ചിലപ്പോഴങ്ങനെയാണു ജീവിതം, സിനിമ പോലെയല്ല. വിടവാങ്ങുമ്പോഴും ചിലതെല്ലാം ബാക്കിയാവും. എല്ലാം കലങ്ങിത്തെളിഞ്ഞു 'ശുഭ'മെന്നു എഴുതി കാണിക്കാന്‍ സിനിമയില്‍ എളുപ്പമാണ്. ജീവിതത്തിലാകട്ടെ ചില തെറ്റിദ്ധാരണകള്‍ ഒരിക്കലും തിരുത്തപ്പെടാന്‍ കഴിയാതെ പോകും. തന്നെ ഒതുക്കാന്‍ ചിലരെല്ലാം ബോധപൂര്‍വം ശ്രമിക്കുന്നതായുള്ള വിശ്വാസം തിലകനുണ്ടായിട്ട് 20 വര്‍ഷത്തിലേറെയായി. ലോഹിതദാസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ 'ഹിസ് ഹൈനസ് അബ്‌ദുള്ള' എന്ന സിനിമയിലൂടെയായിരുന്നു എല്ലാറ്റിനും തുടക്കം. ഈ സിനിമയുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകള്‍ ഉപേക്ഷിക്കാന്‍ തിലകന്‍ ഒരിക്കലും തയാറായില്ല. തിലകനെ തിരുത്താന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല എന്നതാണു സത്യം. ചിത്രത്തിന്റെ ആലോചനാവേളയില്‍ ലോഹി തിലകനുമായി ബന്ധപ്പെട്ടിരുന്നു. പക്ഷേ ചിത്രത്തില്‍ തിലകനെ സഹകരിപ്പിക്കാന്‍ കഴിഞ്ഞില്ല. നെടുമുടി വേണു ചെയ്‌ത മഹാരാജാവിന്റെ വേഷം തനിക്കുള്ളതായിരുന്നുവെന്ന് ആരൊക്കെയോ തിലകനെ തെറ്റിദ്ധരിപ്പിച്ചു. പലരും പലവട്ടം തിരുത്താന്‍ ശ്രമിച്ചെങ്കിലും തിലകന്‍ കൂട്ടാക്കിയില്ല. തനിക്കെതിരേ 'ലോബി' കളി നടന്നുവെന്ന വിശ്വാസത്തില്‍ തിലകന്‍ ഉറച്ചുനിന്നു. സത്യത്തില്‍ ചിത്രത്തിലെ മറ്റൊരു റോളിലേക്കാണു തിലകനെ ലോഹി പരിഗണിച്ചിരുന്നത്. എഴുതി വന്നപ്പോള്‍ റോള്‍ ചെറുതായി. തിലകനാകട്ടെ വലിയ തിരക്കിലും. 'ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയാണു വിളിക്കാതിരുന്നത്', ഇതുസംബന്ധിച്ച് പിന്നീടു ലോഹി പറഞ്ഞ ന്യായം ഇതാണ്. പലരും ഇക്കാര്യം തിലകനോടു പറഞ്ഞെങ്കിലും അദ്ദേഹം ഉള്‍ക്കൊണ്ടില്ല. നേരിട്ടു പറയാന്‍ ലോഹിയാവട്ടെ ധൈര്യം കാണിച്ചുമില്ല. ലോഹിയെ സിനിമയിലേക്കു കൊണ്ടുവന്നതു തിലകനായിരുന്നു. ശരിക്കും ഗുരുസ്‌ഥാനീയന്‍. 'തിരുത്താന്‍ ശ്രമിച്ചാല്‍ ചീത്ത ഉറപ്പായിരുന്നു. ഗുരുനിന്ദ പേടിച്ചു മിണ്ടാതിരുന്നു', തിലകന്‍ മരിച്ചതറിഞ്ഞു ഫോണില്‍ സംസാരിക്കവേ ലോഹിയുടെ ഭാര്യ സിന്ധു പറഞ്ഞു. ലോഹിയുടെ മരണശേഷം ഇക്കാര്യം സിന്ധു നേരിട്ടു തിലകനോടു പറഞ്ഞിരുന്നു. ലോഹിയുടെ പേരിലുള്ള പുരസ്‌കാരം തൃശൂരില്‍ സ്വീകരിക്കാനെത്തിയപ്പോഴായിരുന്നു അത്. അപ്പോഴും തന്റെ വിശ്വാസത്തില്‍ തിലകന്‍ ഉറച്ചുനിന്നു. തിലകനു ലോഹിയെ വലിയ വിശ്വാസമായിരുന്നു. തന്നെ കൂടാതെ ഒരു ചിത്രം ലോഹി ചെയ്യുമെന്നു വിശ്വസിക്കാന്‍ തിലകന്‍ ഒട്ടും ഇഷ്‌ടപ്പെട്ടില്ല. '87-ല്‍ സിനിമയിലെത്തിയ ലോഹിയുടെ കഥാപാത്രങ്ങള്‍ ഇതിനകംതന്നെ തിലകന് ഏറെ അംഗീകാരങ്ങള്‍ നേടിക്കൊടുത്തിരുന്നു. '87-ലും '88-ലും മികച്ച രണ്ടാമത്തെ നടനുള്ള സംസ്‌ഥാന അവാര്‍ഡ് തിലകനായിരുന്നു. 87-ല്‍ തനിയാവര്‍ത്തനത്തിലേയും 88-ല്‍ മുക്‌തിയിലേയും ലോഹി കഥാപാത്രങ്ങള്‍ തിലകനു തിളക്കമായി. ലോഹിയുടെ കഥാപാത്രങ്ങളിലുള്ള തിലകന്റെ വിശ്വാസം ഏറിവന്നു. ഇതിനിടയിലാണ് 'അബ്‌ദുള്ള' സംഭവിച്ചത്. പിന്നീടും ലോഹിയുടെ കഥാപാത്രങ്ങളെ തിലകന്‍ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ അബ്‌ദുള്ളയിലെ മഹാരാജാവാകാന്‍ കഴിയാതെ പോയതു വേദനയായി അവശേഷിച്ചു. ഒതുക്കലിന്റെ രോഷവും പ്രതിഷേധവും പല വേദികളിലും പ്രകടിപ്പിച്ചു. സത്യത്തില്‍ സിനിമയില്‍ ലോബികളി ഇല്ലേയെന്ന ചോദ്യത്തിനു മുന്നില്‍ പിന്നീട് ലോഹി ഒരിക്കല്‍ നിശബ്‌ദനാവുകയുണ്ടായി. ഈയൊരു സത്യത്തിന്റെ തീക്ഷ്‌ണത കൊണ്ടാവാം തന്റെ വിശ്വാസം തിരുത്താന്‍ തിലകന്‍ തയാറാകാതിരുന്നതും. തന്റെ വിശ്വാസങ്ങളും തീരുമാനങ്ങളും ഒരിക്കലും തിരുത്താന്‍ തിലകന്‍ തയാറാകാതിരുന്നതുകൊണ്ടാണ് അദ്ദേഹത്തെ നാം ഇപ്പോള്‍ മലയാള സിനിമയിലെ എക്കാലത്തെയും വലിയ 'ധിക്കാരി'യെന്ന് ആദരവോടെയും അഭിമാനത്തോടെയും സ്‌നേഹത്തോടെയും വിളിക്കുന്നത്. |
No comments:
Post a Comment