മകന്‍ മരിച്ച വിവരമറിഞ്ഞ് കഷ്ടപ്പെട്ട് റീ എന്‍ട്രി അടിച്ചു വാങ്ങി ടിക്കറ്റെടുക്കാന്‍ വന്നപ്പോള്‍ കിട്ടില്ലെന്നറിഞ്ഞ്, മകന്റെ മൃതദേഹം വെച്ച് കാത്തിരിക്കുന്ന വീട്ടുകാരോട് ഫോണില്‍ ഹൃദയം പൊട്ടിക്കരയുന്ന പിതാവ്, അപകടത്തിലും ആകസ്മികമായും മരണപ്പെട്ടവരെ ദിവസങ്ങള്‍ നീണ്ട നിയമക്കുരുക്കുകള്‍ തീര്‍ത്ത് നാട്ടിലെത്തിക്കാന്‍ നോക്കുമ്പോള്‍ ടിക്കറ്റു കിട്ടാതെ പിന്നെയും മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചുവെക്കേണ്ടി വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും, അടിയന്തര വിദഗ്ധചികിത്സക്ക് നാട്ടിലെത്തിക്കേണ്ട ശയ്യാവലംബികളായ രോഗികള്‍, പ്രസവം നാട്ടിലാക്കാന്‍ നാളു കണക്കാക്കി ഒരുങ്ങിയ ഗര്‍ഭിണികള്‍, കുടുംബനാഥനോടൊപ്പം ഏതാനുംനാള്‍ കഴിച്ചുകൂട്ടി തിരിച്ചുപോകാനെത്തിയ വിദ്യാര്‍ഥികളടങ്ങുന്ന കുടുംബങ്ങള്‍, നാടുകാണാന്‍ വേനലവധി കാത്തുനിന്ന ഗള്‍ഫില്‍ പഠിക്കുന്ന മക്കളുള്ള കുടുംബങ്ങള്‍-ഇവരെല്ലാം ആഴ്ചകളായി ഒരു ടിക്കറ്റിനു വേണ്ടി അലയുന്നു. മരുവെയിലില്‍ ചോര നീരാക്കി അധ്വാനിച്ച് കിട്ടുന്ന തുട്ടുകള്‍ പെറുക്കിക്കൂട്ടി നാട്ടിലെത്തിക്കാന്‍ ഓടുന്നവരാണ് ഇപ്പോള്‍ 600 റിയാല്‍ മുടക്കേണ്ടിടത്ത് 2500 റിയാല്‍ മുടക്കിയാലും ടിക്കറ്റ് കിട്ടാതെ അന്ധാളിച്ചു നില്‍ക്കുന്നത്.
ഇതൊന്നും കേരളസര്‍ക്കാര്‍ അറിഞ്ഞമട്ടേ ഇല്ല. അതിനിടെ കേരളത്തില്‍ നിന്നു കേന്ദ്ര വിദേശമന്ത്രിയും ദുബൈയില്‍ പ്രവാസികളുടെ സ്വന്തം മന്ത്രിയുമൊക്കെ പറന്നെത്തിയതാണ്. വിദേശ സഹമന്ത്രി പതിവ് ഉറപ്പുകൊടുത്തപ്പോള്‍ പ്രവാസിമന്ത്രി സമരകാര്യത്തില്‍ കേരളം നിസ്സഹായമാണെന്നു കൈമലര്‍ത്തി. അതു പറയുമ്പോഴും കേരളം സ്വന്തമായി എയര്‍ലൈന്‍ തുടങ്ങുന്നുവെന്ന, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തു കേട്ടുതുടങ്ങിയ തമാശ ആവര്‍ത്തിക്കാന്‍ അദ്ദേഹം മറന്നതുമില്ല. നാടുപറ്റാനും അവിടെ നിന്നു തിരികെയെത്താനും ആവാതെ കുടുങ്ങിപ്പോയ ആയിരക്കണക്കിനു മലയാളികളെ രക്ഷപ്പെടുത്തുകയാണ് ഇപ്പോള്‍ അടിയന്തരാവശ്യം. മുമ്പ് യമനില്‍ മലയാളി നഴ്സുമാര്‍ കുടുങ്ങിയപ്പോള്‍ കേരളം ചിലതെല്ലാം ചെയ്തിട്ടുണ്ട്. ഇപ്പോള്‍തന്നെ പ്രവാസി ട്രാവല്‍ ഏജന്‍സികളില്‍ ചിലത് ചാര്‍ട്ടേഡ് ഫൈ്ളറ്റ് തരപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്.
പ്രതിമാസം എട്ടുലക്ഷം രൂപ ശമ്പളവും 2000 ഡോളര്‍ അലവന്‍സും പറ്റുന്നവര്‍ക്ക് ഒരു മാസവും അതിലധികവും സമരം ചെയ്യാനാവും. ആദ്യത്തെ വീറും വാശിയുമൊക്കെ വെടിഞ്ഞ്, സമരം നിര്‍ത്തിവരുന്നവരെ സര്‍ക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യും. മുമ്പേ കണ്ടുവരുന്ന ഈ എലിയും പൂച്ചയും കളിയില്‍ കവിഞ്ഞൊന്നും ഇത്തവണയും സംഭവിക്കാനിടയില്ല. പ്രത്യേകിച്ചും തീരുമാനമെടുക്കാമന്ത്രി എന്നു പേരെടുത്ത അജിത്സിങ് വ്യോമയാനവകുപ്പ് നോക്കിനടത്തുമ്പോള്‍. രാജ്യത്തിന്റെ ഖജനാവിനു ഭീമന്‍നഷ്ടം വരുകയും (ഇതിനകം അത് 350 കോടി കവിഞ്ഞിട്ടുണ്ട്) സ്വകാര്യ എയര്‍ലൈനുകള്‍ അവസരം മുതലെടുത്ത് അമിതചാര്‍ജ് ഈടാക്കി യാത്രക്കാരെ പിഴിഞ്ഞു തടിച്ചുചീര്‍ക്കുകയും ചെയ്താലും വകുപ്പും സ്ഥാപനങ്ങളും നോക്കിനടത്തുന്ന അധികാരികള്‍ക്കു നഷ്ടമൊന്നും വരാനില്ല. ചുറുചുറുക്കില്‍ പേരെടുത്ത മുന്‍മന്ത്രി പ്രഫുല്‍പട്ടേലിന്റെ പേരില്‍ പില്‍ക്കാലത്തു പൊന്തിവന്ന അഴിമതിക്കേസുകള്‍ അത് തെളിയിച്ചതാണ്. ഇപ്പോഴത്തെ സമരത്തിനു പിന്നില്‍പോലും മുംബൈയിലെ അപ്രഖ്യാപിത വ്യോമയാന അധോലോകത്തിന്റെ കളികളുള്ളതായി പറഞ്ഞുകേള്‍ക്കുന്നുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെ കുഴഞ്ഞുമറിയുമ്പോള്‍ അനുഭവിക്കേണ്ടി വരുന്നത് യാത്രക്കാരാണ്. രാജകീയ ആതിഥ്യത്തിന്റെ പ്രതീകംപേറുമ്പോഴും വിവേചനം പണ്ടേ എയര്‍ ഇന്ത്യയുടെ പ്രഖ്യാപിതമുദ്രയാണ്. ജീവനക്കാരുടെ ശമ്പളത്തിലെന്ന പോലെ യാത്രക്കാരെ തീതീറ്റുന്ന വിഷയത്തിലും കൃത്യമായ ഈ വിവേചനം കാണാം. അതിന്റെ നേര്‍ഇരകള്‍ എപ്പോഴും മലയാളികളാണ്. അവരില്‍തന്നെ ഗള്‍ഫ്പ്രവാസികള്‍. സമരം രൂക്ഷമായതോടെ ഗള്‍ഫ് സെക്ടറുകളിലേക്കുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ ആദ്യം റദ്ദാക്കിയത്. തുടക്കത്തില്‍ ഒന്നോ രണ്ടോ വിമാനങ്ങള്‍ മുടക്കി. പിന്നീട് ചില സെക്ടറുകളില്‍ പൂര്‍ണമായും സര്‍വീസ് തന്നെ നിര്‍ത്തി. ഇതിന്റെ ദ്രോഹം ഏറ്റവുമധികം അനുഭവിക്കുന്നത് സൗദി അറേബ്യയിലെ പ്രവാസികളാണ്. റിയാദില്‍നിന്ന് മാത്രമായി ആഴ്ചയില്‍ അഞ്ചു സര്‍വീസ് വീതം കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലേക്കും തിരിച്ചും നടത്തിയിരുന്ന എയര്‍ ഇന്ത്യ ഒറ്റയടിക്ക് എല്ലാം റദ്ദാക്കി. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും മുംബൈയിലേക്കുമുള്ള സര്‍വീസുകള്‍ മേയ് 30 വരെ നിര്‍ത്തി. പിന്നീട് അത് ജൂണ്‍ 30ലേക്കും ഇപ്പോള്‍ ജൂലൈ 31 വരെയും നീട്ടിയിരിക്കുന്നു. യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ്രാജ്യങ്ങളില്‍നിന്ന് ദിവസവും ആയിരക്കണക്കിന് പേരാണ് ഈ സീസണില്‍ നാട്ടില്‍ പോകുന്നത്. മിക്കവരും എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ടിക്കറ്റെടുത്തവര്‍. മറ്റു ഗള്‍ഫുനാടുകളിലും ഇതുതന്നെ കഥ.
എയര്‍ ഇന്ത്യയുടെ ദേശീയ ഗോസായിമാരില്‍ നിന്നു മലയാളി ഇതിലപ്പുറം പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ മലയാളമെന്നൊരു നാടും അതു വാഴുന്ന സ്വന്തം കേരളസര്‍ക്കാറുമുണ്ടല്ലോ അവര്‍ക്ക്. പ്രവാസിക്ഷേമത്തിനു വകുപ്പും കോര്‍പറേഷനും ദിനാചരണങ്ങളും കൊണ്ടുനടത്തുന്ന കേരളസര്‍ക്കാറും പ്രവാസികള്‍ക്കു പ്രത്യേകം സംഘടന നടത്തുന്ന അധികാരസ്ഥരായ രാഷ്ട്രീയപാര്‍ട്ടികളും - അവര്‍ക്കൊന്നും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലേ?
കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി സമരം കാരണം വഴിമുട്ടിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള മറുവഴികള്‍ തേടുകയാണ് പ്രവാസിക്ഷേമത്തെക്കുറിച്ച വായ്ത്താരി നിര്‍ത്തി സര്‍ക്കാര്‍ ചെയ്യേണ്ടത്. വോട്ടര്‍പട്ടികയില്‍ നിന്നെന്നല്ല, കാനേഷുമാരി കണക്കില്‍ നിന്നുതന്നെ ഗള്‍ഫ് പ്രവാസിയെ നാം പുറത്താക്കി. അതൊക്കെ സഹിച്ചും ഗള്‍ഫിലെത്തുന്ന നേതാക്കന്മാരെ പെട്ടിനിറച്ചു പറഞ്ഞയക്കുന്ന പ്രവാസികള്‍ ഒന്നു നാടണയാന്‍ മുട്ടുമ്പോള്‍ അവര്‍ക്ക് യാത്രയുടെ വാതില്‍ തുറന്നുകൊടുക്കാനെങ്കിലും അധികൃതര്‍ ശ്രമിച്ചെങ്കില്‍. സ്വന്തം നാഴിയിടങ്ങഴി മണ്ണില്‍ നാലുനാള്‍ ചവിട്ടി നില്‍ക്കാനുള്ള പൂതി തീര്‍ക്കാന്‍ അവര്‍ ഒന്നു നാടണഞ്ഞോട്ടെ, പ്ലീസ്.
No comments:
Post a Comment