പുനലൂര്‍: 'ഓണം ബമ്പര്‍ മത്സരത്തില്‍ നിങ്ങളുടെ നമ്പര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഗൃഹോപകരണങ്ങള്‍ സമ്മാനമായി ലഭിക്കുന്നതിന് നിങ്ങളുടെ വിലാസം, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ സഹിതം ഉടന്‍ ബന്ധപ്പെടുക'-കഴിഞ്ഞദിവസം മൊബൈല്‍ ഫോണിലേക്ക് വന്ന ഈ എസ്.എം.എസ്.സന്ദേശം കണ്ട് തിരിച്ചുവിളിച്ച പുനലൂര്‍ സ്വദേശി ശ്രീകുമാറിന് നഷ്ടപ്പെട്ടത് 40 രൂപ. ഓണത്തിനിടയില്‍ മൊബൈല്‍ ഫോണിലൂടെയും ഇ-മെയിലിലൂടെയും നിരവധി പേര്‍ തട്ടിപ്പിനിരയാവുകയാണ്. ഇവയില്‍ വരുന്ന വ്യാജസന്ദേശങ്ങളില്‍ മയങ്ങി തിരികെ ബന്ധപ്പെടുന്നവര്‍ക്ക് ധനനഷ്ടമാണ് ഫലം.
പുനലൂരില്‍ നിരവധി പേര്‍ ഇങ്ങനെ തട്ടിപ്പിനിരയായി. ഓണക്കാലമായതിനാല്‍ ഓണവുമായി ബന്ധപ്പെടുത്തിയ സന്ദേശങ്ങളാണ് പ്രചരിക്കുന്നതില്‍ ഏറെയും. ഒളിമ്പിക്‌സ് പി.എം.ടി.നറുക്കടുപ്പില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഒരു കോടി രൂപ നേടിയിരിക്കുന്നുവെന്നും സമ്മാനം ലഭിക്കുന്നതിനുവേണ്ടി ബാങ്ക് അക്കൗണ്ട് നമ്പര്‍ സഹിതം ഇ-മെയില്‍ അയയ്ക്കണമെന്നുമാണ് മൊബൈലുകളില്‍ തിങ്കളാഴ്ച പ്രചരിച്ച മറ്റൊരു എസ്.എം.എസ്. പണം നഷ്ടപ്പെട്ടവര്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടപ്പോള്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നുമായിരുന്നു മറുപടി.
അടുത്തിടെ, ലോട്ടറിയടിച്ചെന്നു കാട്ടി മൊബൈല്‍ ഫോണിലേക്ക് വന്ന എസ്.എം.എസ്സിനെ പിന്തുടര്‍ന്ന പുനലൂര്‍ നേതാജി വാര്‍ഡിലെ വീട്ടമ്മയ്ക്ക് ബാങ്ക് അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടത് ഒരു ലക്ഷത്തോളം രൂപയാണ്. മകനാണ് അമ്മയുടെ പേരില്‍ മൂന്നുതവണയായി പണം അയച്ചുകൊടുത്തത്. അമ്മയുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് കൈമാറുകയും ചെയ്തു. തട്ടിപ്പിനിരയായെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് വീട്ടമ്മ ഡി.ജി.പി.ക്ക് പരാതി നല്‍കി. അന്വേഷണം നടന്നെങ്കിലും ഫലമുണ്ടായില്ല. മൊബൈല്‍ ഫോണ്‍, ഇ-മെയില്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നൈജീരിയക്കാരടക്കമുള്ളവര്‍ അടുത്തിടെ പിടിക്കപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ സാധാരണക്കാര്‍ ഇനിയും ബോധവാന്മാരായിട്ടില്ല. ലോട്ടറി അടിച്ച സന്തോഷത്താല്‍ പരമരഹസ്യമായാണ് പലരും സന്ദേശത്തില്‍ പറഞ്ഞിട്ടുള്ള നമ്പരിലേക്ക് തിരിച്ചുവിളിക്കുന്നത്. പണം നഷ്ടപ്പെട്ടെന്ന് ബോധ്യപ്പെടുന്നവരില്‍ ഭൂരിഭാഗവും തങ്ങള്‍ക്ക് പറ്റിയ അബദ്ധം പുറത്തുപറയാനോ പരാതി നല്‍കാനോ തയ്യാറാകുന്നുമില്ല
മാതൃഭൂമി
നന്ദകുമാര്‍
.
No comments:
Post a Comment