'രണ്ട് വെള്ളിമെഡലുകളും നാല് ഓട്ടുമെഡലുകളുമായി ഇന്ത്യ അവരുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനങ്ങളുമായി 30ാമത് സമ്മര്‍ ഒളിമ്പിക് ഗെയിംസില്‍നിന്ന് മടങ്ങുമ്പോള്‍, അതിനൊരു ചരിത്രവിജയത്തിന്‍െറ മുദ്രചാര്‍ത്തി ആഹ്ളാദിക്കാനാണ് ഇന്ത്യന്‍ വാര്‍ത്താമാധ്യമങ്ങള്‍ മത്സരിച്ചത്. ഈ ആഹ്ളാദപ്രകടനങ്ങളെ നൈമിഷികമായ വികാരപ്രകടനങ്ങളായി അംഗീകരിച്ചുകൊടുക്കാമെങ്കിലും ഇന്ത്യയെ ഈജിപ്തിനും മംഗോളിയക്കും ഒപ്പം തരംതാഴ്ത്തുന്നതിന്‍െറ അനൗചിത്യം അവരാരും ഓര്‍ക്കാതെ പോയി. ഹോക്കിയില്‍ 12 ടീമുകളേ മത്സരിക്കാനുണ്ടായിരുന്നുള്ളൂ. ഒരുകാലത്ത് ഹോക്കിയെന്നാല്‍ ഇന്ത്യയും ഇന്ത്യയെന്നാല്‍ ഹോക്കിയുമായിരുന്നു. 12ാം സ്ഥാനവുമായെത്തിയ ഇന്ത്യന്‍ ഹോക്കിയുടെ ചരമഗീതം 'ആസ്വദിച്ചശേഷം' ജര്‍മന്‍ ദേശീയ ന്യൂസ് ഏജന്‍സി, ഡി.പി.എ (ഡോയ്ന്മ പ്രസ് അര്‍ജന്‍റര്‍) തയാറാക്കിയ ഒരു പഠനറിപ്പോര്‍ട്ടിലാണ് വ്യഥയും വിഹ്വലതയും ഉയര്‍ത്തുന്ന, ഇന്ത്യന്‍ വാര്‍ത്താമാധ്യമങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ചുള്ള ചോദ്യമുയര്‍ന്നിരിക്കുന്നത്.
രസകരമാണീ പഠനറിപ്പോര്‍ട്ട്... ഇന്ത്യ ഇന്നുവരെ ഒളിമ്പിക് മത്സരവേദികളില്‍നിന്ന് നേടിയത് 21 മെഡലുകളാണ്. അമേരിക്കന്‍ ഐക്യനാടുകളുടെയും സോവിയറ്റ് റഷ്യയുടെയും ജനകീയ ചൈനയുടെയും മുന്‍ കിഴക്കന്‍ ജര്‍മനിയുടെയും മെഡല്‍ നേട്ടങ്ങളുമായി ഇന്ത്യയുടെ മെഡല്‍നേട്ടം തുലനം ചെയ്യണമെന്ന് ആരും ആഗ്രഹിക്കുന്നുണ്ടാകില്ല. എന്നാല്‍, അസാധാരണ കായികമികവുള്ള ഒരു സാധാരണ അമേരിക്കന്‍ പൗരന്‍െറ പ്രകടനങ്ങളുമായി നമുക്ക് ഇന്ത്യയുടെ നേട്ടങ്ങളെ ഒന്നു താരതമ്യപ്പെടുത്തിക്കൂടേ. 110 കോടി ജനങ്ങളും അവരുടെ വാര്‍ത്താമാധ്യമങ്ങളും നാണിച്ച് കണ്ണടക്കുന്നത് നമുക്കിവിടെ കാണാം. മൈക്കല്‍ ഫെല്‍പ്സ് എന്ന യുവ നീന്തല്‍താരം നേടിയത് 18 സ്വര്‍ണമെഡലുകളടക്കം 22 മെഡലുകളാണ്. ഇന്ത്യയുടെ സുശീല്‍കുമാര്‍ അവസാനനിമിഷം നേടിയ വെള്ളിമെഡലടക്കം സ്വാതന്ത്ര്യാനന്തര ഇന്ത്യാ മഹാരാജ്യത്തിന് നേടാനായത് ഇതിലും ഒരു മെഡല്‍ കുറവാണ് -21!
302 മെഡലുകള്‍ക്കായി 204 രാഷ്ട്രങ്ങള്‍ സര്‍വസന്നാഹങ്ങളുമായി ലണ്ടനില്‍ അണിനിരന്നപ്പോള്‍ ഇന്ത്യക്ക് നേടാനായത് ആറു മെഡലുകളാണ്. ഇതില്‍ സാങ്കേതികമായി പങ്കുവെക്കപ്പെട്ട ഓട്ടുമെഡലുകളും പ്രതിയോഗി പിന്‍വാങ്ങിയതിലൂടെ നേടാനായ നേട്ടവും കൂടിയുണ്ട്. മേരികോമിന്‍െറ ഓട്ടുമെഡലിനുശേഷം മെഡല്‍ പട്ടിക നാലായി ഉയര്‍ന്നപ്പോഴേ ഇന്ത്യയുടെ ദേശീയ മാധ്യമങ്ങള്‍ ഭാരതത്തിന്‍െറ ചരിത്രനേട്ടമെന്ന് അച്ചുനിരത്തിക്കഴിഞ്ഞിരുന്നു. ഉണര്‍ന്നുകൊണ്ടിരിക്കുന്ന രാക്ഷസനെന്ന വിശേഷണം, ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലയിലുള്ള ഇന്ത്യയുടെ ലോകസ്ഥാനം അമേരിക്കക്കും ചൈനക്കും ഒപ്പമാണ്. വിവരസാങ്കേതികവിദ്യയില്‍ ഇന്ന് ഇന്ത്യക്കാരന്‍റ 'കൈവിരലുകളുടെ' ചലനമനുസരിച്ചാണ് നാസ പോലും പ്രവര്‍ത്തിക്കുന്നത്. അങ്ങനെയുള്ള ഇന്ത്യയുടെ ഒളിമ്പിക്സിലെ എക്കാലത്തെയും മികച്ച സ്ഥാനം, അര്‍മേനിയക്കും മംഗോളിയക്കും ഇന്ത്യയിലെ ഏറ്റവും ചെറിയ ഒരു ഗ്രാമപഞ്ചായത്തിലെ ജനസംഖ്യയിലും കുറവുള്ള ഡൊമിനിക്കന്‍ റിപ്പബ്ളിക്കിനും താഴെയാണ്, എന്താണിതിന് കാരണം?
2008ല്‍ അഭിനവ് ബിന്ദ്രയുടെ സ്വര്‍ണമെഡല്‍ വിജയത്തിനുശേഷവും ഇന്ത്യന്‍ മാധ്യമങ്ങള്‍ വിജയാഹ്ളാദങ്ങളുമായി രംഗത്തെത്തിയപ്പോള്‍ അതിനെ പരിഹസിച്ചുകൊണ്ട്' ന്യൂയോര്‍ക് ടൈംസ്' രംഗത്തുവന്നു, അന്നവര്‍ എഴുതിയത് ഇങ്ങനെയായിരുന്നു. 'ഷൂട്ടിങ് മികവിനെ അംഗീകരിക്കുന്നവരാണ് ഞങ്ങള്‍. അതൊരു അപൂര്‍വ സിദ്ധിതന്നെയാണ്, ഏകാഗ്രതയുടെയും ലക്ഷ്യബോധത്തിന്‍െറയും നിദാനമാണത്. എന്നാല്‍, അതിനെ സമ്പൂര്‍ണ കായികമികവായി അംഗീകരിക്കാനാകില്ലല്ലോ. അങ്ങനെയാണെങ്കില്‍ ഇന്ത്യയുടെ കായികമികവ് എവിടെ, എന്തുകൊണ്ട്. ദൂരവും ഉയരവും വേഗവും ശക്തിയും കീഴടക്കി ഒരു സ്വര്‍ണമെഡല്‍ അവര്‍ക്ക് നേടാനാകുന്നില്ല. കാരണം ലളിതമാണ്. ലോകത്തിലെ ഏറ്റവും 'അണ്‍ സ്പോര്‍ട്ടിഷ്' ആയിട്ടുള്ള ജനവിഭാഗമാണ് ഇന്ത്യയിലുള്ളത്. (വായിക്കുന്നവര്‍, ലേഖകനെതിരെ ബഹളംവെക്കരുത് -സത്യമാണത്. യഥാര്‍ഥ രേഖകള്‍ അനുബന്ധമായിട്ടുണ്ട്). ഇതിനു മറുപടിയായി ഒരു വിദ്വാന്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ മറുപടികൂടി കാണുക. ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യശാസ്ത്രം കായികമികവിന് ഇണങ്ങിയതല്ല. ചൈനയടക്കമുള്ള രാഷ്ട്രങ്ങളിലെ ജനങ്ങളിലെ ശാരീരിക ഘടനയില്‍നിന്ന് വ്യത്യസ്തമാണത്. 'ഫാറ്റ് കൂടിയ ശരീരഘടന' വേര്‍തിരിച്ച് അപഗ്രഥിച്ച ശേഷമാണ് തന്‍െറ നിഗമനമെന്ന് സമര്‍ഥിക്കാനും ഈ 'മെറ്റബോളിക്' വിദഗ്ധന്‍ തയാറായി!
ചര്‍ച്ചകളും റിപ്പോര്‍ട്ട് സമര്‍പ്പണങ്ങളും നിര്‍ബാധം തുടരുമ്പോഴും മെഡല്‍ പട്ടികയില്‍ പിന്‍നിരയിലെ സ്ഥാനം മാറാതെ തുടരുന്നു. ഇന്ത്യയിലെ ഒരു മാധ്യമപ്രവര്‍ത്തകനും ഇതുവരെ തയാറാകാത്ത വിധം ഡി.പി.എയുടെ ദല്‍ഹി ബ്യൂറോ ഈ ഇന്ത്യന്‍ സ്പോര്‍ട്സ് രോഗത്തിന് 'പ്രതിവിധി' കണ്ടെത്താന്‍ ഇറങ്ങിയിരിക്കുന്നു.
ലോകരാഷ്ട്രങ്ങള്‍ ഖജനാവിലെ വന്‍ വിഹിതം ചെലവഴിച്ച് ലോക കായികമത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് ഭാവിതലമുറക്ക് മുതല്‍ക്കൂട്ടായി, അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കാനാണ്. ഇന്ത്യയില്‍ ഏഷ്യന്‍ ഗെയിംസും അതിനുശേഷം കോമണ്‍വെല്‍ത്ത് ഗെയിംസും 'വിജയകരമായി' അവസാനിച്ച ശേഷമുള്ള, അടിസ്ഥാന സൗകര്യങ്ങളുടെ ഇന്നത്തെ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഡി.പി.എക്ക് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. സാര്‍വദേശീയ നിലവാരമുള്ള കായികതാരങ്ങള്‍ക്കുപോലും അത്യാധുനിക സൗകര്യങ്ങളുള്ള കളിക്കളങ്ങള്‍ അപ്രാപ്യമാണ്. സാങ്കേതിക കാരണങ്ങളാല്‍ അതൊക്കെ പൂട്ടിയിട്ടിരിക്കുന്നു. നാടന്‍ മൈതാനങ്ങളില്‍ മത്സരിച്ച പരിചയവുമായിട്ടായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ലണ്ടനില്‍ മെഡല്‍ തേടിയെത്തിയത്. ഝാര്‍ഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ പോലും നീന്തല്‍ക്കുളത്തില്‍ ആവശ്യത്തിന് വെള്ളവും വെടിവെക്കാന്‍ ഉണ്ടകളും ഇല്ലാത്ത അവസ്ഥയുണ്ടായി. ഡി.പി.എ ഈ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്- ഒരു ലോകമെഡലിന് ശരാശരി വേണ്ടത് 10 മുതല്‍ 15 വര്‍ഷം വരെയുള്ള നിരന്തരമായ തീവ്രപരിശീലനമാണ്. ഇന്ത്യക്കാര്‍ക്ക് വേണ്ടത് പക്ഷേ, ഇന്‍സ്റ്റന്‍റ് മെഡലുകളാണ്. ഏറ്റവും കൂടിയത് മൂന്നു വര്‍ഷമാണ് ഒരു കായികതാരത്തിന്‍െറ പരമാവധി പരിശീലനം. ഇന്ത്യയിലെ വമ്പന്‍ താരങ്ങളും ദ്രോണാചാര്യ പരിശീലകരുമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ് ഈ നിഗമനങ്ങള്‍.
അക്കമിട്ട് നിരത്തുന്ന കാരണങ്ങള്‍ കൂടി കാണുക.
1. ഇന്ത്യന്‍ സ്പോര്‍ട്സ് രംഗം അഴിമതിക്കാരുടെ കൈകളിലാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്, കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി അധ്യക്ഷനും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷനുമായ സുരേഷ് കല്‍മാഡിയുടെ കാരാഗൃഹവാസം -പേരെടുത്തുപറഞ്ഞുതന്നെയാണ് ഡി.പി.എ ഇതെഴുതിയിട്ടുള്ളത്. ഒമ്പതു മാസത്തെ തടവിനുശേഷം കുറ്റവിമുക്തനാകുംമുമ്പ് അദ്ദേഹം ശ്രമിച്ചത് ലണ്ടനിലേക്കൊരു ഒളിമ്പിക് യാത്രക്കായിരുന്നു. പോരാത്തതിന് അദ്ദേഹത്തിന് പകരക്കാരനായിട്ടെത്തിയിരിക്കുന്നതും 'മറ്റൊരു രാഷ്ട്രീയക്കാരന്‍'.
2. കഴിവും കാര്യക്ഷമതയുമില്ലാത്ത ഭരണനേതൃത്വം സ്പോര്‍ട്സിനെ വെറും കളിയായി മാത്രം ഇന്നും കാണുന്നു.
3. ലോകബാങ്കിന്‍െറ കണക്കനുസരിച്ച് 400 ദശലക്ഷം ഇന്ത്യക്കാര്‍ ദാരിദ്ര്യരേഖക്കു താഴെയാണ്. ഒരു നേരത്തെ ഭക്ഷണമോ സ്പോര്‍ട്സോ എന്നതാണവരുടെ മുന്നിലുള്ള ചോദ്യം.
4. ഇന്ത്യയിലെ വിദ്യാഭ്യാസ-പഠന സംവിധാനങ്ങള്‍ സ്പോര്‍ട്സിനു ഇണങ്ങിയതേയല്ല, കാരണം, അമിതമായ പാഠ്യപഠന പദ്ധതികള്‍ കാരണം കുട്ടികള്‍ക്ക് കായിക വിനോദങ്ങളെക്കുറിച്ച് ചിന്തിക്കാനവസരം ലഭിക്കാറില്ല.
5. സമൂഹത്തിലെ ഏറ്റവും താഴെക്കിടയില്‍ ഉള്ളവരാണധികവും കായികരംഗത്തേക്ക് വരുന്നത്. അതുകൊണ്ടുതന്നെ അവരുടെ പ്രാഥമിക ആരോഗ്യഘടന സ്പോര്‍ട്സിനു അനുകൂലമല്ലാതാകുന്നു. എന്നാല്‍, ഇതിനൊരു മറുവശം കൂടിയുണ്ട്. ക്രിക്കറ്റിലും ടെന്നിസിലും ഇന്ത്യ മികവുകാട്ടുന്നതിനു കാരണം സമ്പന്നരും ആരോഗ്യവാന്മാരുമാണീ രംഗത്തുവരുന്നത്. അതുകൊണ്ടുതന്നെ, യൂറോപ്പിലെയോ, മറ്റു സാമ്പത്തിക മുന്‍നിര രാഷ്ട്രക്കാര്‍ക്കൊപ്പമോ മികവുള്ള കായികപ്രകടനങ്ങള്‍ നടത്താന്‍ അവര്‍ക്കാകുന്നു!
6. സ്പോര്‍ട്സ് പരിശീലന സൗകര്യങ്ങള്‍ വന്‍നഗരങ്ങളില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. അതുകാരണം ഗ്രാമീണ മേഖലയില്‍ കായിക മികവുള്ളവര്‍ക്കുപോലും ശാസ്ത്രീയ പഠനം നിഷേധിക്കപ്പെടുന്നു.
7. വിദേശയാത്ര മാത്രം ലക്ഷ്യമാക്കിയുള്ള കായിക സംഘടനാ ശൈലിയാണ് ഇന്ത്യയിലുള്ളത്. പങ്കെടുക്കുന്നതിലാണ് എല്ലാമെല്ലാമെന്ന ഒളിമ്പിക് തത്ത്വം പാലിക്കപ്പെടാനായി, അവസാന നിമിഷം സജ്ജമാക്കുന്ന ടീമുകളും അതിനൊപ്പം പോകാനുള്ള തത്രപ്പാടും രാഷ്ട്രീയ രംഗത്തുനിന്നുതന്നെ തുടങ്ങുന്നു.
8. എത്ര മികച്ച കായികതാരമായാലും ഒരു കാലത്തും ഇന്ത്യയുടെ കായിക സംഘടനകളുടെ ഭരണനേതൃത്വത്തില്‍ എത്താനാകാത്ത അവസ്ഥ. സെബാസ്റ്റ്യന്‍കോ എന്ന മധ്യദൂര ഓട്ടക്കാരന്‍ ലണ്ടന്‍ ഒളിമ്പിക് സംഘാടക സമിതി അധ്യക്ഷനായതുപോലെ ഫ്രാന്‍സ്ബെക്കന്‍ബവറിന് ജര്‍മന്‍ ലോകസമിതി അധ്യക്ഷനാകാനായതുപോലെ വികാസ് ഗൗഡക്ക് എന്നെങ്കിലും ഒരവസരമുണ്ടാകുമോയെന്ന് ഡി.പി.എ ലേഖകന്‍ നേരിട്ട് ചോദിച്ചത് 'ഡിസ്കസ് ഏറില്‍ എട്ടാമതെത്തിയ' ശേഷം വിശ്രമിക്കാനെത്തിയ ഗൗഡയോട് തന്നെയായിരുന്നു. 'അന്ന് ഇന്ത്യ ലണ്ടനില്‍ നേടിയത് മൊത്തം നാല് മെഡലുകളായിരുന്നു. എന്നിട്ടും ദു$ഖിതനായി ഗൗഡ പറഞ്ഞതിങ്ങനെയാണ് -ദുരവസ്ഥ മാറുമെന്നുതന്നെയാണ് എന്‍െറ പ്രത്യാശ... ഇതിലും മോശമായ സ്ഥിതി, കാണാന്‍ എനിക്കാവുകയില്ല.
ഒളിമ്പിക് ചരിത്രം അവലോകനം ചെയ്യാന്‍ അതിന്‍െറ ദു$സ്ഥിതി കണ്ടറിഞ്ഞ് പഠനം നടത്താന്‍ ഒരു വിദേശ മാധ്യമം വേണ്ടിവന്നിരിക്കുന്നു. അജയ് മാക്കനോടും കല്‍മാഡിയോടും വി.കെ. മല്‍ഹോത്രയോടും വികാസ് ഗൗഡയോടുമൊക്കെ ജര്‍മന്‍ വാര്‍ത്താമാധ്യമം ചോദിച്ചു ഇനിയെന്ത്? പറയൂ, ആറു മെഡലുകളില്‍ അഭിമാനിക്കാനാകുമോ നമുക്ക്, അങ്ങനെയാണെങ്കില്‍ മൈക്കല്‍ ഫെല്‍പ്സിനെ ആരായിട്ടാകും അമേരിക്കക്കാര്‍ക്ക് കാണാനാവുക?
No comments:
Post a Comment