| | തിരുവനന്തപുരം: നടപ്പു സാമ്പത്തികവര്‍ഷം അവസാനിക്കുന്നതോടെ സംസ്‌ഥാനത്തിന്റെ പൊതുകടം ലക്ഷം കോടി കവിയും. വാര്‍ഷിക പദ്ധതി പൂര്‍ത്തിയാക്കാന്‍ 11,412 കോടി രൂപ പൊതുവിപണിയില്‍നിന്നു വായ്‌പയെടുക്കേണ്ടിവരുമെന്നു ധനവകുപ്പ്. 90,000 കോടി രൂപയാണ് ഇപ്പോള്‍ കേരളത്തിന്റെ പൊതുകടം. പദ്ധതി നിര്‍വഹണത്തിന് 11,412 കോടി രൂപ വായ്‌പയെടുക്കേണ്ടി വരുമ്പോഴാണു പൊതുകടം ഒരു ലക്ഷം കോടി കവിയുന്നത്. ഇതോടെ ജനിച്ചു വീഴുന്ന ഓരോ കുട്ടിയും 33,000 രൂപ കടക്കാരനാവും. സംസ്‌ഥാനത്തെ റവന്യൂ വരുമാനത്തിന്റെ 90 ശതമാനവും ജനസംഖ്യയുടെ മൂന്നു ശതമാനം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് ഇപ്പോള്‍ ചെലവാക്കുന്നത്. ബാക്കി 10 ശതമാനം കൊണ്ട് 97 ശതമാനം ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയില്ല. അതുകൊണ്ടാണു വായ്‌പയെ ആശ്രയിക്കുന്നത്. 2011-12 സാമ്പത്തിക വര്‍ഷത്തെ റവന്യൂ വരുമാനം 38,010.37 കോടി രൂപയാണ്. ഇതില്‍ 16,228.97 കോടി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി. പെന്‍ഷന് 8,700 കോടി. വിവിധ വായ്‌പകളുടെ പലിശയായി 6,336 കോടി അടച്ചു. 322.3 കോടി വായ്‌പ തിരിച്ചടച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനത്തിന്റെ 83.16 ശതമാനവും ശമ്പളത്തിനും പെന്‍ഷനുമായാണു ചെലവഴിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ പദ്ധതി നിര്‍വഹണത്തിന് ആറായിരം കോടി രൂപയും രണ്ടാം പാദത്തില്‍ 5,412 കോടിയും വായ്‌പയെടുക്കണമെന്നാണു ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും തുക ഉണ്ടെങ്കിലേ വികസന പദ്ധതികള്‍ കാര്യക്ഷമമായി നടക്കൂ. പതിവിനു വിരുദ്ധമായി ബജറ്റ് അവതരിപ്പിച്ച് രണ്ടാഴ്‌ച കഴിഞ്ഞു ധനമന്ത്രി കെ.എം. മാണി എല്ലാ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിച്ചു ചേര്‍ത്തു പല പദ്ധതികള്‍ക്കും മുന്‍കൂര്‍ അനുമതി നല്‍കി. ആദ്യ പാദത്തിലെ ഈ പദ്ധതികളുടെ ചെലവിനായി കഴിഞ്ഞ മേയ് അവസാനം 2,000 കോടി രൂപ പൊതുവിപണിയില്‍നിന്നു വായ്‌പയെടുത്തു. ആദ്യ പകുതിയില്‍ വേണ്ട 6000 കോടിയില്‍ ഇതും ഉള്‍പ്പെടും. ഇന്ധനവില അടിക്കടി വര്‍ധിച്ചതു സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതിയെ ബാധിക്കും. റവന്യൂ ചെലവ് കൂടുമെന്ന് ആശങ്കയുണ്ട്. ഇതു മറികടക്കാന്‍ പദ്ധതിയേതര ചെലവിന്റെ 10 ശതമാനം വെട്ടിക്കുറയ്‌ക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തെയും പെന്‍ഷനെയും ഇതില്‍നിന്ന് ഒഴിവാക്കണം. കേന്ദ്രത്തിന്റെ നിര്‍ദേശമാണിത്. |
No comments:
Post a Comment