വെള്ളാനിക്കരയിലെ കൊലക്കേസ് എന്റെ രാഷ്ട്രീയഭാവി നശിപ്പിക്കാനുള്ള ഗൂഢാലോചനയാക്കി മാറ്റിയത് അന്നത്തെ മുഖ്യമന്ത്രി R.ശങ്കറും ആഭ്യന്തരമന്ത്രി പി ടി ചാക്കോ യുമാണ്. സീതാറാം സമരവും അന്തിക്കാട്ടെ ചകിരി സമരവും തൃശൂരിലെ പീടികത്തൊഴിലാളികളുടെ സമരവും നയിച്ച എനിക്ക്, വെള്ളാനിക്കര എസ്റ്റേറ്റിലെ ദുര്‍നിയമങ്ങള്‍ കണ്ടുനില്‍ക്കാനാവുമായിരുന്നില്ല...... യൂണിയന്‍ സംഘടിപ്പിക്കാന്‍ പ്രയാസമില്ലായിരുന്നു. പക്ഷേ, എസ്റ്റേറ്റ് ഉടമയുടെ എതിര്‍പ്പ് ഇത്രയും രൂക്ഷമാണെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
ശങ്കര്‍- ചാക്കോ അച്ചുതണ്ടിന്റെ വിമര്‍ശകനായ എന്നെ വേട്ടയാടിപ്പിടിക്കാന്‍ വെള്ളാനിക്കര കൊലക്കേസിലൂടെ വഴിനോക്കുകയായിരുന്നു ചിലര്‍. മുഖ്യശത്രുവായ കമ്യൂണിസ്റ്റുകാരില്‍നിന്നുപോലും എനിക്കിത്ര എതിര്‍പ്പുണ്ടായിട്ടില്ല. വെള്ളാനിക്കരയില്‍ തട്ടില്‍ എസ്റ്റേറ്റ് ഒരു റബര്‍ എസ്റ്റേറ്റായിരുന്നു. എനിക്ക് നല്ല പരിചയമുള്ള പ്രദേശമാണിത്. ഓരോ വീട്ടുകാരെയും എനിക്കറിയാം. ഒരുകാലത്ത് ഞാന്‍ അവരുടെ എംഎല്‍എയും ആയിരുന്നു. എസ്റ്റേറ്റിലെ യൂണിയന്‍ രൂപീകരണത്തിന് ഞാനും കെ വി കെ പണിക്കരുമാണ് യത്നിച്ചത്.
വെള്ളാനിക്കരയിലെ തൊഴിലാളികള്‍ അങ്ങേയറ്റം ശോചനീയമായ ചുറ്റുപാടിലാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ടാണ് ചില ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തൊഴിലാളികള്‍ സമരം തുടങ്ങിയത്. സമരം ആരംഭിച്ചപ്പോള്‍ എസ്റ്റേറ്റ് ഉടമയും ശിങ്കിടികളും തൊഴിലാളികളുടെ നേരെ ഭീഷണി മുഴക്കാന്‍ തുടങ്ങി. ഇത് നിരന്തരം തുടര്‍ന്നു. പെട്ടെന്നൊരു പ്രതികാര നടപടി ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍ യൂണിയനിലെ രണ്ടുപേര്‍ക്ക് കുത്തേറ്റ സംഭവം ഞങ്ങള്‍ പ്രതീക്ഷിക്കാത്തതായിരുന്നു. കുത്തേറ്റ കെ വി വാറുണ്ണി തല്‍ക്ഷണം മരിച്ചു. കൈപ്പിള്ളി തിലകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 82 ദിവസങ്ങള്‍ക്കുശേഷം ഞങ്ങളെ മുഴുവന്‍ കണ്ണീരിലാഴ്ത്തി തിലകന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ച് മരണമടഞ്ഞു. അതോടെ ആ പ്രദേശം മുഴുവന്‍ പ്രതിഷേധംകൊണ്ട് തിളച്ചുമറിയാന്‍ തുടങ്ങി. ......
അന്നുരാത്രി ഞങ്ങള്‍ പൂര്‍ണമായ പണിമുടക്കുതുടങ്ങി. "തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയശേഷമേ പണിക്കുകയറൂ"- ഞങ്ങള്‍ പ്രഖ്യാപിച്ചു. എസ്റ്റേറ്റ് ഉടമ തട്ടില്‍ കൊച്ചുവറീത് ഒരു കടുംപിടിത്തക്കാരനായിരുന്നു. സമരത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ നടന്ന യോഗത്തില്‍ യൂണിയന്‍ സെക്രട്ടറിയായിരുന്ന കോയക്കുട്ടിയെ പങ്കെടുപ്പിച്ചത് വറീതിന് രസിച്ചില്ല. യൂണിയന്‍ നേതാക്കളായി പനമ്പിള്ളിയും ഞാനും കൂടെയുണ്ടായിരുന്നു. എന്നാല്‍, എസ്റ്റേറ്റിലെ ടാപ്പര്‍ തൊഴിലാളിയായ കോയക്കുട്ടിയുടെകൂടെ പ്രശ്നം ചര്‍ച്ചചെയ്യാന്‍ എസ്റ്റേറ്റ് ഉടമ തയ്യാറായില്ല. ഒരു തെണ്ടിച്ചെക്കന്റെ കൂടെ ഞാനിരിക്കില്ല- കൊച്ചുവറീത് പൊട്ടിത്തെറിച്ചപ്പോള്‍ പനമ്പിള്ളി തിരിച്ചടിച്ചു. "കോയക്കുട്ടിയെപ്പറ്റി പറഞ്ഞത് പിന്‍വലിച്ചില്ലെങ്കില്‍ നിങ്ങള്‍ ഇവിടെനിന്നും പുറത്തുകടക്കില്ല." തൊഴിലാളികളോടുള്ള ഉടമയുടെ സമീപനം വ്യക്തമാക്കാനാണ് ഇക്കാര്യം എടുത്തുപറഞ്ഞത്. അത്തരമൊരന്തരീക്ഷമായിരുന്നു എസ്റ്റേറ്റിലുടനീളം.
ഈ സാഹചര്യത്തിലാണ് ഉടമയുടെ കൂടെനിന്ന സൂപ്രണ്ട് ജോണ്‍ കൊല്ലപ്പെട്ട വിവരം ഞങ്ങള്‍ അറിയുന്നത്. .....സെപ്തംബറില്‍ എട്ട് തൊഴിലാളികളുടെ പേരില്‍ പൊലീസ് കേസെടുത്തു. ഈ ഘട്ടത്തില്‍ ഞാനോ, പണിക്കരോ കൊലക്കേസില്‍ പ്രതികളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍, ഒക്ടോബര്‍ മൂന്നാമത്തെ ആഴ്ചയില്‍ തിരുവനന്തപുരത്തുനിന്ന് വ്യക്തമായ നിര്‍ദേശം പൊലീസിന് ലഭിച്ചു. മുഖ്യമന്ത്രിയും തൃശൂരിലെ ചില സമുദായപ്രമാണികളും നടത്തിയ ഗൂഢാലോചനയായിരുന്നു അത്. ഒക്ടോബര്‍ 24ന് എന്നെയും പണിക്കരെയും പ്രതിചേര്‍ത്ത് അഡീഷണല്‍ ചാര്‍ജ് ഷീറ്റ് നല്‍കി. ഞാന്‍ ഒമ്പതാംപ്രതിയും പണിക്കര്‍ പത്താംപ്രതിയും. കൊലപാതകം ചുമത്തിയായിരുന്നു കുറ്റപത്രം.
തൃശൂരില്‍ ഡിസിസി ഓഫീസില്‍വെച്ചാണ് ഞാന്‍ വിവരമറിയുന്നത്. സൂപ്രണ്ടിനെ കൊലപ്പെടുത്തിയ കേസില്‍ എന്നെ പ്രതിയാക്കി നശിപ്പിക്കാനായിരുന്നു ചാക്കോയും ശങ്കറുംകൂടി ഗൂഢാലോചന നടത്തിയത്. അന്ന് ശങ്കര്‍ മന്ത്രിസഭയെ സി കെ ജിയും മറ്റും നഖശിഖാന്തം എതിര്‍ത്തിരുന്നു. എതിര്‍പ്പ് മന്ത്രിമാരോടായിരുന്നില്ല. നയങ്ങളോടായിരുന്നു. അക്കാലത്ത് സി കെ ജിയോടൊപ്പം നിന്ന എന്നെ ദുര്‍ബലപ്പെടുത്തിയാല്‍ ഈ ഗ്രൂപ്പ് തന്നെ ഇല്ലാതാവുമെന്നായിരുന്നു ശങ്കറിന്റെ ഉള്ളിലിരിപ്പ്. കൊച്ചിയിലും മലബാറിലുമുള്ള നേതാക്കള്‍ കോണ്‍ഗ്രസിന്റെ ആദ്യ ഘട്ടത്തില്‍ത്തന്നെ രംഗത്തുവന്നവരാണ്. അവരുടെ വിമര്‍ശനം ശങ്കറിന് ഇഷ്ടപ്പെട്ടിരുന്നില്ല. "മലബാറില്‍നിന്നും കൊച്ചിയില്‍നിന്നും ആരും നേതാവാകേണ്ട" എന്ന അഹന്തയും ഇതിന് പിന്നിലുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ യഥാര്‍ഥ പോരാളികള്‍ പിന്തള്ളപ്പെടുന്ന ദുഃഖകരമായ സാഹചര്യം അന്നുമുണ്ടായിരുന്നു.
എസ്റ്റേറ്റില്‍വെച്ച് മുന്നൂറില്‍പ്പരംപേര്‍ പങ്കെടുത്ത യോഗത്തില്‍ സൂപ്രണ്ടിനെ കൊലപ്പെടുത്തണമെന്ന് ഞാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്..... ഈ കേസില്‍ ഞാന്‍ ഉള്‍പ്പെട്ടിട്ടേയില്ലെന്ന് ലോക്കല്‍ പൊലീസിനും ബോധ്യപ്പെട്ടതാണ്. എന്നാല്‍, തിരുവനന്തപുരത്തുനിന്നും വന്ന ഉത്തരവ് എന്നെ പ്രതിയാക്കണം എന്നു തന്നെയായിരുന്നു. എന്നു മാത്രമല്ല, എന്നെ അറസ്റ്റുചെയ്ത് വിലങ്ങുവെച്ച് തൃശൂര്‍ നഗരത്തില്‍ക്കൂടി നടത്തണമെന്നും ചിലര്‍ നിര്‍ദേശിച്ചു. ഇത് അറിഞ്ഞയുടനെ അന്നത്തെ ഡിഎസ്പി പണിക്കര്‍തന്നെ എന്നെ വിവരം അറിയിച്ചു. ഞാന്‍ കോണ്‍ഗ്രസ് ഓഫീസില്‍നിന്നും നേരെ വീട്ടിലെത്തി. ഒന്നോ രണ്ടോ ജോഡി വസ്ത്രം, നൂറുരൂപ ഇത്രയും ഒരു പെട്ടിയിലാക്കി ഞാന്‍ ഒളിവില്‍ പോകാന്‍ തയ്യാറായി. കല്ല്യാണിയോട് വിവരം പറഞ്ഞു. മക്കളെ അറിയിക്കണ്ട. "അവര്‍ ഇതറിഞ്ഞാല്‍ ആകെ വിഷമിക്കും." അന്ന് മുരളിക്ക് എട്ടോ ഒമ്പതോ വയസ്സേയുള്ളൂ. പത്മജ ചെറിയ കുട്ടിയാണ്.....കാറുമായി കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എത്തി. എന്നെ വിലങ്ങുവെച്ച് തൃശൂരില്‍കൂടി നടത്താന്‍ അന്ന് ആഭ്യന്തരമന്ത്രി തൃശൂര്‍ കലക്ടര്‍ ശ്രീധരന്‍നായരെ വിളിച്ച് ചട്ടംകെട്ടിയ വിവരം കുറൂര്‍ അറിഞ്ഞിരുന്നു. ""ആരും വിഷമിക്കണ്ട. കരുണാകരനെ ഞാന്‍ കൊണ്ടുപോകാം"". കുറൂര്‍ എല്ലാവരോടുമായി പറഞ്ഞു. കുറൂരിനോടൊപ്പം ഞാന്‍ കാറില്‍ കയറി. വണ്ടി കോയമ്പത്തൂരിലേക്ക് പാഞ്ഞു. അവിടെനിന്നും മദ്രാസിലേക്കും. ""എന്ത് പ്രശ്നമുണ്ടെങ്കിലും എന്നെ അറിയിക്കണം. ഈ ചതിക്ക് നമുക്ക് പിന്നീട് മറുപടി നല്‍കാം."" കുറൂര്‍ പറഞ്ഞു. കുറൂരിന്റെ വാക്കുകള്‍ എനിക്ക് ധൈര്യം പകര്‍ന്നു. പിന്നീട് മദ്രാസില്‍, ഒരു ബന്ധുകൂടിയായിരുന്ന ഇന്‍കംടാക്സ് കമീഷണറുടെ വീട്ടില്‍ അധികമാരുമറിയാതെ ഞാന്‍ ഒളിവില്‍ കഴിഞ്ഞു. .....എവിടെ കണ്ടാലും എന്നെ പിടിക്കണം എന്നായിരുന്നു തിരുവനന്തപുരത്തുനിന്നുള്ള ഉത്തരവ്. കുന്നംകുളം കോടതിയില്‍ ജാമ്യമെടുക്കാന്‍ വരുന്നതിനുമുമ്പ് പിടികൂടാനായിരുന്നു നീക്കം.
അത് മണത്തറിഞ്ഞ് ഞങ്ങള്‍ ജാഗ്രതയോടെയാണ് കാര്യങ്ങള്‍ നീക്കിയത്. തൃശൂരോ കുന്നംകുളത്തോ ജാമ്യം കിട്ടാതെ സഞ്ചരിച്ചാല്‍ അറസ്റ്റ് ഉറപ്പ്. ....തലേ ദിവസംതന്നെ ഞാന്‍ കോയമ്പത്തൂരില്‍ എത്തി. അവിടെനിന്ന് രാത്രി കാറില്‍ കമ്പിളിയും പുതച്ചാണ് പെങ്ങാമുക്കിലുള്ള കെ എസ് നാരായണന്‍ നമ്പൂതിരിയുടെ ഇല്ലത്തെത്തിയത്. അവിടെനിന്ന് ഗുരുവായൂരപ്പനെ തൊഴുത് തിരിച്ചുവന്നു. കോടതിയിലേക്ക് പുറപ്പെടുമ്പോള്‍ നമ്പൂതിരിയും പി പി ജോര്‍ജും യൂസഫലി കേച്ചേരിയുടെ അമ്മാവനും കൂടെയുണ്ടായിരുന്നു. എന്നെ രക്ഷിക്കാന്‍ എന്തിനും തയ്യാറായിരുന്നു അവര്‍. ജാമ്യം എടുക്കാന്‍ ഞാന്‍ എത്തുമെന്ന് പൊലീസിനും വിവരം കിട്ടിയിരുന്നു. കോടതിയില്‍ കയറുന്നതിനുമുമ്പ് അറസ്റ്റ് ചെയ്യാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും ഒരുങ്ങിനിന്നു. രാത്രി പെങ്ങാമുക്ക് എത്തിയ കുറൂര്‍ നമ്പൂതിരിപ്പാട് ഒരു നിര്‍ദേശംവെച്ചു. "കരുണാകരന്‍ കോടതിയില്‍ എത്തിയാലുടനെ ഞാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ അടിക്കാം. ആ ബഹളത്തിനിടയില്‍ കോടതിയില്‍ ഓടിക്കയറിക്കൊള്ളണം." ....ഇതൊന്നും വേണ്ടിവന്നില്ല. രാവിലെ ടാക്സിയില്‍ കോടതിമുറ്റത്ത് വന്നിറങ്ങിയ ഉടനെ ഞാന്‍ ഓടി കോടതിക്കകത്തുകയറി. പൊലീസിന് എന്നെ തൊടാന്‍ പറ്റിയില്ല. കൂടെ വന്നവര്‍ക്കൊക്കെ ആശ്വാസമായി...... കൊലക്കേസില്‍ പ്രതിയാക്കി ശിക്ഷിക്കപ്പെട്ടാല്‍ പിന്നെ എന്റെ വളര്‍ച്ച തടസ്സപ്പെടും എന്ന തോന്നലിന്റെ ബലത്തിലാണ് കല്യാണി എന്ന പാവം സ്ത്രീയെ കള്ളസാക്ഷി പറയാന്‍ അവര്‍ നിര്‍ബന്ധിച്ചതും.
No comments:
Post a Comment