വല്ലാര്‍പാടത്തിനെതിരെ രാജ്യാന്തര ലോബി
കൊച്ചി: കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്കുന്നത് സംബന്ധിച്ച പ്രധാനമന്ത്രിയുടേതടക്കം ഉറപ്പ് നടപ്പാകാതിരിക്കെ രാജ്യാന്തര ലോബി നീക്കം ശക്തമാക്കിയത് വല്ലാര്പാടം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനലിന്റെ വികസനം തുലാസ്സിലാക്കുന്നു. കബോട്ടാഷ് നിയമത്തിലെ ഇളവ് വികസനക്കുതിപ്പിന് കാരണമാകുമെന്നിരിക്കെ ഇത് ലഭിക്കാതിരിക്കാന്‍ കേന്ദ്രമന്ത്രിമാരുള്പ്പെട്ട ലോബി ചരടുവലിക്കുന്നതായാണ് സൂചന. പ്രധാനമന്ത്രി മന്മോഹന് സിങ് ഇക്കാര്യത്തില്‍ ശക്തമായ സമ്മര്ദത്തിലാണ്.
രാജ്യത്തെ തുറമുഖങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ കപ്പലുകള്‍ മാത്രമേ ചരക്കുനീക്കം നടത്താവൂ എന്നതാണ് കബോട്ടാഷ് നിയമം. ഈ നിയമം മൂലം വല്ലാര്പാടത്തേക്ക് വിദേശ കപ്പലുകള്‍ വരുന്നില്ല. പകരം ഇവര്‍ കൊളംബോ, ദുബൈ, താന്ജുങ്, സലാല തുറമുഖങ്ങളിലാണ് ചരക്കുകള്‍ കയറ്റിയിറക്കുന്നത്. കബോട്ടാഷ് നിയമത്തില്‍ ഇളവില്ലാതെ വികസനം സാധ്യമാകില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാ റാം യെച്ചൂരി ചെയര്മാനായ പാര്ലമെന്ററി സ്റ്റാന്ഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളിലും കൂടി കൈകാര്യം ചെയ്യുന്ന ചരക്കുഗതാഗതം ചൈനയിലെ ഷാങ്ഹായ് തുറമുഖം മാത്രം നിര്വഹിക്കുന്നത് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ഇളവ് ലഭിച്ചാല്‍ ചരക്കുനീക്കം മൂന്നിരട്ടിയാകുമെന്നാണ്കണക്കുകൂട്ടല്‍.
ഇളവ് നല്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് പ്രധാനമന്ത്രി ഉറപ്പ് നല്കിയിരുന്നെങ്കിലും സമ്മര്ദം ശക്തമായതോടെ തീരുമാനമെടുക്കാനായിട്ടില്ല. ഇതുസംബന്ധിച്ച കേന്ദ്രമന്ത്രിസഭാ ഉപസമിതിയില്‍ കേരള താല്പ്പര്യങ്ങള്ക്കൊപ്പം എ.കെ. ആന്റണി അടക്കം മൂന്നുപേര്‍ മാത്രമാണുള്ളത്. കേന്ദ്ര ഷിപ്പിങ് മന്ത്രി ജി.കെ. വാസന് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിര് നിലപാടാണുള്ളത്. തമിഴ്നാട്ടിലെ തൂത്തുക്കുടി അടക്കം പല തുറമുഖങ്ങള്ക്കും വല്ലാര്പാടം ഭീഷണിയാകുമെന്നതാണ് എതിര്പ്പിന് മുഖ്യ കാരണം. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എതിര്പ്പുമായി നേരത്തേ രംഗത്തുണ്ട്. ഡി.എം.കെയും അവരുടെ കേന്ദ്രമന്ത്രിമാരും വല്ലാര്പാടത്തിന് നേട്ടമാകുന്ന ഒരു നിലപാടിനൂം അനുകൂലമല്ല. ഇന്ത്യന്‍ നാഷനല്‍ ഷിപ് ഓണേഴ്സ് അസോസിയേഷനും വല്ലാര്പാടത്തിന് കബോട്ടാഷ് ഇളവ് അനുവദിക്കുന്നതിനെതിരാണ്. തമിഴ്നാടിന്റെ നീക്കം രാജ്യാന്തര ലോബികളെ കൂട്ടുപിടിച്ചായത് കേന്ദ്രത്തെ സ്വാധീനിച്ചതായും പറയുന്നു. നിയമത്തില്‍ ഇളവ് നല്കുന്നത് സംബന്ധിച്ച നിര്ദേശം കേന്ദ്രമന്ത്രിസഭയുടെ ഉപസമിതിയില്‍ വൈകാതെ വരാനിരിക്കെയാണ് പ്രതീക്ഷ തകിടം മറിക്കുന്ന അവസ്ഥ.
വല്ലാര്പാടത്തിന് ഇളവ് നല്കണമെന്ന് പാര്ലമെന്ററി സ്റ്റാന്ഡിങ് കമ്മിറ്റിയും മൂന്ന് വര്ഷത്തെ ഇളവിന് ആസൂത്രണ കമീഷനും ശിപാര്‍ശ നല്കുകയും പ്രധാനമന്ത്രി ഉറപ്പുനല്കുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തുനിന്ന് യോജിച്ച സമ്മര്‍ദമുണ്ടായാല്‍ രാജ്യാന്തര ലോബിയുടെ നീക്കത്തെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.
അഷ്റഫ് വട്ടപ്പാറ
No comments:
Post a Comment