ബഷീര്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. അദ്ദേഹത്തിന്‍െറ നേതൃത്വത്തിലുള്ള സാധാരണക്കാരായ ചെറുപ്പക്കാരാണ് കൊണ്ടോട്ടി ബിസ്മി കള്‍ചറല്‍ സെന്‍ററിന്‍െറ പ്രവര്‍ത്തകര്‍; ജനസേവനം മഹത്തായ ദൈവാരാധനയാണെന്ന് വിശ്വസിക്കുന്നവര്‍. അതുകൊണ്ടുതന്നെ തങ്ങളുടെ നിത്യജീവിതത്തിന് അത്യാവശ്യമായവ നേടിയെടുത്ത് ബാക്കിവരുന്ന മുഴുവന്‍ സമയവും അധ്വാനശേഷിയും കഷ്ടപ്പെടുന്നവരെ സഹായിക്കാനായി നീക്കിവെക്കുന്നു. നട്ടെല്ലിന് ക്ഷതം ബാധിച്ച് കിടപ്പിലായവര്‍, മറ്റു കാരണങ്ങളാല്‍ ശരീരം തളര്‍ന്നവര്‍, വൃക്കരോഗികള്‍, അര്‍ബുദത്തിനടിപ്പെട്ടവര്‍, അഗതികള്‍, അനാഥര്‍, വിധവകള്‍, വികലാംഗര്‍ പോലുള്ള തീര്‍ത്തും അശരണരായ അഞ്ഞൂറോളം ആളുകളുടെ കുടുംബങ്ങളുടെ പൂര്‍ണസംരക്ഷണം ബിസ്മി കള്‍ചറല്‍ സെന്‍റര്‍ നിര്‍വഹിച്ചുവരുന്നു. പ്രസ്തുത വീടുകളിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നത് അവരാണ്. അഞ്ചു മുതല്‍ 25 വരെയുള്ള വീടുകള്‍ ശ്രദ്ധിക്കാന്‍ കോഓഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ മുഴുവന്‍ വീടുകളിലെയും ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങളും ശ്രദ്ധയില്‍പെടുകയും പരിഹരിക്കാന്‍ അനായാസം സാധിക്കുകയും ചെയ്യുന്നു. എല്ലാ ഞായറാഴ്ചകളില്‍ കോഓഡിനേറ്റര്‍മാരുടെ കൂടിയാലോചനാ യോഗം നടന്നുവരുന്നു. സെന്‍ററിന്‍െറ ഏറെ ശ്രദ്ധേയവും പ്രശംസനീയവുമായ സംരംഭം മനോരോഗികളെ പരിചരിക്കാനും അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ്. തദാവശ്യാര്‍ഥം സമര്‍പ്പണസന്നദ്ധതയും ത്യാഗബോധവുമുള്ള ഒരു സംഘത്തെ പരിശീലിപ്പിച്ചെടുത്തിരിക്കുന്നു. അവര്‍ രോഗികളെ പരിചരിക്കാന്‍ സംവിധാനമുണ്ടാക്കുന്നതോടൊപ്പം രോഗികളോട് ബന്ധുക്കള്‍ സ്വീകരിക്കേണ്ട സമീപനം കൗണ്‍സലിങ്ങിലൂടെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.
സെന്‍ററിന്‍െറ കീഴില്‍ സൗജന്യ ക്ളിനിക്കും ഫാര്‍മസിയുമുണ്ട്. കൂടാതെ, പരമദരിദ്രര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുകയും വിദ്യാഭ്യാസസഹായം എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. ഒരു കുടിവെള്ള പദ്ധതിയും അനാഥകളെ അവരുടെ വീടുകളില്‍തന്നെ താമസിപ്പിച്ച് സംരക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. ഏതു പ്രദേശത്തും ഏതാനും ചെറുപ്പക്കാര്‍ ഒത്തുകൂടി ശ്രമിച്ചാല്‍ സാധ്യമാവുന്ന കാര്യങ്ങളാണിതെല്ലാം. ആത്മാര്‍ഥതയും അര്‍പ്പണബോധവും ത്യാഗശീലവും ഉണ്ടാവണമെന്നേയുള്ളൂ. ഓരോ നാട്ടിലെയും യുവാക്കള്‍ക്ക് തങ്ങളുടെ പ്രദേശത്തും പരിസരത്തും മനുഷ്യസാധ്യമായ സഹായസഹകരണങ്ങളും സേവനങ്ങളും ലഭിക്കാതെ കഷ്ടപ്പെടുന്ന ആരുമില്ലെന്ന് ഉറപ്പുവരുത്താന്‍ സാധിക്കേണ്ടതുണ്ട്. കൊണ്ടോട്ടി കരിപ്പൂരിലെ ബിസ്മി കള്‍ചറല്‍ സെന്‍ററിന്‍െറ പ്രവര്‍ത്തകര്‍ക്ക് അത് സാധിച്ചിരിക്കുന്നു. അരിയുടെ കാര്യത്തിലല്ല കേരളീയരിന്ന് പ്രയാസപ്പെടുന്നത്. കുടിവെള്ളത്തിന്‍െറയും രോഗചികിത്സയുടെയും വിദ്യാഭ്യാസത്തിന്‍െറയും വീടുനിര്‍മാണത്തിന്‍െറയും കാര്യത്തിലാണ്. ഗുരുതരമായ രോഗം ബാധിച്ചാല്‍ ഇടത്തരക്കാര്‍ക്കുപോലും ചികിത്സിക്കാന്‍ സാധ്യമല്ലാത്തവിധം ചെലവ് വര്‍ധിച്ചിരിക്കുന്നു. വീടുവെക്കാന്‍ ഒരിടം കിട്ടുകയെന്നത് ഏറെ ദുഷ്കരമായിത്തീര്‍ന്നിട്ടുണ്ട്. വിദ്യാഭ്യാസച്ചെലവും പലര്‍ക്കും താങ്ങാനാവാത്തതാണ്. അതിനാല്‍ ഇത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിന് എല്ലാ പ്രദേശത്തും സുമനസ്സുകളുടെ കൂട്ടായ്മകള്‍ രൂപപ്പെടേണ്ടിയിരിക്കുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് നിര്‍ബന്ധബാധ്യതയാണ്. മനുഷ്യരൊക്കെയും പിറന്നുവീഴുന്നത് പ്രവിശാലമായ പ്രപഞ്ചത്തിലാണ്. അപ്പോഴവര്‍ പ്രകൃതിയുടെ ഭാഗമാണ്. മനുഷ്യസമൂഹത്തിലെ ഒരംഗം. പക്ഷേ, പിന്നീടവര്‍ വളര്‍ന്നുവലുതാവുന്നതോടെ ഉള്‍വലിയുന്നു. അതോടെ അവന്‍െറ വൃത്തം ചുരുങ്ങിവരുന്നു. സമൂഹത്തില്‍നിന്ന് കുടുംബത്തിലേക്കും അവിടെനിന്ന് തന്നിലേക്കും ചുരുങ്ങിക്കൂടുന്നു. എന്നാല്‍, മതം മനുഷ്യനെ വ്യക്തിവൃത്തത്തില്‍നിന്ന് പുറത്തുകൊണ്ടുവരുന്നു. അവനെ കുടുംബത്തിലേക്കും അവിടെനിന്ന് സമൂഹത്തിലേക്കും നയിക്കുന്നു. മറ്റു മനുഷ്യരെപ്പോലെ താനും ലോകത്തിന്‍െറ ഭാഗമാണെന്നും അവിടെയുള്ളത് തന്നെപ്പോലെ മറ്റുള്ളവര്‍ക്കും അവകാശപ്പെട്ടതാണെന്നുമുള്ള ബോധം വളര്‍ത്തുന്നു. മറ്റുള്ളവരുടെ സുഖദു$ഖങ്ങളും സന്തോഷസന്താപങ്ങളും നേട്ടകോട്ടങ്ങളും തന്‍േറതായി അനുഭവപ്പെടുന്ന സാമൂഹികബോധം സൃഷ്ടിക്കുന്നു. സമൂഹത്തില്‍ പരസഹായം ആവശ്യമുള്ളവര്‍ നിരവധിയാണ്. അനാഥരും അഗതികളും അന്ധരും അശരണരും വിധവകളും വികലാംഗരും ചൂഷിതരും മര്‍ദിതരും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരും അവരില്‍പെടുന്നു. ദരിദ്രരും രോഗികളും അവ്വിധംതന്നെ. ഓരോരുത്തര്‍ക്കും എന്താണോ ആവശ്യം അതാണ് നല്‍കേണ്ടത്. ചിലര്‍ക്ക് സാമ്പത്തിക സഹായമാണെങ്കില്‍ മറ്റു ചിലര്‍ക്ക് ശാരീരികമായ താങ്ങും തുണയുമാണ് വേണ്ടിവരുക. ആശ്വാസവചനങ്ങള്‍ക്ക് കാതോര്‍ക്കുന്നവരും തന്‍െറ പരാതികള്‍ കേള്‍ക്കുന്ന കാതുകള്‍ കിട്ടാന്‍ കൊതിക്കുന്നവരും കുറവല്ല. വാര്‍ധക്യത്താല്‍ വിവശരായി കഴിയുന്നവര്‍ക്ക് മറ്റുള്ളവരുടെ സാന്നിധ്യംപോലും അനല്‍പമായ ആശ്വാസമേകും. ഓരോരുത്തരുടെയും ഇത്തരം ആവശ്യങ്ങള്‍ അവരുന്നയിക്കാതെതന്നെ പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ സാധിക്കുന്ന സംവിധാനങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.
സമൂഹത്തിനുവേണ്ടി സ്വന്തത്തെ സമര്‍പ്പിക്കാന്‍ സാധിക്കുന്നവര്‍ക്ക് ആ മാര്‍ഗത്തിലുണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളും പ്രയാസങ്ങളും നിസ്സാരമായാണ് അനുഭവപ്പെടുക. പരനിര്‍വൃതിക്കുവേണ്ടി പണിയെടുത്ത് ഭൂമിയില്‍ ആത്മനിര്‍വൃതിയും പരലോകത്ത് ദൈവത്തിന്‍െറ പ്രീതിയും പ്രതിഫലവും തേടണമെന്ന് മതമനുശാസിക്കുന്നു. അങ്ങനെ ചെയ്യാത്തവര്‍ കുറ്റവാളികളാണ്, നിഷേധികളും ദൈവധിക്കാരികളുമാണ്. ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍ബന്ധമാക്കുന്നതിന് മുമ്പാണ് ദൈവം മനുഷ്യനോട് അഗതികളെയും അനാഥകളെയും സംരക്ഷിക്കാനാവശ്യപ്പെട്ടത്. പുണ്യകര്‍മങ്ങളുടെ വിശദീകരണത്തില്‍ മുന്‍ഗണന നല്‍കിയതും അതിനുതന്നെ. അഗതികളെയും അനാഥരെയും അവഗണിക്കുന്നവര്‍ക്ക് മരണാനന്തര ജീവിതത്തില്‍ ദൈവകോപത്തിനും ശിക്ഷക്കും അര്‍ഹരാകുന്നവരും. മറുഭാഗത്ത് സ്വന്തം താല്‍പര്യങ്ങളും സുഖസൗകര്യങ്ങളും മാത്രം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തി സമൂഹത്തിനു മാത്രമല്ല, സ്വന്തം കുടുംബത്തിനും ശാപമായിരിക്കും. അതിനാല്‍ ഓരോ പ്രദേശത്തെയും മുഴുവന്‍ മനുഷ്യരുടെയും, മനുഷ്യസാധ്യമായ സഹായസഹകരണത്തിലൂടെ പരിഹരിക്കാവുന്ന എല്ലാ പ്രശ്നങ്ങളും പ്രയാസങ്ങളും ഇല്ലാതാക്കാന്‍ സുമനസ്സുകളൊക്കെയും ശ്രദ്ധിക്കുകയും ശ്രമിക്കുകയും വേണം. കൊച്ചുകൊച്ചു കൂട്ടായ്മകളിലൂടെ ഇത് അനായാസം സാധ്യമാകും. സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യവുമുള്ളവര്‍ മുന്നോട്ടുവന്നാല്‍ സഹകരിക്കാന്‍ സന്നദ്ധതയുള്ളവരെ കിട്ടാന്‍ പ്രയാസപ്പെടേണ്ടിവരില്ല.
No comments:
Post a Comment