ചില മലയാള സിനിമകളില്‍ കണ്ടിട്ടുണ്ട്,ഒരേയൊരു പെങ്ങളെ കെട്ടിച്ചയക്കാന്‍ വേണ്ടി വില്ലന്മാരുടെ ക്രൂരപീഡനങ്ങളെല്ലാം സഹിച്ച് ക്ലൈമാക്‍സ് വരെ പിടിച്ചു നില്‍ക്കുന്ന നായകന്‍. കിട്ടുന്ന ഇടിയെല്ലാം വാങ്ങി ചിരിച്ചോണ്ടു നില്‍ക്കും. എന്നിട്ട് പെങ്ങള്‍ടെ കല്യാണമൊക്കെ കഴിഞ്ഞ് അളിയനും പെങ്ങളേം മണിയറയില്‍ കയറ്റിവിട്ടിട്ട് നായകന്‍ മുണ്ടുമടക്കിയുടുത്ത് ജീപ്പില്‍ ഒരു വരവുണ്ട്. അത് വരെ കിട്ടിയ ഓരോ ഇടിക്കും കണക്കു ചോദിച്ച് വില്ലനെയും സംഘത്തെയും കൈകാര്യം ചെയ്യും. സഹിച്ചും ക്ഷമിച്ചും ഡീല്‍ ചെയ്തിരുന്ന കേസുകെട്ടുകളിലെല്ലാം ചോര കൊണ്ട് പരിഹാരമുണ്ടാക്കും. അങ്ങനെ നായകന്‍ വില്ലന്‍ ചെയ്തതിനെക്കാള്‍ വലിയ ക്രൈമുകള്‍ കൊണ്ട് കയ്യടി നേടും.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ സംബബന്ധിച്ചിടത്തോളം പിറവത്തെ പെങ്ങള്‍ടെ കല്യാണം ഇന്നലെ കഴിഞ്ഞു. ഇനിയുള്ളത് പ്രതികാരങ്ങളാണ്. സര്‍ക്കാരല്ലേ പ്രജകളല്ലേ എന്നു കരുതി തായം കളിച്ചിരുന്ന കേസുകളിലൊക്കെ ഇനി ആക്ഷന്‍ സീക്വന്‍സുകളായിരിക്കും. വോട്ടെടുപ്പ് അഞ്ചു മണിക്ക് അവസാനിച്ചതിനു പിന്നാലെ ലേക്‍ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്തിരുന്ന നഴ്‍സുമാരെ അറസ്റ്റ് ചെയ്തു.ഏതാണ്ട് അതേ സമയത്തു തന്നെ പള്ളിക്കരയില്‍ യാക്കോബായ പള്ളിയില്‍ ശവസംസ്കാരത്തിനെത്തിയവരെ പൊലീസ് അടിച്ചോടിച്ചു. ഇപ്പോള്‍ കേള്‍ക്കുന്നു, ഇറ്റാലിയന്‍ കപ്പലായ എന്‍റിക ലെക്‍സിക്ക് കേരളതീരം വിടാന്‍ അനുമതി ലഭിച്ചു എന്ന്. നമ്മള്‍ പലതിനും കണക്ക് സൂക്ഷിക്കാത്തതുകൊണ്ട് ബാക്കി പണികളൊക്കെ നേരിട്ടു വരുമ്പോള്‍ അനുഭവിക്കാം.
ഇന്നലെ പിറവത്തെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെയാണ് ലേക്‌ഷോറില്‍ സമരം ചെയ്തിരുന്ന മുഴുവന്‍ നഴ്‌സുമാരെയും പോലീസ് അറസ്റ്റ് ചെയ്തത്. നഴ്‌സുമാരുടെ സമരം ആശുപത്രിയില്‍ ചികിത്സയിലിക്കുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടാകരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനായിരുന്നു അറസ്റ്റ്. കൊള്ളാം, കോടതി ഉത്തരവ് പാലിക്കപ്പെടണം എന്നതില്‍ സംശയമില്ല. എന്നാല്‍, സര്‍ക്കാര്‍ ഒരു ഭീരുവിനെപ്പോലെ തിരഞ്ഞെടുപ്പ് ദിവസം അഞ്ചു മണി വരെ കാത്തിരുന്നു എന്നു പറയുമ്പോള്‍ ആ സര്‍ക്കാരിനെ നമ്മളൊക്കെ പേടിക്കണം എന്നാണല്ലോ അര്‍ഥം. കോടതി ഉത്തരവുകളോട് വല്ലാത്ത ബഹുമാനമുള്ള സര്‍ക്കാര്‍ എന്തുകൊണ്ട് പൊങ്കാലയിട്ട സ്ത്രീകള്‍ക്കെതിരേ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്‍പെന്‍ഡ് ചെയ്തു എന്നതു വേറെ ചോദ്യം. പിറവത്തെ വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ പൊങ്കാലയിട്ട പെണ്ണുങ്ങളെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള സാധ്യത കാണുന്നുണ്ട്.
ലോക്‍ഷോറില്‍ അറസ്റ്റ് ചെയ്യപ്പെട്ട നഴ്‌സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകള്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തുകയാണ്. ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായി.കൂടുതല്‍ കൂടുതല്‍ പ്രതിഷേധം നടക്കുമ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ഒരു പ്രത്യേകതാളത്തിലാകും. പിന്നെ താളം തെറ്റിച്ചു എന്നൊന്നും ആരും പരാതിപ്പെടാന്‍ സാധ്യതയില്ല. നഴ്‍സുമാരുടെ സമരം രാഹുല്‍ ഗാന്ധി ആസൂത്രണം ചെയ്തതാണെങ്കില്‍ എന്തിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അവരെ അറസ്റ്റ് ചെയ്യുന്നു എന്നൊരു ചോദ്യമുണ്ട്, പക്ഷെ അതിപ്പോള്‍ ചോദിക്കുന്നില്ല.
പള്ളിക്കരയില്‍ പഴത്തോട്ടം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സംസ്കാരത്തിനു കൊണ്ടുവന്ന മൃതദേഹം പള്ളിയടെ അകത്ത് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പൊലീസിനെക്കൊണ്ട് വിശ്വാസികളെ അടിപ്പിച്ചത്. മൃതദേഹം പള്ളിയുടെ അകത്ത് വച്ച് പ്രാര്‍ഥിക്കുന്നതിനു വേണ്ടി പൊലീസുമായി ഗുസ്തി പിടിക്കേണ്ടി വരുന്ന വിശ്വാസികള്‍ക്ക് തങ്ങള്‍ വഞ്ചിക്കപ്പെടുന്നു എന്ന തോന്നലുണ്ടായാല്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിറവം തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ ഡെഡ്‍ബോഡി ഉള്‍പ്പെടെയുള്ളവരോട് പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നാണ് പരാതി.
ഇപ്പോള്‍ നമ്മുടെ ഇറ്റായിയന്‍ കപ്പലിനെ വിട്ടയക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ചാനലുകളില്‍ കാണുന്നു. അതു സംഭവിച്ചാല്‍ ഈ വിവാദമെല്ലാം പിറവം തിരഞ്ഞടുപ്പിനു വേണ്ടി ആസൂത്രണഅം ചെയ്തതാണെന്ന് ഇറ്റാലിയന്‍ വക്താക്കളും മാധ്യമനയതന്ത്രന്മാരും പറയുന്നത് സത്യമായിത്തീരും. രാഹുല്‍ ഗാന്ധിയുടെ നഴ്‍സുമാരെ അറസ്റ്റ് ചെയ്ത കേരള സര്‍ക്കാര്‍ സോണിയാ ഗാന്ധിയുടെ ഇറ്റലിയില്‍ നിന്നുള്ള (സരോജ് കുമാറിനെ രാജപ്പാ എന്നു വിളിക്കുന്നതുപോലെയാണ് സോണിയാ ഗാന്ധിയെ ഇറ്റലിക്കാരി എന്നു വിളിക്കുന്നതത്രേ) കൊലപാതകികളെ വെറുതെ വിടാന്‍ തീരുമാനിച്ചാല്‍ സംഗതി ടാലിയാവുകയേയുള്ളൂ.
തിരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞതൊക്കെ മാറ്റി പറയുകയും പ്രവര്‍ത്തിക്കുകയുമാണ് സര്‍ക്കാര്‍. എന്റെ ഊഹം ശരിയാണെങ്കില്‍ അടുത്ത പണി വരാന്‍ പോകുന്നത് മിക്കവാറും സാക്ഷാല്‍ അനൂപ് ജേക്കബിനിട്ടു തന്നെയാവും. അനൂപ് ജയിച്ചാല്‍ മന്ത്രി, അനൂപ് ജയിച്ചാല്‍ മന്ത്രി എന്നു നേതാക്കന്മാര്‍ പലവട്ടം ആവര്‍ത്തിച്ചത് പിറവം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരിക്കുമല്ലോ. നമ്മള്‍ വോട്ട് ചെയ്യുന്നത് മന്ത്രിക്കാണ് എന്ന വിചാരത്തോയെയായിരിക്കുമല്ലോ ആളുകള്‍ അനൂപിനു വോട്ടു ചെയ്തത്. വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ.പകരം, ഒഴിഞ്ഞു കിടക്കുന്ന മന്ത്രിസ്ഥാനം ലീഗ് ഏറെ നാളായി കാത്തിരിക്കുന്ന ആറാം മന്ത്രിയ്‍ക്കോ ഏഴാം മന്ത്രിക്കോ മറ്റോ സമ്മാനിച്ച് സംഗതി കോംപ്ലിമെന്റ്സാക്കാനാണ് സാധ്യത. നെയ്യാറ്റിന്‍കര ഇങ്ങടുത്തു വരുന്നു.അതുകൊണ്ട് കാര്യങ്ങള്‍ പെട്ടെന്നായിരിക്കും.
No comments:
Post a Comment