നെടുമ്പാശേരി: കുടിക്കാന്‍ വെള്ളംപോലും ലഭിക്കാതെയാണ് ഇത്രയും സമയം വിമാനത്തില്‍ കഴിച്ചുകൂട്ടിയതെന്നു യാത്രക്കാര്‍ പറഞ്ഞു. ആറുമാസം പ്രായമായ മകള്‍ ആമിനയ്‌ക്ക് വെള്ളം ചോദിച്ചപ്പോള്‍ മൂത്രം ഒഴിച്ചു കുടിക്കാനായിരുന്നു ഒരു സി.എസ്.എഫ് ഉദ്യോഗസ്‌ഥന്റെ മറുപടിയെന്നും അഷറഫ് പറഞ്ഞു. വിമാനത്തില്‍ ഭക്ഷണമില്ലാതെ കഴിഞ്ഞുകൂടിയ യാത്രക്കാരുടെ അനുഭവങ്ങള്‍ വിവരിക്കുന്നതിനിടയിലാണ് അഷറഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനത്തില്‍ നിന്നിറങ്ങുന്നതിനു തൊട്ടുമുമ്പാണ് നൂറു മില്ലിയുടെ വെള്ളത്തിന്റെ ബോട്ടില്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഇന്നലെ രാവിലെ 6.30 മുതല്‍ വിമാനത്തിലിരിക്കുന്ന യാത്രക്കാരുടെ വിഷമതകള്‍ മനസിലാക്കാന്‍ ആരും തന്നെ ഉണ്ടായില്ല. വിമാനം റാഞ്ചാന്‍ ശ്രമിക്കുന്നുവെന്ന സന്ദേശം പൈലറ്റ് നല്‍കിയെന്നതിനെക്കുറിച്ച് യാത്രക്കാര്‍ക്ക് യാതൊരറിവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി ഒരിക്കലും എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ യാത്രയ്‌ക്കൊരുങ്ങുകയില്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ വയറ്റില്‍ പോലീസ് കുത്തുന്നത് നേരില്‍ കണ്ടതായി യാത്രക്കാരനായ മൂക്കന്നൂര്‍ സ്വദേശി ജോസഫ് മാടശേരി പറഞ്ഞു. പൈലറ്റുമാരുടെ പെരുമാറ്റങ്ങളും മറ്റെന്നത്തേക്കാള്‍ സഹിക്കാന്‍ പറ്റാത്ത അവസ്‌ഥയിലായിരുന്നുവെന്ന് പാലക്കാട് സ്വദേശി സുനില്‍കുമാര്‍ പറഞ്ഞു. വെള്ളമില്ല, ഭക്ഷണമില്ല, ടോയ്‌ലറ്റ് സൗകര്യം പോലുമില്ല. എന്തെങ്കിലും ചോദിച്ചാല്‍ ഭീഷണിയും. ഗര്‍ഭിണികളും കൊച്ചുകുട്ടികളും കരയുന്നതു കാണുമ്പോള്‍ ഉദ്യോഗസ്‌ഥരോട് ചൂടായിപ്പോകുമെന്നു സുനില്‍കുമാര്‍ പറഞ്ഞു. മണിക്കൂറുകള്‍ യാത്രചെയ്‌തുവന്ന യാത്രക്കാരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടു മണിക്കൂറുകളോളം തടഞ്ഞുവച്ചതും കോടതിയില്‍ ചോദ്യം ചെയ്യണമെന്നും യാത്രക്കാര്‍ പറഞ്ഞു |
No comments:
Post a Comment