Wednesday, 13 June 2012

[www.keralites.net] ഇസ്റാഅ് വല്‍ മിഅ്റാജ്

 

ഇസ്റാഅ് വല്‍ മിഅ്റാജ്



നബി(സ) യുടെ വിശുദ്ധ ജീവിതത്തിലെ അദ്ഭുതം നിറഞ്ഞതും മഹത്തരവുമായ പ്രയാണമായിരുന്നു ഇസ്റാഉം മിഅ്റാജും. തിരുനബി(സ) യുടെ വിശിഷ്ടതയും അസാധാരണത്വവും മനുഷ്യലോകത്തെ ബോധ്യപ്പെടുത്തുന്നതിനും അദൃശ്യ ലോകങ്ങളുടെ സ്ഥിരീകരണം നബിയിലൂടെ വ്യക്തമാക്കുന്നതിനും മറ്റും ഉദ്ദേശിച്ച് അള്ളാഹു ഒരുക്കിയ ഈ നിശാ പ്രയാണം പ്രവാചക സ്നേഹികളായ വിശ്വാസികള്‍ക്ക് ഒട്ടേറെ സന്ദേശവും സന്തോഷങ്ങളും സമ്മാനിക്കുന്ന ഒന്നാണ്. ഇസ്‍ലാമിക വിശ്വാസങ്ങളുടെ കാതലായ വശങ്ങള്‍ ചര്‍ച്ചാവേദിയാകുന്ന ഇസ്റാഅ്-മിഅ്റാജിന്‍റെ സ്മരണകള്‍ ലോകമൊട്ടും വിശ്വാസികള്‍ പുതുക്കി വരുന്നു.

പരിശുദ്ധ ഖുര്‍ആനും ഹദീസും ഈ പ്രയാണത്തെപ്പറ്റി വ്യംഗ്യവും വ്യക്തവുമായി പരാമര്‍ശിക്കുന്നുണ്ട്. മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദു.ല്‍ അഖ്സാ വരെയുള്ള യാത്രയാണ് ഇസ്റാഅ്. അവിടെ നിന്ന് ഏഴാകാശങ്ങള്‍ അടക്കമുള്ള അദൃശ്യ ലോകങ്ങള്‍ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണമാണ് മിഅ്റാജ്. യാത്രക്കൊടുവില്‍ അള്ളാഹുവുമായി നബി(സ) പ്രത്യേക വിധത്തില്‍ സംഭാഷണവും നടത്തി. ആ സംഭാഷണത്തിന്‍റെ തെളിവെന്നോണം നമുക്ക് ലഭ്യമായതാണ് അഞ്ച് നേരത്തെ നിസ്കാരം. അതെ, മിഅ്റാജിന്‍റെ മുഖ്യമായ സന്ദേശമാകുന്നു നിസ്കാരം. ബൃഹത്തായ യാത്രക്കൊടുവില്‍ അള്ളാഹുവുമായി നബി(സ) സന്ധിക്കുകയുണ്ടായി. പ്രത്യേകമായ ആശംസകള്‍ക്കും പ്രശംസകള്‍ക്കും ശേഷം തന്‍റെ സമുദായത്തിന് അള്ളാഹു സമ്മാനിച്ച അമ്പതു വഖ്ത് നിസ്കാരവുമായിട്ടാണ് നബി(സ) പോന്നത്. വഴിയില്‍ വെച്ച് മൂസാനബി(അ) ഇടപെട്ടാണ് അത് അഞ്ച് വഖ്താക്കി ചുരുക്കിയത്. (ബുഖാരി 1/51)

നൂറ്റാണ്ട് മുമ്പ് മരണപ്പെട്ട മൂസാനബി(അ) സത്യത്തില്‍ നബി(സ) മുഖേന നമ്മെ സഹായിക്കുകയാണ് ചെയ്തതെന്ന് വ്യക്തം. മരണാനന്തരവും ആത്മീയ ശക്തികൊണ്ട് സഹായഹസ്തം നീട്ടാന്‍ മഹാന്‍മാ.ര്‍ക്ക് അള്ളാഹു അവസരം നല്‍കുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇക്കാര്യത്തില്‍ തര്‍ക്കിക്കുയും ശിര്‍ക്കാരോപിക്കുകയും ചെയ്ത് സമയം കൊല്ലുന്നത് വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്ന് കൂട്ടത്തില്‍ പറയട്ടെ.

മിഅ്റാജ് ദിനം തിരുനബി(സ)യെ സ്നേഹിക്കുന്ന വിശ്വാസിയെ സംബന്ധിച്ചിട ത്തോളം  അനുഗ്രഹപൂരിതമാകുന്നു. പ്രസ്തുത അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. പുണ്യ കര്‍മ്മങ്ങള്‍ ചെയ്ത് ഈ ദിനത്തെ ധന്യമാക്കുകയും തെറ്റുകള്‍ വെടിഞ്ഞ് ശുദ്ധമാക്കുകയുമാണ് നന്ദിപ്രകാശനത്തിന്‍റെ കാതല്‍. മിഅ്റാജ് നല്‍കുന്ന മുന്നറിയിപ്പുകളും സുവിശേഷങ്ങളും അറിഞ്ഞും ആലോചിച്ചും പ്രസ്തുത ദിനം സജീവമാക്കണം. തിരുനബി(സ)യോടുള്ള സ്നേഹവും ബന്ധവും ശക്തമാക്കുവാനും പ്രാര്‍ത്ഥനാനിര്‍ഭരമാവാനും ഈ അവസരം നാം ഉപയോഗപ്പെടുത്തണം.

മിഅ്റാജ് ദിനത്തിലെ നോമ്പിന് വളരെയേറെ മഹത്വമുണ്ട്. ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവും സൂഫിലോകത്തെ അതികായനുമായ ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്നു. – അബൂമൂസാ(റ) ല്‍ നിന്ന് നിവേദനം, – റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോമ്പിന് തുല്യമാകുന്നു. (ഇഹ്‍യാഅ് 1/361). അനസ് (റ) വില്‍ നിന്ന് നിവേദനം – നബി(സ) പറഞ്ഞു – റജബ് ഇരുപത്തേഴിന് നോമ്പനുഷ്ടിക്കുകയും നോമ്പ് തുറക്കുന്ന സമയം പ്രാര്‍ത്ഥനാ നിരതനാവുകയും ചെയ്താല്‍ ഇരുപത് കൊല്ലത്തെ പാപങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം – റജബ് ഇരുപത്തിഏഴിന്‍റെ പകലില്‍ നോമ്പ് നോറ്റും രാത്രി നിസ്കരിച്ചും ധന്യരാകുന്നത് നൂറ് കൊല്ലത്തെ ഇബാദത്തുകള്‍ക്ക് തുല്യമാകുന്നു (ഗുന്‍യത്ത്)

അള്ളാഹുവേ, റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് നീ ബറകത്ത് ചൊരിയേണമേ, പരിശുദ്ധ റമളാനിനെ അതിന്‍റെ ഹഖ് പ്രകാരം വരവേല്‍ക്കാന്‍ ഞങ്ങള്‍ക്ക് നീ തൌഫീഖ് ചെയ്യേണമേ . . .


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment