വി.എസ്. അച്യുതാനന്ദന്‍ എന്ന രാഷ്‌ട്രീയ ആശയം ജീര്‍ണിച്ചു തുടങ്ങുന്നതിന്റെ സൂചനകളാണു സമീപകാലത്തെ വി.എസ്. വിവാദങ്ങളിലൂടെ നമ്മള്‍ തിരിച്ചറിയുന്നത്. കഴിഞ്ഞ കുറേ വര്‍ഷമായി മലയാളിയുടെ വാര്‍ത്തകളിലെ നായകന്‍ വി.എസ്. അച്യുതാനന്ദന്‍ തന്നെയാണ്. മുമ്പൊക്കെ ആദര്‍ശാത്മകമായ നിലപാടുകളുടെ പേരിലാണ് അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. കമ്മ്യൂണിസ്‌റ്റുകാരന്റെ പരമ്പരാഗത രീതികളെ മറികടന്നവനാണ് അദ്ദേഹം. പാര്‍ട്ടി അച്ചടക്കത്തിനേക്കാള്‍ പ്രധാനമാണു പ്രത്യയശാസ്‌ത്രപരമായ അച്ചടക്കമെന്ന് അദ്ദേഹം പറയാന്‍ ശ്രമിച്ചു.
നീതിക്കുവേണ്ടി നിലകൊള്ളുമ്പോഴും ജനപക്ഷ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും പാര്‍ട്ടിയുടെ വേലിക്കെട്ടുകളെ മാനിക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചപ്പോള്‍ ഇടതുപക്ഷ ആശയം ഉള്ളില്‍ പേറുന്ന വലിയൊരു ജനത അദ്ദേഹത്തിന്റെ കൂടെനിന്നു. ഈ ജനതയാണു വി.എസ്. എന്ന രാഷ്‌ട്രീയ പ്രതിഭാസത്തെ രൂപപ്പെടുത്തിയത്. ഇതു സി.പി.എമ്മിനും അറിയാമായിരുന്നു. മുമ്പൊക്കെയാണെങ്കില്‍ ഈവിധം അച്ചടക്കലംഘനം നടത്തിയ ഒരു സഖാവിനു 'ക്യാപ്പിറ്റല്‍ പണീഷ്‌മെന്റ്' തന്നെ നല്‍കുമായിരുന്നു പാര്‍ട്ടി. പക്ഷേ, ഗുരുതരമായ ആരോപണങ്ങള്‍ അദ്ദേഹത്തിനുനേരേ ഉയര്‍ത്തിക്കൊണ്ട് ഒടുവില്‍ പാര്‍ട്ടി പറഞ്ഞുവയ്‌ക്കുന്നതു വി.എസിനെ പാര്‍ട്ടിക്ക് ആവശ്യമുണ്ട് എന്നു തന്നെയാണ്. ഇതു ശരിയാണു താനും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും വി.എസ്. തന്നെയാണു മത്സരിച്ചത്. വലതുപക്ഷത്തിനു സാങ്കേതിക വിജയം മാത്രം നല്‍കി സി.പി.എം. ചരിത്രമെഴുതിയതു വി.എസ്. എന്ന പ്രതിഭാസത്തിന്റെ പേരിലാണ്. വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ തന്നെയാണു നില്‍ക്കേണ്ടത്. തര്‍ക്കമില്ല. പാര്‍ട്ടിയുമായി ബന്ധിപ്പിക്കുന്ന ചരടു പൊട്ടിക്കാതെ വളരെ വളരെ ഉയരത്തില്‍ പറക്കുന്ന പട്ടമായി അദ്ദേഹം മാറുകയും വേണം.
സി.പി.എമ്മിലെ വിമത രാഷ്‌ട്രീയം കേവലം കോമാളിത്തമായി മാറുകയും സി.പി.എമ്മിന്റെ ചരിത്രത്തില്‍ കുറെ ദുരന്ത കഥാപാത്രത്തെ സൃഷ്‌ടിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ സി.പി.എമ്മില്‍ നില്‍ക്കുന്ന വി.എസിനെ തന്നെയാണു പാര്‍ട്ടിയില്‍ ഇപ്പോഴും പ്രതീക്ഷയര്‍പ്പിക്കുന്ന ജനത ഉറ്റുനോക്കുന്നത്. തൊണ്ണൂറുകള്‍ക്കു ശേഷം വളരെയേറെ സംവാദാത്മകമായിത്തീര്‍ന്ന ബഹുസ്വരമായ പ്രത്യയശാസ്‌ത്രത്തെയാണു വി.എസിലൂടെ സി.പി.എം. അഭിസംബോധന ചെയ്‌തത്. ജെന്‍ഡര്‍, പരിസ്‌ഥിതി, കോര്‍പറേറ്റ് വിരുദ്ധ പോരാട്ടങ്ങള്‍... വി.എസിനെപ്പോലൊരാള്‍ അഭിസംബോധന ചെയ്യുമെന്നു കരുതാന്‍ പോലും ന്യായമില്ലാത്ത വിധത്തില്‍ അദ്ദേഹം മുന്നേറി. സി.പി.എമ്മിനു പുറത്തുനില്‍ക്കുന്ന പരിസ്‌ഥിതിവാദികള്‍, ഫെമിനിസ്‌റ്റുകള്‍ സാമ്പത്തിക ശാസ്‌ത്രജ്‌ഞര്‍, മാധ്യമപ്രവര്‍ത്തകര്‍, സാങ്കേതിക വിദഗ്‌ധര്‍ എന്നിങ്ങനെ കേരളത്തില്‍ മറ്റൊരു സി.പി.എം. നേതാവിനും കിട്ടാത്ത പൊതു മണ്ഡലത്തിന്റെ പിന്തുണ വി.എസിനു ലഭിച്ചു. അങ്ങനെയാണു വി.എസ്. എന്ന വ്യക്‌തി ആധുനികാനന്തര കേരളത്തിലെ സവിശേഷമായ രാഷ്‌ട്രീയ ആശയമായി മാറുന്നത്. ഇതൊക്കെ പാര്‍ട്ടിക്ക് അടിസ്‌ഥാനപരമായി ഗുണമേ ചെയ്‌തുള്ളൂവെന്നു കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിധി പരിശോധിച്ചാലറിയാം. അതുകൊണ്ടാണു വലതുപക്ഷം വി.എസിനെ വല്ലാതെ ഭയന്നത്. ആ ഭയം ഇപ്പോഴും വലതുപക്ഷത്ത് ഉള്ളതുകൊണ്ടാണ് അവര്‍ വി.എസിനു നേരേ ഇത്രയ്‌ക്ക് അക്രമാസക്‌തരാവുന്നതും. വി.എസ്. എന്ന ഭീതി ചിത്തഭ്രമത്തിന്റെ വക്കോളം ചില വലതുപക്ഷ നേതാക്കളെ കൊണ്ടെത്തിക്കുന്നു. അതിന്റെ പ്രതികരണങ്ങള്‍ നമുക്കു കാണുകയോ കേള്‍ക്കുകയോ ചെയ്യാം.
വി.എസ്. എന്ന രാഷ്‌ട്രീയ ആശയത്തിന് ഇപ്പോള്‍ എന്തു സംഭവിക്കുന്നുവെന്നാണു പരിശോധിക്കേണ്ടത്. അല്ലാതെ കേവല വി.എസ്. ആരാധനയില്‍ കാര്യമില്ല. സമീപകാലത്തു വി.എസ്. വല്ലാതെ കളങ്കിതനാവുന്നു. വി.എസ്. ഉയര്‍ത്തിക്കൊണ്ടു വന്ന രാഷ്‌ട്രീയ ആശയങ്ങള്‍ക്കു വിരുദ്ധമായി നില്‍ക്കുന്ന വി.എസിനെത്തന്നെ നമുക്കു കാണേണ്ടി വരുന്നു. യുവത്വത്തേക്കാള്‍ ബലമാര്‍ന്ന നട്ടെല്ലും നിവര്‍ന്ന ശിരസുമായി മൂല്യബോധത്തിന്റെ പ്രതീകമായ ഒരാള്‍ കളങ്കിതനായ ഒരു പുത്രഭാരത്താല്‍ വിഷാദിയായി ശിരസു കുനിക്കുന്നു. നാവില്‍ സ്‌ത്രീ വിരുദ്ധതയുടെ വഴുവഴുപ്പ് പടര്‍ന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ അശ്ലീലത്തിലേക്കു വഴുതി മാറുന്നു.
ഏത് അര്‍ഥത്തിലും വേട്ടയാടപ്പെടുന്ന സ്‌ത്രീകള്‍ക്കുവേണ്ടി സംസാരിച്ച ഒരു മനുഷ്യനാണു വാക്കുകൊണ്ടെങ്കിലും ദുശാസന വേഷം കെട്ടുന്നത്. മുമ്പു ലതികാസുഭാഷ് എന്ന കുലീനയായ ഒരു വീട്ടമ്മ കൂടിയായ തന്റെ എതിര്‍ സ്‌ഥാനാര്‍ഥിയെ വി.എസ്. വേട്ടയാടി. അവരുടെ ഭര്‍ത്താവിനേയോ മകനേയോ ജീവിച്ചിരിക്കുന്ന അച്‌ഛനമ്മമാരേയോ ഓര്‍ക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഇപ്പോള്‍ മറ്റൊരു ഇരയായി സിന്ധു ജോയി. അതുകൊണ്ടാണു വി.എസ്. വേട്ടക്കാരനായി മാറിയെന്ന് ആ യുവതി പറഞ്ഞത്. അദ്ദേഹത്തെപ്പോലൊരാള്‍ക്ക് ഇത്തരം സമീപനങ്ങള്‍ ഭൂഷണമല്ല. മറ്റേതു രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ പറഞ്ഞാലും മലയാളി അതു കാര്യമാക്കില്ല. വിടന്മാരുടെ ശരീരഭാഷയും വാചകപ്രയോഗങ്ങളുമായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന എത്രയോ യു.ഡി.എഫ്. നേതാക്കളെ നാം കണ്ടുകഴിഞ്ഞതാണ്. അവരെച്ചൊല്ലി നാം പരാതി പറയില്ല. പക്ഷേ, വി.എസില്‍നിന്ന് ഇത്തരം പദപ്രയോഗങ്ങള്‍ വന്നാല്‍ മലയാളി വല്ലാതെ ലജ്‌ജിക്കും. അന്ധമായ വ്യക്‌തിപരതയാലും തന്നെത്തന്നെ വല്ലാതെ ആസ്വദിക്കുന്നതിനാലും തനിക്കു പറ്റുന്ന പിഴവ് എന്താണെന്നു വി.എസിനു മനസിലാവുന്നില്ല. ഒരേസമയം നാര്‍സിസ്‌റ്റും സാഡിസ്‌റ്റുമായി മാറുകയാണോ അദ്ദേഹം? എങ്കില്‍ ഈ പ്രതിഭാസം മാഞ്ഞു തുടങ്ങുകയാണ്. സിന്ധു ജോയിയെപ്പറ്റി വി.എസ്. പറഞ്ഞതില്‍ തീര്‍ച്ചയായും ചില സത്യങ്ങളുണ്ട്. അവര്‍ കാണിച്ച മഹാ മണ്ടത്തരമാണു യു.ഡി.എഫിലേക്കു ചേക്കേറല്‍. ലതികാസുഭാഷിനെ പോലുള്ള വനിതകളെ പോലും അര്‍ഹിക്കുന്ന വിധം പരിഗണിക്കാത്ത അപകടകരമായ പുരുഷാധിപത്യം പുലരുന്ന ഇടമാണു യു.ഡി.എഫ്. പാളയം. അവിടെ സിന്ധു ജോയി എന്തു ചെയ്യാനാണ്? ധാരാളം പണവും കച്ചവട സാമ്രാജ്യവും സൂത്രശാലിത്വവും ഉണ്ടെങ്കില്‍ പരിഗണിക്കും. മഞ്ഞളാംകുഴി അലിയേയും അബ്‌ദുള്ളക്കുട്ടിയേയും കണ്ടു സിന്ധു ജോയിയെപ്പോലുള്ളവര്‍ സ്വപ്‌നം കാണാന്‍ നില്‍ക്കണ്ട.
വി.എസിന്റെ രാഷ്‌ട്രീയം നഷ്‌ടപ്പെടുന്നുവെന്നതാണ് ഏറ്റവും ഖേദകരമായ വസ്‌തുത. പൊതുമണ്ഡലത്തിലുള്ള വി.എസിന്റെ സമീപകാല ഇടപെടലുകള്‍ അത്യന്തം ദയനീയമാണ്. കേരളത്തിലെ ഒരു ജനപക്ഷ സമരത്തേയും വി.എസ്. അഭിസംബോധന ചെയ്യുന്നില്ല. പഴയ വി.എസ്. എന്ന പ്രതിപക്ഷ നേതാവില്‍ നിന്ന് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിലേക്കുള്ള ദൂരം വേദനാജനകമാണ്. വി.എം. സുധീരന്റെ വിശ്വാസ്യത പോലും ജനകീയ സമരമുഖങ്ങളില്‍ വി.എസിന് ഇല്ലാതാവുന്നു. ബി.ഒ.ടി. പാതയ്‌ക്കെതിരേ ആമ്പല്ലൂരില്‍ വലിയൊരു സമരം നടക്കുകയാണ്. മാസങ്ങളായി ഒരു സത്യഗ്രഹ പന്തലുണ്ടവിടെ. കേരളം കണ്ട ഏറ്റവും തീക്ഷ്‌ണമായ ജനകീയ ചെറുത്തുനില്‍പാണവിടെ നടക്കുന്നത്. ആ സത്യഗ്രഹ പന്തലിന്റെ മുമ്പിലൂടെ കടന്നുപോയിട്ടും അവിടെയൊന്നു കയറാന്‍ മനസു കാണിക്കാത്ത ഒരാളെങ്ങനെ ജനപക്ഷ പോരാളിയാവും? രാഷ്‌ട്രീയം നഷ്‌ടപ്പെട്ടാല്‍ വി.എസ്. എന്ന ആള്‍ദൈവമേ ബാക്കിയുണ്ടാവൂ. ആള്‍ദൈവങ്ങള്‍ ഭാരമാവുകയേ ഉള്ളൂ. ജനതയുടെ അടിസ്‌ഥാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടു നൂറുകണക്കിനു സമരമുഖങ്ങള്‍ കേരളത്തിലുണ്ട്. ഇവിടെയെങ്ങും വി.എസ്. ഒരു സാന്നിധ്യമല്ല. സമരാഗ്നി പടര്‍ത്തുന്ന പ്രത്യയശാസ്‌ത്രമല്ല. കേവലം ഉപ്പുപ്രതിമയായി മാറുകയാണോ ഈ സമരനായകന്‍? എങ്കില്‍ ഏതു മഴയെയാണ് അദ്ദേഹം ഇനി അതിജീവിക്കുക. സമരം വെടിയുകയോ സമരത്തെ ജ്വലിപ്പിക്കാനുള്ള ത്രാണി നഷ്‌ടപ്പെടുകയോ ചെയ്‌ത ഒരു സാധാരണ രാഷ്‌ട്രീയ നേതാവായി, യു.ഡി.എഫുകാര്‍ക്കു കൊട്ടി ഒച്ചയുണ്ടാക്കാവുന്ന തകരച്ചെണ്ടയായി അദ്ദേഹം മാറുന്നതു ചരിത്രത്തിലെ മഹാ ദുരന്തമാണ്.
-പി. സുരേന്ദ്രന്‍
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment