കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് തൃശൂരിന് പേരുകിട്ടിയത് ഏതാനും പതിറ്റാണ്ടുമുമ്പാണ്. അതിനു കാരണം സര്‍ക്കാര്‍ വക ചില സാംസ്കാരിക സ്ഥാപനങ്ങള്‍ അവിടെ സ്ഥിതിചെയ്യുന്നു എന്നതുകൊണ്ടാകാം. എന്നാല്‍, നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ജില്ലയുടെ പടിഞ്ഞാറുഭാഗത്തെ തുറമുഖം പശ്ചിമേഷ്യയിലും അതിനപ്പുറത്തുനിന്നുള്ള വ്യത്യസ്ത ജനവിഭാഗങ്ങള്‍ വ്യാപാരാവശ്യങ്ങള്‍ക്കായി എത്തിച്ചേര്‍ന്നിരുന്ന സംഗമഭൂമിയായിരുന്നു. വാളയാര്‍ ചുരം കടന്ന് ഭാരതപ്പുഴയുടെ തെക്കേ തീരത്തുകൂടി പെരുന്തമിഴ് പെരുമയുമായി വന്ന ചോളന്മാരും അവരുടെ സാംസ്കാരികമുദ്ര ഇവിടെ പതിപ്പിച്ചിട്ടു.
ഈ രീതിയില്‍ നോക്കിയാല്‍ തൃശൂര്‍ സാംസ്കാരിക തലസ്ഥാനം തന്നെയാണ്. ഒരു നഗരത്തിന്റെ ചരിത്രം അന്വേഷിച്ചിറങ്ങിയ ഗവേഷകന്‍ നഗരത്തില്‍നിന്ന് പുറത്തേക്ക് പോകുന്ന വഴികളിലൂടെ സഞ്ചരിച്ച് മറ്റു പല ദേശങ്ങളിലും എത്തിച്ചേരുന്ന രസകരവും വിജ്ഞാനപ്രദവുമായ കഥനമാണ് പ്രൊഫ. ടി ആര്‍ വേണുഗോപാലന്റെ "സമ്പത്തും അധികാരവും: തൃശൂരില്‍ നിന്നുള്ള ഒരു കാഴ്ച" എന്ന ഗ്രന്ഥം.
ഗോത്രവര്‍ഗ സംസ്കൃതി തകര്‍ന്ന് കാര്‍ഷിക വൃത്തിയിലധിഷ്ഠിതമായ സമ്പദ്ഘടന രൂപപ്പെട്ടപ്പോള്‍ അതിന്റെ കേന്ദ്രസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത് ക്ഷേത്രങ്ങളായിരുന്നു. കാര്‍ഷിക സമ്പദ്ഘടനയുടെ അടിസ്ഥാനം ഭൂമിയിന്മേലുള്ള ഉടമസ്ഥാവകാശമാണ്. ബ്രഹ്മസ്വം, ദേവസ്വം, പണ്ടാരവക (ചേരിക്കല്‍) എന്നിങ്ങനെയാണ് ഭൂവുടമസ്ഥതയെ വര്‍ഗീകരിച്ചിരുന്നത്. സമ്പത്തും അധികാരവും ക്ഷേത്രങ്ങില്‍ കേന്ദ്രീകരിച്ചു.
അങ്ങനെ സമ്പന്നമായ തൃശൂര്‍ ജില്ലയിലെ പെരുവനം, തൃശിവപേരൂര്‍, കൂടല്‍മാണിക്യം എന്നീ മൂന്ന് ക്ഷേത്രത്തെ സംബന്ധിക്കുന്ന രേഖകള്‍ പരിശോധിച്ചു നടത്തുന്ന അപഗ്രഥനത്തിലൂടെയാണ് കൃതി നീങ്ങുന്നത്. ദേവദാസന്മാരായിരുന്ന നാടുവാഴികള്‍ പിന്നീട് പരമാധികാരികളായിത്തീരുകയും 18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടുകൂടി അവര്‍ ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളുടെ ദാസന്മാരായി വീണ്ടും മാറുന്നു.
കൊടുങ്ങല്ലൂരിനു സമീപമുണ്ടായിരുന്ന മഹോദയപുരം ആസ്ഥാനമാക്കി വാണിരുന്ന പെരുമാള്‍മാരുടെ തകര്‍ച്ചയെ തുടര്‍ന്നാണ് ക്ഷേത്രാധിപത്യം സ്ഥാപിക്കപ്പെടുന്നത്. അടുത്ത ഒരു നാലുനൂറ്റാണ്ടുകാലം ക്ഷേത്രാധിപത്യത്തിന്റേതാണ്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിതത്തില്‍ ക്ഷേത്രങ്ങള്‍ ചെലുത്തിയ സ്വാധീനം നിര്‍ണായകമായിരുന്നു. ഈ ആധിപത്യത്തിനുള്ളില്‍ തന്നെ വളര്‍ന്നുവന്ന ഒരു വണിക് സമൂഹമാണ് പിന്നീട് അതിന്റെ ക്ഷയത്തിനും കാരണമായത്.
ഈ വണിക് സമൂഹം നടുവാഴികളുടെ ശക്തിസ്രോതസ്സായിത്തീര്‍ന്നപ്പോള്‍ ക്ഷേത്രാധികാരം പിന്തള്ളപ്പെട്ടു. ക്ഷേത്രാധികാരത്തെ ദുര്‍ബലപ്പെടുത്തിയ ഈ നാടുവാഴി വര്‍ഗമാണ് കൊളോണിയല്‍ ശക്തികളുമായി ആദ്യം സമരം ചെയ്തും പിന്നീട് സന്ധിചെയ്തും കേരളത്തെ മറ്റൊരു സാംസ്കാരികാധിനിവേശത്തിന് കളമൊരുക്കിയത്. ജൂത, ക്രൈസ്തവ, ഇസ്ലാമിക വര്‍ത്തക സമൂഹങ്ങള്‍ കേരളത്തിലെ സാമ്പത്തികരംഗത്ത് ആധിപത്യം ഉറപ്പിച്ചതിന്റെ ചരിത്രവും തല്‍സംബന്ധമായ രേഖകളുടെ പരിശോധനയും സവിശേഷമാണ്.
ഭാസ്കര രവി എന്ന മഹോദയപുരത്തെ പെരുമാള്‍ യഹൂദവ്യാപാരി ജോസഫ് റബ്ബാന് 72 അവകാശങ്ങള്‍ പരമ്പരാഗതമായി നല്‍കിക്കൊണ്ടുള്ളതാണ് ക്രി.പി. 1000-ാം [A.D.1000] ആണ്ടിലെ ജൂതചെപ്പേട്. പ്രാദേശിക നാടുവാഴികളും സേനാനായകനും ഉള്‍പ്പെടെ ആറുപേരെ സാക്ഷികളാക്കിയാണ് ഈ ചെമ്പുപട്ടയം തയ്യാറാക്കിയിട്ടുള്ളത്.
വേണാട്ടെ നാടുവാഴിയായിരുന്ന അയ്യന്‍ അടികള്‍ തിരുവടികള്‍ സുറിയാനി ക്രിസ്ത്യാനികളുടെ നേതാവായിരുന്ന മാര്‍സപീര്‍ ഈശോക്ക് "മണിഗ്രാമം" കച്ചവടകേന്ദ്രത്തിന്റെ അധികാരാവകാശങ്ങള്‍ നല്‍കുന്നതാണ് സിറിയന്‍ ചെപ്പേട. ജൂതന്മാരുടേതെന്നപോലെ ഇതിലുമുണ്ട് 72 അവകാശങ്ങള്‍. കൊല്ലം പട്ടണത്തിലുള്ള തെരീസാപ്പള്ളിയുമായി ബന്ധപ്പെട്ടതായതിനാല്‍ ഇത് തെരീസാപ്പള്ളി ചെപ്പേടെന്നാണ് അറിയപ്പെടുന്നത്.
ക്രി.പി. 849 [A.D. 849]ലാണ് ഈ പട്ടയം ചമയ്ക്കപ്പെട്ടിട്ടുള്ളത്. കൊല്ലം നഗരം സ്ഥാപിച്ചത് മെര്‍സപീര്‍ ഈശോയാണെന്ന വിശ്വാസവും പ്രബലമാണ്. അതിന്റെ ഓര്‍മയായിട്ടാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്നും അഭിപ്രായമുണ്ട്. അഞ്ചുവണ്ണം ജൂതക്കച്ചവടക്കാരുടെ സംഘടനയും മണിഗ്രാമം ക്രൈസ്തവര്‍ത്തകരുടെ സംഘടനയുമാണ്. ഈ രണ്ടു കൂട്ടരും കച്ചവടക്കാരെന്ന നിലയ്ക്ക് പ്രാചീനകാലം മുതല്‍ കേരളത്തില്‍ സ്ഥാനമുറപ്പിച്ചതുകൊണ്ടാകാം മറ്റു സംസ്ഥാനങ്ങളില്‍ കാണുന്നതുപോലുള്ള ഒരു വൈശ്യസമൂഹം കേരളത്തില്‍ ശക്തിപ്രാപിക്കാതെ പോയത്.
ഈ രണ്ടു പ്രമാണവും കൂടാതെ മറ്റൊരു രേഖകൂടി കച്ചവടസംബന്ധമായിട്ടുണ്ട്. അതാണ് വീരരാഘവപ്പട്ടയം. വീരരാഘവപ്പെരുമാള്‍ വര്‍ത്തകനേതാവായ ഇരവികോര്‍ത്തന് "ചേരമാന്‍ ലോക പെരുഞ്ചെട്ടി" എന്ന പദവിയും ഈ പട്ടയത്തില്‍ പറയുന്ന മറ്റവകാശങ്ങളും നല്‍കുന്നതാണ് ഈ രേഖ. ക്രൈസ്തവര്‍ക്കിടയില്‍ സമ്പന്നരായ കച്ചവടവിഭാഗം വളര്‍ന്നുവരുന്നതും പള്ളികള്‍ പണമിടപാടു രംഗത്തേക്ക് കടന്നുവരുന്നതുമായ ഒരു ചിത്രവും ഈ പുസ്തകത്തില്‍നിന്ന് ലഭിക്കുന്നു. പാലയൂര്‍ ചെമ്പട്ടയങ്ങള്‍ ഭൂമിയിടപാടിന്റെയും പണം പലിശയ്ക്ക് കൊടുക്കുന്നതിന്റെയും രേഖകളാണ്. അഞ്ചു ഭാഗമായി 13 അധ്യായമുള്ള ഈ പുസ്തകം അനുബന്ധരേഖകളും ഭൂപടങ്ങളും മനോഹരങ്ങളായ ചിത്രങ്ങളും ചേര്‍ത്ത് സമ്പന്നമായിരിക്കുന്നു. മധ്യകാല കേരളചരിത്രത്തിലേക്ക് പുതുവെളിച്ചം വീശുന്നതും ഭൂവുടമകളായ ജാതിപ്രമാണിമാര്‍ക്ക് പുറമെ ക്രൈസ്തവവര്‍ത്തക വര്‍ഗത്തിന്റെ ഉദയം വരച്ചുകാട്ടുന്നതുമായ ഈ പുസ്തകം ആധുനിക കേരളത്തിന്റെ വര്‍ഗബന്ധങ്ങള്‍ രൂപപ്പെടാനിടയായ സാഹചര്യം വിശദമാക്കുകയും ചെയ്യുന്നു.
No comments:
Post a Comment