ഷോബി തിലകന്‍
നാവായിക്കുളത്തെ വീട്ടില്‍ പണ്ടൊരു നാടന്‍ പട്ടിയുണ്ടായിരുന്നു, നല്ല നീളവും ഉയരവും ഉണ്ടായിരുന്നു അവന്. വീട്ടില്‍ ആരുവന്നാലും അവന്‍ ബഹളം വയ്‌ക്കും. അച്‌ഛന്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോഴായിരുന്നു ആ വീട്ടിലേക്കു വന്നിരുന്നത്. കാറിന്റെ ഡോര്‍ തുറക്കുമ്പോള്‍ പട്ടി കുരച്ചുകൊണ്ട് ഓടിച്ചെല്ലും. അച്‌ഛന്‍ വളരെ രൂക്ഷമായി ഒന്നു നോക്കും. അതോടെ അവന്റെ ശൗര്യം തീരും. ആദ്യം വാങ്ങിയത് ഒരു അംബാസിഡര്‍ കാറായിരുന്നു. അതും എ.സി. പിന്നീട് മറ്റൊരു അംബാസിഡറും വാങ്ങി. വര്‍ഷങ്ങള്‍ക്കു ശേഷം പുതുയൊരു ആഡംബര കാര്‍ വാങ്ങി. അപ്പോള്‍ രണ്ട് അംബാസിഡറും വില്‍ക്കേണ്ടിവന്നു. ആദ്യം വാങ്ങിയ അംബാസിഡര്‍ വില്‍ക്കാന്‍ അച്‌ഛനു മാനസികമായി വലിയ പ്രയാസമായിരുന്നു.
വണ്ടി വിറ്റശേഷം വളരെ അസ്വസ്‌ഥനായാണ് അച്‌ഛന്‍ വീട്ടില്‍ വന്നത്. കോപത്തോടെ പാഞ്ഞടുത്ത നായയുടെ നേരേ കരുത്തനായി നിന്നയാളാണ് സ്വന്തം കാറ് വിറ്റശേഷം കുഞ്ഞുങ്ങളെപോലെ വിഷമിച്ചത്. അതായിരുന്നു എന്റെ അച്‌ഛന്‍.
അഭിനയത്തിനു ശത്രുതയില്ല
ലളിതച്ചേച്ചിയും (കെ.പി.എ.സി. ലളിത) അച്‌ഛനും തമ്മില്‍ പലതവണ പിണങ്ങിയിട്ടുണ്ട്. എന്നാലും ഇരുവരും തമ്മില്‍ നല്ല അടുപ്പമുണ്ടായിരുന്നു. രണ്ടുപേരും കണ്ടാല്‍ വഴിമാറിപ്പോയിരുന്ന കാലത്താണ് 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍', 'ഹാര്‍ബര്‍' എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചത്. ആ സിനിമകള്‍ കാണുമ്പോള്‍ ക്യാമറയ്‌ക്കു മുന്നില്‍ ശത്രുത എവിടെ പോയെന്നു തോന്നും. അതായിരുന്നു അവര്‍ തമ്മിലുള്ള രസതന്ത്രം. ഒരിക്കല്‍ 'അനിയത്തിപ്രാവി'ന്റെ ലൊക്കേഷനില്‍ വച്ച് ഇവരുടെ പിണക്കം തീര്‍ത്തത് ശ്രീവിദ്യയായിരുന്നു. പഴയതും പുതിയതുമായ ഒരുപാടു നടിമാരോടൊപ്പം അച്‌ഛന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, മരിച്ചിട്ട് കാര്‍ത്തിക മാത്രമാണു വിളിച്ചത്. അവരുടെ ഭര്‍ത്താവ് നാട്ടിലില്ലാത്തുകൊണ്ടാണു വരാഞ്ഞത്. മരണദിവസം അച്‌ഛന്‍ വന്നിരുന്നു. സഞ്ചയനത്തിന് ഉറപ്പായി വരും എന്നു പറഞ്ഞു.
ആ മോഹം ഇനി പൂവണിയില്ല
കഴിഞ്ഞ തിങ്കളാഴ്‌ച പുലര്‍ച്ചെ അച്‌ഛന്‍ ജീവിതത്തില്‍നിന്നു പറന്നുപോയി. ഇന്നു സഞ്ചയനമാണ്. ആശുപത്രിയില്‍ കിടന്നപ്പോള്‍ ഒരു ദിവസമെങ്കിലും ബോധം തിരിച്ചുകിട്ടിയിരുന്നെങ്കില്‍ എന്നു കൊതിച്ചുപോവുകയാണ് ഞാന്‍. അച്‌ഛന്‍ പറയാതെയും ചെയ്യാതെയുംപോയ ഒരുപാടു കാര്യങ്ങളുണ്ട്. പുറത്തുള്ള പലരും പറയും സ്വത്തിനെക്കുറിച്ചാണതെന്ന്. അതു മാത്രമല്ല, അതിനേക്കാള്‍ വിലപിടിപ്പുള്ള ഒരു നിധിയുണ്ടായിരുന്നു. ആത്മകഥ. അത് എഴുതാന്‍ തുടങ്ങിയിരുന്നു. ഇനി അതു പൂര്‍ത്തിയാക്കാനാവില്ലല്ലോ?... എഴുതിത്തുടങ്ങും മുമ്പ് അടുത്തകാലം വരെ പത്രങ്ങളില്‍ വന്ന അഭിമുഖങ്ങളും ലേഖനങ്ങളും വെട്ടിയെടുത്ത് സൂക്ഷിച്ചുവച്ചിരുന്നു. ഒരു ബാഗ് നിറയെ ഉണ്ട്. അച്‌ഛന്‍ കിടന്ന കട്ടിലിനടിയില്‍ ഇപ്പോഴുമുണ്ടത്.
മൂന്നാലു മാസം മുമ്പ് ഞാന്‍ ചോദിച്ചു; അച്‌ഛന് ഒറ്റയ്‌ക്ക് അഭിനയിക്കാന്‍ പറ്റുന്ന എന്തെങ്കിലും കഥയുണ്ടോ? ഉണ്ടെങ്കില്‍ ടെലിഫിലിമാക്കാം. ഞാന്‍ നിര്‍മിക്കുകയും ചെയ്യാം. സംവിധാനം ചെയ്യാമെന്നു പറഞ്ഞില്ല. മറ്റൊന്നും കൊണ്ടല്ല. അതിനു വളര്‍ന്നിട്ടില്ലെന്നു നന്നായി അറിയാം. നല്ല വിഷയം കൈയിലുണ്ട്, പക്ഷേ, എന്താണെന്നു പറഞ്ഞില്ല. എന്റെ ആ മോഹവും നടക്കാത്ത സ്വപ്‌നമായി.
ചിതാഭസ്‌മം രാമേശ്വരത്ത് നിമഞ്‌ജനം ചെയ്യണം
അച്‌ഛന്‍ ക്ഷേത്രങ്ങളില്‍ പോകാറില്ല. ഒരിക്കല്‍ രാമേശ്വരത്തു പോയി. 'ക്ഷത്രിയന്‍' എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗ് അവിടെയായിരുന്നു. ക്ഷേത്രത്തിനുള്ളിലെ ഫോട്ടോയും എടുത്തു. അച്‌ഛന്റെ ചിതാഭസ്‌മം അവിടെ നിമഞ്‌ജനം ചെയ്യണമെന്നാണ് ആഗ്രഹം. ഭാരതപ്പുഴയിലും പാപനാശത്തും നിമഞ്‌ജനം ചെയ്യണമെന്നാണ് ചേട്ടന്‍ (ഷാബി തിലകന്‍) പറഞ്ഞത്. അതുകൊണ്ട് ചിതാഭസ്‌മം മൂന്നു കുടങ്ങളിലാക്കും. മറ്റു സഹോദരങ്ങള്‍ക്കും ഇതുപോലെ ആഗ്രഹമുണ്ടെങ്കില്‍ അതും ചെയ്യും.
അച്‌ഛനെ തേടി വന്ന അച്യുതമേനോന്‍
'ഇന്ത്യന്‍ റുപ്പി'യിലെ അച്യുതമേനോന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ നെഞ്ചിലേറ്റിയതോടെ പഴയപോലെ അച്‌ഛനു തിരക്കായി. എറണാകുളത്തും കോഴിക്കോട്ടും പാലക്കാട്ടും ആയിരിക്കും ഷൂട്ടിംഗ്. അതിനിടയില്‍ മൂന്നോ നാലോ ദിവസത്തെ ഇടവേള കാണും. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടു കാരണം തിരുവനന്തപുരത്തേക്കു വരില്ലായിരുന്നു. ഷൂട്ടിംഗിനു താമസിച്ച ഹോട്ടലില്‍ത്തന്നെ താമസിക്കും. സഹായത്തിനു പാലക്കാട്ടുകാരിയായ ഒരു സ്‌ത്രീയും ഉണ്ടായിരുന്നു.
ഓഗസ്‌റ്റ് ആദ്യവാരം പാലക്കാട് 'സീന്‍ ഒന്ന് നമ്മുടെ വീട്' എന്ന സിനിമയിലാണ് അച്‌ഛന്‍ അഭിനയിച്ചിരുന്നത്. സുഖമില്ലാതായതിനെത്തുടര്‍ന്ന് പി.കെ. ദാസ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എന്നെ വിളിച്ചു. ചേട്ടനും ആ പടത്തില്‍ അഭിനയിച്ചിരുന്നു. അങ്ങനെ അദ്ദേഹവും വിവരം അറിഞ്ഞു. ഞാന്‍ അച്‌ഛന്റെ മൊബൈലില്‍ വിളിച്ചു. കൂടെ സഹായത്തിനുണ്ടായിരുന്ന സ്‌ത്രീയാണ് എടുത്തത്. അവര്‍ കാര്യം പറഞ്ഞു. ഡോക്‌ടറുടെ കൈയില്‍ ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. പ്രമേഹം ഉള്ളതുകൊണ്ട് ചെറിയ ക്ലോട്ട് ഉണ്ടായിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും ഉള്ള മറ്റേതെങ്കിലും ആശുപത്രിയിലേക്കു മാറ്റുന്നതാണു നല്ലതെന്നു പറഞ്ഞു. അങ്ങനെ തൃശൂര്‍ ജൂബിലി മിഷനിലേക്കു മാറ്റി.
ശബ്‌ദം മാറി
ക്ലോട്ട് വലതു കൈയേയും കാലിനെയും ചെറുതായി ബാധിച്ചെങ്കിലും പിന്നീടതു മാറി. പക്ഷേ, ശബ്‌ദം മാറി. ശബ്‌ദമായിരുന്നല്ലോ അച്‌ഛന്റെ ജീവന്‍. വോക്കല്‍കോഡിന് എന്തോ പ്രശ്‌നം. സ്‌പീച്ച് തെറാപ്പി ചെയ്‌താല്‍ മാറുമെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞു. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോ. ജയകുമാര്‍ സ്‌പീച്ച് തെറാപ്പിയില്‍ വിദഗ്‌ധനാണ്. അവിടുത്തെ സ്‌പീച്ച് ക്ലബില്‍ ഞാന്‍ അംഗവുമാണ്. നമുക്കു തിരുവനന്തപുരത്തേക്കു പോകാമെന്നു പറഞ്ഞു.
അച്‌ഛന്‍ ആദ്യം സമ്മതിച്ചില്ല. എന്റെ വീട്ടില്‍ വിശ്രമിച്ച് ചികില്‍സ നടത്താമെന്നു പറഞ്ഞു. അങ്ങനെ അച്‌ഛനും സഹായിയായ സ്‌ത്രീയും വേട്ടമുക്കിലെ എന്റെ വീട്ടിലെത്തി. കിംസില്‍ തുടര്‍ചികില്‍സ നടത്താനാണു തീരുമാനിച്ചത്. എന്റെ മാമന്‍ ഡോ. ശുഭലാല്‍ അവിടുത്തെ ഡോക്‌ടറാണ്. ആശുപത്രിയില്‍ പോകാനൊന്നും അച്‌ഛന്‍ സമ്മതിച്ചില്ല. പത്രങ്ങളില്‍ വന്ന അഭിമുഖവും ലേഖനങ്ങളും വെട്ടിയെടുത്ത് പേപ്പറിലൊട്ടിക്കുകയായിരുന്നു പ്രധാന പരിപാടി. കട്ടിലില്‍ കമഴ്‌ന്നു കിടക്കുന്നതാണ് അച്‌ഛനിഷ്‌ടം. എന്നിട്ട് കൈ എത്തുന്ന ദൂരത്ത് പേപ്പറും കത്രികയും പശയും മൊബൈലും ചാര്‍ജറും ഇടയ്‌ക്കിടെ തിന്നാന്‍ ഷുഗറില്ലാത്ത റസ്‌കും വയ്‌ക്കും. എന്റെ മകള്‍ ദേവയാനി സഹായത്തിനുണ്ടാകും. ആത്മകഥ പൂര്‍ത്തിയാക്കുകയായിരുന്നു അച്‌ഛന്റെ ലക്ഷ്യം.
അച്‌ഛന്റെ നിഴലായി
ഓഗസ്‌റ്റ് 18-ന് അച്‌ഛന്റെ വയര്‍ വീര്‍ത്തുവീര്‍ത്തുവന്നു. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മെട്രോ സ്‌കാനില്‍ പോയി. അന്നു രാത്രി ഒന്‍പതു മണിയോടെയാണു വീട്ടില്‍ വന്നത്. അപ്പോഴൊരു ഫോണ്‍; അച്‌ഛന്റെ സഹായിയായ സ്‌ത്രീയുടെ അമ്മ മരിച്ചു. അതോടെ അവര്‍ പാലക്കാട്ടേക്കു പോയി. അന്നു മുതല്‍ അച്‌ഛന്റെ നിഴലായി ഞാന്‍ നിന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അച്‌ഛന്റെ ഷുഗര്‍ നോക്കണം. ശേഷം കട്ടന്‍ ചായ കൊടുക്കണം. എട്ടു മണിക്കു ഗുളിക കൊടുക്കണം. എട്ടരയ്‌ക്ക് ബ്രേക്ക്‌ഫാസ്‌റ്റ് കൊടുക്കണം. ഇന്‍സുലിന്‍ എടുക്കണം. യൂറിന്‍ ബാഗ് മാറ്റണം. ഞാന്‍ ആകെ വിഷമത്തിലായി. ഇതൊന്നും മുമ്പു ചെയ്‌തു പരിചയമില്ലല്ലോ?. ഇന്‍സുലില്‍ എങ്ങനെ എടുക്കണമെന്ന് അച്‌ഛന്‍ കാണിച്ചുതന്നു. ബാത്ത്‌റൂമില്‍ പോകാനും എന്റെ സഹായം വേണമായിരുന്നു. 19-ന് കോട്ടയത്ത് കുര്യന്‍ ഒപ്‌റ്റിക്കല്‍സ് ഉദ്‌ഘാടനം ഉണ്ടായിരുന്നു. ചെല്ലേണ്ടെന്ന് അവര്‍ പറഞ്ഞു. അവരുടെ എല്ലാ ഷോറുമുകളും അച്‌ഛനാണ് ഉദ്‌ഘാടനം ചെയ്‌തിരുന്നത്. അതുകൊണ്ടു പോയി. ഇന്നോവയുടെ സീറ്റ് ബെഡ് പോലാക്കി കിടന്നായിരുന്നു യാത്ര. തിരിച്ച് പിറ്റേന്നു രാത്രിയിലാണു വന്നത്. ആശുപത്രിയില്‍ പോകാമെന്നു പറഞ്ഞെങ്കിലും സമ്മതിച്ചില്ല. രാവിലെ പ്രശ്‌നമൊന്നും ഉണ്ടായില്ല. ഞാന്‍ ഡബ്ബിംഗിനു പോയി. ഉച്ചയ്‌ക്കു വരാന്‍ അല്‍പം വൈകി. അപ്പോഴേക്കും യൂറിന്‍ ബാഗ് മാറ്റേണ്ട സമയമായിരുന്നു. ഞാന്‍ വരുന്നതു വരെ അച്‌ഛന്‍ സഹിച്ചിരുന്നു.
അന്നു രാത്രി എട്ടു മണിയോടെ അച്‌ഛന്റെ അവസ്‌ഥകണ്ട് എന്റെ ഭാര്യ ആശുപത്രിയില്‍ പോകാമെന്നു പറഞ്ഞു. 'നിനക്കെന്നെ ആശുപത്രിയില്‍ കെടത്താനാണോടീ ധൃതി' എന്നു പറഞ്ഞ് ചൂടായി. രാത്രി അച്‌ഛനൊപ്പം 12 മണിവരെ ഞാനിരുന്നു. നീ പോയി ഉറങ്ങ്, എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിക്കാമെന്നു പറഞ്ഞു. തൊട്ടടുത്ത കട്ടിലില്‍ കിടക്കാനും സമ്മതിച്ചില്ല. ഞാന്‍ മുറിയിലേക്കു പോയി. രാത്രി 1.30-ന് ഭാര്യയുടെ മൊബൈലില്‍ വിളിച്ചു. 'അവനോട് ഇങ്ങോട്ടു വരാന്‍ പറ, എനിക്കു ശ്വാസം കിട്ടുന്നില്ലെ'ന്നു പറഞ്ഞു. ഞാന്‍ ഓടിച്ചെന്നു.
കട്ടിലില്‍നിന്ന് എഴുന്നേറ്റു നടക്കാന്‍ വയ്യാത്ത അവസ്‌ഥ. 108 ആംബുലന്‍സ് വിളിച്ചു. അപ്പോഴേക്കും ഭാര്യ അച്‌ഛന്റെ ഡ്രൈവറെ വിളിച്ചുണര്‍ത്തി. ആംബുലന്‍സിനു വഴിപറഞ്ഞു കൊടുക്കാന്‍ അയാള്‍ പുറത്തേക്കു പോയി. വണ്ടി വന്നു. പിന്നാലെ മറ്റൊരു ആംബുലന്‍സും. ഞാന്‍ വിളിച്ചതിനു പുറമേ ഡ്രൈവര്‍ റോഡിലൂടെ പോയ മറ്റൊരു ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി വിളിച്ചുകൊണ്ടുവന്നതായിരുന്നു അത്. രണ്ടിലെയും ജീവനക്കാര്‍ ചേര്‍ന്ന് ഓക്‌സിജന്‍ മാസ്‌കും മറ്റും ധരിപ്പിച്ചു. കിംസിലേക്കു വണ്ടി നീങ്ങി.
ഇടപ്പഴഞ്ഞി ജംഗ്‌ഷനില്‍ എത്തിയപ്പോള്‍ ബി.പി. കുറഞ്ഞു. എസ്.എ.ടി. വഴി പോകാമെന്ന് ആംബുലന്‍സിലെ മെഡിക്കല്‍ ടീം പറഞ്ഞു. അവിടെച്ചെന്നാണു ഹൃദയത്തിന്റെ പ്രവര്‍ത്തനം പഴയനിലയിലാക്കിയത്. ഇടപ്പഴഞ്ഞിയില്‍നിന്നു പട്ടം എസ്.എ.ടിയിലെത്താന്‍ 23 മിനിട്ടെടുത്തു. അതിനിടെ, ഓക്‌സിജന്‍ പ്രവാഹം കുറഞ്ഞ് ബ്രെയിനിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. പക്ഷേ, മൂന്നാഴ്‌ചകൊണ്ടു ക്രമേണ ഭേദമായി വന്നു. ഞാനും ചേട്ടനും ഇടത്തും വലത്തുംനിന്ന് വിളിക്കും. അച്‌ഛന്‍ രണ്ടു വശത്തേക്കും നോക്കും. കൃഷ്‌ണമണി വെട്ടിക്കാന്‍ തുടങ്ങി. അതോടെ പാട്ടു കേള്‍പ്പിച്ചു.
ഡബ്ബിംഗിനു പോകണ്ടേ എന്നു ഞാന്‍ ചോദിച്ചു. രണ്ടായിത്തില്‍ ഇതുപോലെ ആശുപത്രിയിലായ ശേഷം 'രണ്ടാംഭാവ'ത്തിലൂടെ തിരിച്ചുവന്നിരുന്നു. അതുപോലെ ഇത്തവണയും സംഭവിക്കും. എന്റെ മനസു മന്ത്രിച്ചു. എന്നാല്‍, പെട്ടെന്നു ന്യൂമോണിയ ബാധിച്ചു. ശരീരത്തിലിട്ട പ്ലാസ്‌റ്റിക് ട്യൂബുകളും ഐ.സി.യുവില്‍ ഉള്ള ബാക്‌ടീരിയകളുമാണു പ്രശ്‌നമായത്. അതോടെ ഡയാലിസിസ് തുടങ്ങി. ഒരു ദിവസം മൂന്നു തവണ ഹൃദയാഘാതത്തിന്റെ വക്കിലെത്തി. ഐ.സി.യുവിലായതുകൊണ്ടു മാത്രമാണു രക്ഷപെട്ടത്.
അച്‌ഛന് എന്റെ ശബ്‌ദം
ഏഴെട്ടു പടങ്ങുടെ ഡബ്ബിംഗ് അച്‌ഛന്‍ പൂര്‍ത്തിയാക്കാനുണ്ട്. ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ അതിന്റെയൊക്കെ അണിയറപ്രവര്‍ത്തകര്‍ എന്നെ ഡബ്ബ് ചെയ്യാന്‍ വിളിച്ചു. അച്‌ഛന്‍ കുറച്ച് സുഖമാകട്ടെ, വരാമെന്നു പറഞ്ഞു. ആശുപത്രിയിലായിരുന്നപ്പോള്‍ എന്നും രാത്രി രണ്ടരയ്‌ക്കു കാറില്‍ കിടന്നാണു ഞാന്‍ ഉറങ്ങിയിരുന്നത്. ഒരു മാസവും മൂന്നു ദിവസവും അങ്ങനെയായിരുന്നു.
അഞ്ചിന് എഴുന്നേറ്റു വീട്ടില്‍ വരും, കുളിച്ച് ഭക്ഷണം കഴിച്ച് ആശുപത്രിയിലേക്കു പോകും. രാത്രി എട്ടിനു ശേഷം ചില ദിവസങ്ങളില്‍ ഡബ്ബിംഗിനു പോയിരുന്നു. 24-നു രാത്രി പതിവുപോലെ രണ്ടര വരെ ഞാന്‍ ഐ.സി.യുവിനു മുന്നിലുണ്ടായിരുന്നു. ശേഷം ഉറങ്ങാന്‍ കാറിലേക്കു പോയി. ഉറക്കം വന്നില്ല. പലകാര്യങ്ങളും ആലോചിച്ചു.
അച്‌ഛനു വേണ്ടി ഡബ്ബ് ചെയ്യുന്ന കാര്യം ഓര്‍മയില്‍ വന്നു. കാറിലെ ഡി.വി.ഡിയില്‍ 'ഇന്ത്യന്‍ റുപ്പി' ഇട്ടു. അച്‌ഛന്റെ ശബ്‌ദം എങ്ങനെയാണെന്നു ശ്രദ്ധിക്കാനായിരുന്നു. പൃഥ്വിരാജിന്റെ പെങ്ങളായി അഭിനയിച്ച മല്ലികയെ പെണ്ണുകാണാന്‍ വന്നവനോട്, ''വിശന്നു കേറി വന്ന എനിക്ക് ആഹാരം വിളമ്പിത്തന്ന ഇവളുടെ മനസുണ്ടല്ലോ അതാണു നിനക്കു കിട്ടാന്‍ പോകുന്ന സ്‌ത്രീധനം'' എന്ന ഡയലോഗാണ് അച്‌ഛന്റെ അച്യുതമേനോന്‍ പറയുന്നത്. അപ്പോള്‍ എന്റെ ഫോണ്‍ ബെല്ലടിച്ചു. നോക്കി. ശുഭലാല്‍ മാമന്‍ കോളിംഗ് എന്നു കാണിച്ചു. 'എന്താ മാമാ' എന്നു ചോദിച്ചു. അത്യാവശ്യമായി ഡോക്‌ടേഴ്‌സ് ലോഞ്ചില്‍ ചെല്ലാന്‍ പറഞ്ഞു.
ഞാന്‍ പടവുകള്‍ കയറി ഓടി. കസേരയിലിരുന്നിട്ടും എന്റെ കിതപ്പു മാറിയില്ല. അച്‌ഛന്റെ സ്‌ഥിതി മോശമാണെന്നു മാമന്‍ പറഞ്ഞു. ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്. ഇല്ല, അച്‌ഛന് ഒന്നും വരില്ല ഞാന്‍ ആവര്‍ത്തിച്ചു. പക്ഷേ, അല്‍പസമയത്തിനകം എല്ലാം കഴിഞ്ഞു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment