Saturday, 9 June 2012

Re: [www.keralites.net] സംസ്കാരത്തെ തള്ളിപ്പറയുമ്പോള്‍.......

 

ദൈവനാമത്തില്‍ സത്യപ്രതിജഞ ചെയ്ത മുസ്ലിം ലീഗ് എന്ന സമുദായ പാര്‍ട്ടിയുടെ നേതാവും, മന്ത്രിയും, മുസ്ലിം മത വിശ്വാസിയുമായ അബ്ദു റബ്ബ് തന്നെ ഇപ്പോള്‍ സോഷ്യല്‍ സൈറ്റില്‍ താരം. പിണറായി, അച്യുതാനന്ദന്‍, മഅദനി, പിള്ള, കുഞാലികുട്ടി അങ്ങനെ പോകുന്ന ഫൈസ് ബുക്കിലെ താരങ്ങളായ രാഷ്ട്രീയക്കാരരുടെ ഇടയില്‍ അതിവേഗം ബഹുദൂരം മുന്നേറുകയാണ് അബ്ദു റബ്ബ് എന്ന് അറബി പേരുള്ള മലയാളത്തില്‍ 'പടച്ചോന്റെ അടിമ' എന്ന അര്‍ഥം വരുന്ന സാക്ഷാല്‍ അബ്ദു റബ്ബ്!!
അബ്ദു റബ്ബേ ങ്ങളു മുണ്ടിയാല്‍ വര്‍ഗീയവാദിയാകും… മുണ്ടാതിരുന്നാല്‍ തീവ്രവാദിയും… ങ്ങള്‍ക്ക് ഏതാണാവണ്ടെ, രണ്ടിനും നല്ല മാര്‍ക്കെറ്റാ ഫൈസ്ബുക്കിലായാലും, ചാനലുകളിലായാലും!!
ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യരാജ്യമാണെന്ന് സ്‌കൂളില്‍ നാരായണന്‍ മാഷിനു പഠിപ്പിക്കാനും വാര്‍ഷികപ്പരീക്ഷയ്ക്ക് ചോദിക്കാനുള്ളതുമല്ല എന്ന് സകല ജാതി മതക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്.
മതപരമായി നിലവിളക്ക് ഹൈന്ദവ സംസ്‌കാരം മതമായി മാറിയവര്‍ വിശ്വസിക്കുന്നവരുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നതിനു ആര്‍ക്കുമൊരു സംശയവുമില്ല.
അബ്ദുറബ്ബിനെതിരെ ഫേസ്ബുക്കില്‍ പരക്കുന്ന ഒരു പോസ്റ്റ്‌
'കേരളത്തിലെ വീടുകളില്‍ സന്ധ്യാസമയം കത്തിച്ചുവയ്ക്കുന്ന പ്രത്യേകതരം വിളക്കാണ്‌നിലവിളക്ക്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആരാധനയുടെ ഭാഗമായി വ്യാപകമായി ഈ വിളക്ക് ഉപയോഗിക്കുന്നു. നിലകളായി കത്തിക്കാമെന്നതുകൊണ്ടാണ് ഈ പേര് വന്നത്. അനുഷ്ഠാനം എന്ന നിലയില്‍ നിലവിളക്ക് കൊളുത്തുന്നതിന് പ്രത്യേകനിയമങ്ങളുമുണ്ട് ലോഹമിശ്രിതമായ ഓട് കൊണ്ട് നിര്‍മിച്ച നിലവിളക്കാണ് പൂജാകര്‍മങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്. എള്ളെണ്ണയാണ് പൊതുവേ കത്തിക്കാനുപയോഗിക്കുന്നത്. സന്ധ്യാപൂജയ്ക്കായി മിക്ക ഹിന്ദുഗൃഹങ്ങളിലും നിലവിളക്ക് തെളിക്കുന്ന പതിവുണ്ടായിരുന്നു. പ്രഭാതത്തില്‍ ബ്രഹ്മ മുഹൂര്‍ത്തത്തിലും വൈകിട്ട് വിഷ്ണുഹൂര്‍ത്തമായ ഗോധൂളിമുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് കത്തിക്കേണ്ടത് എന്നാണ് വിശ്വാസം.
വിളക്കിലെ തിരികള്‍ തെളിക്കുന്നതിനും പ്രത്യേക ചിട്ടകള്‍ കല്പിക്കപ്പെട്ടിരുന്നു. പ്രഭാതത്തില്‍ കിഴക്കോട്ടും പ്രദോഷത്തില്‍ കിഴക്കു പടിഞ്ഞാറും തിരിയിടേണ്ടതാണ്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെയാണ് തിരിനാളങ്ങളുടെ ക്രമം. മംഗളാവസരങ്ങളില്‍ അഞ്ചോ, ഏഴോ തിരികള്‍ തെളിക്കാം. അമര്‍ത്യര്‍, പിതൃക്കള്‍, ദേവന്മാര്‍, ഗന്ധര്‍വന്മാര്‍, യക്ഷോവരന്മാര്‍, രാക്ഷസന്മാര്‍ എന്നിവരാണ് ഏഴുനാളങ്ങളുടെ അധിദേവതമാര്‍. കിഴക്കുവശത്തുനിന്ന് തിരിതെളിച്ച് തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക് എന്ന ക്രമത്തില്‍ വേണം ദീപപൂജ ചെയ്യേണ്ടത്. വിളക്കുകത്തിക്കലിന്റെ പ്രദക്ഷിണം പൂര്‍ത്തിയാക്കരുതെന്നും നിയമമുണ്ട്.
തെക്കുപടിഞ്ഞാറ്, കന്നിമൂലയിലുള്ള പൂജാമുറിയിലാണ് നിലവിളക്ക് സ്ഥാപിക്കേണ്ടത് എന്നാണ് സങ്കല്പം. തെക്കുവടക്കായി നിലവിളക്ക് കൊളുത്തുന്നത് ദോഷമത്രെ. കരിന്തിരി കത്തി അണയുന്നത് അശുഭമെന്നും വസ്ത്രംവീശി കെടുത്തുന്നത് ഉത്തമമെന്നുമാണ് വിശ്വാസം. താന്ത്രിക കര്‍മങ്ങളിലും മന്ത്രവാദത്തിലും അഷ്ടമംഗല പ്രശ്‌നത്തിലുമൊക്കെ നിലവിളക്കിന്റെ സാന്നിധ്യം അനിവാര്യമാണ്.വിവാഹം പോലെയുള്ള അവസരങ്ങളില്‍ വധുവരന്മാര്‍ നിലവിളക്ക് കൊളുത്തുന്നതും ആചാരമായി കണ്ടുവരുന്നു'. (കടപ്പാട്: സ്വന്തം വിക്കി).
ഒരു മതത്തിലെ വിശ്വാസത്തെ, അവരുടെ ആചാരങ്ങളെ ഇസ്ലാം മതത്തില്‍ വാക്കാലോ കര്‍മ്മത്താലോ പിന്തുടരാന്‍ പാടില്ല എന്നതില്‍ തര്‍ക്കമില്ല.അത് ചിലപ്പോള്‍ സെക്കുലറായി ചിന്തിക്കുന്നവര്‍ക്ക് വളരെ കുടുസ്സായി തോന്നാം. പ്രവാചകന്‍ മുഹമ്മദ് നബി (രക്ഷയും സമാധാനവും അദ്ദേഹത്തിനുണ്ടാവട്ടെ) ക്ക് മക്കയിലെ ബഹുദൈവാരാധകരോട് പറയാന്‍ ദൈവം ഇറക്കിയ 109 ആമത്തെ അദ്ധ്യായത്തില്‍ വളരെ വ്യക്തമായി പറഞിട്ടുണ്ട് .
നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല.
നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാനും, ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നില്ല.
നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതവും.
ബിംബമോ, ചിഹ്നമോ ആരാധിക്കാത്ത ഒരാള്‍ മറ്റു മതസ്ഥരുടെ ആരാധനയുടെ ഭാഗമായ നിലവിളക്കിന് തിരി തെളിയിക്കാന്‍ ക്ഷണിച്ചപ്പോള്‍ സ്‌നേഹത്തോടെ തള്ളിയതില്‍ ആരും കാണാത്ത തീവ്രവാദവും,വര്‍ഗീയതയും ഏതോ മഞ കണ്ണടവച്ചവന്മാര്‍ കണ്ടു പിടിച്ചു.! ഇന്ത്യ എന്ന മാഹാ രാജ്യത്ത് എല്ലാ പൌരനും എല്ലാറ്റിനും സ്വാതന്ത്ര്യമുണ്ട് കത്തിക്കാനും കത്തിക്കാതിരിക്കാനും. കത്തിച്ചേ തീരൂ എന്ന് ആക്രോഷിക്കുന്നവരും, കത്തിച്ചാലെന്തെ ആദര്‍ശം കത്തിപ്പോകുമോ എന്നും പിറുപിറുക്കന്നവര്‍ കഥയറിയാതെ ആട്ടം കാണുന്ന കാണികളെ പോലെമാത്രമായിരിക്കും.
ഇവിടെ അബ്ദു റബ്ബ് ചെയ്തത് ഒരു തെറ്റോ അപരാധമോ അല്ല.അദ്ദേഹം വിശ്വസിക്കുന്ന പിന്തുടരുന്ന മതവുമായി പൊരുത്ത് പെട്ട് പോവാന്‍ സാധിക്കാത്തത് കൊണ്ട് മാന്യമായി പിന്മാറി.അല്ലാതെ അടിയന്തരാവസ്ത അറബിക്കടലില്‍ എന്ന പോലെ 'നിലവിളക്കെല്ലാം അറബിക്കടലില്‍' എന്നൊന്നും മുദ്രാവാക്യം മുഴക്കിയില്ലല്ലോ?
അദ്ദേഹം നിലവിളക്ക് കത്തിച്ചേ തീരൂ എന്ന് പറയുന്നവരോട് നാളെ മുതല്‍ കുര്‍ബാനയും ബാങ്ക് വിളിയുമായി നമ്മക്ക് സര്‍ക്കാര്‍ പരിപാടി ഉല്‍ഘാടിക്കാന്‍ പറഞാലോ? എല്ലാറ്റിലും വേണ്ടെ ഒരു സൌഹാര്‍ദം? കിടക്കട്ടെ ഇവിടേയുമൊരു മഹാ കപട സൌഹാര്‍ദം!!
ഗംഗയില്‍ നിന്നും ഗ്രയ്‌സിലേക്ക്..
ചിലപ്പോള്‍ ഫാസിലിന്റെ മണിചിത്രത്താഴിലെ പ്രേതകഥാപാത്രത്തെ പേടിച്ചായിരിക്കും ഗംഗ എന്ന പേരുമാറ്റിയത്!! അല്ലാതെ എന്താ പറയാ? ഹൈന്ദവ പുരാണത്തിലെ ശിവന്റെ തലയില്‍ കെട്ടിയ മുടിക്കെട്ടില്‍ നിന്നുമാണു ഗംഗാ നദിയുണ്ടായത് എന്ന് വിശ്വസിക്കുന്ന ഒരു മതത്തിന്റെ വിശ്വാസ പരമായ നാമം നിലവിളക്ക് കത്തിക്കാതിരുന്ന അദ്ദേഹം മാറ്റിയതില്‍ ഒരത്ഭുതവുമില്ല. സക്കീന മന്‍സില്‍ എന്നോ സുഹറാ മന്‍സില്‍ എന്നൊന്നും ഇട്ടില്ലല്ലോ ഒരു സായിപ്പിന്റെ ഭാഷയിലെ മൂന്നാലക്ഷരമല്ലെ അതവിടെ കിടന്നോട്ടെ.
ഇനി ഗ്രയ്സിന്റെ സത്യാവസ്ഥ
നാട്ടിലെ വീടിന്റെ പേരും ഗ്രയ്സ്‌!
സത്യത്തില്‍ അദ്ധേഹത്തിന്റെ നാടിലെ വീടിന്റെ പേര് ഗ്രെയ്‌സ് എന്നാണ്. ആ പേര് അദ്ധേഹത്തിന്റെ ഔദ്യോഗിക വസതിക്കും വേണം എന്ന് അദ്ദേഹം ആഗ്രഹിചിട്ടുണ്ടാവും. അതിനെ ഇങ്ങനെ ദുര്‍വ്യാഖ്യാനിക്കെണ്ടിയിരുന്നില്ല. ഏതോ ഒരു മഞ്ഞ പത്രത്തിന്റെ വാര്‍ത്തയും പൊക്കിപ്പിടിച്ച് തങ്ങളുടെ കൂടെ ഉള്ള സഹ പ്രവര്‍ത്തകര്‍ക്കെതിരെ വാളെടുക്കുന്നവര്‍ മിനിമം ഈ തീരുമാനത്തിന്റെ കാരണം എങ്കിലും മന്ത്രിയോട് ചോദിക്കാമായിരുന്നു.
അബ്ദു റബ്ബിനോട്: സമുദായ പാര്‍ട്ടിക്കു വേണ്ടി മുഷ്ടി ചുരുട്ടാന്‍ ആയിരകണക്കിനു പണ്ഡിത പട തന്നെ ഞങ്ങള്‍ക്കുണ്ടെന്ന് ആരോ എപ്പോഴോ പറയുന്നത് കേട്ടിട്ടുണ്ട് അവരോടൊക്കെ ഒന്ന് പറയാന്‍ പറ; നമ്മടെ കൌമേ… പള്ളിയിലും, ജാറത്തിലും പിന്നെ മഖബറയിലുമുള്ള നിലയുള്ളതും ഇല്ലാത്തതുമായ സകല വിളക്കും ഏതെങ്കിലും പാണ്ടിക്ക് തൂക്കി വില്‍ക്കൂ….!!


From: Thahseer Tp <thahseertp@yahoo.com>
To: Keralites <Keralites@YahooGroups.com>
Sent: Friday, June 8, 2012 11:40 PM
Subject: Re: [www.keralites.net] സംസ്കാരത്തെ തള്ളിപ്പറയുമ്പോള്‍.......

 
സഹോദരാ
    വിളക്ക് കത്തിക്കുന്നത് ഇസ്ലാമിക ആചാരമല്ല. ആ മന്ത്രി ഇനി മറ്റൊരാല്‍ കത്തിക്കാന്‍ ശ്രമിച്ചതിനെ തടയുകയോ അല്ലെങ്കില്‍ കത്തിച്ചതിനെ ഊതി കെടുത്തിയതോ ആയിരുന്നെങ്കില്‍ നമുക്ക് അയാളെ കുറ്റപ്പെടുത്തി പറയാം അല്ലെങ്കില്‍ അയാളെ ശിക്ഷിക്കാം. കാരണം അതൊരു പുണ്ണ്യ കാര്യമായി ഹിന്ദു സഹോദരങ്ങള്‍ ചെയ്യുന്നു
     ഏതൊരു നല്ല കാര്യം ചെയ്യുമ്പോഴും ബിസ്മി........( പരമ കാരുണികാനും കരുണ നിധിയുമായ ദൈവത്തിന്റെ നാമത്തില്)‍ ചൊല്ലി തുടങ്ങനമെന്ന്‍ ഇസ്ലാം പഠിപ്പിക്കുന്നത് .
      വിശുദ്ധ ഖുറാന് പറയുന്നു .‍
      "നിങ്ങള്‍ ആരാധിച്ചു വരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല .നിങ്ങള്‍ ആരാധിച്ചു വന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോക്കുന്നവനുമല്ല .ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നില്ല.നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം" .

----- Forwarded Message -----
From: laly s <lalysin@yahoo.co.in>
To: Keralites <Keralites@yahoogroups.com>
Sent: Friday, 8 June 2012 5:53 PM
Subject: [www.keralites.net] സംസ്കാരത്തെ തള്ളിപ്പറയുമ്പോള്‍.......
 
Fun & Info @ Keralites.net
സംസ്കാരത്തെ തള്ളിപ്പറയുമ്പോള്‍

ഭാരതീയ സംസ്കാരത്തിന്റെ മൂല്യവത്തായ ചില ചിഹ്നങ്ങളെയും ചടങ്ങുകളെയും ഇപ്പോഴും പിന്തുടരുകയും അനുസരിക്കുകയും ചെയ്യുന്നു എന്നതാണ്‌ നമ്മുടെ സമൂഹത്തിന്റെ നിലനില്‍പ്പിന്നാധാരം. വിളക്കു വയ്ക്കുന്നതും വ്രതംനോക്കുന്നതുമുള്‍പ്പെടെയുള്ളവ ആ സംസ്കാരത്തിന്റെ ഭാഗമാണ്‌. വിളക്കു തെളിക്കുന്നതിലൂടെ പ്രകാശം കൊണ്ടുവരികയാണ്‌ ചെയ്യുന്നത്‌. അന്ധകാരത്തെ അകറ്റി, വെളിച്ചത്തെ പ്രതിഷ്ഠിക്കുക. ഇരുട്ടു നിറഞ്ഞ ഒരു സ്ഥലത്ത്‌ ജീവിക്കുന്നത്‌ എത്ര ദുഷ്കരമാണ്‌. ഒരു ഇരുട്ടു മുറിയില്‍ നമുക്ക്‌ എത്ര നേരം കഴിയാന്‍ പറ്റും? ഇരുട്ടറയില്‍ കഴിയുന്ന ഒരുവന്റെ മുന്നിലേക്ക്‌ വിളക്കു കത്തിച്ചു വച്ചാല്‍ ആ പ്രകാശം അവനു ദൈവതുല്യമാകും.

മനുഷ്യന്‍ വൈദ്യുതി ഉപയോഗം സാര്‍വ്വത്രികമാക്കിയിട്ട്‌ അധികകാലമായിട്ടില്ല. ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും വൈദ്യുതി എത്താത്ത ഇടങ്ങളുമുണ്ട്‌. വീടുകളില്‍ വൈദ്യുതി എത്താത്ത സ്ഥലങ്ങളുമുണ്ട്‌. എന്നാല്‍ അവരാരും ഇരുട്ടില്‍ ജീവിക്കുന്നില്ല. ജോലികളെല്ലാം കഴിഞ്ഞ്‌ സന്ധ്യാനേരത്ത്‌ വീടിന്റെ ഉമ്മറത്ത്‌ നിലവിളക്കു കത്തിച്ചു വയ്ക്കുന്നത്‌ ആചാരത്തിനുമപ്പുറം പ്രകാശത്തെ കൊണ്ടുവരലാണ്‌. തേയ്ച്ചു മിനുക്കിയ ഓട്ടു വിളക്കില്‍ എള്ളെണ്ണ ഒഴിച്ച്‌ തിരിയിട്ട്‌ വിളക്കു കത്തിക്കുമ്പോഴുള്ള പ്രകാശത്തിന്‌ പ്രത്യേകതയും ഐശ്വര്യവുമുണ്ട്‌. ആ ദീപത്തിനു മുന്നിലിരുന്ന്‌ ഈശ്വര നാമം ഉരുവിടുന്നത്‌ മനസ്സിലേക്ക്‌ പ്രകാശത്തെ ആവാഹിക്കലാണ്‌.

ഇരുട്ട്‌ നമ്മുടെ മനസ്സിനെയും സമൂഹത്തെയും അന്തരീക്ഷത്തെയും മൂടാറുണ്ട്‌. മനസ്സിനെ മൂടുന്ന ഇരുട്ടാണ്‌ ഏറെ ഭയാനകം. മനസ്സില്‍ ഇരുട്ടു മൂടിയാല്‍ പിന്നീട്‌ സ്വസ്ഥ ജീവിതം ഉണ്ടാകില്ല. ഭ്രാന്തനായി മാറും. മനസ്സിലെ ഇരുട്ടകറ്റുന്നത്‌ വിജ്ഞാനത്തിന്റെ വിളക്കാണ്‌. നല്ല സംഗീതം ശ്രവിക്കുന്നയാളുടെ മനസ്സിലേക്ക്‌ പെട്ടന്ന്‌ പ്രകാശം കടന്നു വരും. ഇതൊരു സംസ്കാരത്തിന്റെ ഭാഗമാണ്‌. മതത്തിന്റെതല്ല. നമ്മുടെ സാംസ്കാരിക ചിഹ്നങ്ങളില്‍ പലതും മതവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഏതെങ്കിലും മതത്തിനു മാത്രം അവകാശപ്പെട്ടാതാണതെന്നു പറയാനും കഴിയില്ല. നമ്മുടെ സംസ്കാരം ഹൈന്ദവീകമാണ്‌. അതു മതമല്ല. ഇലയിട്ടു ചോറുണ്ണുന്നതും നിലവിളക്കു കത്തിക്കുന്നതും വീടും പരിസരവും വൃത്തിയാക്കുന്നതുമെല്ലാം അതിന്റെ ഭാഗമാണ്‌.

നമ്മുടെ സംസ്കാരത്തിന്‌ വിരുദ്ധമായതിനെയും, നമുക്ക്‌ ചേരാത്ത വൈദേശികാചാരങ്ങളെയും പലരും മതത്തിന്റെ ഭാഗമാക്കാറുണ്ട്‌. എന്നാല്‍ അതെല്ലാം ജീവിതത്തില്‍ ദോഷങ്ങളാണ്‌ കൊണ്ടുവരുന്നത്‌. പ്രഭാതത്തിലും സന്ധ്യാനേരത്തും വീടുകളില്‍ നിലവിളക്ക്‌ കത്തിച്ചുവയ്ക്കുന്നത്‌ ഒരു പ്രത്യേക ഐശ്വര്യം തന്നെയാണ്‌. ക്ഷേത്രങ്ങളിലും ആരാധനയുടെ ഭാഗമായി വ്യാപകമായി നിലവിളക്ക്‌ ഉപയോഗിക്കുന്നു. അവിടെയും വിളക്ക്‌ പ്രകാശത്തെ കൊണ്ടുവരുന്നു എന്നതിനു തന്നെയാണ്‌ പ്രാധാന്യം.

ഇപ്പോള്‍ ഒരു മന്ത്രി നിലവിളക്ക്‌ കൊളുത്തുന്നതിന്‌ വിമുഖത കാട്ടുകയും അതിനെതിരായി രംഗത്തു വരികയും ചെയ്തതിനാലാണ്‌ ഇത്രയും കുറിക്കേണ്ടി വന്നത്‌. പൊതു ചടങ്ങുകള്‍ നിലവിളക്ക്‌ കത്തിച്ച്‌ ഉദ്ഘാടനം ചെയ്യുന്നത്‌ സര്‍വ്വസാധാരണമാണ്‌. പ്രകാശം പരത്തിക്കൊണ്ട്‌ ആരംഭംകുറിക്കുക എന്നത്‌ സംസ്കാരത്തിന്റെ ഭാഗമായതിനാലാണത്‌. എന്നാല്‍ കേരളത്തിലെ മുസ്ലീം ലീഗ്‌ മന്ത്രിമാര്‍ക്ക്‌ നിലവിളക്ക്‌ 'ഹറാ'മാണത്രെ. കാലങ്ങളായി ഈ വിവാദം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഇപ്പോള്‍ ഒരു ചടങ്ങില്‍ വിളക്കുകൊളുത്താന്‍ വിസമ്മതിച്ച വിദ്യാഭ്യാസ മന്ത്രിയുടെ നടപടിയാണ്‌ വിമര്‍ശിക്കപ്പെടുന്നത്‌. അദ്ദേഹം നമ്മുടെ വിദ്യാഭ്യാസത്തെ നിയന്ത്രിക്കേണ്ട വ്യക്തി കൂടിയാണെന്നതാണ്‌ സംഭവത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്‌.

അബ്ദുറബ്ബ്‌ സത്യപ്രതിജ്ഞ ചെയ്തത്‌ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിട്ടാണ്‌. അല്ലാതെ മുസ്ലീം സമുദായത്തിന്റെയോ മുസ്ലീം ലീഗിന്റെയോ മാത്രം മന്ത്രിയായിട്ടല്ല. അദ്ദേഹത്തെ ഉദ്ഘാടനത്തിന്‌ വിളിച്ചത്‌ മുസ്ലീം ആയതുകൊണ്ടുമല്ല, അദ്ദേഹം കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായതിനാലാണ്‌.
ലോകത്തെയോ, കേരളത്തിലെയോ ഏറ്റവും കേമന്മാരായതും മതബോധമുള്ളവരുമായ മുസ്ലീങ്ങളല്ല അബ്ദുറബ്ബും അദ്ദേഹത്തിന്റെ കൂട്ടാളികളായ ലീഗ്‌ മന്ത്രിമാരും. അധികാരത്തിലിരുന്ന്‌ ഇവറ്റകള്‍ കാട്ടിക്കൂട്ടുന്ന നെറികേടുകള്‍ ഏതു തരം മതബോധത്തിന്റെയും ദൈവബോധത്തിന്റെയും അടിസ്ഥാനത്തിലാണ്‌?. അഞ്ചുനേരം നിസ്കരിക്കുകയും മുപ്പതു ദിവസം വ്രതം നോക്കുകയും ചെയ്താല്‍ മാത്രം ഒരാള്‍ നല്ല മതബോധമുള്ള മുസ്ലീമാകില്ല. മറ്റുള്ളവരെ അംഗീകരിക്കാനും സ്വന്തം കാലടി പതിയുന്ന ഭൂമിയുടെ സാംസ്കാരികവും സാമൂഹികവുമായ ഉന്നതിക്കുവേണ്ടി സത്യസന്ധമായി പ്രവര്‍ത്തിക്കാനും കഴിയണം.

ഇസ്ലാം മതം അറബി നാട്ടില്‍ നിന്നാണല്ലോ കേരളത്തിലേക്കും ലീഗ്‌ മന്ത്രിമാരിലേക്കും അബ്ദുറബ്ബിലേക്കും വളര്‍ന്നത്‌. സൗദി അറേബ്യ മുസ്ലീം മതനിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോകുന്ന രാജ്യമാണ്‌. അവിടുത്തെ ജനങ്ങളും അവിടെയത്തുന്ന ജനങ്ങള്‍ ഏതു മതക്കാരാണെങ്കിലും ആ നിയമത്തിനനുസരിച്ചുള്ള ജീവിതമാണ്‌ ജീവിക്കേണ്ടതും. സൗദിയില്‍ നിന്ന്‌ കേരളത്തിലെത്തി സ്മാര്‍ട്സിറ്റി പദ്ധതി നിലവിളക്ക്‌ കൊളുത്തി ഉദ്ഘാടനം ചെയ്തു പോയ മുസല്‍മാനെ അബ്ദുറബ്ബിന്‌ ഓര്‍മ്മയുണ്ടോ?. അതു തിരിച്ചറിയാനുള്ള ശേഷി അദ്ദേഹത്തിനില്ലെന്നതാണ്‌ സത്യം. ശരിയത്താണ്‌ ഇറാനിലെ ഭരണ സംവിധാനത്തെ നിയന്ത്രിക്കുന്നത്‌. ഇറാനില്‍ നിന്ന്‌ കേരളത്തിലെ ചലച്ചിത്ര മേളയ്ക്കെത്തി നിലവിളക്കു തിരിയിട്ട്‌ കത്തിച്ച്‌ പ്രകാശം പരത്തിയ മുസ്ലീങ്ങളായ പ്രതിഭാശാലികളായ ചലച്ചിത്രപ്രവര്‍ത്തകരെയും തിരിച്ചറിയാന്‍ അദ്ദേഹത്തിനു കഴിയില്ല. സിനിമയും അദ്ദേഹത്തിന്‌ ഹറാമായിരിക്കും. വിഖ്യാത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ മൊഹ്സിന്‌ മഖ്ബല്‍ബഫ്‌ ഉള്‍പ്പടെയുള്ളവര്‍ ഇവിടെ നിലവിളക്കു കൊളുത്തുന്നതില്‍ ഹറാമായി ഒന്നും കണ്ടില്ല. അബ്ദുറബ്ബിനെപ്പോലൊരാളാണല്ലോ നമ്മുടെ വിദ്യാഭ്യാസ മന്ത്രി എന്നതില്‍ ലജ്ജിക്കാതിരിക്കാനാകുന്നില്ല.

കേരളത്തിലെ പ്രശസ്തമായ ഒരു മുസ്ലീം പള്ളിയില്‍ നിലവിളക്കു കൊളുത്തുന്നത്‌ അദ്ദേഹത്തിന്‌ അറിയുമോ ആവോ. നിലവിളക്ക്‌ കൊളുത്തിവയ്ക്കുന്ന മുസ്ലീംപള്ളിയാണ്‌ കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളി. പള്ളി സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ഈ വിളക്കിലെ എണ്ണ പ്രസാദമായി നല്‍കുകയും ചെയ്യുന്നു. അതുപോലെ ക്രിസ്ത്യാനികളുടെ മാര്‍ഗ്ഗംകളിയില്‍ നിലവിളക്ക്‌ കത്തിച്ചുവയ്ക്കാറുണ്ട്‌. ക്രിസ്തുദേവന്റെ സങ്കല്‍പത്തില്‍ ആണിത്‌. പല ക്രിസ്ത്യന്‍ കുടുംബങ്ങളിലും പ്രധാനപ്പെട്ട ചടങ്ങുകളില്‍ നിലവിളക്ക്‌ കൊളുത്തുന്നത്‌ ആചാരത്തിന്റെ ഭാഗവുമാണ്‌.

ഇന്തോനേഷ്യ മുസ്ലീം രാജ്യമാണ്‌. പക്ഷേ, അവരുടെ സംസ്കാരം ഹൈന്ദവീകമാണ്‌. മുമ്പ്‌ സൂചിപ്പിച്ചതുപോലെ ഹൈന്ദവീകം എന്നത്‌ മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇവിടെ വിവക്ഷിക്കപ്പെടുന്നത്‌. അതിനാല്‍ ഇന്തോനേഷ്യക്കാര്‍ അവരുടെ പൂര്‍വ്വികരുടെ സംസ്കാരത്തെ തള്ളിപ്പറയാന്‍ തയ്യാറാകുന്നില്ല. അവരുടെ എയര്‍ലൈന്‍സിന്‌ ഗരുഡ എന്ന പേരിട്ടതില്‍ അനിസ്ലാമികമായി ഒന്നും കാണുന്നുമില്ല. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ചിത്രങ്ങള്‍ അവര്‍ ഇപ്പോഴും വീടുകളില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. അവരുടെ പാഠ്യ പദ്ധതിയില്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇവിടെ അബ്ദുറബ്ബെന്ന സംസ്കാര സമ്പന്നനായ വിദ്യാഭ്യാസ മന്ത്രി ചെയ്തിരിക്കുന്നതോ, സംസ്കൃത ഭാഷയെ എല്‍.പി സ്കൂള്‍ പഠനത്തില്‍ നിന്ന്‌ പൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുന്നു. ഒന്നാം ക്ലാസ്സുമുതല്‍ സംസ്കൃതം നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന വിവിധ കമ്മീഷനുകളുടെ ഉത്തരവുകളെ കാറ്റില്‍ പറത്തിയാണ്‌, മഹത്തായ ഒരു ഭാഷയ്ക്ക്‌, മതവുമായി ബന്ധപ്പെടുത്തി അദ്ദേഹം വിലക്കു കല്‍പിച്ചിരിക്കുന്നത്‌. ഒന്നാം ക്ലാസ്സു മുതല്‍ അറബിയും ഉറുദുവും നിര്‍ബന്ധമായി പഠിക്കണമെന്ന്‌ ഉത്തരവിറക്കിയ മന്ത്രി സംസ്കൃതം അഞ്ചാം ക്ലാസ്സുമുതല്‍ പഠിപ്പിച്ചാല്‍ മതിയെന്നാണ്‌ പറയുന്നത്‌. അഞ്ചാം ക്ലാസ്സില്‍ പഠനം തുടങ്ങിയാല്‍ എങ്ങുമെത്തില്ലെന്നും അതിനാരും വരില്ലെന്നും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കും നല്ലതുപോലെ അറിയാം. ഉദ്ദേശ്യവും അതു തന്നെ. ഒന്നാം ക്ലാസ്സുമുതല്‍ അറബി പഠനത്തിന്‌ വിവിധ പദ്ധതികളാവിഷ്കരിച്ചിരിക്കുന്ന മന്ത്രി സംസ്കൃത ഭാഷയുടെ കഴുത്തു വെട്ടുകയാണ്‌ ചെയ്തത്‌. മന്ത്രിക്ക്‌ സംസ്കൃതം പഠിക്കാനോ മനസ്സിലാക്കാനോ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ വിലപ്പെട്ട ഒരു ഭാഷ പഠിക്കാനുള്ള കുഞ്ഞുങ്ങളുടെ അവസരത്തെയാണ്‌ മന്ത്രിയുടെ 'കടുത്ത മത ബോധം' ഇല്ലാതാക്കിയിരിക്കുന്നത്‌.

അബ്ദുറബ്ബിനെപ്പോലൊരു മന്ത്രിയില്‍ നിന്ന്‌ ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും ഇത്ര പരസ്യമായി ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ ഒരു മന്ത്രിക്ക്‌ എങ്ങനെ കഴിയുന്നു എന്ന വിചാരമാണ്‌ ഈ പ്രതികരണത്തിലേക്കെത്തിച്ചത്‌. ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന്‌ പറഞ്ഞതില്‍ മറ്റൊന്നു കൂടിയുണ്ട്‌. മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്‌ സര്‍ക്കാര്‍ അനുവദിച്ചത്‌ 'ഗംഗ' എന്നു പേരിട്ടിരുന്ന സര്‍ക്കാര്‍ മന്ദിരമാണ്‌. ഗംഗ എന്നാല്‍ ഗംഗാനദി. ഹൈന്ദവ പുരാണങ്ങളില്‍ പറയുന്ന പുണ്യ നദി. തിരുവനന്തപുരത്ത്‌ കന്റോണ്‍മെന്റ്‌ കോംപൗണ്ടില്‍ സര്‍ക്കാര്‍ പുതിയ മന്ത്രി മന്ദിരങ്ങള്‍ പണിതപ്പോള്‍ അതിനെല്ലാം നദികളുടെ പേരാണിട്ടത്‌. അതൊന്നും മതം നോക്കിയായിരുന്നില്ല. പക്ഷേ, മന്ത്രിക്ക്‌ 'ഗംഗ' ഹറാമായി. 'ഗംഗ' എന്ന വീട്ടുപേര്‌ അദ്ദേഹം മാറ്റി ഗ്രേയ്സ്‌ എന്നാക്കി. പ്രകാശത്തെയും വെള്ളത്തെയും ഭയക്കുന്ന മന്ത്രി! നിലവിളക്കിലും ഗംഗാ നദിയിലും സംസ്കൃത ഭാഷയിലും മതാന്ധത കൂട്ടിക്കലര്‍ത്തിയ വിദ്യാഭ്യാസ മന്ത്രി. നമ്മുടെ കുഞ്ഞുങ്ങളെങ്ങനെ സാംസ്കാരിക ബോധമുള്ളവരായി വളരും?.

www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment