അങ്ങനെ ഞാനും ബാഗ്ലൂരിലെ മെട്രോയില്‍ കയറി. ബാംഗ്ലൂരില്‍ മെട്രോ സര്‍വ്വീസ് തുടങ്ങിയത് മുതല്‍ ഒരു കൌതുകത്തിനാണ് ആളുകള്‍ അതില്‍ കയറുന്നത്. മെട്രോ പൂര്‍ണ്ണമായും നിര്‍മ്മാണം തുടങ്ങിയാല്‍ ബാംഗ്ലൂര്‍ നഗരത്തിന്റെ മുഖച്ഛായ മാറും. എം.ജി.റോഡ് മുതല്‍ ബൈയ്യപ്പനഹള്ളി വരെയാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. ആളുകള്‍ കുടംബസമേതം വന്ന് എം.ജി.റോഡില്‍ നിന്ന് കയറി ബയ്യപ്പനാള്ളി വരെയും തിരിച്ചും സഞ്ചരിക്കുന്നു.
MG റോഡ് മുതല്‍ ബയ്യപ്പനഹള്ളി വരെ ടിക്കറ്റിന് 15രൂപയാണ്. എത്ര വൃത്തിയും വെടിപ്പുമാണ് സ്റ്റേഷന്‍ പരിസരം. 15 രൂപ മുടക്കി മെട്രോ സ്റ്റേഷ്നില്‍ കയറാനും കോച്ചില്‍ കയറി സഞ്ചരിക്കാനും ഏത് സാധാരണക്കാര്‍ക്കും കഴിയും. രാജ്യത്തിന്റെ വികസനവും പുരോഗതിയും ഇപ്രകാരമാണ് എല്ലാവര്‍ക്കും അനുഭവവേദ്യമാവുക. അല്ലാതെ ആളുകള്‍ക്ക് നേരിട്ട് അരിയും പലവ്യജ്ഞനങ്ങളും തുണിയും സൌജന്യമായി വീട്ടില്‍ എത്തിക്കലല്ല.
കൊച്ചിയില്‍ എപ്പോഴാണ് മെട്രോ യാഥാര്‍ഥ്യമാവുക എന്നറിയില്ല. കേരളത്തില്‍ എന്ത് തുടങ്ങിയാലും വിവാദങ്ങളാണ്. പുതിയതൊന്ന് വരുമ്പോള്‍ അതിന്റെ പിന്നാലെയായി വിവാദഘോഷക്കാര്‍. ഇത് വരെ എന്തെങ്കിലും വന്നോ? സ്മാര്‍ട്ട് സിറ്റി എന്തായി?
ബാംഗ്ലൂരിന്റെ പുരോഗതിക്ക് കാരണം ഐ.ടി.യുടെ വരവാണ്. വിദേശ ഐ.ടി.കമ്പനികള്‍ക്ക് ആവശ്യമായ ഭൂമി സര്‍ക്കാര്‍ തുച്ഛമായ വിലക്ക് നല്‍കി. ഫലമോ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചു. ഏറിയ പങ്കും മലയാളികള്‍ക്കാണ് ഈ നഗരത്തില്‍ ജോലി കിട്ടിയത്. യാതൊരു വിവാദങ്ങളുമില്ലാതെ ബാംഗ്ലൂര്‍ ലോകത്തിന്റെ ഐ.ടി.ഹബ്ബ് ആയി. കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി എസ്.എം.കൃഷ്ണയാണ് കര്‍ണ്ണാടകയില്‍ ഐ.ടി.വിപ്ലവത്തിന്റെ തുടക്കം കുറിച്ചത്. വിദേശകമ്പനികള്‍ക്ക് തുച്ഛമായ വിലയ്ക്ക് ഭൂമി നല്‍കുമ്പോള്‍ കര്‍ണ്ണാടകയില്‍ ആരും എതിര്‍ത്തില്ല. ആ ഭൂമി ആരും വിദേശത്തേക്ക് കടത്തുകയില്ലല്ലൊ.
ബാംഗ്ലൂരില്‍ മെട്രോ നിശബ്ദമായി ആരംഭിച്ച് നിശബ്ദതയോടെ തന്നെ പുരോഗമിക്കുന്നു. രാഷ്ട്രീയം വേറെ വികസനം വേറെ. ഇതൊക്കെ കേരളത്തില്‍ നടക്കുമോ? അതെങ്ങനെ, കേരളത്തിന് ഒരു പാരമ്പര്യമുണ്ട് എല്ലാറ്റിനെയും എതിര്‍ത്ത് എന്തും 25 കൊല്ലം വൈകിപ്പിക്കുക എന്നതാണത്. അത് മാറ്റിയാല്‍ പിന്നെന്ത് മലയാളി!
No comments:
Post a Comment