിച്ചോടി പട്ടാളത്തില്‍ ചേരുകയും പിന്നീട് സിനിമാനടനാവുകയുംചെയ്ത ജി.കെ. പിള്ളയെ വളര്‍ത്തിയതും ജീവിപ്പിച്ചതും ചില തിരിച്ചറിവുകളും ചങ്കുറപ്പുമാണ്. എപ്പോഴുമുള്ള തുറന്നുപറച്ചിലുകള്‍, ഒരു പട്ടാളക്കാരന്റെ ചിട്ടകള്‍ എല്ലാം പിള്ളയ്‌ക്കൊരു പേരുണ്ടാക്കിക്കൊടുത്തു-'അഹങ്കാരി'. അങ്ങനെ സിനിമയിലും രാഷ്ട്രീയത്തിലും ശത്രുനിര കൂടി.
'എന്റെ ശബ്ദമാണ് എന്റെ ദൈവം' എന്ന് ഗാംഭീര്യമുള്ള ശബ്ദത്തിനുടമയായ പിള്ള വിശ്വസിക്കുന്നു. ഈ ശബ്ദം മുഴങ്ങിയ സിനിമകളുടെ എണ്ണം 327. പിന്നെ സീരിയലുകള്‍. 1954 ഡിസംബര്‍ 25ന് 'സ്‌നേഹസീമ'യിലെ നായിക പത്മിനിയുടെ അപ്പന്‍ 'പൂപ്പള്ളി തോമസ്' എന്ന കഥാപാത്രത്തിന് ആദ്യമായി ചമയമിട്ട ഈ നടന്റെ ജീവിതം വായിച്ചാല്‍ അത് സിനിമയുടെ കഥയാണ്, സിനിമ പോലൊരു കഥയാണ്.
ഒളിച്ചോട്ടം, പട്ടാളക്കാരന്‍-അക്കഥ എന്തായിരുന്നു?
രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോള്‍ എനിക്ക് 14 വയസ്സ്. സ്വാതന്ത്ര്യസമര പ്രവര്‍ത്തകര്‍ക്കൊപ്പം ഞാനും പാട്ടുപാടാനൊക്കെ കൂടി. അങ്ങനെയാണ് രാഷ്ട്രീയം ഉള്ളില്‍ കയറുന്നത്. വീട്ടില്‍ അതൊക്കെ പ്രശ്‌നമായി. 16-ാം വയസ്സില്‍ ചിറയിന്‍കീഴിലെ വീട്ടില്‍നിന്ന് ആരുമറിയാതെ നാടുവിട്ടു. കൈയിലൊന്നുമില്ല. തിരുവനന്തപുരത്ത് എസ്.എം.വി. സ്‌കൂളിലെ ആള്‍ക്കൂട്ടത്തിനടുത്തെത്തുമ്പോള്‍ വിശന്നിട്ട് നേരേനില്‍ക്കാനാവുമായിരുന്നില്ല. അവിടെ പട്ടാളത്തില്‍ ആളെ എടുക്കുകയായിരുന്നു. ഇടിച്ചുകയറിച്ചെന്നപ്പോള്‍ തടിയില്ലാത്തതിനാല്‍ മാറ്റിനിര്‍ത്തി. പട്ടാളത്തില്‍ ചേരാന്‍വന്നൊരാള്‍ പുറത്തിറക്കി പഴം വാങ്ങിത്തന്നു, പൈപ്പുവെള്ളം കുടിച്ചു. വയര്‍ വീര്‍ത്തു. തൂക്കംകൂടി. അങ്ങനെ പട്ടാളക്കാരനായി.
ആറുമാസം കഴിഞ്ഞ് അമ്മയ്‌ക്കൊരു കത്തെഴുതി: ''ഞാനിന്നൊരു പട്ടാളക്കാരനാണ്. ശമ്പളം 10 രൂപ. ഒമ്പതുരൂപ കൈയില്‍ കിട്ടി. ഏഴുരൂപ മണിയോര്‍ഡര്‍ അയയ്ക്കുന്നു. അടുത്തമാസവും അയയ്ക്കാം.'' അമ്മ പൊട്ടിക്കരഞ്ഞു. ഞാന്‍ മരിച്ചെന്നുകരുതിയതാണ് വീട്ടുകാര്‍.
13 വര്‍ഷം പട്ടാളത്തില്‍. കൊല്‍ക്കത്തയിലും ബിഹാറിലും കശ്മീരിലും തമിഴ്‌നാട്ടിലുമായി ജീവിതം. ഹവില്‍ദാരായി. വെടിവെപ്പിലും ഫൈറ്റിങ്ങിലും മുന്‍നിരയിലായി. കാലാവധി തീരുംമുമ്പേ പിരിഞ്ഞു.
പ്രായമിത്രയായി. ആരോഗ്യപ്രശ്‌നങ്ങളില്ലേ?
ഒരസുഖവും ഇല്ല. പട്ടാളച്ചിട്ട ഇക്കാര്യത്തില്‍ സഹായിച്ചു. വീട്ടിലുള്ളപ്പോള്‍ രാവിലെ ഏഴിനുമുമ്പ് എഴുന്നേല്‍ക്കും. പല്ലുതേപ്പും ചായകുടിയും കഴിഞ്ഞ് പറമ്പിലിറങ്ങും. തെങ്ങിന് തടമെടുപ്പ് തുടങ്ങിയവ രണ്ടുമണിക്കൂറോളം. ഒമ്പതിന് ചൂടുവെള്ളത്തില്‍ കുളി. ഭക്ഷണശേഷം വായന, എഴുത്ത്. വൈകുന്നേരം അഞ്ചിന് വീണ്ടും പറമ്പിലേക്ക്. ആറിന് മടക്കം, കുളി. രാവിലെയും വൈകിട്ടും വീട്ടുമുറ്റത്തെ ദുര്‍ഗാക്ഷേത്രത്തില്‍ ചെറിയ പൂജ. ഭക്ഷണമൊക്കെ കുറച്ചുമാത്രം. ഓട്ടമോ നടത്തമോ ഇല്ല.
'സ്‌നേഹസീമ'യ്ക്കുശേഷം സിനിമയിലെ വളര്‍ച്ച?
പട്ടാളത്തിലെ പണികളഞ്ഞത് വീട്ടിലാര്‍ക്കും ഇഷ്ടമായില്ല. സിനിമക്കാരികളുമായി ആടാനും പാടാനുമാണ് പണി കളഞ്ഞതെന്നായിരുന്നു കുറ്റപ്പെടുത്തല്‍. അഭിനയമോഹമുണ്ടായി എന്നത് നേര്. പത്രപ്പരസ്യംകണ്ട് അഭിനയിക്കാന്‍ പലയിടത്തും അപേക്ഷിച്ചു. ഒടുവില്‍ തോപ്പുംപടിയിലുള്ള ഒരുസംഘം 300 രൂപ ചോദിച്ചു. സിംഗപ്പുരിലെ ചേട്ടന്‍ തന്ന പണം അവര്‍ അടിച്ചുമാറ്റിയതുമാത്രം മിച്ചം. സിനിമാകമ്പനിക്കാര്‍ മുങ്ങി.
പിന്നീട് എം.എ. റഷീദ് എന്ന കൂട്ടുകാരന്‍ വഴി, മദ്രാസിലെ എ.കെ. ഗോപാലന്‍ എന്ന റെയില്‍വേ കോണ്‍ട്രാക്ടറിലൂടെ ടി.ഇ. വാസുദേവനിലൂടെ, വാഹിനി സ്റ്റുഡിയോയില്‍ വെച്ച് 'സ്‌നേഹസീമ'യില്‍ ഞാന്‍ നടനായി. പ്രതിഫലം 327 രൂപ.
'നായരുപിടിച്ച പുലിവാല്‍' വരെ അപ്പൂപ്പന്‍ വേഷങ്ങള്‍. 'കൂടപ്പിറപ്പി'ല്‍ സമയം മാറി. മികച്ച സഹനടനുള്ള മദ്രാസ് ഫാന്‍സ് അസോസിയേഷന്റെ അവാര്‍ഡും കിട്ടി.
പ്രേംനസീറിന്റെ നാട്ടില്‍ ജനിച്ച്, നസീറടക്കമുള്ള ആദ്യകാല നടീനടന്മാര്‍ക്കൊപ്പം അഭിനയിച്ചയാള്‍. ഏറ്റവും സീനിയര്‍ നടന്‍. അനുഭവങ്ങള്‍ ഒരുപാടുണ്ടാകും?
നസീര്‍ സുഹൃത്തായിരുന്നു. ഒരുപാടു പടങ്ങളില്‍ ഒന്നിച്ചു. പ്രത്യേകിച്ച്, വടക്കന്‍പാട്ട് സിനിമകളില്‍. സിനിമയില്‍ എനിക്ക് ആത്മാര്‍ഥ സുഹൃത്തുക്കള്‍ ആരുമില്ലായിരുന്നു. അടുപ്പം എസ്.പി. പിള്ള, മുതുകുളം അങ്ങനെ ചിലരുമായിട്ടുണ്ടായി. പൊക്കം കൂടിയതിനാല്‍ മെരിലാന്‍ഡില്‍നിന്ന് ചാന്‍സ് കിട്ടാതെ മടങ്ങിയയാളാണ് ഞാന്‍. അവിടെ പിന്നെത്ര സിനിമകളില്‍ ഞാന്‍ വന്നു.
രണ്ട് വാള്‍കൊണ്ട് ഒരേസമയം ഫൈറ്റ് ചെയ്തു. രണ്ട് ഉറുമി ഒരേസമയം ഉപയോഗിച്ചു. മുറിവുകള്‍ പലത്. കുതിരസവാരിക്കു മാത്രമായിരുന്നു പിന്നില്‍. അടുത്തിടെ 'കാര്യസ്ഥനി'ലായിരുന്നു ഒരു മുഴുനീള പ്രധാനവേഷം.
58 കൊല്ലം സിനിമ. 59 കൊല്ലമായി കറപുരളാത്ത കോണ്‍ഗ്രസ്സുകാരന്‍. രാഷ്ട്രീയംനല്‍കിയ പാഠം?
59 കൊല്ലം കോണ്‍ഗ്രസ്സിനുവേണ്ടി പ്രസംഗിച്ചു-മലപ്പുറം മണ്ഡലത്തിലൊഴികെ. എല്ലാ തിരഞ്ഞെടുപ്പുകാലത്തും കോണ്‍ഗ്രസ്സുകാര്‍ക്ക് എന്നെ വേണമായിരുന്നു-വേദികള്‍തോറും എതിരാളിക്കെതിരെ വാക്കുകളെ വാളാക്കാന്‍. കെ. കരുണാകരനുള്‍പ്പെടെയുള്ളവര്‍ക്കായി ഞാന്‍ പ്രസംഗിച്ചു. അനുഭാവം കാട്ടിയ കെ.പി.സി.സി. പ്രസിഡന്റുമാര്‍ വയലാര്‍ രവിയും സി.വി. പത്മരാജനും ചെന്നിത്തലയും മാത്രം. ഓരോതവണ കോണ്‍ഗ്രസ് ഭരണം വരുമ്പോഴും ഓരോ സ്ഥാനം വെച്ചുനീട്ടും. പിന്നീടത് മറ്റാര്‍ക്കെങ്കിലും കൊടുത്ത് പരിഹസിക്കും. ഇത്തവണ ചെന്നിത്തല എനിക്കുറപ്പിച്ച പദവി ഒരു മന്ത്രി തന്നില്ല. സ്ഥാനമാനങ്ങള്‍ കിട്ടാത്തതിലല്ല ദുഃഖം. അവഗണനയിലാണ് സങ്കടം. വിമോചനസമരകാലത്ത് മന്നത്ത് പത്മനാഭന്‍ എന്നെ അഭിനന്ദിച്ചു, മാലയിട്ടു. എനിക്ക് അതൊക്കെ മതി.
പാര്‍ട്ടിയിലെന്നപോലെ സിനിമയിലും ഇതുപോലൊരു ഗ്യാങ് എനിക്കെതിരെയുണ്ട്. അവരുടെ കളി തുടരട്ടെ.
15 വര്‍ഷം എക്‌സ്‌സര്‍വീസ്‌മെന്‍ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഇതുമായി ബന്ധപ്പെട്ട കോര്‍പ്പറേഷന്‍ ഉണ്ടാക്കുമെന്ന വാക്ക് ഒരു സര്‍ക്കാറും പാലിച്ചില്ല.
പട്ടാളക്വാട്ട ഉണ്ടെങ്കിലും ഞാന്‍ മദ്യപിക്കില്ല. മറ്റു ലഹരിവസ്തുക്കളൊന്നും ഉപയോഗിക്കില്ല. ഭക്ഷണത്തിന് മീനും ചിക്കനും ഇഷ്ടം. ഇങ്ങനെയൊക്കെയാണ് ജി.കെ. പിള്ള.
ഇളയമകന്‍ പ്രിയദര്‍ശന്‍ ചില സിനിമകളിലൊക്കെ വന്നെങ്കിലും പിന്നീട് ആ വഴിവിട്ട് ബിസിനസ് രംഗത്തായി. കെ. പ്രതാപചന്ദ്രന്‍ (ലണ്ടന്‍), ശ്രീകല ആര്‍. നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി. പിള്ള, ചന്ദ്രമോഹനന്‍ എന്നീ മക്കളും സിനിമാവഴി തേടിയില്ല. പക്ഷേ, പ്രതാപചന്ദ്രന്റെ മകള്‍ റീമാ മാത്യു ബ്രിട്ടീഷ് ഇന്ത്യന്‍ അസോസിയേഷന്റെ മത്സരത്തില്‍ മലയാളി സുന്ദരിയായി.
ഇടവ, വലിയമാന്തറവിള വീട്ടില്‍ മകനൊപ്പമാണ് ജി.കെ. പിള്ളയുടെ താമസം. ഭാര്യ ഉല്പലാക്ഷിയമ്മ ഒരുവര്‍ഷംമുമ്പ് മരിച്ചു.
Mathrubhumi
Nandakumar
No comments:
Post a Comment