ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി ചൊക്ലി സ്വദേശി കൊടിസുനി എന്ന സുനില്‍കുമാര്‍ (32) പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. കൊലയാളി സംഘത്തിലെ അംഗങ്ങളായ കിര്‍മാണി മനോജ്, ഷാഫി എന്നിവരെയും പിടികൂടിയിട്ടുണ്ട്. കണ്ണൂര്‍ പേരാവൂര്‍ മുഴക്കുന്നിന് സമീപത്തെ പെരിങ്ങാനംമലയില്‍ നിന്നാണ് മൂവരും പിടിയിലായത്. ഇവിടെ ഷെഡ്ഡ് കെട്ടി താമസിക്കുകയായിരുന്നു ഇവര്‍. സി.പി.എമ്മിന് ശക്തമായ സ്വാധീനമുള്ള പ്രദേശമാണിത്. പ്രത്യേക പരിശീലനം ലഭിച്ച റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ സഹായത്തോടെ സായുധ പോലീസ് സംഘമാണ് ഇവരുടെ സങ്കേതം വളഞ്ഞത്.
പിടിയിലായ കൊടി സുനി കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ചന്ദ്രശേഖരനെ ഇടിച്ചിട്ടശേഷം ഇന്നോവ കാറില്‍ നിന്ന് ഇറങ്ങി വെട്ടിയവരില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കൊടി സുനി വ്യക്‌തമാക്കി. കൊലപാതകത്തിനുള്ള ആസൂത്രണം നടത്തിയത് പാനൂരിലെ സിപിഎം നേതാവ് പി.കെ കുഞ്ഞനന്തന്റെ നേതൃത്വത്തിലാണെന്നും സുനി സമ്മതിച്ചു. ഇവരുടെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തി. വടകര പോലീസ് ക്യാംപില്‍ ചോദ്യം ചെയ്യലിന് ശേഷം കൊടി സുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി എന്നിവരെ വൈകിട്ട് തന്നെ കോടതിയില്‍ ഹാജരാക്കും
ഒളികേന്ദ്രത്തില്‍ എത്തിയ പോലീസിനു നേരെ കൊടി സുനി റിവോള്‍വര്‍ ചൂണ്ടിയതായും റിപ്പോര്‍ട്ടുണ്ട്. മല്‍പ്പിടുത്തത്തിലുടെയാണ് പോലീസ് കൊടി സുനിയെ കീഴടക്കിയത്. ഇവരുടെ അറസ്‌റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. ഇവര്‍ക്ക് ഒളിത്താവളം ഒരുക്കിയ മൂന്നു പേരും കസ്റ്റഡിയിലായിട്ടുണ്ട്. കാരായി ശ്രീജിത്ത്,സുധീഷ്, രജീഷ് എന്നിവരാണ് പിടിയിലായ സിപിഎം പ്രവര്‍ത്തകര്‍. പിടിയിലാകുമ്പോള്‍ ഇവരില്‍നിന്ന് റിവോള്‍വറും കഠാരയും കണ്ടെടുത്തതായി സൂചനയുണ്ട്. വടകരയില്‍ എത്തിച്ച മൂവരെയും പോലീസ് ചോദ്യം ചെയ്തു തുടങ്ങി. ഇവര്‍ക്ക് ഒളിത്താവളം ഒരുക്കിയ മൂന്നുപേരും പിടിയിലായിട്ടുണ്ട്. 20 ദിവസമായി ഇവര്‍ മുഴക്കുന്നില്‍ താമസിക്കുന്നുണ്ടെന്ന് ഒളിത്താവളം ഒരുക്കിയവര്‍ മൊഴി നല്‍കി. വനത്തിനുള്ളില്‍ പ്ലാസ്‌റ്റിക് ഷീറ്റുകൊണ്ട് നിര്‍മ്മിച്ചിരുന്ന കുടിലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. കൊതുകുവല, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുപ്പ്, മദ്യക്കുപ്പികള്‍, ഭക്ഷണത്തിന്റെ അവശിഷ്‌ടങ്ങള്‍, മരുന്നുകള്‍, ആയുധങ്ങള്‍ തുടങ്ങിയവ അന്വേഷണ സംഘം കുടിലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പൂര്‍ണ്ണ സജീകരണത്തോടെയാണ് സംഘം ഇവിടെ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണ സംഘത്തിന്റെ നീക്കം പാര്‍ട്ടിക്ക് ചോര്‍ത്തി നല്‍കിയിരുന്ന ഉദ്യോഗസ്‌ഥരെ ആശയക്കുഴപ്പത്തിലാക്കിയ ശേഷമായിരുന്നു സംഘത്തലവന്‍ അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നീക്കം നടത്തിയത്. കൊടി സുനി ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള സ്‌ഥലങ്ങളില്‍ നിരീക്ഷണ സംഘത്തെ നിയോഗിച്ചിരുന്നു. പെരിങ്ങാനം മലയിലേക്ക് ഭക്ഷണ പൊതികള്‍ കൊണ്ടുപോകുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഈ മേഖലയില്‍ നിരീക്ഷണം ശക്‌തമാക്കിയിരുന്നു. വനത്തിനുള്ളില്‍ രഹസ്യ സങ്കേതം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരീക്ഷണ സംഘത്തെ പിന്‍വലിച്ച അനൂപ് കുരുവിള കോണ്‍, തലശേരി ഡിവൈഎസ്‌പി എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ എസ്.പി ഓഫീസിലെ വിശ്വസ്‌തരായ പോലീസുകാരെ മാത്രം ഉള്‍പ്പെടുത്തി സംഘം രൂപീകരിച്ച് വനത്തില്‍ കടക്കുകയായിരുന്നു. സംശയം ഉണ്ടാകാതിരിക്കാന്‍ മരപ്പണിക്കാരായി വേഷം മാറി ട്രാക്‌ടറിലും ടിപ്പര്‍ ലോറിയിലുമാണ് സംഘം രാത്രി 11.30 ഓടെ വനാതിര്‍ത്തിയില്‍ എത്തിയത്. തുടര്‍ന്ന് മൂന്ന് കിലോമീറ്ററോളം കുത്തനെയുള്ള കയറ്റം നടന്നുകയറി പുലര്‍ച്ചെ മൂന്നു മണിയോടെ ഒളിത്താവളം വളയുകയായിരുന്നു. പോലീസ് താവളത്തില്‍ കടക്കുന്നതുവരെ കൊടി സുനിയും മറ്റും ഉറക്കത്തിലായിരുന്നു.
പിടിയിലാകുമെന്ന് ഉറപ്പായതോടെ കൊടിസുനി പോലീസിനുനേരെ തോക്കുചൂണ്ടി രക്ഷപെടാന്‍ ശ്രമിച്ചു. മല്‍പ്പിടിത്തത്തിന് ഒടുവിലാണ് മൂന്നുപേരെയും പോലീസ് കീഴടക്കിയത്. സിപിഎമ്മിന്റെ സുരക്ഷിത കേന്ദ്രത്തില്‍ പ്രത്യേക ഷെഡ് നിര്‍മ്മിച്ചാണ് ഇവരെ ഒളിവില്‍ പാര്‍പ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കാലത്തു എതിര്‍കക്ഷികള്‍ക്ക് പ്രചാരണത്തിന് എത്താന്‍ പോലും കഴിയാത്ത ഇവിടെ പാര്‍ട്ടിക്കാരുടെ കണ്ണുവെട്ടിച്ച് ആര്‍ക്കും പ്രവേശിക്കാനാവില്ല. ഒരു സിപിഎം ഏരിയ കമ്മറ്റിയംഗവും ലോക്കല്‍ സെക്രട്ടറിയുമാണ് തങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കിവന്നിരുന്നതെന്ന് ഇവര്‍ മൊഴി നല്‍കിയതായാണ് സൂചന.
കഴിഞ്ഞ ദിവസം പിടിയിലായ എം.സി അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും ഫോണ്‍കോളുകള്‍ പിന്തുടര്‍ന്നും നടത്തിയ അന്വേഷണത്തിലാണ് കൊടിസുനി അടക്കമുള്ളവര്‍ വലയിലായത്. കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യ കേന്ദ്രങ്ങളില്‍ മാറിമാറിത്താമസിക്കുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചില്‍ നടത്തി. അടുത്ത ദിവസങ്ങളിലാണ് കൊടിസുനി കണ്ണൂരില്‍ ഉണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. കോളിളക്കം സൃഷ്ടിച്ച ഫസല്‍ വധക്കേസിലെ ഒന്നാംപ്രതിയാണ് കൊടിസുനി. ചന്ദ്രശേഖരനെ വധിച്ച ഏഴംഗം സംഘത്തിലെ ആറുപേര്‍ ഇതോടെ പിടിയിലായി. ഷിനോജിനെ മാത്രമാണ് ഇനി പിടികൂടാനുള്ളത്. ടി.കെ രജീഷ്, സിജിത്ത്, അനൂപ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.
മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍ എന്നിവ സംഘടിപ്പിച്ചതും കൊലയ്ക്കുമുമ്പ് ആയുധങ്ങള്‍ അഴിയൂരില്‍ ഒളിപ്പിച്ചതുമെല്ലാം കൊടിസുനിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല ആസൂത്രണം ചെയ്യുന്നതിന്റെ മുന്നോടിയായി സുനി ഒട്ടേറെത്തവണ ബൈക്കില്‍ ഒഞ്ചിയം വഴി ഓര്‍ക്കാട്ടേരിയിലെത്തിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൊലയാളി സംഘത്തിലെ ഏഴുപേരെയും പിടികൂടിയശേഷം ഗൂഢാലോചനയില്‍ പങ്കെടുത്തവരെ പിടികൂടിയാല്‍ മതിയെന്നാണ് പോലീസിന്റെ തീരുമാനം. മുഖ്യപ്രതിയായ കൊടിസുനി പിടിയിലായതൊടെ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
ഇതിനിടെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. കേസില്‍ അറസ്റ്റിലായ ടി.കെ.രജീഷ്, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി.രാമചന്ദ്രന്‍ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ജയരാജന് നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഏത് ദിവസമാണ് ചോദ്യം ചെയ്യുകയയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ടി.പി വധക്കേസില്‍ 38 പേരുടെ പ്രതിപ്പട്ടികയാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയില്‍ പി.ജയരാജന്റെ പേരും സംഘം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment