സുഹുര്തുക്കളെ, ഇന്നത്തെ മാതൃഭൂമിയില്‍ കണ്ട ഒരു ലേഖനം എന്നെ ആകര്‍ഷിച്ചു....ശ്രി.മുരളി തുമ്മരുകുടി എഴുതിയ "" വിമാനയാത്രക്കാരുടെ അവകാശങ്ങളും ഉത്തരവാദിത്വവും"... വിമാനയാത്രക്കാരുടെ അവകാശങ്ങളും ഉത്തരവാദിത്വവും മുരളി തുമ്മാരുകുടി ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനയാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പലപ്പോഴും വാര്‍ത്തയാവാറുണ്ട്. കഴിഞ്ഞ ദിവസം ഇത് ഏറെ വഷളായി വിമാനറാഞ്ചല്‍ വിവാദം വരെയായി. ഈ കേസില്‍ ഉള്‍പ്പെട്ടവര്‍ എല്ലാം (യാത്രക്കാരും വിമാന ജോലിക്കാരും ഉള്‍പ്പെടെ) കുഴപ്പക്കാരോ കുഴപ്പം ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് വിമാനത്തില്‍ കയറിയവരോ അല്ല. അതുകൊണ്ടുതന്നെ ഇതുപോലെ ഒരു കേസുണ്ടായതും അതിന്റെ പുറകേ നടക്കേണ്ടിവരുന്നതും ഏറെ നിര്‍ഭാഗ്യകരമാണ്. വിമാനയാത്രക്കാരുടെ അവകാശങ്ങളേയും ഉത്തരവാദിത്തങ്ങളേയും സംബന്ധിച്ച് യാത്രക്കാരും വിമാനക്കമ്പനികളും തമ്മില്‍ ഒരു ധാരണയിലെത്താന്‍ ഈ സംഭവം ഉപകരിച്ചാല്‍ അതൊരു വഴിത്തിരിവായിരിക്കും. പകരം യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ എയര്‍ലൈനും എയര്‍ലൈനെ ബഹിഷ്‌കരിക്കാന്‍ യാത്രക്കാരും ശ്രമിച്ചാല്‍ അതൊരു ട്രാജഡിയും ആകും. മാസത്തില്‍ എല്ലാ ആഴ്ചയും തന്നെ ചെറുതും വലുതുമായ വിമാനയാത്രകള്‍ നടത്തുകയും ലോകത്ത് എല്ലായിടത്തേക്കും തന്നെ യാത്ര ചെയ്യുകയും ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക് യാത്രക്കിടയില്‍ ഉണ്ടാകുന്ന അസൗകര്യങ്ങള്‍ (വിമാനം വൈകുക, കാന്‍സല്‍ ആവുക, കണക്ഷന്‍ ഫ്ലൈറ്റ് നഷ്ടപ്പെടുക, ലഗേജ് കിട്ടാതിരിക്കുക, ഓവര്‍ ബുക്കിംഗ് ഉണ്ടാവുക) എനിക്ക് സുപരിചിതം ആണ്. ഇങ്ങനെയുള്ള പ്രശ്‌നങ്ങളെ ലോകത്തിലെ പല എയര്‍ലൈനും പലതരത്തില്‍ ആണ് സമീപിക്കുന്നത്. നല്ല ചില ഉദാഹരണങ്ങളില്‍ നിന്നും തുടങ്ങാം. ന്യൂയോര്‍ക്കില്‍ നിന്നും പാരീസിലേക്കുള്ള വിമാനം കയറാന്‍ ബോര്‍ഡിംഗ് പാസുമെടുത്ത് ബോര്‍ഡിംഗ് ഗേറ്റില്‍ ഇരിക്കുകയാണ് ഞങ്ങള്‍. ബോര്‍ഡിംഗ് തുടങ്ങുന്നതിന് പത്തുമിനിട്ട് മുമ്പ് എയര്‍ലൈന്‍ സ്റ്റാഫിന്റെ അനൗണ്‍സ്‌മെന്റ്. ''ലേഡീസ് ആന്റ് ജെന്റില്‍മെന്‍, പാരീസിലേക്കുള്ള ഈ വിമാനം ഓവര്‍ബുക്ക്ഡ് ആണ് (സീറ്റുകളില്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടെന്നു സാരം). അതുകൊണ്ട് കുറച്ചു യാത്രക്കാര്‍ അടുത്ത ഫ്ലൈറ്റിന് പോകേണ്ടിവരും. അങ്ങനെ മാറിനില്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഞങ്ങള്‍ ഇരുനൂറ്റിഅമ്പത് ഡോളര്‍ തരാം. അടുത്ത ഫ്ലൈറ്റിനുള്ള സീറ്റും അതുവരെ ഹോട്ടലില്‍ മുറിയും'' ഒന്നാം ഭാഗം കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് അല്പം ഇറിറ്റേഷന്‍ ആയി. പക്ഷേ രാത്രി ഫ്രീ ഹോട്ടലും പിന്നെ ഇരുനൂറ്റമ്പത് ഡോളറും എന്നുകേട്ട വഴി ചിലരെങ്കിലും അത് സമ്മതിച്ച് ബോര്‍ഡിംഗ് പാസ് കൊടുത്ത് കാശും വാങ്ങി തിരിച്ചുപോയി. ഓവര്‍ ബുക്ക്ഡ് ആയാല്‍ കാശുകൊടുത്തു ബോര്‍ഡിംഗ് പാസ് തിരിച്ചുവാങ്ങുന്ന പദ്ധതി ലോകത്ത് പലയിടത്തുംഉണ്ട്. പക്ഷേ അമേരിക്കയില്‍ ഇതൊരു പടികൂടി കടന്ന് ഒരു തരം ലേലം വിളി പോലെ ആണ്. അതായത് 250 ഡോളര്‍ എന്നു പറഞ്ഞിട്ടും ആവശ്യത്തിന് ആളുകള്‍ ബോര്‍ഡിംഗ് പാസ് തിരിച്ച് ഏല്പിച്ചില്ലെങ്കില്‍ എയര്‍ലൈന്‍ നഷ്ടപരിഹാരം കൂട്ടും, അങ്ങനെ അഞ്ഞൂറോ, ആയിരമോ ഒക്കെയാകാം. പക്ഷേ ആയിരമാകുമെന്നു നോക്കിയിരുന്നാല്‍ അഞ്ഞൂറും മേടിച്ച് അടുത്തിരിക്കുന്ന ആളുപോകും. വളരെ രസകരമാണീ പദ്ധതി. ലേലം വിളിച്ചാണെങ്കിലും ഫിക്‌സഡ് റേറ്റ് വച്ചാണെങ്കിലും ഈ പദ്ധതിയുടെ പ്രധാനഗുണം യാത്രക്കാര്‍ സ്വയമാണ് ഇത് തിരഞ്ഞെടുക്കുന്നത് എന്നതാണ്. ഇതിനുപകരം ആദ്യം വരുന്ന ആളുകള്‍ക്ക് ബോര്‍ഡിംഗിന് അവസരം നല്‍കുകയും പിന്നെ വരുന്നവര്‍ക്ക് അവരുടെ സമ്മതമില്ലാതെ അവസരം നിഷേധിക്കുകയും ചെയ്യുമ്പോഴാണ് ബഹളം ഉണ്ടാകുന്നത്. അപ്പോള്‍ അതിന് നഷ്ടപരിഹാരം കൊടുക്കാം എന്നുപറഞ്ഞാല്‍പോലും യാത്രക്കാര്‍ക്ക് ഇഷ്ടപ്പെടുകയില്ല. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഞാന്‍ നൈജീരിയയിലെ പോര്‍ട്ട് ഹാര്‍കോര്‍ട്ടില്‍ നിന്നും ജനീവയിലേക്ക് വരികയാണ്. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടു വഴിയാണ് യാത്ര. ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറങ്ങി ഒരു മണിക്കൂറിനകം അടുത്ത വിമാനം പിടിച്ച് അന്‍പതുമിനിട്ടിനകം ജനീവയില്‍ എത്താം. എത്തുന്നതിന്റെ പിറ്റേദിവസം എനിക്ക് നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളതും ആണ്. ഫ്രാങ്ക്ഫര്‍ട്ടില്‍ വിമാനമിറങ്ങുന്നതുവരെ എല്ലാം നോര്‍മല്‍ ആയിരുന്നു. പക്ഷേ വിമാനത്തില്‍ നിന്നും പുറത്ത് ടെര്‍മിനലിലേക്കിറങ്ങിയ ഞങ്ങള്‍ കണ്ടത് അഭൂതപൂര്‍വ്വമായ തിരക്കാണ്. യൂറോപ്പിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളത്തില്‍ ഒന്നാണെങ്കിലും ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് സാധാരണ ജര്‍മന്‍ കാര്യക്ഷമതയുടെ ഉത്തമഉദാഹരണമാണ്. വിമാനത്താവളത്തില്‍ ഞങ്ങളെ കാത്ത് എയര്‍പോര്‍ട്ട് സ്റ്റാഫും എയര്‍ലൈന്‍ സ്റ്റാഫും ഉണ്ട്. ആദ്യമായി കിട്ടുന്നത് എയര്‍പോര്‍ട്ട് അധികൃതരുടെ ക്ഷമാപണമാണ്. കടുത്ത മഞ്ഞുവീഴ്ചകാരണം ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വിമാനങ്ങള്‍ ടേക് ഓഫ് ചെയ്യില്ല. പിന്നെ കിട്ടുന്നത് ''വിമായാത്രക്കാരുടെ അവകാശങ്ങളും എവിടെ പരാതിപ്പെടാം'' എന്നുള്ള ലഘുലേഘയാണ് (ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു) വിമാനത്താവളത്തില്‍ നിറയെ ആയിരക്കണക്കിന് ഫോള്‍ഡിംഗ് ബെഡും പുതപ്പുകളും നിരത്തിയിട്ടിരിക്കയാണ്. പച്ചവെള്ളവും ചായ, കാപ്പി എന്നിവയും ഫ്രീ ആയി എടുക്കാന്‍ പാകത്തിന് വച്ചിരിക്കുന്നു. ഇത്രയൊക്കെ അവര്‍ ചെയ്തുതന്നിട്ടും എനിക്ക് സങ്കടവും ദേഷ്യവും വന്നു. കാരണം നാട്ടില്‍ കുടുംബത്തെ കാണാനുള്ള ചാന്‍സ് നഷ്ടപ്പെടുമോ എന്ന പേടി. അന്നുതന്നെ എങ്ങനെയെങ്കിലും ജനീവയില്‍ എത്തിയില്ലെങ്കില്‍ പിറ്റേന്ന് ഫ്ലൈറ്റ് മിസ് ആകും, സീസണ്‍ ആയതിനാല്‍ പിന്നെ ടിക്കറ്റ് കിട്ടുമെന്ന് ഉറപ്പിക്കാനും വയ്യ. വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ പറ്റാത്തത് എയര്‍ലൈന്‍ സ്റ്റാഫിന്റെ കുറ്റമല്ല എന്നെനിക്കറിയാം. എന്നാലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ദേഷ്യം വരിക എന്നത് മനുഷ്യസഹജമാണ്. ആരെയാണോ എയര്‍ലൈന്‍ പ്രതിനിധി ആയി മുന്നില്‍ കാണുന്നത് ദേഷ്യമെല്ലാം അവരോട് തീര്‍ക്കാന്‍ നോക്കും. എയര്‍ലൈനിലെ ജോലിക്കാര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ നേരിടണം എന്ന് പറഞ്ഞ് പരിശീലിപ്പിച്ചിട്ടുണ്ട്. ഇത് വളരെ പ്രധാനമാണ്. കാരണം വിമാനം പറന്നുയരാന്‍ പറ്റാത്തത് അവരുടെ കുറ്റമല്ല എന്ന് അവര്‍ക്കും അറിയാം. അപ്പോള്‍ ഒരു കുറ്റവും ചെയ്യാത്തവരോട് തട്ടിക്കയറുന്നവര്‍ക്ക് ഉരുളക്കുപ്പേരി പോലെ മറുപടി കൊടുക്കാനാണ് സാധാരണ മനുഷ്യരായ എയര്‍ലൈന്‍ സ്റ്റാഫിനും തോന്നുക. ഭാഗ്യത്തിന് ഇത്തരം സന്ദര്‍ഭങ്ങളില്‍ കണ്‍ട്രോള്‍ പോയാല്‍ എന്തുപറ്റണമെന്ന് എനിക്കും കണ്‍ട്രോള്‍ പോകുന്ന ആളുകളെ എങ്ങനെ ഡീല്‍ ചെയ്യണമെന്ന് അവര്‍ക്കും അറിയാം. അമേരിക്കയില്‍ ഓരോ എയര്‍ലൈന്‍ സ്റ്റാഫിന്റെ പുറകിലും ഒരു ബോര്‍ഡുണ്ട്. ''ഞങ്ങളുടെ സ്റ്റാഫിനോട് തട്ടിക്കയറരുത്, അത്തരം പെരുമാറ്റത്തെ ഞങ്ങള്‍ ശക്തമായി നേരിടും''. ്സ്റ്റാഫിനോടുകയര്‍ത്തു പെരുമാറിയാല്‍ അവര്‍ വളരെ ഭവ്യമായി നമ്മോടു പറയും. ''സര്‍ യൂ കാന്‍ സീ മൈ സൂപ്പര്‍വൈസര്‍'' എന്നിട്ടും തട്ടിക്കയറിയാല്‍ ഉടന്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റിയെ വിളിക്കും. ഒച്ച ഉണ്ടാക്കുന്നവരെ കമിഴ്ത്തികിടത്തി കയ്യുകള്‍ കൂട്ടിക്കെട്ടി കൊണ്ടുപോകുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. യൂറോപ്പില്‍ പ്രശ്‌നങ്ങള്‍ ഇത്രയും കര്‍ശനമാണോ എന്നെനിക്കറിയില്ല. പക്ഷേ കൃത്യമായ നിയമങ്ങള്‍ ഉള്ള രാജ്യങ്ങളില്‍ കര്‍ശനമായ നിയമപാലനവും ഉണ്ടാകുമെന്ന് എനിക്കറിയാം. അതുകൊണ്ടുതന്നെ ആരോടു വന്ന ദേഷ്യമാണെങ്കിലും സ്വയം അടക്കി സാഹചര്യത്തെ നേരിടുക എന്നതാണ് ബുദ്ധി. എന്റെ ഭാഗ്യത്തിന് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും സ്വിറ്റ്‌സര്‍ലണ്ടില്‍ പോകുന്ന ഒരു ട്രെയിന്‍ ഉണ്ടെന്നും വിമാനത്തിന്റെ ടിക്കറ്റ് കാണിച്ചാല്‍ തന്നെ അതില്‍ യാത്രചെയ്യാമെന്നും എയര്‍ലൈന്‍ അറിയിച്ചു. ഒരു മണിക്കൂര്‍ വിമാനയാത്രക്കു പകരം ഒമ്പതുമണിക്കൂര്‍ ട്രെയിന്‍ യാത്രചെയ്തിട്ടാണെങ്കിലും ഞാന്‍ ജനീവയില്‍ എത്തി. പിറ്റേന്ന് നാട്ടില്‍ എത്തുകയും ചെയ്തു. ബഹളമുണ്ടാക്കാന്‍ പോയിരുന്നെങ്കില്‍ തണുത്ത് ജയിലില്‍ കിടന്നേനെ. മുമ്പ് പറഞ്ഞതുപോലെ വിമാനയാത്രക്കിടയില്‍ ഉണ്ടാകുന്ന അസൗകര്യത്തിനുള്ള പരിഹാരമാര്‍ഗങ്ങള്‍ എല്ലാം യൂറോപ്പില്‍ നിയമം വഴി നടപ്പിലാക്കിയിട്ടുണ്ട്. ഓരോ ചെക്കിന്‍ കൗണ്ടറിന്റെ പുറകിലും അത് എഴുതിവച്ചിട്ടും ഉണ്ട്. ചില ഉദാഹരണങ്ങള്‍ താഴെ പറയുന്നു. 1. ടിക്കറ്റുള്ള വിമാനത്തില്‍ യാത്ര നിഷേധിച്ചാല്‍ ദൂരം അനുസരിച്ച് നൂറ്റി ഇരുപത്തഞ്ചു യൂറോ മുതല്‍ അറുനൂറു യൂറോ വരെ നഷ്ടപരിഹാരം. 2. വിമാനം വൈകിയാല്‍ ഭക്ഷണം, രാത്രിയാണെങ്കില്‍ താമസം, വീട്ടിലേക്ക് ഫോണ്‍ വിളിക്കാനുള്ള അവസരം/ പണം, യാത്ര വൈകിയതു കൊണ്ടുണ്ടാകുന്ന നഷ്ടത്തിന് 4800 യൂറോ വരെ നഷ്ടപരിഹാരം. 3. ലഗേജ് വൈകുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ആയിരത്തി ഇരുനൂറു യൂറോ വരെ നഷ്ടപരിഹാരം. ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും എയര്‍ലൈനിനു നല്‍കാവുന്ന നഷ്ടപരിഹാരത്തിന് ചില പരിമിതികള്‍ ഉണ്ട്. ഉദാഹരണത്തിന് മഞ്ഞുവീഴ്ച കാരണം യാത്രമുടങ്ങിയാല്‍ ബാക്കിയുള്ള യാത്രയുടെ കാശ് തിരിച്ചുകരണം എന്നല്ലാതെ മഞ്ഞുവീഴ്ച മാറുന്നതുവരെ ഹോട്ടലും ഭക്ഷണവും ഒന്നും തരാന്‍ അവര്‍ ബാധ്യസ്ഥരല്ല. അതുപോലെ തന്നെ നമ്മുടെ പെട്ടിയില്‍ വിലപിടിപ്പുള്ള എന്തെങ്കിലും വസ്തു ഉണ്ടായിരുന്നാലും എയര്‍ലൈന്‍ നമുക്ക് തരുന്ന നഷ്ടപരിഹാരത്തിന് പരിധിയുണ്ട്. കുടുംബമായും സ്‌കൂള്‍ ഗ്രൂപ്പായും ഒക്കെ അറിയാത്ത നാട്ുകളിലേക്ക് യാത്രചെയ്യുമ്പോള്‍ ഇങ്ങനെ പ്രതീക്ഷിക്കാതെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഏറെ അധികച്ചിലവിന് വഴിവെക്കും. ഇതിനെ പ്രതിരോധിക്കാനായി ഒരു ്പ്രത്യേക ഇന്‍ഷൂറന്‍സ് ലഭ്യമാണ്. യാത്രക്കിടയില്‍ ഉണ്ടാകുന്ന ഏതുതരം പ്രശ്‌നത്തിനും ചിലവാകുന്ന തുക അവര്‍ തിരിച്ചുതരും, പോരാത്തതിന് പ്രശ്‌നം ഏതുനാട്ടില്‍ ഉണ്ടായാലും അവിടെ നമ്മെ സഹായിക്കാന്‍ ആളുകളും ഉണ്ടാകും. പല ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും അവരുടെ സാധാരണ സേവനമായി ഈ കാര്യങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. പക്ഷേ നമ്മള്‍ അത് പലപ്പോഴും ശ്രദ്ധിച്ചെന്നു വരില്ല. (ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടുത്ത ടിക്കറ്റായിരിക്കണം എന്നു ചിലപ്പോള്‍ വ്യവസ്ഥ ഉണ്ടാവാറുണ്ട്.) ഇന്ത്യയിലെ വിമാനകമ്പനികളും ഇതില്‍ പലതും ചെയ്യുന്നുണ്ടാകാം. പക്ഷേ അവരുടെ ഉത്തരവാദിത്വം എന്താണെന്നോ യാത്രക്കാരുടെ അവകാശങ്ങള്‍ എന്താണെന്നോ ക്രോഡീകരിച്ച ഒരു രേഖ എല്ലാ യാത്രക്കാര്‍ക്കും ലഭ്യമായാല്‍ തന്നെ കുറെ കുഴപ്പങ്ങള്‍ ഒഴിവാകാം. ഇങ്ങനെ ഒന്നുണ്ടാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതാണ്. തിരുവനന്തപുരം സംഭവത്തിലെ ചില കാര്യങ്ങള്‍ പ്രത്യേകമായി വിലയിരുത്തേണ്ടതാണ്. ഒന്നാമതായി കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്ത ആളുകളെ വിമാനത്തില്‍ തന്നെ കൊച്ചിയില്‍ എത്തിക്കേണ്ടത് എയര്‍ലൈനിന്റെ ഉത്തരവാദിത്വം ആണ്. കൊച്ചിയില്‍ ഇറങ്ങാന്‍ പറ്റാത്തത് പൂര്‍ണമായും എയര്‍ലൈന്റെ ഉത്തരവാദിത്വം അല്ല. പക്ഷേ തിരുവനന്തപുരത്തെത്തിയ യാത്രക്കാരെ കൊച്ചിയില്‍ എപ്പോള്‍ വിമാനമിറങ്ങാന്‍ സൗകര്യമുണ്ടാകുമോ അപ്പോള്‍ എത്തിക്കാന്‍ എയര്‍ലൈന്‍ ബാധ്യസ്ഥരാണ്. തിരക്കുള്ളവര്‍ക്ക് ട്രെയിനിലോ ബസ്സിലോ പോകാനുള്ള അവസരമുണ്ടാക്കുന്നതില്‍ തെറ്റില്ല. പക്ഷേ അത് യാത്രക്കാരുടെ തീരുമാനം ആയിരിക്കണം എയര്‍ലൈന്റെ അല്ല. രണ്ടാമത്തെ കാര്യം അതേ വിമാനത്തില്‍ അതും അതേ പൈലറ്റ് തന്നെ എത്തിക്കണോ എന്ന തരത്തിലുള്ള യാത്രക്കാരുടെ നിര്‍ബന്ധമാണ്. ഇത് ഏറെ കുഴപ്പം പിടിച്ചതാണ്. യാത്രക്കാരുടെ അറിവില്ലായ്്്മ മൂലമാണിത് സംഭവിക്കുന്നത്. ഒരു പൈലറ്റിന് ദിവസത്തില്‍ എത്രസമയം വിമാനം പറത്താമെന്നും അതിനുശേഷം എത്ര സമയം വിശ്രമം വേണമെന്നും ഒക്കെ കര്‍ശനമായ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഉണ്ട്. അതു ലംഘിക്കാതിരിക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. അതു ലംഘിക്കപ്പെടുന്നുണ്ടോ എന്ന് കര്‍ശനമായി പരിശോധിക്കുകയും ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് സാധാരണഗതിയില്‍ ന്യായമെന്നു തോന്നുന്ന '' ഒരു അരമണിക്കൂര്‍ ഫ്ലൈറ്റിന്റെ കാര്യമല്ലേ ഉള്ളൂ'' എന്ന തരത്തിലുള്ള ലോജിക്ക് അവരുടെ അടുത്ത് നടക്കില്ല. അതു നടക്കാത്തതുകൊണ്ടാണ് ഭാഗ്യവശാല്‍ തീരെ കുറവായിരിക്കുന്നത്. പൈലറ്റിന്റെ യാത്രാ വിശ്രമ സമയത്തിന്റെ കൃത്യനിഷ്ഠ പോലെ പ്രധാനമാണ് ഏതുതരം വാഹനത്തിന്റെ ഡ്രൈവറുടെയും. പക്ഷേ അതു കൃത്യമായി നടപ്പിലാക്കാത്തതുകൊണ്ടാണ് കേരളത്തില്‍ വാഹന അപകടങ്ങള്‍ ഇത്രയ്ക്ക് കൂടുന്നത്. അപ്പോള്‍ പരിശീലനത്തിലും പ്രവര്‍ത്തനത്തിലും പൈലറ്റുകള്‍ക്കുള്ള കര്‍ശന ബുദ്ധി കണ്ടുപിടിക്കുകയാണ് നാം ചെയ്യേണ്ടത്. അല്ലാതെ ''നല്ല'' ടാക്്‌സിഡ്രൈവറെ പോലെ ഒന്നോ രണ്ടോ മണിക്കൂര്‍ കസ്റ്റമര്‍ക്ക് വേണ്ടി ''എക്‌സട്രാ ഓടാന്‍ പൈലറ്റിനെ നിര്‍ബന്ധിക്കുകയല്ല. മൂന്നാമത്തേത് കാര്യം നടക്കാന്‍ ഒച്ചവെക്കുന്ന നമ്മുടെ പൊതുസ്വഭാവവും ഒച്ചവെക്കുന്നവര്‍ക്ക്് കാര്യം നടത്തികൊടുക്കുന്ന നാട്ടുനടപ്പും ആണ്. വിമാനം പറത്താന്‍ വേണ്ടി മാത്രമല്ല ഒരു കാര്യത്തിനും ഒരാളോടും ഒച്ചവെക്കുന്നത് ശരിയായ നടപടി അല്ല. പക്ഷേ ഒച്ചവെക്കുന്നവര്‍ക്ക് മാത്രം കാര്യം നടത്തിക്കൊടുക്കുമ്പോള്‍ ഇതുപോലെയുള്ള തെറ്റായ പെരുമാറ്റങ്ങളെ നാം പ്രോത്സാഹിപ്പിക്കുകയാണ്. മുമ്പ് പറഞ്ഞതുപോലെ യാത്രക്കാരുടെ അവകാശങ്ങളെപ്പറ്റി ഒരു ലഘുലേഖ ഉണ്ടാക്കി എയര്‍ലൈന്‍ അതു കൃത്യമായി പാലിച്ചാല്‍ പിന്നെ ഒച്ചവെക്കേണ്ട ആവശ്യം വരുന്നില്ല. അഥവാ ഒച്ചവെക്കുന്നവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍മാര്‍ കര്‍ശനമായി കൈകാര്യം ചെയ്യുകയും വേണം. ഒരിക്കല്‍ ഒച്ചയുണ്ടാക്കുന്നവര്‍ക്ക് വേണ്ടി എക്‌സട്രാ സൗജന്യങ്ങള്‍ ചെയ്തു കൊടുത്താല്‍ അതു മറ്റുള്ളവര്‍ക്ക് തെറ്റായ സന്ദേശം ആണ് നല്‍കുന്നത്. ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനത്തില്‍ സ്ഥിരം യാത്ര ചെയ്യുന്ന ഒരാളെന്ന നിലക്ക് ചില കാര്യങ്ങള്‍ കൂടി പറയാതെ വയ്യ. ലോകത്തെ എനിക്കറിയാവുന്ന ഏത് റൂട്ടിലും വ്യത്യസ്ഥരാണ് ഇതിലെ ഭൂരിഭാഗം യാത്രക്കാരും. ഒന്നാമതമായി സ്വന്തം വീട്ടില്‍നിന്നും അകന്ന് ഒന്നോ അതില്‍ കൂടുതല്‍ വര്‍ഷമോ നിന്നിട്ടുവരുന്നവരാണ് ഇവരില്‍ പലരും. അപ്പോള്‍ നാട്ടില്‍ എത്താനുള്ള ആവേശം അല്്പം കൂടും. ഓരോ ആളെ സ്വീകരിക്കാനും പത്തും പതിനഞ്ചും പേര്‍ വിമാനത്താവളത്തില്‍ ഏതു പാതിരാത്രിയിലും എത്തിയിട്ടുണ്ടാകും. അപ്പോള്‍ വിമാനം വൈകുകയോ മറ്റൊരിടത്തേക്ക് തിരിച്ചുവിടുകയോ ചെയ്യുമ്പോള്‍ സ്വന്തക്കാരെ കാണാന്‍ വൈകുന്നതും വിമാനത്താവളത്തില്‍ വെയിറ്റു ചെയ്യുന്ന കുട്ടികളടക്കമുള്ളവരുടെ കാര്യം ഓര്‍ത്തും യാത്രക്കാര്‍ക്ക് ടെന്‍ഷന്‍ കൂടും. ഒന്നുരണ്ട് വര്‍ഷമായി ഒരു സ്മാള്‍ അടിക്കാന്‍ പറ്റാത്തവര്‍ വിമാനത്തില്‍ കിട്ടുന്ന മദ്യം ആവശ്യത്തിനും അനാവശ്യത്തിനും കഴിക്കുന്നതും പലപ്പോഴും പ്രശ്‌നത്തിന്റെ ആക്കം കൂട്ടും. പക്ഷേ ഇതിലെല്ലാം ഏറ്റവും പ്രധാനമായത് ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം എയര്‍ഇന്ത്യയുടെയോ ജെറ്റ് എയര്‍വെയ്‌സിന്റെയോ വിമാനം ജനാധിപത്യത്തിന്റെ ഒരു തുരുത്താണ് എന്നതാണ്. യാത്രക്കാര്‍ക്ക് അവകാശങ്ങള്‍ ഉണ്ടെന്നും അതിനുവേണ്ടി സംഘടിക്കാനും സമരം ചെയ്യാനും ശബ്ദമുയര്‍ത്താനും അവര്‍ക്ക് സ്വാതന്ത്യം തോന്നുന്നതും ഈ ജനാധിപത്യത്തിന്റെ തുരുത്തില്‍ എത്തുമ്പോഴാണ്. തിരുവനന്തപുരത്തെ വിമാനത്താവളത്തില്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരോടു പോലും വിമാനത്തിലെ യാത്രക്കാരായ സാധാരണക്കാരായ നാട്ടുകാര്‍ ധൈര്യമായി സംവദിക്കുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ വികാസവും അതില്‍ മലയാളികള്‍ക്കുള്ള വിശ്വാസത്തേയും ആണ് കാണിക്കുന്നത്. ഈ ജനാധിപത്യ അവകാശങ്ങള്‍ ആസ്വദിക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യം ഉണ്ട്. ജനാധിപത്യ അവകാശങ്ങള്‍ യാത്രക്കാര്‍ക്ക് മാത്രം ഉള്ളതല്ല. വിമാനത്തിലെ പൈലറ്റിനും, ജോലിക്കാര്‍ക്കും, പോലീസുകാര്‍ക്കും എല്ലാം അവരുടെതായ അവകാശം ഉണ്ട്. ടിക്കറ്റ് എടുത്ത സ്ഥലത്തേക്ക് കൊണ്ടെത്തിക്കാന്‍ യാത്രക്കാര്‍ക്കുള്ള അവകാശം പോലെ പ്രധാനമാണ് അംഗീകരിച്ച ഡ്യൂട്ടി കഴിഞ്ഞാല്‍ വിശമ്രിക്കാനുള്ള പൈലറ്റിന്റെ അവകാശം. അവരുടെ വഴിമുടക്കാനും അവരോടു തട്ടിക്കയറാനും നമുക്ക് തോന്നുന്നത് കോളേജ് പ്രിന്‍സിപ്പാളിനെയും ജല അതോറിറ്റി എഞ്ചിനീയറേയും മൂത്രമൊഴിക്കാന്‍ പോലും വിടാതെ ഘൊരാവോ ചെയ്ത് കാര്യങ്ങള്‍ നേടുന്നത് നാം കണ്ടുപഠിക്കുന്നത് കൊണ്ടാണ്. അതു ജനാധിപത്യമല്ല. ഏതാരാളുടെയും സ്വതന്ത്രമായ സഞ്ചാരം മുടക്കുന്നതും അവരോട് ഭീഷണി മുഴക്കുന്നതും എല്ലാം കുറ്റകരം തന്നെയാണ്. വിമാനത്തിന് അകത്തായാലും പുറത്തായാലും. നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എയര്‍ ഇന്ത്യയും മൂടല്‍മഞ്ഞും ഒക്കെ ഇവിടെ തന്നെ കാണും. അപ്പോള്‍ ഇനി ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടാകാതെ എങ്ങനെ നോക്കാം എന്ന് ആണ് നാം ശ്രദ്ധിക്കേണ്ടത്. താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ കുറക്കാന്‍ സഹായിക്കും. 1. വിമാനയാത്രയില്‍ ഉണ്ടാകാവുന്ന അസൗകര്യങ്ങള്‍ക്ക് എയര്‍ലൈന്‍ ചെയ്യാന്‍ ബാധ്യസ്ഥമായ കാര്യങ്ങളെപ്പറ്റി ഒരു ലഘുലേഖ മലയാളത്തില്‍ പ്രിന്റ് ചെയ്ത് എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റിനോടൊപ്പം നല്‍കുക. 2. ലഘുലേഖയില്‍ പറഞ്ഞിരിക്കുന്ന സൗകര്യങ്ങളും സൗജന്യങ്ങളും എല്ലാ യാത്രക്കാര്‍ക്കും എല്ലായ്‌പ്പോഴും ലഭ്യമാക്കുക, വഴക്കുണ്ടാക്കിയാലും ഇല്ലെങ്കിലും. 3. എയര്‍ലൈന്‍ ചെയ്യാന്‍ ബാധ്യസ്ഥമായ കാര്യങ്ങളിലും അധികം സൗജന്യമോ സൗകര്യമോ വേണ്ടവര്‍ക്ക് അതിനുവേണ്ടി ഒരു ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുക. ടിക്കറ്റിംഗ് ഏജന്റുമാരേയും യാത്രക്കാരേയും ഇതിനെപ്പറ്റി ബോധവാന്‍മാരാക്കുക. 4. കേരളത്തിലേക്ക് വരുന്ന ഹ്രസ്വദൂര അന്താരാഷ്ട്ര വിമാനങ്ങളില്‍ മദ്യത്തിന്റെ ലഭ്യത കുറക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. 5. ഒഴിവാക്കാനാവാത്ത കാരണങ്ങളില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് യാത്രക്കാരെ കണ്‍സള്‍ട്ട് ചെയ്യുക. അവര്‍ക്ക് ഒന്നില്‍ കൂടുതല്‍ ഓപ്ഷന്‍ നല്‍കുക. 6. വിമാനത്തിന്റെ സുരക്ഷയെപ്പറ്റിയും ജോലിക്കാരുടെ സംരക്ഷണത്തെപ്പറ്റിയും ഒരു ലഘുലേഖ ഉണ്ടാക്കുക. വിമാനത്തിനോ ജോലിക്കാര്‍ക്കോ ബുദ്ധിമുട്ടോ കേടുപാടോ ഉണ്ടാക്കുന്നത് ഒരു ക്രിമിനല്‍ കുറ്റമാണെന്നും അതിനെ കര്‍ശനമായി നേരിടുമെന്നും യാത്രക്കാരെ ബോധ്യപ്പെടുത്തുക. 7. ഗള്‍ഫില്‍ നിന്നുള്ള യാത്രക്കാരുടെ കാര്യത്തില്‍ പ്രത്യേകിച്ചും അനുഭാവത്തോടെയും കരുതലോടെയും പെരുമാറാന്‍ വിമാനജോലിക്കാര്‍ക്ക് ബോധവല്‍ക്കരണം നടത്തുക. ''എവരി ക്രൈസിസ് ഈസ് അണ്‍ ഓപ്പര്‍ച്ചുനിറ്റി' എന്ന ദുരന്തനിവാരണ മേഖലയിലെ മുദ്രാവാക്യം ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ തിരുവനന്തപുരം സംഭവം സഹായിക്കട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുകയാണ്. www.mathrubhumi.com/story.php?id=312571
എല്ലാവര്ക്കും നല്ലൊരു ദിവസം ആശംസിക്കുന്നു
engeekay2003
|
No comments:
Post a Comment