ആത്മഹത്യക്കുമുമ്പ് ഫേസ്ബുക് ഉപയോഗിക്കുന്ന വിധം
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഒരു വാര്‍ത്ത വന്നു. ഇരുപത്തൊന്നുകാരനായ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി ട്രെയിന്‍ കയറാന്‍ പോകവേ കരുനാഗപ്പള്ളിയില്‍ ട്രെയിന്‍ തട്ടി മരിച്ചു. തിരുനെല്‍വേലിയിലെ കോളേജിലേക്ക് പുറപ്പെട്ട വിഷ്ണു ആണ് മരിച്ചത്. ഒരു സാധാരണ അപകടമരണം എന്നതിനപ്പുറം വലിയ വാര്‍ത്തകളൊന്നും മാദ്ധ്യമങ്ങളില്‍ കണ്ടില്ല. പക്ഷേ വിഷ്ണുവിന്റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍ അതൊരു സ്വാഭാവിക മരണം തന്നെയെന്ന് വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ട്. അവസാനദിവസങ്ങളില്‍ വിഷ്ണു പോസ്റ്റ് ചെയ്തിരിക്കുന്ന സ്റ്റാറ്റസുകള്‍ ഒരു ആത്മഹത്യയുടെ ചുവയുള്ളതാണ്. പ്രണയനൈരാശ്യം മൂലം നിരാശനായ അവസ്ഥയാണ് അതില്‍ വ്യക്തമാവുന്നത്.
ഇരുപത്തിയാറിനു വൈകിട്ടാണ് ഇയാള്‍ മരിക്കുന്നത്. അതിനു മുന്‍പുള്ള അവസാന മൂന്ന് അപ്പ്ഡേറ്റുകള്‍ നോക്കൂ:
LAST FEW DAYS OF MY LIFE.............................
I WANT TO DIE,
PLZ ANY1 CAN SUGGST GUD WAY 4 SUICID.....
Don't fall in love.....
Premam oru time pas ayi mathrame kanavu.......
Gud bye everybody.....
മരിക്കുന്നതിനു തൊട്ടു തലേദിവസം വൈകിട്ട് വിഷ്ണുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പ്രത്യക്ഷപ്പെട്ടതാണ് ഇവ. ഇതില്‍ രണ്ടാമത്തെ അപ്ഡേറ്റില്‍ പ്രണയനൈരാശ്യമാണ് കാരണം എന്നു വ്യക്തമാണ്. ആരേയും പ്രണയിക്കരുതെന്നും, പ്രണയമൊരു നേരമ്പോക്കായേ കാണാവൂ എന്നും പറയുന്നു. അതിനു മുന്‍പ് തന്നെ പറഞ്ഞു 'എന്റെ ജീവിതത്തിലെ അവസാന ദിവസങ്ങളാണ്, എനിക്ക് മരിക്കണം, ആത്യമഹത്യക്കുള്ള വഴികള്‍ പറഞ്ഞു തരാമോ' എന്ന്. അവസാനം എല്ലാവര്ക്കും 'ഗുഡ്ബൈ' യും പറഞ്ഞു.
"മരണചിന്ത പങ്കുവയ്ക്കുന്ന ഈ അപ്ഡേറ്റുകള് ഇയാളുടെ മുന്നൂറിലധികം ഫേസ്ബുക്ക് ഫ്രണ്ട്സിന്റെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞു കാണും. എന്നാല്‍ രണ്ടോ മൂന്നോ ലൈക്കുകളും ഏതാനും കമന്റുകളുമായിരുന്നു മറുപടി."
ഒറ്റ നോട്ടത്തില്‍ ആരും പറയും അവനൊരു വിഡ്ഢി എന്ന്. ഒരു പെണ്ണിനെ ഓര്‍ത്തു ജീവിതം കളഞ്ഞു, അച്ഛനേയും അമ്മയേയും ഓര്‍ത്തില്ല, ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രണയനഷ്ടത്താല്‍ ഒരുവന് ആത്മഹത്യ ചെയ്തോ തുടങ്ങി പലരും പലതും ചോദിക്കും. പക്ഷേ ഇതില്‍ കുറച്ചുകൂടി ചിന്തിക്കാനില്ലേ? ഈ അപ്ഡേറ്റുകള് ഇയാളുടെ മുന്നൂറിലധികം ഫേസ്ബുക്ക് ഫ്രണ്ട്സിന്റെ കമ്പ്യൂട്ടര്‍ സ്ക്രീനിനു മുന്നില്‍ തെളിഞ്ഞു കാണും. എന്നാല്‍ രണ്ടോ മുന്നോ ലൈക്കുകളും ഏതാനും കമന്റുകളുമായിരുന്നു മറുപടി. കമന്റുകള്‍ പലതും കളിയാക്കിക്കൊണ്ടുള്ളവ. എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ സഹോദരിയും ഈ അപ്ഡേറ്റ് കണ്ടു, കമന്റായി ഒരു സ്മൈലി ഇടുകയും ചെയ്തു.
സാധാരണ പ്രണയപ്രശ്നങ്ങള്‍, കുടുംബവഴക്കുകള്‍ തുടങ്ങിയവ കൗമാരക്കാര്‍ കൂട്ടുകാരുമൊത്താണ് പങ്കുവെയ്ക്കുക. അതിനു പറ്റിയ കൂട്ടുകാര്‍ ഇല്ലാതെ വരികയോ അവര്‍ സഹായിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ സ്വാഭാവികമായും അടുത്ത പടി സോഷ്യല്‍ നെറ്റ്വര്ക്കില് പങ്കിടുകയാവും. എല്ലാവരോടും എല്ലാം വിളിച്ചു പറയുക, ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയോടെ. പലപ്പോഴും സ്വമനസ്സാലെ അങ്ങനെ ചിന്തിച്ചു കൊണ്ടാവണമെന്നില്ല ചെയ്യുന്നത്, പക്ഷേ അന്തിമലക്ഷ്യം അങ്ങനെയാവും.
ആരെങ്കിലും ഒന്ന് ആശ്വസിപ്പിച്ചെങ്കില് എന്നു കരുതിയോ അങ്ങനെ ആവശ്യപ്പെട്ടുകൊണ്ടോ ആവില്ല ഈ പങ്കുവെയ്ക്കല്‍, പക്ഷേ ഉപബോധമനസ്സ് ഒരു താങ്ങ് ലഭിക്കണമെന്ന് മുന്നില്‍ കണ്ടുകൊണ്ട് ചെയ്യിക്കുന്നതുതന്നെയാണ് അത്. അതുതന്നെയാവണം ഇവിടെയും സംഭവിച്ചത്. പ്രണയം തകര്‍ന്നതിലുള്ള വിഷമം അധികമായപ്പോള്‍ ആശ്വസിപ്പിക്കാന്‍ ആരുമെത്തിക്കാണില്ല. അതിനാല്‍ ഫേസ്ബുക്കിലൂടെ ലോകത്തിനുമുന്നില്‍ തന്റെ സങ്കടം വിളിച്ചുപറഞ്ഞു. ഒരു പിന്തുണ പ്രതീക്ഷിച്ചെത്തിയെങ്കിലും ഫലം നിരാശ.
"ഒരു സുഹൃത്ത് മനോവിഷമം മൂലം എന്തെല്ലാമോ വിളിച്ചുപറഞ്ഞിട്ടും അതിലെത്രത്തോളം ഗൗരവവമുണ്ടെന്നു പോലും ചിന്തിക്കാത്ത മുന്നൂറോളം ആളുകളുടെ ചിന്ത എന്തായിരിക്കും? ഫേസ്ബുക്ക് ഒരു സൌഹൃദക്കൂട്ടായ്മ തന്നെയാണോ?"
ഇവിടെ വെറുതേയൊരു നിഗമനത്തിലെത്താന്‍ കഴിയില്ല. പ്രധാന കാരണം നമുക്കാര്‍ക്കും ഇയാളെ പരിചയമില്ല, എങ്ങനെയുള്ള ആളായിരുന്നെന്നോ എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്നോ അറിയില്ല. പിന്നെ ഫേസ്ബുക്ക് പേജ് മുഴുവന്‍ നോക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്, വിഷ്ണു ഒരു സ്ഥിരം ഫേസ്ബുക്ക് ഉപയോക്താവല്ല. അഞ്ചോ ആറോ അപ്ഡേറ്റ്സില് കൂടുതല്‍ ചെയ്തിട്ടില്ല. മുന്നൂറിലധികം ഫ്രണ്ട്സ് ഉണ്ടെങ്കിലും അധികം കാണാത്തയാളായതിനാല്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഇനി ഇതൊക്കെ കണ്ടിട്ടും ഫോണ്‍ വഴിയോ മറ്റോ ആരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്നും അജ്ഞാതം.
പക്ഷേ വിഷ്ണു മരിച്ചു കഴിഞ്ഞ് പല കമന്റ്സും അപ്രത്യക്ഷമായി. അതിനു ശേഷം വന്ന കമന്റുകള്‍ ഒരു കുറ്റബോധത്തിന്റെ സ്വരത്തിലായിരുന്നു. 'നമ്മള് ഒന്നും ചെയ്തില്ല', 'ആരും ഒന്നും കാര്യമാക്കിയില്ല', 'അവനെ നമുക്ക് രക്ഷിക്കാമായിരുന്നു' എന്നിങ്ങനെയുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ഒരു പെണ്ണിനു വേണ്ടി ജീവിതം നശിപ്പിച്ചു' തുടങ്ങിയ കമന്റുകള്‍ വിഷ്ണുവിന്റെ പ്രശ്നങ്ങള്‍ പലര്‍ക്കുമറിയാമായിരുന്നു എന്ന സൂചനയാണ് നല്‍കുന്നത്. തനിക്ക് മരിക്കണമെന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഒരു സ്മൈലി കമന്റായി നല്കിയ അനിയത്തിയും ഇതൊരു കാര്യമാക്കിയില്ല എന്നു വേണം കരുതാന്‍. പ്രേമബന്ധം തകര്‍ന്നതുകൊണ്ടു മാത്രമാവില്ല, ചിലപ്പോള്‍ കുടുംബത്തിലെയോ കോളേജിലേയോ മറ്റു പ്രശ്നങ്ങളും ഉണ്ടായിരുന്നിരിക്കാം.
മറ്റൊരു പ്രധാന കാര്യം ഫേസ്ബുക്കിലെ കുറിപ്പുകള്‍ കൊണ്ട്മാത്രം ഇതൊരു ആത്മഹത്യയാണെന്നു കരുതാനും കഴിയില്ല. പക്ഷേ അയാളുടെ സുഹൃത്തുക്കള്‍ അങ്ങനെ വിശ്വസിക്കുന്നു. ഏതൊരു കുറ്റകൃത്യവും നടക്കുന്നതുപോലെയാണ് ആത്മഹത്യയും. എല്ലാം മനസ്സില്‍ ചിന്തിച്ചുകൂട്ടി ഒരു ഭ്രാന്തമായ അവസ്ഥയില്‍ ഉടലെടുക്കുന്ന ഒരു തോന്നല്‍. ഒരാളെ കൊല്ലാന്‍ പോകുകയാണെങ്കില്‍ അയാളുടെ മനസ്സു നിറയെ പകയും പ്രതികാരവുമൊക്കെയായിരിക്കും. വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാറില്ല, ചിന്തിച്ചാല്‍ തന്നെ കാര്യമാക്കില്ല. ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടാവുകയുള്ളു.
അതുപോലെ തന്നെ ആത്മഹത്യയാവുമ്പോഴും. എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടിയേ തീരൂ, പ്രശ്നങ്ങളില്‍ സഹായിക്കാത്ത മറ്റുള്ളവരുടെ കാര്യം അപ്പോള്‍ ആരും ചിന്തിക്കാന്‍ പോകില്ല. അന്യനെ കൊലചെയ്യുംപോലെ തന്നെ, സ്വയം കൊലചെയ്യുന്നതും. രണ്ടിനും സാമ്യതകളുള്ളതുകൊണ്ടാണല്ലോ ആത്മഹത്യയും ഒരു കുറ്റകൃത്യമായി കണക്കാക്കുന്നത്.
ആരോടെങ്കിലുമുള്ള പ്രതികാരമായി കൊലപാതകം ചെയ്തയാളേക്കാള്‍ ഏവരും കുറ്റപ്പെടുത്തുക ആത്മഹത്യ ചെയ്തയാളെയാവും. പക്ഷേ ഈ കുറ്റപ്പെടുത്തുന്നവര്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിക്കുമെന്ന് തോന്നിയാല്‍ എത്രകണ്ട് സഹായിക്കുമെന്ന് പറയാനാവില്ല. ചിലപ്പോള്‍ ഒരു വാക്കു പോലും ഗുണം ചെയ്യും. ഏകാന്തതയുടെ പടുകുഴിയിലാവും അധികം ആത്മഹത്യകളും സംഭവിക്കുക. ആ ഏകാന്തത ഭേദിക്കാന്‍ ആര്‍ക്കുമാവും. പക്ഷേ അങ്ങനെയൊരു സഹായം ആരും ഇവിടെ ചെയ്തില്ല എന്നു കരുതുന്നു.
"സാമൂഹിക തിന്മകളെ എതിര്‍ക്കുന്നവരും അതിനെതിരെ പോരാടുന്നവരും swear words ഉപയോഗിക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും fuck, അടിവസ്ത്രം കാണിച്ച് രണ്ട് സീനുകള്‍, മൃദുവായ ഇംഗ്ലീഷ് വാക്കുകളെ കനപ്പെടുത്തി പറയുക തുടങ്ങിയതൊക്കെ പുതുയുഗ മലയാള സിനിമയുടെ അവശ്യഘടകങ്ങള്‍ ആയതുപോലെ ഫേസ്ബുക്കില്‍ ചീത്തവിളിക്കുന്നതും ഒരു സ്റ്റാറ്റസ് സിംബല്‍ ആണ്. സുരേഷ് ഗോപി സമം 'ഷിറ്റ്' എന്നു പറയുന്നതു പോലെ ഫേസ്ബുക് സമം 'ഫക്ക്' എന്നായിട്ടുണ്ട്. "
ഈ മരണത്തേക്കാളേറെ ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റുപലതുമുണ്ട്. ആത്മഹത്യാക്കുറിപ്പുകള്‍ പോലെ പലതും കണ്ടപ്പോള്‍ ഇതൊരു ആത്മഹത്യ ആണോയെന്ന തോന്നലുണ്ടായെന്നു മാത്രം. അതെങ്ങനെയായാലും അതെല്ലാം കണ്ടപ്പോള്‍ ഫേസ്ബുക്ക് ഒരു സൌഹൃദക്കൂട്ടായ്മയാണെന്ന് പറയുന്നതെങ്ങനെയെന്നു തോന്നിപ്പോയി. ഒരു സുഹൃത്ത് മനോവിഷമം മൂലം എന്തെല്ലാമോ വിളിച്ചുപറഞ്ഞിട്ടും അതിലെത്രത്തോളം ഗൗരവവമുണ്ടെന്നു പോലും ചിന്തിക്കാത്ത മുന്നൂറോളം ആളുകളുടെ ചിന്ത എന്തായിരിക്കും. തന്നെ പരിഹസിച്ചവരോട് പിന്നെയും പിന്നെയും കമന്റുകളിലൂടെ അയാള്‍ മറുപടി നല്‍കിയിട്ടും ആരും അതില്‍ ഒന്നും കണ്ടില്ല, അതോ കണ്ടില്ലെന്നു നടിച്ചുവോ?
ഫേസ്ബുക്കിന്റെ ജനസമ്മതിക്കു കാരണം സമൂഹം സ്വന്തം കാര്യത്തിലുപരി മറ്റുള്ളവരുടെ കാര്യത്തിലേക്ക് ഒളിഞ്ഞുനോക്കാനാഗ്രഹിക്കുന്നു എന്ന ആശയമാണെന്ന് പറയപ്പെടുന്നു. പക്ഷേ ആ കടന്നുകയറ്റം തനിക്കു താല്പര്യമുള്ള കാര്യങ്ങളില്‍, തനിക്ക് സൗകര്യപ്രദമായ രീതിയില്‍ ഒരു നേരമ്പോക്കായി മാത്രമാക്കി മാറ്റുകയാണ് ചെയ്യുന്നതിപ്പോള്‍.
ഓര്‍ക്കുട്ട് വന്നപ്പോള്‍ അകലെയുള്ള ചങ്ങാത്തങ്ങള്‍ നിലനിര്‍ത്താനും, നഷ്ടമായവ തിരിച്ചുപിടിക്കാനും, പുതിയവ കണ്ടെത്താനുമൊക്കെയായിരുന്നു പ്രാധാന്യം. എന്നാല്‍ ഫേസ്ബുക്കില്‍ സംഗതി പാടേ മാറി. അടുത്ത ചങ്ങാതിമാര്‍ പോലും മിണ്ടുന്നില്ല. പുതിയ ബന്ധങ്ങളുണ്ടാവുന്നത് കുറഞ്ഞു. പുതിയ ഫ്രണ്ട്സിനെ തേടിപ്പിടിച്ച് ആഡ് ചെയ്യുന്നത് അവര്‍ ഷെയര്‍ ചെയ്തു വരുന്ന തമാശകള്‍ കാണാനും മറ്റും മാത്രമായി.
സമയമില്ലാത്ത സമയമുണ്ടാക്കി അധികം പേരും ദിവസവും ഫേസ്ബുക്കില്‍ കയറിവരുന്നത് ഈ കാര്യങ്ങള്‍ക്കാണ്:
-
ഷെയര്‍ ചെയ്തു വരുന്ന തമാശകള്‍ കാണുക, ലൈക്ക് ചെയ്യുക, :D, :P, ROFL, LOL എന്നിങ്ങനെ ഏതെങ്കിലും കമന്റ് ചെയ്യുക, ഷെയര്‍ ചെയ്യുക.
-
രാഷ്ട്രീയക്കാര്‍ക്കെതിരെയുള്ള സ്റ്റാറ്റസ്/ഫോട്ടോ ലൈക് ചെയ്യുക, FUCK / WTF / SHIT / ***** എന്നിങ്ങനെ കമന്റ് ചെയ്യുക, ഷെയര്‍ ചെയ്യുക.
-
ആരെങ്കിലും തനിക്ക് പറ്റിയ ദുരനുഭവം അപ്പ്ഡേറ്റ് ചെയ്താല്‍ ലൈക്ക് ചെയ്യുക, FUCK / WTF / SHIT / ***** എന്നിങ്ങനെ കമന്റ് ചെയ്യുക.
-
സുഹൃത്തുക്കളുടെ ഫോട്ടോ / സ്റ്റാറ്റസ് എന്തുതന്നെയായാലും ലൈക്ക് ചെയ്യുക, ഒറ്റനോട്ടത്തില്‍ കൊള്ളാമെങ്കില്‍ ഒരു സ്മൈലി കമന്റ് ചെയ്യുക.
-
അന്നത്തെ ദിവസം എവിടെയോ കണ്ട ഒരു വാചകം സ്റ്റാറ്റസ് ആക്കുക, സ്വയം ലൈക്ക് ചെയ്യുക.
-
ബര്‍ത്ത്ഡേ ആര്‍ക്കൊക്കെയെന്നു നോക്കി ഒരു "Hapi bday" മാത്രം കൊടുക്കുക.
ഇതിലെല്ലാം രസകരമായ പല സംഭവങ്ങളുമുണ്ട്. 'LOL', 'ROFL' എന്നൊക്കെ വച്ചാല്‍ തമാശയ്ക്കടിയില്‍ നല്കുന്ന കമന്റ് എന്നതിനപ്പുറം ഇവയെന്താണെന്നറിയാത്തവരാണ് പലരും. അതുപോലെ തന്നെ 'WTF' ഇന്നും പലര്‍ക്കും അജ്ഞാതം.
ഞാന്‍ സാമൂഹിക തിന്മകളെ എതിര്‍ക്കുന്നു, അവയ്ക്കെതിരേ പോരാടുന്നു തുടങ്ങിയ സന്ദേശങ്ങള്‍ ഒരാള്‍ നല്‍കുന്നത്, ഒന്നിനെ കുറ്റപ്പെടുത്തിയുള്ള ഫോട്ടോയ്ക്ക് FUCK / WTF / SHIT / ***** എന്നിങ്ങനെയുള്ള കമന്റുകള്‍ നല്‍കിക്കൊണ്ടാണ്. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും FUCK എന്ന് ഒരു പത്തു തവണ പറയുക, അടിവസ്ത്രം കാണിച്ച് രണ്ട് സീനുകള്‍ നല്‍കുക, കുറച്ച് ലോലമായ ഇംഗ്ലീഷ് സ്വല്പം കനത്തില്‍ പറയുക തുടങ്ങിയതൊക്കെ പുതുയുഗ മലയാള സിനിമയുടെ അവശ്യഘടകങ്ങള്‍ ആയതുപോലെ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും FUCK പറയുക ഇപ്പോള്‍ ഒരു സ്റ്റാറ്റസ് സിംബല്‍ ആണ്, ഫേസ്ബുക്കാണ് പ്രധാന കാരണക്കാരന്‍. പണ്ട് സുരേഷ് ഗോപി പറഞ്ഞ കേട്ട് 'ഷിറ്റ്' പറയുന്ന പോലെ ഏ ബീ സീ ഡീ പഠിച്ചില്ലാത്തവന്‍ പോലും പറയും FUCK !
ഒരു സുഹൃത്തിനൊരു ദുരനുഭവം ഉണ്ടായതായി അപ്ഡേറ്റ് ചെയ്താലും കമന്റ്സ് ഇതൊക്കെ തന്നെ, ചിലപ്പോ കരയുന്ന ഒരു സ്മൈലി കൂടി കിട്ടും. ഇനി ബൈക്കില്‍ നിന്നു വീണ് കാലൊടിഞ്ഞെന്നു പറഞ്ഞൊരു ഫോട്ടോ ആഡ് ചെയ്താല്‍ ആരും ഒന്നും വായിക്കന്‍ മിനക്കെടില്ല. പത്തു പേരോട് വീണ്ടും വീണ്ടും കമന്റ്സിലൂടെ എല്ലാം വിശദീകരിച്ചാലും പിന്നാലെയെത്തും അടുത്ത കമന്റ്, ":( wot happened da?". പോയിക്കഴിഞ്ഞു, മറുപടിക്കായി കാത്തുനില്‍ക്കില്ല. ഇനി നിന്നാലോ, അതില്‍ ഒരു 'ലൈക്ക്' സൗജന്യം.
സ്മൈലി ഉള്ളതുകൊണ്ട് വളരെ എളുപ്പമുണ്ട്. ഇഷ്ടപ്പെട്ടെന്നോ ഇല്ലായെന്നോ ദേഷ്യം വരുന്നെന്നോ പൊട്ടിച്ചിരിക്കുന്നെന്നോ എല്ലാം രണ്ടു കീയിലും ഒരു ക്ലിക്കിലും ഒതുക്കാം. പിന്നെ അധികം ആക്ടിവ് അല്ലാത്ത ഒരാളുടെ 'വോള്‍' പരിശോധിച്ചാല്‍ കാണാം ഒരേ പോലെ ഒരു നൂറു "Hapi bday". അതുപോലും മുഴവനെഴുതാന്‍ കഴിയില്ല.
അതുപോലെയൊന്നാണ് 'ലൈക്ക്'. ഒരു ക്ലിക്കില്‍ ഉദ്ദേശം മനസ്സിലായി. പക്ഷേ സ്വന്തം അപ്ഡേറ്റുകള് മുതല്‍ ഓരോ കമന്റുകള്‍ക്കുള്‍പ്പടെ താഴെ 'ലൈക്ക്' കാണുന്നിടത്തെല്ലാം ക്ലിക്ക് ചെയ്യും. എന്താണ് ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നതെന്ന് ഒരു ഊഹവുമില്ല.
"ഈയടുത്തകാലത്ത് മനുഷ്യനെ ഇത്രയധികം സ്വധീനിക്കാന്‍ ഫേസ്ബുക്കിനല്ലാതെ മറ്റൊന്നിനുമായിട്ടില്ല. എന്നാല്‍ സ്വാധീനിക്കുക എന്ന വാക്ക് അടിമപ്പെടുത്തുക എന്ന അര്‍ത്ഥത്തില്‍ എടുക്കേണ്ടി വരും. അടിമയാകുന്നതിനു പുറമേ മനുഷ്യന് ഫേസ്ബുക്ക് ശൈലി ജീവിതത്തിലും പകര്‍ത്തിത്തുടങ്ങി. അതിനേയാണ് ഏറ്റവും ഭയപ്പെടേണ്ടത്. സ്വന്തം പ്രൊഫൈല്‍ തുറന്ന ശേഷം മറ്റുള്ളവരുടെ കാര്യങ്ങളില്‍ രസകരമായവ മാത്രം തിരഞ്ഞുപിടിച്ചു ആസ്വദിക്കുക എന്ന ഏര്‍പ്പാട് ജീവതത്തിലേക്ക് ആവിഷ്കരിച്ചു തുടങ്ങിയിരിക്കുന്നു."
ഇത്രയൊക്കെയാണ് ഒരു സാധാരണ ഫേസ്ബുക്കന്റെ പ്രവര്‍ത്തനങ്ങള്‍. നേരത്തേ പറഞ്ഞപോലെ അന്യന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം മാത്രം. സമയം കളയാനുള്ള വകുപ്പ് എന്തെങ്കിലും കിട്ടിയാല്‍ അങ്ങോട്ടുള്ള നോട്ടം ഒരല്പം സൂക്ഷ്മമാക്കും, അത്രതന്നെ. ഇനിയേതെങ്കിലും പെണ്‍കുട്ടിയുടെ വക എന്തെങ്കിലുമൊന്നു കണ്ടാല്‍ ലൈക്കുകള്‍ കൊണ്ട് പൊതിയും.
ഒന്നു ചിന്തിച്ചാല്‍ മനുഷ്യന്റെ സ്വാര്‍ത്ഥത ഏറ്റവും ലളിതമായി കാണുന്ന ഒരിടമല്ലേ ഫേസ്ബുക്ക്. തന്റെ ഇഷ്ടങ്ങള്‍ക്കു മാത്രം വിലനല്‍കി, ആരെയോ കാണിക്കാന്‍ കുറെ സുഹൃത്തുക്കളെ ആഡ് ചെയ്ത്, അവരെ ശ്രദ്ധിക്കാതെ, അവരോട് മിണ്ടാതെ, ആളാവാന്‍ വേണ്ടി കുറേ പണികളും കാണിച്ച്... സ്വന്തം ഇഷ്ടപ്രകാരം സാമൂഹികജീവിയെന്ന മുഖംമൂടിയണിഞ്ഞ് ആര്‍ത്തുല്ലസിച്ച് നടക്കുന്ന ഭാവത്തോടെ ഒതുങ്ങിക്കൂടുകയാണ് ചെയ്യുന്നത്.
ഇതിലേറ്റവും പേടിക്കേണ്ട വിഷയം ഈ അവസ്ഥ ജീവിതത്തിലേക്കും പകര്‍ത്തപ്പെടുന്നുവെന്നതാണ്. ഈയടുത്തകാലത്ത് മനുഷ്യനെ ഇത്രയധികം സ്വധീനിക്കാന്‍ ഫേസ്ബുക്കിനല്ലാതെ മറ്റൊന്നിനുമായിട്ടില്ല. എന്നാല്‍ സ്വാധീനിക്കുക എന്ന വാക്ക് അടിമപ്പെടുത്തുക എന്ന അര്‍ത്ഥത്തില്‍ എടുക്കേണ്ടി വരും. അടിമയാകുന്നതിനു പുറമേ മനുഷ്യന് ഫേസ്ബുക്ക് ശൈലി ജീവിതത്തിലും പകര്‍ത്തിത്തുടങ്ങി. അതിനേയാണ് ഏറ്റവും ഭയപ്പെടേണ്ടത്. സ്വന്തം പ്രൊഫൈല്‍ തുറന്ന ശേഷം മറ്റുള്ളവരുടെ കാര്യങ്ങളില്‍ രസകരമായവ മാത്രം തിരഞ്ഞുപിടിച്ചു ആസ്വദിക്കുക എന്ന ഏര്‍പ്പാട് ജീവിതത്തിലേക്ക് ആവിഷ്കരിച്ചു തുടങ്ങിയിരിക്കുന്നു. തകരുന്ന ബന്ധങ്ങളും മനുഷ്യത്വമില്ലായ്മയുമൊക്കെയല്ലാതെ വേറെയെങ്ങും ചെന്നെത്തുകില്ല.
കുറേനാള്‍ ചര്‍ച്ചാവിഷയം അമേരിക്കന്‍ സംസ്കാരത്തിന്റെ കടന്നുകയറ്റമായിരുന്നു. അതിപ്പോ വരും വരും എന്നു പറഞ്ഞിരുന്നു, പക്ഷേ പണ്ടേയ്ക്കു പണ്ടേ തന്നെ അതിന്റെ അലയടി തുടങ്ങിയിരുന്നു. അതു അറിയാതെ പോലും പലരും വീണ്ടും വീണ്ടും പ്രസംഗിച്ചു. അതുപോലെയാണ് ഫേസ്ബുക്കിസവും. ആരുമറിയാതെ ഏവരേയും കീഴ്പ്പെടുത്തിത്തുടങ്ങിക്കഴിഞ്ഞു. എന്താ മാറ്റമെന്ന് പോലും അറിയാതെ അതിങ്ങനെ പോകുന്നു. സൈബര്‍ ലോകത്ത് ജീവിക്കുന്ന ശൈലി യാഥാര്‍ത്ഥ്യത്തിലും പിടിമുറുക്കുമ്പോള്‍ മാറ്റം ആര്‍ക്കും അറിയാന്‍ കഴിയില്ല. അതിനാല്‍ ഫേസ്ബുക്കിനെ നിര്‍ത്തേണ്ടിടത്തു നിര്‍ത്തിയേ തീരൂ. ഇതൊരിക്കലുമൊരു സൌഹൃദക്കൂട്ടായ്മയല്ല. സൌഹൃദവുമില്ല കൂട്ടായ്മയുമില്ല ഇവിടെ, സ്വന്തം വഴിതെറ്റിക്കുവാനായി നമ്മള് തന്നെ ഇതിനെ ഒരു സ്വാര്‍ത്ഥലോകമായി മാറ്റിക്കഴിഞ്ഞു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment