മൂല്യങ്ങളുടെ കാവലാളാവുക
ഖലീഫ ഉമറിന്െറ കോടതിയിലേക്ക് പിതാവിന്െറ ഘാതകനെയും കൊണ്ട് രണ്ട് ചെറുപ്പക്കാര്‍ വന്നു. യുവാക്കളുടെ പരാതിയില്‍ വിചാരണ തുടങ്ങി. പ്രതി ഇങ്ങനെ മൊഴി നല്കി: 'ഇവരുടെ പിതാവ് അദ്ദേഹത്തിന്െറ ഒട്ടകത്തെയുംകൊണ്ട് എന്െറ കൃഷിയിടത്തില്‍ പ്രവേശിച്ചപ്പോള്‍ വിരട്ടിയോടിക്കാന്‍ ഞാന്‍ ശ്രമിച്ചു. അദ്ദേഹം കൃഷിയിടം വിട്ടുപോകാന്‍ കൂട്ടാക്കാഞ്ഞതോടെ ഒരു കല്ലെടുത്തെറിഞ്ഞു. അദ്ദേഹത്തിന്െറ മര്മത്തില് ഏറ് കൊള്ളുകയും മരിക്കുകയുമായിരുന്നു'. സാക്ഷിവിസ്താരത്തിനും ക്രോസ്വിസ്താരത്തിനും ശേഷം ഉമര്‍ അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു.
വിധികേട്ട പ്രതി തന്െറ കുടുംബത്തെ ഒന്നു കണ്ടുവരാന്‍ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങള്ക്ക് വിലകല്പിക്കുന്ന ഇസ്ലാമിക കോടതിക്ക് പ്രതിയുടെ ആവശ്യം നിരസിക്കാനായില്ല. ആര് ജാമ്യം നില്ക്കുമെന്ന് ഉമര്‍ ആരാഞ്ഞു. ഗോത്രമേതെന്നറിയാത്ത അദ്ദേഹത്തിന് ജാമ്യം നില്ക്കാന് ആരും തയാറായില്ല. മാപ്പുകൊടുക്കാന്‍ വാദികളും തയാറായില്ല.
ആരും ജാമ്യം നില്ക്കാതെ വന്നഘട്ടത്തില്‍ വന്ദ്യവയോധികനും സാത്വികനും പണ്ഡിതനുമായ അബൂദര്‍രില്‍ ഗിഫാരി ജാമ്യം നില്ക്കുമെന്ന് പ്രഖ്യാപിച്ചത് സദസ്സിനെ ഞെട്ടിച്ചു. ഇന്നുമുതല്‍ മൂന്നാം നാള് ശിക്ഷ നടപ്പാക്കുന്ന സന്ദര്‍ഭത്തില്‍ പ്രതി ഹാജരായില്ലെങ്കില്‍ നീതി നടപ്പാക്കുന്നതില്‍ പിന്നോട്ടുപോകില്ലെന്ന് ഉമര്‍ മുന്നറിയിപ്പ് നല്കി. 'ഞാന്‍ അല്ലാഹുവില്‍ ഭരമേല്പിക്കുന്നു' എന്ന് മാത്രം പറഞ്ഞ് അബൂദര്റ് പോയി.
മൂന്നാം ദിനത്തില്‍ എല്ലാവരും ഒത്തുകൂടിയപ്പോള്‍ പ്രതി ഹാജരായിരുന്നില്ല. അബൂദര്റാകട്ടെ ശിക്ഷ ഏറ്റുവാങ്ങാനൊരുങ്ങി ജഡ്ജിക്ക് മുന്നില്‍ ഹാജരായി. ഇതുകണ്ട് വിശ്വാസികള്‍ അസ്വസ്ഥരായി. പണ്ഡിതനായ സഹാബിവര്യന്‍ ഏതോ പ്രതിക്കുവേണ്ടി വധിക്കപ്പെടുന്നത് അവര്ക്ക് ചിന്തിക്കാനായില്ല. സന്ധ്യയോടെ പെട്ടെന്ന് പ്രതി വന്നു. അബൂദര്റ് രക്ഷപ്പെട്ടുവെന്ന സമാശ്വാസത്തില്‍ തക്ബീര്‍ മുഴങ്ങി.
ഈ സന്ദര്‍ഭത്തില്‍ ഉമര്‍ പ്രതിയോട് ഇങ്ങനെ ചോദിച്ചു. 'നീ വന്നില്ലായിരുന്നെങ്കില്‍ നിന്നെത്തേടി ഞങ്ങളാരും വരില്ലായിരുന്നു. എന്നിട്ടും വരാന്‍ നിന്നെ പ്രേരിപ്പിച്ചതെന്ത്?' പ്രതി പറഞ്ഞു: 'ഞാന്‍ വന്നില്ലായിരുന്നുവെങ്കില്‍ കരാര്‍പാലനം എന്ന മൂല്യംതന്നെ നശിച്ചുപോയിയെന്ന് ജനങ്ങള്‍ പറയുമെന്ന് ഞാന്‍ ഭയപ്പെട്ടു.'
അപ്പോള്‍ അബൂദര്റിന്െറ നേരെ തിരിഞ്ഞ് ഉമര്‍ ചോദിച്ചു: 'ഗോത്രമേതെന്ന് അറിയാത്ത ഈ പ്രതിക്ക് ജാമ്യം നില്ക്കാന് അങ്ങയെ പ്രേരിപ്പിച്ചതെന്ത്?' അബൂദര്റ് ഇങ്ങനെ മൊഴിഞ്ഞു: 'ഞാന്‍ ഇദ്ദേഹത്തിനുവേണ്ടി ജാമ്യം നിന്നില്ലായിരുന്നുവെങ്കില്‍ എല്ലാ നന്മയും നശിച്ചുവെന്ന് പില്ക്കാലത്ത് ജനങ്ങള്‍ പറയുമോ എന്ന് ഞാന്‍ ഭയന്നു'.
അപ്പോഴതാ ആ രണ്ടു യുവാക്കളും ഇരുന്നു കരയുന്നു. ഞങ്ങള്‍ ഇദ്ദേഹത്തിന് മാപ്പുകൊടുത്തിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ഉമര്‍ അവരോട് ചോദിച്ചു: 'ഇപ്പോള്‍ ഇദ്ദേഹത്തിന് മാപ്പുകൊടുക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചതെന്ത്?' 'ഞങ്ങള്‍ ഇദ്ദേഹത്തിന് മാപ്പുകൊടുത്തില്ലായിരുന്നുവെങ്കില് വിട്ടുവീഴ്ച ചെയ്യുക (മാപ്പു നല്കുക) എന്ന മൂല്യംതന്നെ ഇല്ലാതായി എന്ന് പില്ക്കാലത്ത് ജനങ്ങള്‍ പറയുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.' ഇതുകേട്ട് ഉമറും വിശ്വാസികളും ഒന്നടങ്കം നാഥനെ വാഴ്ത്തി.
ലക്ഷണമൊത്ത ഒരു മുസ്ലിംസമുദായം ധര്മസംസ്ഥാപനാര്ഥവും സംരക്ഷണാര്ഥവും നിലകൊള്ളുന്നവരായിരിക്കും. മൂല്യങ്ങള്ക്ക് ഇടിവ് സംഭവിക്കുന്നത് അവര്‍ ഒരിക്കലും പൊറുക്കില്ല. കാരണം, അവര്‍ നന്മ സംസ്ഥാപിക്കാനും തിന്മ ഇല്ലായ്മ ചെയ്യാനും വേണ്ടി ജനങ്ങള്‍ക്കിടയില്‍ ഉയിര്ത്തെഴുന്നേല്പിക്കപ്പെട്ട സമൂഹമാണ് (വി. ഖുര്ആന്‍). അവരുടെ പ്രവാചകനാകട്ടെ എല്ലാ ഉത്കൃഷ്ടമൂല്യങ്ങളുടെയും പൂര്ത്തീകരണത്തിനായി നിയുക്തനായ വ്യക്തിത്വവും.'ഉല്കൃഷ്ട മൂല്യങ്ങളുടെ പൂര്ത്തീകരണത്തിനാണ് ഞാന്‍ നിയുക്തനായിരിക്കുന്നത്' (തിരുവചനം). ഖുര്ആന്‍ വരച്ചുകാണിക്കുന്ന ആദര്ശവിശുദ്ധി മുറുകെപ്പിടിച്ചും ഇസ്ലാമിക സംസ്കാരത്തെ ജീവിതത്തില്‍ നിലനിര്‍ത്തിയും എവിടെയും സത്യത്തെയും ധര്മത്തെയും നീതിയെയും മുറുകെപ്പിടിച്ചും നിലകൊള്ളുകയാണ് മുസ്ലിം സമുദായത്തിന്െറ ഉത്തരവാദിത്തം. ഇസ്ലാമിലെ എല്ലാ ആരാധനകളും ഈ യാഥാര്ഥ്യമാണ് വിശ്വാസികളെ ഓര്മിപ്പിക്കുന്നത്.
No comments:
Post a Comment