നീലേശ്വരം കാര്‍ഷികകോളേജ് ഭക്ഷ്യസുരക്ഷയ്ക്കായി കണ്ണൂര്‍ ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയ പദ്ധതി ശ്രദ്ധയാകര്‍ഷിക്കുന്നു. കൃഷിപ്പണികള്‍ക്ക് തൊഴിലാളികളെ ലഭിക്കുന്നില്ല എന്ന പരാതി ഇല്ലാതാക്കുന്നതാണ് ഈ സംരംഭം. പദ്ധതി നടപ്പാക്കിയ പഞ്ചായത്തുകളില്‍ തേങ്ങയിടല്‍ മുതല്‍ നെല്‍ക്കൃഷി വരെ ഇന്ന് എളുപ്പം നടക്കുന്നു.
ഭക്ഷ്യസുരക്ഷാ സൊസൈറ്റി
സമഗ്ര വികസനം ലക്ഷ്യമാക്കി വിവിധ ഭക്ഷ്യമേഖലകളെ കോര്‍ത്തിണക്കി ഒരു സൊസൈറ്റിക്ക് രൂപം നല്കുകയാണ് ആദ്യം ചെയ്തത്. പാണക്കാട് കാര്‍ഷികകോളേജ് 'കൈപ്പാട് സമദ്ര വികസന പദ്ധതി' എന്ന പേരില്‍ ഇതിന് തുടക്കം കുറിച്ചു.
ഉത്തരമലബാറിലെ കൈപ്പാട് നെല്‍ക്കൃഷി മേഖല ജൈവ അരി ഉത്പാദനം മാത്രമാണ് ഇതിനു മുമ്പ് ലക്ഷ്യമിട്ടിരുന്നത്. ഇവിടെ മറ്റു ഭക്ഷ്യവിളകളുടെ ഉത്പാദനത്തോടൊപ്പം മത്സ്യബന്ധനം, മൃഗസംരക്ഷണം, പക്ഷിവളര്‍ത്തല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളെക്കൂടി ഉള്‍ക്കൊള്ളിച്ച് 2010-ല്‍ 'മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റി' രൂപവത്കരിക്കുകയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് പ്രവര്‍ത്തനപരിധിയെങ്കിലും തുടക്കത്തില്‍ കൈപ്പാട് മേഖല കൂടുതലുള്ള കണ്ണൂര്‍ ജില്ലയിലെ ഏഴോം, പട്ടുവം, കണ്ണപുരം, ചെറുകുന്ന് പഞ്ചായത്തുകളിലാണ് പ്രവര്‍ത്തനം തുടങ്ങിയത്.
ഭക്ഷ്യസുരക്ഷാ സേന
സൊസൈറ്റിയുടെ പ്രവര്‍ത്തന കൈകളായി യുവജനപ്രാതിനിധ്യത്തോടെ ഭക്ഷ്യസുരക്ഷാസേന രൂപവത്കരിച്ചതാണ് അടുത്ത ഘട്ടം. ഇതിനായി സൊസൈറ്റി വഴി അപേക്ഷാഫോറങ്ങള്‍ നാലു പഞ്ചായത്തുകളിലും വിതരണം ചെയ്തു.
20 അംഗങ്ങള്‍ വീതം അടങ്ങുന്ന നാലു ഭക്ഷ്യസുരക്ഷാസേന വ്യൂഹങ്ങള്‍ ഉണ്ടാക്കി.പ്രാദേശികതല നെല്‍വിത്തുത്പാദനവും വിതരണവും ജൈവ അരി സംസ്‌കരണവും വിതരണവും സേനയുടെ ചുമതലയാണ്. ഫോണിലൂടെ ബുക്ക്‌ചെയ്താല്‍ സേനാംഗങ്ങള്‍ വാഹനത്തില്‍ യന്ത്രസഹിതം കര്‍ഷകനെ തേടിയെത്തും. സര്‍വകലാശാല വിഭാവനം ചെയ്ത 'ഫുഡ് സെക്യൂരിറ്റി ആര്‍മി'യുടെ വേഷത്തിലാണ് ഇവര്‍ കൃഷിസ്ഥലത്തെത്തുക.
ഒഴിവുസമയങ്ങളില്‍ അതത് പഞ്ചായത്തിന്റെ ഭക്ഷ്യസ്വയം പര്യാപ്തതയ്ക്കായുള്ള ഉത്പന്നങ്ങളും ഉത്പാദന ഉപാധികളും സേനാംഗങ്ങള്‍ ഉണ്ടാക്കും. അംഗങ്ങള്‍ക്ക് രണ്ടു മാസത്തോളം വിവിധ മേഖലകളില്‍ പരിശീലനം നല്കി. കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. യു. ജയകുമാരന്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന 20 ദിവസത്തെ സമഗ്ര കാര്‍ഷിക യന്ത്രവത്കരണ പരിശീലനമായിരുന്നു പ്രധാനപ്പെട്ടത്.
നെല്‍ വിത്തിറക്കലും കൊയ്യലും ഇല്ലാത്തപ്പോള്‍ സേനാംഗങ്ങള്‍ എന്തു ചെയ്യും? ഇതിനു സൊസൈറ്റി പ്രതിവിധി കണ്ടു. തേനീച്ച വളര്‍ത്തല്‍, ഗ്രാഫ്റ്റിങ്-ബഡ്ഡിങ് അടക്കമുള്ള നടീല്‍ വസ്തുക്കള്‍ ഉണ്ടാക്കല്‍, പച്ചക്കറി വിത്തുത്പാദനം, കംപോസ്റ്റ് നിര്‍മാണം, തേങ്ങ-പഴവര്‍ഗ സംസ്‌കരണം, മുട്ടക്കോഴി വളര്‍ത്തല്‍, കൂണ്‍ കൃഷി, കൂണ്‍ വിത്തുണ്ടാക്കല്‍, വാഴനാരില്‍ നിന്ന് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കല്‍, കമ്പ്യൂട്ടര്‍ പരിശീലനം തുടങ്ങിയ മേഖലകളില്‍ 40 ദിവസങ്ങളോളം നീണ്ടുനിന്ന പരിശീലനം, ഇവര്‍ക്കു നല്കി.
നാലു പഞ്ചായത്തിലും ഭക്ഷ്യസുരക്ഷാസേനയുടെ കേന്ദ്രീകൃത പ്രവര്‍ത്തനത്തിനായി പഞ്ചായത്ത് കാര്യാലയത്തിനോടനുബന്ധിച്ച് ഫ്രണ്ട് ഓഫീസ് സംവിധാനമുണ്ടാക്കി. ഇവിടെ കമ്പ്യൂട്ടര്‍, മൊബൈല്‍, മെഷീന്‍ റിപ്പയര്‍ ടൂള്‍കിറ്റ്, തേനീച്ചക്കൂടുകള്‍, ബഡ്ഡിങ് ഗ്രാഫ്റ്റിങ് കത്തികള്‍, മണ്ണിര കംപോസ്റ്റ് ടാങ്ക്, വാഴനാര്, മാറ്റ് നഴ്‌സറി ട്രേകള്‍, കള പറിക്കല്‍ യന്ത്രം, തെങ്ങ് കയറ്റ യന്ത്രം തുടങ്ങിയ സജ്ജീകരണങ്ങളൊരുക്കി.
ഓരോ ഫ്രണ്ട് ഓഫീസിന് മുമ്പിലും സേനയുടെ മൊബൈല്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ചു. സൊസൈറ്റിയുടെ ഹെഡ് ഓഫീസ് ആയ ഏഴോം പഞ്ചായത്തില്‍ ഒന്നുവീതം ട്രാക്ടര്‍, നടീല്‍ യന്ത്രം, കൊയ്ത്ത് യന്ത്രം, മെതിച്ച് പാറ്റുന്ന യന്ത്രം എന്നിവയും നല്‍കി. മൊബൈലില്‍ വിളിച്ച് ബുക്ക് ചെയ്താല്‍ അത് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. അതില്‍ പറയുന്ന തീയതിക്ക് ജോലികള്‍ ചെയ്ത് കൊടുക്കും.
സൊസൈറ്റിയുടെ ഭാവിയിലെ ഒരു പ്രധാനപ്രവര്‍ത്തനമാണ് ജൈവനെല്‍വിത്തുത്പാദനവും ജൈവ അരി ഉത്പാദനവും. ഇതിനായി നെല്ല് വിത്ത് ഗ്രാമം പദ്ധതിക്കായി ജൈവ നെല്‍വിത്ത് നല്കി. ഭാവിപ്രവര്‍ത്തനങ്ങള്‍ക്കായി നന്രന്ര.്രൗക്ഷശീ്ൃാഹൃവ.്ിഷ എന്ന വെബ്‌സൈറ്റ് രൂപകല്പന ചെയ്തു.
കാര്‍ഷിക വികസന രീതികളും മറ്റും പ്രതിപാദിക്കുന്ന കായല്‍ക്കണ്ടം എന്ന ഡോക്യുമെന്ററി നിര്‍മിച്ച് ജനങ്ങള്‍ക്കു നല്കി. കൈപ്പാട് ജൈവ അരിക്ക് ഭൗമസൂചിക ലഭിക്കുന്നതിനായി മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റി കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തീകരിച്ച് വരുന്നു.
No comments:
Post a Comment