Sunday, 26 August 2012

[www.keralites.net] ആര്‍ത്തി, അത്യാര്‍ത്തി, സ്ഥാനാര്‍ത്തി -- ഇന്ദ്രന്‍

 

ആര്‍ത്തി, അത്യാര്‍ത്തി, സ്ഥാനാര്‍ത്തി

 

ഇന്ദ്രന്‍



ഗ്രീഡിന്റെ പച്ചമലയാളം ആര്‍ത്തി ആണ്. ആര്‍ത്തിക്ക് പല 
അവാന്തര വിഭാഗങ്ങളുണ്ട്. പ്രസിദ്ധിക്കുള്ള ആര്‍ത്തി,അധികാരത്തിനുള്ള ആര്‍ത്തി, പണത്തിനുള്ള
ആര്‍ത്തി, സ്ഥാനത്തിനുള്ള ആര്‍ത്തി, സ്വത്തിനുള്ള ആര്‍ത്തി.....


Fun & Info @ Keralites.net
കോണ്‍ഗ്രസ്സില്‍ ചിലര്‍ക്ക് ഗ്രീഡ് ഉണ്ടത്രേ. ദൈവദോഷം എന്നല്ലാതെന്തുപറയാന്‍ ! ഗ്രീഡിന്റെ നേരിയ ദുര്‍ഗന്ധം അകലെയെങ്കിലും ഉണ്ടായാല്‍ മണം പിടിക്കുന്ന ആളാണ് എം.എം. ഹസ്സന്‍. അദ്ദേഹമാണത് പറഞ്ഞത്. ഗ്രീഡിന്റെ പച്ചമലയാളം ആര്‍ത്തി ആണ്. ആര്‍ത്തിക്ക് പല അവാന്തര വിഭാഗങ്ങളുണ്ട്. പ്രസിദ്ധിക്കുള്ള ആര്‍ത്തി, അധികാരത്തിനുള്ള ആര്‍ത്തി, പണത്തിനുള്ള ആര്‍ത്തി, സ്ഥാനത്തിനുള്ള ആര്‍ത്തി, സ്വത്തിനുള്ള ആര്‍ത്തി..... പിന്നെ തെളിച്ചുപറയാന്‍ കൊള്ളാത്ത ആര്‍ത്തികള്‍ വേറെയുണ്ട്. സത്യമായും ഇതൊന്നും മരുന്നിന് പോലുമില്ലാത്ത ആളായതാണ് ഹസ്സന്റെ ദൗര്‍ബല്യം. മറ്റാരിലെങ്കിലും ഇത് കണ്ടാല്‍ ഹസ്സന് സഹിക്കില്ല. നെല്ലിയാമ്പതി മല കയറിച്ചെന്ന താടി നരച്ചതും അല്ലാത്തതുമായവരുടെ പച്ച ആര്‍ത്തി ഹസ്സന് ഒട്ടും സഹിച്ചില്ല. എല്ലാറ്റിനും വേണ്ടേ അതിര്?

ഹസ്സന്‍ ആദ്യം പ്രസ്താവിച്ചപ്പോള്‍ അത് ഹരിത പ്രതാപനെയും ഹരിത സതീശനെയും കുറിച്ചുള്ള കുറ്റപ്പെടുത്തലാണെന്ന് ധരിച്ച് ആളുകള്‍ സമാധാനിച്ചിരുന്നതാണ്. ഹസ്സന്‍ വിശദീകരിച്ചപ്പോഴാണ് സംഗതി കടുപ്പമുള്ളതായത്. സതീശനെയും പ്രതാപനെയും കുറിച്ചല്ല താന്‍ പറഞ്ഞത്. അവര്‍ അങ്ങനെ ധരിച്ചത് അപഹാസ്യമായിപ്പോയി എന്നാണ് ഹസ്സന്‍ജി പറഞ്ഞത്. എന്നെ കണ്ടാല്‍ കിണ്ണം കട്ടതുപോലെ തോന്നുമോ എന്നേതോ ചരിത്ര കഥാപാത്രം ചോദിച്ചതുപോലെ പ്രതാപനും സതീശനും തോന്നിപ്പോയതായിരിക്കണം. ഹസ്സന്‍ പിന്നെ ആരെക്കുറിച്ചാണ് പറഞ്ഞത്? ലോകത്തിന്റെ പൊതു അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടിയതോ?അതല്ല, കോണ്‍ഗ്രസ്സില്‍ മുഴുവന്‍ ആര്‍ത്തിക്കാരാണ് എന്ന് ധ്വനിപ്പിച്ചതോ ? ഹസ്സനും ദൈവത്തിനുമറിയാം.....

ഹസ്സന്‍ ദേശാടനപ്പക്ഷിയാണത്രേ. ഏറിയാല്‍ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ മാത്രം പറക്കാന്‍ കഴിയുന്ന പ്രതാപ-സതീശന്മാര്‍ക്ക് അങ്ങനെ പരിഹസിക്കാം. ഹസ്സന് സ്വന്തം മണ്ഡലമില്ല എന്നല്ല, കേരളം മുഴുവന്‍ മണ്ഡലമാണ് എന്നാണ് കാണേണ്ടത്. അദ്ദേഹം മഹത്തായ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറാണ്. സ്വന്തമെന്ന പദത്തിനെന്തര്‍ഥം എന്ന് മൂളിപ്പാട്ട് പാടി ഓരോ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വ്യത്യസ്തമണ്ഡലങ്ങളില്‍ ചെന്ന് പത്രിക കൊടുക്കാറാണ് പതിവ്. ജയിച്ചതിലേറെ തവണ തോറ്റു എന്നതും ഒരു കുറ്റമായി കാണേണ്ട. ഫലം നോക്കാതെ കര്‍മം ചെയ്യുന്ന സാത്വികനാണ് എന്നേ കരുതേണ്ടൂ. കമ്യൂണിസ്റ്റുകാര്‍ പറയുക പാര്‍ട്ടി പറഞ്ഞു, ഞാന്‍ മത്സരിച്ചു എന്നാണ്. കോണ്‍ഗ്രസ്സുകാര്‍ പറയുക ഞാന്‍ പറഞ്ഞു, പാര്‍ട്ടി മത്സരിപ്പിച്ചു എന്നാണ്. അര ഡസന്‍ മണ്ഡലങ്ങളില്‍ മാറി മാറി മത്സരിച്ചിട്ട് രണ്ടിടത്തേ ജയിച്ചുള്ളൂ എന്ന് ഹസ്സനെക്കുറിച്ച്, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ആലുവ മണ്ഡലത്തിലെ ഒരു'സ്ഥാനാര്‍ത്തി' പറയുകയുണ്ടായി. പാര്‍ട്ടിയെ രക്ഷിക്കുന്നതിനുവേണ്ടി എം.എം. ഹസ്സന്‍ ആലുവയിലേക്ക് വണ്ടി കയറിയിട്ടുണ്ട് എന്ന റിപ്പോര്‍ട്ട് കിട്ടിയപ്പോഴാണ് അദ്ദേഹം പ്രകോപിതനായത്. എതിര്‍പ്പ് കാരണം ഹസ്സന്‍ ദൗത്യം ഉപേക്ഷിച്ച് തിരിച്ചുപോയി. നിരവധി മണ്ഡലങ്ങളില്‍ നിരവധി സ്ഥാനാര്‍ത്തികള്‍ ഇങ്ങനെ ഹസ്സന്റെ വരവ് ഉറക്കത്തില്‍ ദുഃസ്വപ്നം കണ്ട് ഞെട്ടിയുണരാറുണ്ടത്രേ. അദ്ദേഹത്തിനുനേരേ അര ഡസന്‍ സീറ്റുകള്‍ വെച്ചുനീട്ടിയെന്നും എല്ലാം കപ്പിനും ചുണ്ടിനുമിടയില്‍ ദുഷ്ടന്മാര്‍ തട്ടിക്കളഞ്ഞെന്നുമാണ് കേട്ടത്. എന്നിട്ടും അദ്ദേഹം പാര്‍ട്ടി വിട്ട് എല്‍.ഡി. എഫിലൊന്നും പോയില്ല. നിയമസഭയിലേക്ക് മത്സരിക്കാനോ മറ്റോ ആണ് നെല്ലിയാമ്പതിയിലേക്ക് വരുന്നതെന്നമട്ടില്‍ എത്ര ക്രൂരമായാണ് ഈ ഗ്രീന്‍ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ ബദല്‍ നെല്ലിയാമ്പതി ടൂര്‍ സംഘടിപ്പിച്ചുകളഞ്ഞത്. ക്രൂരം! പൈശാചികം! ഒന്നുമില്ലാതിരുന്ന കാലത്ത് കിട്ടിയതാണ് ഒരു നെല്ലിയാമ്പതി അന്വേഷണ സമിതി അധ്യക്ഷപദവി. പച്ച അത്യാര്‍ത്തിക്കാരെ ഒരു പാഠം പഠിപ്പിക്കാന്‍ അതും കളയേണ്ടിവന്നു.
നാട്ടുകാരിലുണ്ടായ തെറ്റിദ്ധാരണ കെ.പി.സി.സി. പ്രസിഡന്റ് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ശക്തിപ്പെട്ടുപോയേനെ. പ്രസിഡന്റിന്റെ അറിവില്‍ പെട്ടേടത്തോളം കോണ്‍ഗ്രസ്സില്‍ ആര്‍ക്കും ആര്‍ത്തി ഇല്ല. ആര്‍ത്തിപ്പണ്ടാരമാണ് എന്ന് തോന്നിപ്പിക്കുന്ന ചില പ്രകടനങ്ങള്‍ പലരുടെയും ഭാഗത്ത് നിന്നുണ്ടാകാറുണ്ടെങ്കിലും അത് അവരുടെ ത്യാഗസന്നദ്ധതയുടെയും സേവനവ്യഗ്രതയുടെയും ലക്ഷണങ്ങളായി വേണം കാണാന്‍. ആരും തെറ്റിദ്ധരിക്കരുത് പ്ലീസ്.....

* * * * 

ലൗകിക ജീവിതത്തില്‍ വിരക്തിയും മടുപ്പും വന്ന് കാശിക്കുപോയ ആള്‍ തിരിച്ചുവന്ന് റിയല്‍ എസ്റ്റേറ്റ് പരിപാടി തുടങ്ങി എന്ന് പറഞ്ഞതുപോലെയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ്സിലെ അവസ്ഥ. അവസാനിപ്പിച്ചു എന്നുകരുതിയിരുന്ന എ, ഐ ഗ്രൂപ്പിസം പുനര്‍ജനിച്ചുവത്രെ. ഇനി ആര്‍ക്കും നിരാശ വേണ്ട. സദാ വി.എസ്, പിണറായി വിഭാഗീയത വായിച്ച് മടുത്തവര്‍ക്ക് വെറൈറ്റി എന്റര്‍ടെയ്ന്‍മെന്റ് പ്രതീക്ഷിക്കാം.
കോണ്‍ഗ്രസ്സില്‍ സ്ഥാനം ഓഹരിവെപ്പിനുള്ള ബെല്ലടിച്ചിരിക്കുന്നു. മലബാറിലെ കല്യാണമണ്ഡപങ്ങളില്‍ വിവാഹച്ചടങ്ങ് കഴിഞ്ഞാല്‍ സദ്യ കഴിക്കാന്‍ പായുന്ന ഒരു പാച്ചിലുണ്ട്. ഒരു പണിയുമില്ലാതെ വെറുതെ നടക്കുന്നവനും പായും, ഇതുകഴിച്ചിട്ടുവേണം ഫ്‌ളൈറ്റിന് പോകാനെന്ന മട്ടില്‍. കോണ്‍ഗ്രസ്സുകാര്‍ക്ക് സംഘടനാ തിരഞ്ഞെടുപ്പില്ലാത്ത സമയത്തുതന്നെ ഗ്രൂപ്പ് മറക്കാന്‍ പറ്റാറില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പൊന്നുമില്ലെങ്കിലും സദ്യയ്ക്ക് ഇലയിടാന്‍ തുടങ്ങിയിട്ടുണ്ട്. പായാതെ പറ്റില്ല.
സമനില തെറ്റിയോ എന്ന് സംശയം തോന്നാവുന്ന പെരുമാറ്റങ്ങളും പ്രതികരണങ്ങളും നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവുന്നതായി തോന്നിത്തുടങ്ങിയിട്ടുണ്ട്. സമനില തെറ്റിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ. പതിനാല് ജില്ലകള്‍, പതിനായിരം സ്ഥാനങ്ങള്‍, കാക്കത്തൊള്ളായിരം സ്ഥാനാര്‍ത്തികള്‍.... പണ്ട് സി.എച്ച്. മുഹമ്മദ് കോയയാണെന്ന് തോന്നുന്നു, പറഞ്ഞതുപോലെ രാവും പകലും ചര്‍ച്ച്യന്നെ, ചര്‍ച്ച്യന്നെ. ഒരിടത്തും എത്തുന്നുമില്ല. മറ്റുപാര്‍ട്ടികളെപ്പോലെയല്ല. ഇലാസ്തികത കൂടിയ പാര്‍ട്ടിയാണ്. പാര്‍ട്ടി ഭരണഘടന ഉണ്ടാക്കിയവര്‍ അംബേദ്കറേക്കാള്‍ കേമന്മാരാണ്. പ്രസിഡന്റ് സ്ഥാനമൊഴികെ ഏതും ഒന്നോ രണ്ടോ ഡസന്‍ വീതമാകാം. ജനറല്‍ സെക്രട്ടറി തന്നെ രണ്ട് ഡസനാണ്.
നിയമസഭാ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമ്പോള്‍ രാഹുലിന്റെ ആള്‍, പ്രിയങ്കയുടെ ആള്‍, മാഡത്തിന്റെ ആള്‍ എന്നിങ്ങനെ പലരെയും വിമാനത്തില്‍ കൊണ്ടുവന്നിറക്കാറുണ്ടല്ലോ. ആ ഹൈക്കമാന്‍ഡ് ഇപ്പോള്‍ കൈമലര്‍ത്തുകയാണ്. സമവായമുണ്ടാക്കിയിട്ട് ഇങ്ങോട്ട് വന്നാല്‍ മതി എന്ന കഠിനശിക്ഷയാണ് വിധിച്ചിരിക്കുന്നത്. നേരം പുലരുംവരെ മൈതാനത്തിരുന്ന് നിവേദനം വാങ്ങാന്‍ ഇത്രയും കഷ്ടപ്പാടില്ലെന്ന് പറഞ്ഞാവും മുഖ്യമന്ത്രി ഗ്രൂപ്പ് സ്ഥാനമോഹരിവെപ്പില്‍ നിന്ന് പിന്‍വാങ്ങി. രാഷ്ട്രീയമെന്നതുതന്നെ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കളിയാണ്. സ്ഥാനങ്ങള്‍ നറുക്കെടുത്ത് തീരുമാനിക്കും എന്നൊരു വ്യവസ്ഥയുണ്ടാക്കിയാല്‍ മനുഷ്യര്‍ക്ക് പോയി നാല് കാശ് പിരിക്കാനോ തിരുവനന്തോരത്ത് പോയി വല്ല ശുപാര്‍ശയും നടത്താനോ പറ്റുമായിരുന്നു. ഓരോ ഉപദ്രവങ്ങള്.....

* * * * 

പോലീസ് ജീപ്പിന് മുന്നിലൂടെ റോഡ് മുറിച്ചുകടന്നവനെപ്പോലും പിടിച്ച് ജീപ്പിലിട്ട് എല്ലുമുറിയെ തല്ലിയ ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. വിരമിച്ച ശേഷമാണ് പടച്ചവനെ ഓര്‍മ വന്നത്. പിന്നെ ഭക്തി, പ്രാര്‍ഥന, പ്രഭാഷണം എന്നിങ്ങനെ മോക്ഷമാര്‍ഗത്തിലായി സഞ്ചാരം. അതേ നാട്ടുകാരനാണ് കോടിയേരി ബാലകൃഷ്ണന്‍. നാനാവിധ ശത്രുസംഹാരക്രിയകള്‍ അദ്ദേഹവും പാര്‍ട്ടിയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരേ നടത്തുകയുണ്ടായി. ലൈവ് ആയി തെറിയഭിഷേകം, പോലീസ് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കല്‍, വാഴവെട്ട്, പോസ്റ്റര്‍ വധഭീഷണി തുടങ്ങിയ വിദ്യകള്‍ക്കും ശേഷം പതിനെട്ടാമത്തെ പൂഴിക്കടകന്‍ പ്രയോഗിച്ചിരിക്കുന്നു.
കണ്ണൂരില്‍ കളക്ടറേറ്റ് ഉപരോധത്തിന്റെ പ്രസംഗമായിരുന്നു വേദി. കോയമ്പത്തൂരില്‍ സുഖചികിത്സയൊക്കെ കഴിഞ്ഞ് ആള്‍ നല്ല ഉഷാറിലായിരുന്നു. ആയുര്‍വേദം കുറച്ചേറിപ്പോയതിനാലോ എന്നറിയില്ല സഖാവ് വിധിവിശ്വാസത്തിലും ഭക്തിമാര്‍ഗത്തിലുമൊക്കെയായിരുന്നു നടപ്പ്. ഇന്ന് സഖാക്കളുടെ എല്ലൊടിക്കുന്ന യശ്മാന്‍മാര്‍ മുമ്പ് അങ്ങനെ ചെയ്ത പുലിക്കോടന്‍ രാഘവന്‍, ബാലരാമന്‍, ജയറാം പടിക്കല്‍ എന്നീ ഭീകരന്മാരുടെ പില്‍ക്കാല അവസ്ഥ പോയി അന്വേഷിച്ചറിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തത്രെ. ഇവരെയൊന്നും പാര്‍ട്ടി വണ്‍ ടു ത്രീ എന്ന് എണ്ണി കഥ കഴിച്ചിട്ടില്ല. ഇവരില്‍ രണ്ട് പേര്‍ ശത്രുക്കള്‍ക്കുപോലും സങ്കടം തോന്നുംവിധം നരകിച്ചത്രേ മരിച്ചത്. പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായില്ലേ? പാര്‍ട്ടിയോട് കളിച്ചാല്‍ അങ്ങനെയിരിക്കും. പാര്‍ട്ടി ശിക്ഷിക്കില്ല..... പക്ഷേ, ദൈവം ശിക്ഷിക്കും. നമ്മളെ തല്ലുന്ന എല്ലാ ദുഷ്ടന്മാര്‍ക്കും ദൈവം ഘോരശിക്ഷകള്‍ വെച്ചിട്ടുണ്ട്. ഈ ജന്മത്തില്‍ ശിക്ഷ കിട്ടിയില്ലെങ്കിലും മരിച്ചുചെന്നാല്‍ അവറ്റകളെ നിത്യനരകത്തിലിടും പടച്ചോന്‍. സഖാക്കള്‍ ധൈര്യമായിരിക്കിന്‍..
ഇന്‍ക്വിലാബ് സിന്ദാബാദ്.....

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment