Saturday, 24 March 2012

[www.keralites.net] ദിനപ്പത്ര വ്യവസായം തകര്‍ക്കാന്‍ സിപിഎം; ഈ സമരാഭാസം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം

 

കോട്ടയം: കേരളത്തിലെ എല്ലാ ദിനപ്പത്രങ്ങളെയും തകര്‍ത്ത് ഇനി ദേശാഭിമാനി മാത്രം മതി എന്ന നിലപാടുമായി സിപിഎം രംഗത്തെത്തിയതോടെ പത്ര വ്യവസായം തകര്‍ച്ചയിലായി. അനാവശ്യ സമരങ്ങള്‍ചെയ്ത് തങ്ങള്‍ പൂട്ടിച്ച കേരളത്തിലെ നൂറുകണക്കിനു സ്ഥാപനങ്ങളെപ്പോലെ പത്ര സ്ഥാപനങ്ങളെയും തകര്‍ക്കാനാണ് ആസൂത്രിത ശ്രമം നടക്കുന്നത്. കമ്മീഷന്‍ വര്‍ധിപ്പിച്ചു തരാമെന്ന മോഹന വാഗ്ദാനവുമായി ഏതാനും പത്ര ഏജന്റുമാരെ ചേര്‍ത്ത് സിഐടിയു യൂണിയന്‍ ഉണ്ടാക്കി കേരളത്തിലെ മുഖ്യധാരാ പത്രങ്ങളുടെയെല്ലാം വിതരണം തടഞ്ഞിരിക്കുകകയാണ് സിപിഎം.

യൂണിയിനില്‍ ചേരാതിരിക്കുകകയും സമരത്തില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്യുന്ന ഏജന്റുമാരെ ഭീഷണിപ്പെടുത്തുക, മര്‍ദിക്കുക തുടങ്ങിയ സ്ഥിരം പരിപാടികളും പത്രക്കെട്ടുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുക ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങള്‍ വരുത്തുന്ന വീട്ടുകാരെ ഭീഷണിപ്പെടുത്തുക തുടങ്ങിയ ആഭാസമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. മലയാള മനോര, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പ്രമുഖ പത്രങ്ങളുടെയെല്ലാ വിതരണം ദിവസങ്ങളായി മുടങ്ങിയിരിക്കുകകയാണ്. കമ്മീഷന്‍ വര്‍ധന നടപ്പാക്കുക, അധിക ജോലികള്‍ക്ക് ഓവര്‍ടൈം വ്യവസ്ഥയില്‍ വേതനം നടപ്പാക്കുക, പത്രം പ്രസിദ്ധീകരിക്കാത്ത അവധി ദിനങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിഐടിയു നേതൃത്വത്തില്‍ സമരം തുടങ്ങിയത്.

എന്നാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ തുക കമ്മീഷനായി നല്‍കുന്ന മലയാള പത്രങ്ങള്‍ ഇനിയും കമ്മീഷന്‍ കൂട്ടിയാല്‍ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നതാണ് വസ്തുത. 18 മുതല്‍ 26 ശതമാനം വരെയാണ് നിലവില്‍ ഏജന്റുമാരുടെ കമ്മീഷന്‍. ഇത്ര അധികം തുക ഏജന്‍സി കമ്മീഷനായി നല്‍കുന്ന ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ കേരളത്തില്‍ വേറെ ഉണ്ടോ എന്ന കാര്യം സംശയമാണ്. എന്നിട്ടും കമ്മീഷന്‍ വര്‍ധന ആവശ്യപ്പെടുന്നതിലെ അനൗചിത്യമാണ് പത്ര സ്ഥാപനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

സമരക്കാരുടെ രണ്ടാമത്തെ ആവശ്യമായ അധിക ജോലിക്ക് ഓവര്‍ടൈം എന്നത് കേള്‍ക്കുമ്പോള്‍ ന്യായമാണെന്നു തോന്നാമെങ്കിലും ഇവര്‍ പറയുന്ന അധിക ജോലി എന്താണെന്നു കേള്‍ക്കുമ്പോളാണ് ആവശ്യത്തിലെ പൊള്ളത്തരം ബോധ്യപ്പെടുന്നത്. പത്രത്തോടൊപ്പം നല്‍കുന്ന സണ്‍ഡേ സപ്ലിമെന്റ്, വിദ്യാഭ്യാസം, തൊഴില്‍ വാര്‍ത്തകള്‍ തുടങ്ങിയ സപ്ലിമെന്റുകള്‍ വിതരണം ചെയ്യുന്നതിനാണ് ഓവര്‍ടൈം വേതനം ആവശ്യപ്പെടുന്നത്. കേരളത്തില്‍ പത്ര വ്യവസായം തുടങ്ങിയ നാള്‍മുതല്‍ പത്രത്തിന്റെ ഭാഗമാണ് ഇത്തരം സപ്ലിമെന്റുകള്‍. ഇത് എങ്ങനെ അധിക ജോലിയായി കണക്കാക്കാനാകും എന്നതാണ് പത്ര ഉടമകളുടെ ചോദ്യം.

മൂന്നാമത്തെ ആവശ്യമായ അവധി ദിന വര്‍ധന പത്ര സ്ഥാപനങ്ങളുടെ നേരെ മാത്രമല്ല മലയാളികളുടെ മുഴുവന്‍ നേരെയുള്ള വെല്ലുവിളിയാണ്. നിലവില്‍ ശരാശരി വര്‍ഷത്തില്‍ എട്ട് ദിവസമാണ് കേരളത്തില്‍ പത്രങ്ങള്‍ അവധിയെടുക്കാറുള്ളത്. ഈ ദിവസങ്ങളില്‍ വാര്‍ത്ത ലഭ്യമാകാത്തതുമൂലം ബുദ്ധിമുട്ടന്നവരാണ് മിക്ക മലയാളികളും. അപ്പോള്‍ പത്രമില്ലാത്ത ദിനങ്ങള്‍ വര്‍ധിപ്പിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മലയാളികളുടെ അറിയാനുള്ള അവകാശത്തെ ധ്വംസിക്കുക എന്നതു തന്നെയാണ്.

മറ്റു പത്രങ്ങള്‍ക്കെതിരെയെല്ലാം സമരം ചെയ്യുന്നവര്‍ ദേശാഭിമാനിയെ മാത്രം ഒഴിവാക്കിയതാണ് ഏറ്റവും വലിയ വിരോധാഭാസം. മറ്റു പത്രങ്ങള്‍ നല്‍കുന്നതില്‍നിന്ന് ഒരു പൈസ പോലും അധികമായി ദേശാഭിമാനി കമ്മീഷന്‍ നല്‍കുന്നില്ല. എന്നിട്ടും ദേശാഭിമാനിയെ മാത്രം ഒഴിവാക്കിയുള്ള സമരം - തങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തിലല്ലാതെ ഒരു വാര്‍ത്തയും ജനങ്ങളില്‍ എത്തരുത് - എന്ന മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് തന്ത്രത്തിന്റെ ഭാഗമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊള്ളത്തരം തുറന്നുകാട്ടുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ ജനങ്ങളിലെത്തുന്നത് ഏതു വിധേനയും തടയുകയെന്ന രഹസ്യ അജണ്ടയാണ് സിപിഎം നടപ്പാക്കുന്നത്.

സമരം തീര്‍ക്കാന്‍ തൊഴില്‍മന്ത്രി മുന്‍കയ്യെടുത്ത നടത്തിയ നീക്കവുമായി നിയമപരമായി സഹകരിക്കാന്‍ പത്ര ഉടമകള്‍ക്ക് കഴിയില്ലെന്നാണ് സൂചന. കാരണം ഇപ്പോള്‍ നടക്കുന്ന സമരം തൊളിലാളി - തൊഴിലുടമ തര്‍ക്കമല്ലെന്നാണ് പത്രങ്ങളുടെ നിലപാട്. ഏജന്റുമാര്‍ പത്ര സ്ഥാപനങ്ങളുടെ തൊഴിലാളികളല്ല മറിച്ച് കമ്മീഷന്‍ കൈപ്പറ്റി പത്ര വില്‍ക്കുന്ന വ്യാപാരികള്‍ മാത്രമാണ്. തൊഴിലാളികള്‍ക്ക് നല്‍കുന്നതിന് സമാനമായ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് നല്‍കാനാകില്ല. വസ്തുത ഇതാണെങ്കിലും പത്ര എജന്റുമാരെടെ ക്ഷേമത്തിന് ലക്ഷങ്ങള്‍ തങ്ങള്‍ ചെലവാക്കുന്നുണ്ടെന്ന് പത്ര സ്ഥാപന ഉടമകള്‍ പറയുന്നു. ഏജന്റുമാരുടെ മക്കള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പ്, കുടുംബ ഇന്‍ഷ്വറന്‍സ്, വിവിധ സമ്മാന പദ്ധതികള്‍ തുടങ്ങിയവ മിക്ക പത്രങ്ങളും നടപ്പാക്കുന്നുണ്ട്.

ഇതൊന്നും കാണാതെ നടത്തുന്ന സമരം നന്ദികേടാണെന്നാണ് പത്ര സ്ഥാപനങ്ങളുടെ വാദം. സമരം ചെയ്യുന്നത് ന്യായമായ മാര്‍ഗത്തിലൂടെയായിരിക്കണമെന്നും പത്ര വിതരണം ചെയ്യാന്‍ തയാറാകുന്ന ഏജന്റുമാരെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കുന്നതും പത്രം നശിപ്പിക്കുന്നതും അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് പത്ര സ്ഥാപനങ്ങളുടെ ആവശ്യം. തീര്‍ച്ചയായും ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണം. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിച്ച് നടക്കുന്ന ഇത്തരത്തിലുള്ള സമരാഭാസങ്ങള്‍ക്ക് കടിഞ്ഞാണിടുക തന്നെ വേണം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment