Sunday, 26 August 2012

[www.keralites.net] ഈത്തപ്പഴത്തിന്റെ ഗുണങ്ങള്‍

 

ഈത്തപ്പഴത്തിന്റെ ഗുണങ്ങള്‍

ഗള്‍ഫില്‍ ചെന്നിറങ്ങുന്നവരെ ആദ്യം അമ്പരപ്പിക്കുന്ന കാഴ്ച അറബികളുടെ സൌന്ദര്യമാണെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. തുടുത്ത ഓറഞ്ചുപോലുള്ള ശരീരം. കവിളില്‍നിന്ന് രക്തം തൊട്ടെടുക്കാന്‍പറ്റുമെന്നു തോന്നും. ഒരു കുളിര്‍ക്കാറ്റുപോലുമില്ലാത്ത ചുട്ടുപൊള്ളുന്ന ഈ മരുഭൂമിയില്‍ ഇവര്‍ എങ്ങനെയാണ് ഇത്രയേറെ സുന്ദരന്മാരും സുന്ദരികളുമായിരിക്കുന്നത്? ഇനി മറ്റൊരു ആകര്‍ഷണംകൂടി അവിടെ നിങ്ങളെ മാടിവിളിക്കും. ചുട്ടുപഴുത്ത മരുഭൂമിയില്‍ തീപോലുള്ള വെയിലിനെ വകവയ്ക്കാതെ നിവര്‍ന്നുനില്‍ക്കുന്ന ഈന്തപ്പനകള്‍! കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ഒരു വലിയ രഹസ്യം പിടികിട്ടും. ആദ്യം കണ്ട അത്ഭുതത്തിനു പിന്നില്‍ രണ്ടാമത്തെ അത്ഭുതമാണെന്ന്. അറബികളുടെ നിത്യഭോജനത്തിന്റെ ഭാഗമാണ് ഈത്തപ്പഴം. പോഷകങ്ങളുടെ അമൂല്യക്കലവറയായ ഈത്തപപ്പഴത്തിന്റെ മധുരവും ഗുണവും ശരിക്കും മനസിലാക്കിയിട്ടുള്ളവരാണ് ഇവര്‍.


മരുഭൂമിയിലെ കല്പവൃക്ഷമാണ് ഈന്തപ്പന. ഈത്തപ്പഴത്തിന്റെ ഔഷധമൂല്യം പുരാതനകാലം മുതലേ മനുഷ്യന്‍ മനസിലാക്കിയിരുന്നു. ഈന്തിന്റെ ഉല്‍ഭവത്തെക്കുറിച്ച് ഇന്നും വ്യക്തമായ വിവരമില്ലെങ്കിലും പേര്‍ഷ്യന്‍ രാജ്യങ്ങളിലെവിടെയെങ്കിലുമാവാനാണ് സാധ്യത. ലോകത്തേറ്റവും കൂടുതല്‍ ഈന്തപ്പനകളുള്ളത് അറേബ്യന്‍ രാജ്യങ്ങളിലാണ്. വരണ്ട മരുഭൂമിയിലേക്കായി പ്രകൃതി സമ്മാനിച്ച ഈ പച്ചക്കുടകളാണ് അറേബ്യന്‍രാജ്യങ്ങളുടെ കുളിരും സൌന്ദര്യവും.


ജൂണ്‍മാസത്തില്‍ വിളഞ്ഞു പാകമാകുന്ന ഈത്തപ്പഴങ്ങള്‍ റംസാന്‍ വ്രതാനുഷ്ഠാനം നടത്തുന്നവര്‍ക്കായി കനിഞ്ഞരുളിയ വരദാനമായും കരുതാം. വിഷുവിന്റെ വരവറിയിച്ചുകൊണ്ട് കൊന്നകള്‍ പൂക്കുംപോലെ, അല്ലെങ്കില്‍ ഓണക്കാലത്തിനു മുമ്പ് ഓണപ്പൂക്കളും തുമ്പയുമൊക്കെ വിരിയുംപോലെ റംസാന്‍കാലത്തേക്കായി പ്രകൃതി സമ്മാനിക്കുന്ന വിശിഷ്ട്യഭോജ്യമാണ് ഈത്തപ്പഴങ്ങളെന്നു വേണമെങ്കില്‍ പറയാം. ഈത്തപ്പഴത്തിന്റെ മധുരത്തിനപ്പുറം പോഷകക്കലവറകളെക്കുറിച്ച് ലോകം മനസിലാക്കിത്തുടങ്ങിയതോടെ ഇത് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ തുടങ്ങി. ഒരു സീസണില്‍ ഒരു പനയില്‍നിന്ന് നൂറു കിലോവരെ ഈത്തപ്പഴം കിട്ടും. അറേബ്യന്‍രാജ്യങ്ങളില്‍ മാത്രമല്ല, അമേരിക്കയിലെ കാലിഫോര്‍ണിയയിലും പാക്കിസ്ഥാന്‍, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍, സ്പെയിന്‍, ഇന്ത്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഈ മധുരക്കനികള്‍ വിളയാറുണ്ട്.


ഈത്തപ്പഴത്തിന്റെ ഗുണങ്ങള്‍

ഉണങ്ങിയ ഈത്തപ്പഴം (dried dates) എല്ലാ സീസണിലും ലഭ്യമാണെങ്കിലും നമ്മുടെ നാട്ടില്‍ റംസാന്‍ വ്രതാനുഷ്ഠാനക്കാലത്താണ് ഇവ ധാരാളമായി എത്താറ്. ഒരു ദിവ്യഫലം എന്ന രീതിയിലാണ് പലരും അതിനെ കാണുന്നതെങ്കിലും ഈത്തപ്പഴത്തിന്റെ അമൂല്യമായ ഔഷധഗുണങ്ങളെക്കുറിച്ച് അത്ര കൂടുതലായൊന്നും നാം മനസിലാക്കിയിട്ടില്ല. ഈത്തപ്പഴം പഴുത്തതായാലും ഉണങ്ങിയതായാലും ആരോഗ്യത്തിന് ഒരുപോലെ ഗുണകരമാണ്. അറേബ്യന്‍ നാടുകളില്‍ ഹൃദ്രോഗവും ക്യാന്‍സറും വളരെ കുറഞ്ഞ തോതില്‍ മാത്രമേയുള്ളൂ എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ കാരണം ഈത്തപ്പഴത്തിന്റെ വ്യാപകമായ ഉപയോഗമാണെന്ന് പറയപ്പെടുന്നു. ശരീരസൌന്ദര്യം നിലനിര്‍ത്തുന്ന, ഓജസും പുഷ്ടിയും പ്രദാനം ചെയ്യുന്ന ഈന്തിന്റെ മറ്റു സവിശേഷഗുണങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം.


1. വിറ്റാമിനുകളുടെ സമ്പന്നമായ കലവറ.

ഈന്തപ്പഴം നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നു പറയാന്‍ കാരണമുണ്ട്. ഇതില്‍ പലതരത്തിലുള്ള വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍-എ, വിറ്റാമിന്‍-സി, വിറ്റാമിന്‍-കെ, വിറ്റാമിന്‍ ബി6, തയാമിന്‍, നിയാസിന്‍, റിബോഫ്ളവിന്‍ എന്നിവയാണ് ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍. ഇത്രയേറെ വിറ്റാമിനുകള്‍ ഒന്നിച്ച് ശേഖരിച്ചുവച്ചിട്ടുള്ള വേറെ ഏതു ഫലമാണുള്ളത്?


2. ധാതുക്കളുടെ കലവറ

ഹീമോഗ്ളോബിന്റെ കുറവുമൂലമുണ്ടാകുന്ന അനീമിയ എന്ന അവസ്ഥ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ ഈത്തപ്പഴം നിങ്ങളെ അതില്‍നിന്ന് മോചിപ്പിക്കും. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ കാല്‍സ്യം ഈത്തപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. റ്യുമാറ്റിസം, ആര്‍ത്രൈറ്റിസ് എന്നിവ തടയുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു. കാരയ്ക്കയിലെ മറ്റു ധാതുക്കളാണ് മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാഷ്യം, കോപ്പര്‍, മാംഗനീസ്, സെലെനിയം എന്നിവ.


3. മലബന്ധത്തിന് പരിഹാരം

നിങ്ങള്‍ മലബന്ധം മൂലമുള്ള പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ സ്ഥിരമായി ഈത്തപ്പഴം കഴിക്കൂ. നിങ്ങളുടെ പ്രശ്നം ഒരു ചികില്‍സയും കൂടാതെ പമ്പ കടക്കും. ഈത്തപ്പഴത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുടലും മലാശയവുമെല്ലാം ശുദ്ധീകരിക്കപ്പെടുന്നു.


4. മസിലുകള്‍ക്ക് ബലം നല്‍കുന്നു

ഹൃദയാരോഗ്യം കുറഞ്ഞവരുടെ ഹൃദയപേശികള്‍ക്ക് ബലം കൂട്ടാന്‍ ഈത്തപ്പഴത്തിനു കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഗര്‍ഭിണികളോട് പതിവായി ഈന്തപ്പഴം കഴിക്കാന്‍ പറയുന്നത്. ഗര്‍ഭപാത്രത്തിന്റെ മസിലുകള്‍ക്ക് ബലം ലഭിക്കുന്നതുവഴി പ്രസവം പ്രയാസമില്ലാത്തതാവും.


5. ശരീരപുഷ്ടി കൂട്ടുന്നു

ഈത്തപ്പഴത്തിന് ശരീരപുഷ്ടി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നുള്ളത് ഒരു പാരമ്പര്യ വിശ്വാസമാണ്. ഇതില്‍ നിരവധി പോഷകങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ഒരേസമയം കരുത്തും പുഷ്ടിയും പ്രദാനം ചെയ്യുന്നു.


6. ദഹനത്തിനും ഉദരാരോഗ്യത്തിനും

ദഹനക്കുറവുമൂലമുണ്ടാകുന്ന നെഞ്ചെരിച്ചില്‍, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളെ ഈത്തപ്പഴത്തിന്റെ ഉപയോഗത്തിലൂടെ ഒഴിവാക്കാം. മാത്രമല്ല, ശരീരത്തിനാവശ്യമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇത് ഫലപ്രദമാണ്.


7. ഉയര്‍ന്ന കാലറി

കുറഞ്ഞ അളവില്‍ കൂടുതല്‍ കാലറി-അതാണ് ഈത്തപ്പഴത്തിന്റെ മറ്റൊരു സവിശേഷത. ഏറ്റവും മികച്ചതരം ഈത്തപ്പഴത്തിലെ ഒരെണ്ണത്തില്‍ 66 കാലറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ഡേറ്റ്സ് അകത്താക്കിയാല്‍ വളരെപ്പെട്ടെന്ന് നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കും. അതേസമയം ഉണങ്ങിയ ശരീരമുള്ളവര്‍ക്ക് തടിക്കാന്‍ പറ്റിയ ആഹാരവുമാണ് ഈത്തപ്പഴം. പ്രസവശേഷം ആഹാരം കൂടുതല്‍ കഴിക്കേണ്ടിവരുന്നതിനാല്‍ ബോഡി ഫിറ്റ്നസ് നഷ്ടപ്പെടുമോയെന്ന ആശങ്ക ഇന്നത്തെ യുവതികളില്‍ കലശലായുണ്ട്. അവര്‍ക്ക് കുറഞ്ഞ അളവില്‍ ഭക്ഷണം കഴിച്ച് കൂടുതല്‍ കാലറി നല്‍കാന്‍ ഈന്തപ്പഴത്തിനു സാധിക്കുന്നു.


8. തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നു

തലച്ചോറിന് ആവശ്യമായ വിറ്റാമിന്‍ എ, വിറ്റാമിന്‍-സി എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഈത്തപ്പഴം കുട്ടികളുടെ ബുദ്ധിവികാസത്തിന് അനുയോജ്യമാണ്. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് ബേക്കറിപ്പലഹാരങ്ങള്‍ക്കു പകരം സ്നാക്സായി കൊണ്ടുപോകാവുന്ന ഉത്തമഭക്ഷണമാണ് ഈത്തപ്പഴം. രണ്ട് ഈത്തപ്പഴവും ഒരു അണ്ടിപ്പരിപ്പും ഒരു ബദാംപരിപ്പും ചേര്‍ത്തു കഴിച്ചാല്‍ പിന്നെ ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടുകയേ വേണ്ട.

 

9. രോഗപ്രതിരോധശേഷിക്ക്

ഇത്രയേറെ പോഷകങ്ങളുടെ കലവറയായ ഫലമെന്ന നിലയ്ക്ക് ഈത്തപ്പഴത്തിന് നമ്മുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കഴിയും.

 

10. ലൈംഗികശേഷിക്ക്

ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനുള്ള അത്ഭുതസിദ്ധി ഈത്തപ്പഴത്തിനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു കൈക്കുമ്പിള്‍ ഉണങ്ങിയ ഈത്തപ്പഴം ഒരു ഗ്ളാസ് ആട്ടിന്‍പാലില്‍ കുതിര്‍ത്തശേഷം അതേ പാലില്‍ത്തന്നെ മിക്സിയില്‍ അടിച്ച് ബദാംപൊടിയും തേനും ചേര്‍ത്തിളക്കി കഴിച്ചാല്‍ ലൈംഗികശേഷിക്കുറവ് പരിഹരിക്കാം.


ഈത്തപ്പഴത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഗുണം ഇത് തികച്ചും പ്രകൃതിദത്ത ഫലമാണ് എന്നതാണ്. യാതൊരു രാസവളത്തിന്റെയും ആവശ്യമില്ലാതെ, ജലാംശമില്ലാത്ത മരുഭൂമിയിലും സമൃദ്ധമമായി വിളയുന്ന ഈന്തുകള്‍ മനുഷ്യന് പ്രകൃതി സമ്മാനിച്ച സവിശേഷവരദാനംതന്നെയാണ്. ഫലങ്ങളില്‍ ജലത്തിന്റെ അംശം കുറവായതിനാല്‍ ഉണങ്ങിയാലും ഇത് വരണ്ടുപോവുകയില്ല. അതുകൊണ്ട് വര്‍ഷംമുഴുവന്‍ ഈത്തപ്പഴം നമുക്ക് രക്ഷയേകുന്നു. ഇനി വിഷംതളിച്ച പഴങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ഒരു നിമിഷം ചിന്തിക്കുക. കണ്ണടച്ചു വിശ്വസിക്കാവന്ന ഈത്തപ്പഴത്തെയുംകൂടി വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുക.

 


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment