| | മലയാള സിനിമയുടെ പുതുതലമുറ തിയേറ്ററുകളില്‍ പിച്ചവെച്ചും ഓടിക്കളിച്ചും വളര്‍ന്നുവരുമ്പോള്‍ അവര്‍ക്കിടയിലേയ്‌ക്ക് വിരസതയുടെ കൊമ്പുകുലുക്കി, ചിന്നം വിളിച്ച് പാഞ്ഞടുക്കുകയാണ് താപ്പാന! ആസ്വാദനത്തിന്റെ പുതുരുചി നുകര്‍ന്ന് തുടങ്ങിയ പ്രേക്ഷകമനസ്സിന് കയ്‌പ്പേറിയ അനുഭവങ്ങളാണ് താപ്പാന വിളമ്പുന്നത്. മമ്മൂട്ടിയെന്ന മെഗാതാരത്തിന് ലഭ്യമാവുന്ന സാറ്റലൈറ്റ് റൈറ്റ്, അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തിന്റെ സഹകരണം എന്നിവ കൂടിച്ചേരുമ്പോള്‍ താപ്പാന സാമ്പത്തികമായി സുരക്ഷിതത്വം കൈവരിച്ചേക്കും. എന്നാല്‍ 375 സിനിമകളോളം മുതിര്‍ന്ന മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടി എന്ന നടനെ സ്‌നേഹിക്കുന്നവരുടെ, ഒപ്പം സിനിമയെന്ന കലാരൂപത്തെ മാത്രം ആരാധിക്കുന്ന നിഷ്‌പക്ഷമതികളായ പ്രേക്ഷകലക്ഷങ്ങളുടെ മനസ്സിനെ താപ്പാന ദരിദ്രമാക്കിക്കളയുക തന്നെ ചെയ്യും. ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങുന്ന അനാഥനും അവിവാഹിതനുമായ സാംസണ്‍ എന്ന വ്യക്‌തിയും(യുവാവ്, മധ്യവയസ്‌കന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ഒഴിവാക്കുന്നു) അതേ ജയിലില്‍ നിന്ന് കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന ഒരു യുവതിയുടേയും കഥയാണ് താപ്പാന മൊഴിയുന്നത്. സ്വാഭാവികമായും എന്തെങ്കിലുമൊക്കെ ഒരു കഥയുടെ പേരിലാവുമല്ലോ ഓരോ പുള്ളിയും ജയിലിലാവുന്നത്! ആ കഥയും ജയില്‍ മോചിതരായതിനു ശേഷമുള്ള അവരുടെ കഥയും താപ്പനയിലൂടെ കണ്ടറിയാം. സിനിമാപ്രവര്‍ത്തകര്‍ക്ക് പ്രിയങ്കരമായ പുതുമ, വ്യത്യസ്‌തത എന്നീ പദങ്ങളെ നുള്ളിയുണര്‍ത്താനുള്ള ക്രൂരത തിരക്കഥാകൃത്ത് കാണിച്ചിട്ടില്ലാ എന്നതിനാല്‍ സംവിധായകന് അവയുടെ അതിപ്രസരംകൊണ്ട് പ്രേക്ഷകബുദ്ധിയെ പരീക്ഷിക്കാതെ ചിത്രമൊരുക്കാനായി! പുണ്യം. ഗവിന്‍ ഹുഡ് സംവിധാനം ചെയ്‌ത് അക്കാദമി അവാര്‍ഡ് കരസ്‌ഥമാക്കിയ ടോറ്റ്‌സി ((Tsotsi) എന്ന ദക്ഷിണാഫ്രിക്കന്‍ ചിത്രത്തെ സീന്‍ ബൈ സീന്‍ പകര്‍ത്തി നട്ട് 'മുല്ല'യാക്കിയിട്ടും മഹത്തായ ആ ചിത്രത്തിന്റെ മികവിന്റെ സൌരഭ്യം മുല്ലയ്‌ക്ക് പകരാനാവാതെ പോയ എം. സിന്ധുരാജാണ് മുഷിപ്പന്‍ കഥാസന്ദര്‍ഭങ്ങള്‍ ഒരുക്കി താപ്പാനയുടെ തിരക്കഥ മെഴുകിയിരിക്കുന്നത്. മോഷ്‌ടിച്ചെടുത്ത ആശയരേതസ്സ് നിറച്ച തൂലികള്‍ പ്രസവിക്കുന്ന സൃഷ്‌ടികള്‍ ഗുണവും മണവുമില്ലാതെ പോവുക സ്വാഭാവികം. എത്സമ്മ എന്ന ആണ്‍കുട്ടി മാത്രമായിരുന്നു സിന്ധുരാജിന്റെ തൂലികയില്‍ പിറന്ന വര്‍ക്കത്തുള്ള കുട്ടി. അതിനെ വളര്‍ത്തിയെടുത്ത ലാല്‍ജോസിന് സിന്ധുരാജിന് നന്ദി പറഞ്ഞിരിയ്‌ക്കാം. സിനിമ ടേക്കിംഗ്‌സിന്റെ വ്യാകരണം ജോനി ആന്റണിയ്‌ക്ക് അറിയില്ലെന്ന് ആരും പറയില്ല. എങ്കിലും ഭേദപ്പെട്ട ഒരു തിരക്കഥ കണ്ടും കൊണ്ടും പരിചയിച്ച ശീലം അദ്ദേഹത്തിന് കമ്മിയാണ്. സൈക്കിള്‍ ആശ്വാസമായെങ്കില്‍ മാസ്‌റ്റേഷ്‌സ് പ്രതീക്ഷയായിരുന്നു. ജോണിയ്‌ക്ക് ആറു മുതുല്‍ അറുപത് വരെ ഇനി വളരാനുണ്ട്. പ്രതിഭയേക്കാള്‍ അര്‍പ്പണ ബോധവും ആഗ്രഹവും വിജയിക്കുന്ന സന്ദര്‍ഭങ്ങള്‍ മനുഷ്യജീവിതത്തില്‍ സംഭാവിക്കാറുണ്ട് ജോണീ. തിരിച്ചറിവുകള്‍ ആവണം ദൈവം. താപ്പാന ആവരുത്. താപ്പാന എന്ന സിനിമയെക്കുറിച്ച് ഏറെയൊന്നും പറയാനില്ല. യാതൊരു പ്രതീക്ഷകളുമില്ലാതെ, ഈ ഉത്സവകാലത്ത് മറ്റ് ആഘോഷങ്ങള്‍ക്കൊന്നും മിനക്കെടാതെ കൊന്ന് രസിക്കാന്‍ മാത്രമുള്ള സമയത്തെ കൂട്ടിലിട്ട് വളര്‍ത്തുന്നവര്‍ക്ക് താപ്പാനയുടെ വികൃതികള്‍ കാണാം. മുരളി ഗോപിക്ക് നല്‍കിയ പ്രതിനായക വേഷം ആള്‍ സമര്‍ത്ഥമായി ഉപയോഗിച്ചുവെന്ന് പറയാതെ വയ്യ. തുടക്കത്തില്‍ തന്നെ താപ്പാനയുടെ ഒടുക്കത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ധാരണ ലഭിക്കും എന്നതാണ് ഏറ്റവും വലിയ ന്യൂനത. പ്രേക്ഷകന്റെ ഊഹങ്ങളെ വഴിതെറ്റിക്കാനും പരാജയപ്പെടുത്താനും ആവാതെ അവര്‍ക്ക് മുന്നില്‍ കീഴടങ്ങുന്നുവെങ്കില്‍ അത് തികച്ചും പരാജയമാണ്. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും. ആഗസ്‌റ്റ് 15 മുതല്‍ കോബ്ര വരെയുള്ള 7 സിനിമകളുടെ ജാതകമെന്തായിരുന്നുവെന്ന് മമ്മൂട്ടി ആലോചിച്ചിരുന്നെങ്കില്‍ ദുര്‍ബ്ബലനായ ഈ താപ്പാനയായി പ്രേക്ഷകരെ തെളിച്ച് തിയേറ്ററില്‍ കയറ്റാന്‍ അദ്ദേഹം ഇറങ്ങിത്തിരിക്കില്ലായിരുന്നു... കുഴിയില്‍ വീണ കാട്ടാനകളായി പ്രേക്ഷരെ ധരിയ്‌ക്കേണ്ടതില്ല. ഒരു കൊമ്പനും വമ്പനും. |
No comments:
Post a Comment