മനസമാധാനത്തോടെയുള്ള സംതൃപ്ത ജീവിതമാണ് വിവാഹത്തിന്റെ പ്രധാന ലക്ഷ്യം. സന്താനോല്‍്പാദനത്തിലൂടെ മനുഷ്യവംശത്തിന്റെ നിലനില്‍പ് ഉറപ്പുവരുത്തുന്നതിനുള്ള പരിശുദ്ധ വഴിയാണ് വിവാഹം. നിങ്ങള്‍ക്കു സംതൃപ്തി ലഭിക്കാന്‍ നിങ്ങളുടെ ശരീരത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണയെ സൃഷ്ടിച്ചത് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ പെട്ടതാണ്. നിങ്ങള്‍ക്കിടയില്‍ സ്നേഹകാരുണ്യങ്ങളെ അവന്‍ സൃഷ്ടിക്കുകയും ചെയ്തു (ഖു.ശ).
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും താഴ്വരയിലാണ് കുടുംബജീവിതം നാമ്പെടുക്കുന്നത്. ജീവിതായോധനത്തിന് വേണ്ടി പകലന്തിയോളം കഷ്ടപ്പെടുന്ന പുരുഷന്‍ ശക്തമായ മാനസിക ക്ളേശവും പിരിമുറുക്കവും അനുഭവിക്കുകയാണ്. പ്രശ്ന സങ്കീര്‍ണ്ണമായ പുരുഷന്റെ മനസ്സിന് ശാന്തിയും, ആനന്ദവും പകര്‍ന്നു അവനെ കര്‍മസജ്ജനാക്കേണ്ടത് പ്രകൃതിയുടെ ആവശ്യമാണ്. പുരുഷന്റെ കര്‍മശേഷിയാണല്ലോ വികസനത്തിന്റെ ആധാരം. തന്റെ സുരക്ഷിതത്വവും സ്വസ്ഥതയും ഉറപ്പുവരുത്തുകയാണ് വിവാഹത്തിലൂടെ സ്ത്രീ. ദുഃഖവും സന്തോഷവും പങ്കിടാനും ലക്ഷ്യാധിഷ്ഠിതമായ ജീവിതം നയിക്കാനും ദാമ്പത്യ ജീവിതം അവസരമൊരുക്കുന്നു. തന്റെ ദുര്‍ബലവും അസ്വസ്ഥവുമായ മനസ്സിനു ശാന്തി നല്‍കുന്ന ജീവിതപങ്കാളിയുടെ സാന്നിദ്ധ്യം വിവാഹത്തിലൂടെ ലക്ഷ്യമാക്കുന്നു.
ഖുര്‍ആനിക ഭാഷ സ്പഷ്ടമാണ്. മനസ്സമാധാനം ലഭിക്കാന്‍ വേണ്ടിയാണ് വിവാഹം. കൂടുതല്‍ പ്രശ്നങ്ങളും സങ്കീര്‍ണ്ണതകളും സൃഷ്ടിക്കാന്‍ വേണ്ടിയല്ല. പുതിയ പ്രശ്നങ്ങള്‍ക്ക് വിവാഹനടപടികള്‍ കാരണമായിക്കൂടാ. പരസ്പരം സ്നേഹിക്കാനും കരുണയും ദാക്ഷിണ്യവും പ്രകടിപ്പിക്കാനും ദമ്പതിമാര്‍ക്ക് കഴിയണം. സ്വസ്ഥതയും സമാധാനവും ലഭിക്കാന്‍ ഇതനിവാര്യമാണ്. മറിച്ചായാല്‍ വിവാഹം തന്നെ ഒരു നരകയാതനയായിരിക്കും. ഭര്‍ത്താവിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അദ്ദേഹത്തെ ആശ്വസിപ്പിക്കാനും ആനന്ദിപ്പിക്കാനും കഴിയാത്ത ഭാര്യ ഒരു പരാജയമായിരിക്കും. അവളുടെ ഭാരം പുരുഷന് അസഹ്യവും ക്ളേശകരവുമായിരിക്കും. തന്റെ ജീവിത പങ്കാളിയുടെ മനസ്സ് വായിക്കാനറിയാത്ത പുരുഷനും ഭൂമിയില്‍ നരകം പണിയുകയാണ്. ആനന്ദപീയുഷം നല്‍കേണ്ട ദാമ്പത്യ ജീവിതം ചിലര്‍ക്കെങ്കിലും ശാപവും നരകതുല്യമായി അനുഭവപ്പെടാറുണ്ട്. സ്നേഹത്തിനും വാത്സല്യത്തിനും ഇടമില്ലാത്തിടത്ത് പിന്നെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
തന്റെയും കുടുംബത്തിന്റെയും ജീവിതായോധനത്തിനു വേണ്ടി ഇറങ്ങിത്തിരിച്ച പുരുഷന്‍ തിരിച്ച് വരുമ്പോള്‍ പുഞ്ചിരിയോടെ അവനെ സ്വീകരിക്കാനും സ്നേഹത്തിന്റെ പൂന്തേന്‍ചൊരിഞ്ഞു കൊടുത്ത് അവന്റെ മനസ്സിനും കണ്ണിനും കുളിര് പകരാനും സ്ത്രീക്ക് കഴിയണം. സ്നേഹിക്കുന്നവര്‍ക്കുമാത്രമേ സ്നേഹം തിരിച്ച് കിട്ടുകയുള്ളൂ. അതുകൊണ്ട് തന്നെ പരസ്പരം സ്നേഹകാരുണ്യങ്ങള്‍ പങ്കിടേണ്ടതും സ്നേഹത്തിന്റെ പട്ടുനൂലില്‍ ദാമ്പത്യ ജീവിതത്തിന്റെ പൂ കോര്‍ക്കേണ്ടതുമാണ്.
ജീവിതത്തെ കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടാണ് മനുഷ്യര്‍ക്ക്. യുവത്വത്തിന്റെ പ്രാരംഭ ദശയില്‍ തന്നെ വൈകാരികാവേശം ജനിക്കുകയും ഹൃദയം ഒരു പങ്കാളിയുടെ സാന്നിദ്ധ്യം ആഗ്രഹിക്കുകയും ചെയ്യുന്നു. ജന്തുവര്‍ഗങ്ങള്‍ക്കെല്ലാം അല്ലാഹു നല്‍കിയ ഒരു പ്രതിഭാസമാണത്. മനസ്സിന്റെ ഈ ത്വരയാണ് വിവാഹത്തിലേക്കും സന്താനോല്‍പാദനത്തിലേക്കും അതുവഴിയുള്ള വംശ വര്‍ധനവിനും നിലനില്‍പിനുമുള്ള സാഹചര്യ സൃഷ്ടിയിലേക്കുമൊക്കെ മനുഷ്യനെയും മറ്റു ജന്തുവിഭാഗങ്ങളെയും നയിക്കുന്നത്.
നൈമിഷിക വികാരത്തിന്റെയോ ക്ഷണികമായ തീരുമാനത്തിന്റെയോ അവിവേകപൂര്‍ണ്ണമായ ആലോചനയുടേയോ ഫലമാകരുത് വിവാഹം. തികച്ചും വ്യത്യസ്തമായ രണ്ടു ജീവിതങ്ങളെ ഒന്നാക്കി മാറ്റുന്ന ഒരു പരിശുദ്ധ കര്‍മത്തെ കേവലം വൈകാരിക പ്രശ്നമാക്കി എടുത്തുകൂടാ.
ദമ്പതികള്‍ തമ്മില്‍ മാനസികമായും ശാരീരികമായും പൊരുത്തപ്പെടണം. ഈ പൊരുത്തപ്പാടില്‍ വിശ്വാസം, സംസ്കാരം, ജീവിതരീതികള്‍, ഗാര്‍ഹികാന്തരീക്ഷം, സദാചാര ചിന്ത, സൌന്ദര്യം, തറവാടിത്തം തുടങ്ങിയ ഒട്ടനവധി കാര്യങ്ങളുടെ ഐക്യവും സമന്വയവുമാണ് പരിഗണിക്കപ്പെടേണ്ടത്. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, വിവാഹത്തിന്റെ ലക്ഷ്യം തുടങ്ങിയ കാതലായ പ്രശ്നങ്ങള്‍ പരിഗണിക്കപ്പെടാതെ നടത്തപ്പെടുന്ന വിവാഹങ്ങള്‍ പലപ്പോഴും പരാജയപ്പെടുന്നതാണനുഭവം. അനുരജ്ഞനപ്പെടാനും അവധാനപൂര്‍വ്വം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുമുള്ള കഴിവും തന്റേടവും ദമ്പതികള്‍ക്കുണ്ടാകണം. തിരുനബി(സ്വ) പറഞ്ഞു. അറിയുക സ്ത്രീകളോട് നല്ലത് ഉപദേശിക്കുക. അവര്‍ നിങ്ങളുടെ കീഴില്‍ സംരക്ഷണമേല്‍പിക്കപ്പെട്ടവരാണ്. വളഞ്ഞ വാരിയെല്ലില്‍ നിന്നാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടത്. അവളെ ഉപദേശിക്കാതെ വിട്ടാല്‍ അത് വളഞ്ഞ് തന്നെ കിടക്കും. ഒറ്റയടിക്ക് ശരിപ്പെടുത്താന്‍ തുനിഞ്ഞാല്‍ അത് പൊട്ടിപ്പോകും.
വിവാഹത്തിനു ഒരുങ്ങുന്നവര്‍ പക്വതയും ഭാര്യയെ പുലര്‍ത്താന്‍ കഴിവും ഉള്ളവരായിരിക്കണം. യുവസമൂഹമേ, ഭാര്യയെ പുലര്‍ത്താന്‍ കഴിവുള്ളവര്‍ വിവാഹം ചെയ്യുക. അല്ലാത്തവര്‍ നോമ്പനുഷ്ഠിക്കുക. തീര്‍ച്ചയായും വ്രതം വികാരത്തെ ശമിപ്പിക്കുന്നതാണ്. വിവാഹ കമ്പോളത്തിലേക്ക് എടുത്ത് ചാടി ഭാര്യയുടെ സമ്പത്ത് കൊണ്ട് ജീവിക്കാമെന്ന് വ്യാമോഹിക്കുന്നവരുടെ മനോഭാവത്തെ എതിര്‍ക്കുകയും സ്വന്തമായ കഴിവും വ്യക്തിത്വവും നേടാതെ കേവല വൈകാരിക പ്രശ്നമായി വിവാഹത്തെ കാണരുതെന്ന് പഠിപ്പിക്കുകയുമാണ് ഈ ഹദീസ്.
വികാരശമനം വിവാഹത്തിന്റെ ഒരു ലക്ഷ്യം തന്നെയാണ്. പക്ഷേ, ആ ലക്ഷ്യസാഫല്യത്തിനു കനത്ത ബാധ്യതകളും ഉത്തരവാദിത്തങ്ങളും പുരുഷന്‍ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നാണ് ഇസ്ലാമിന്റെ ശാസന. ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി വികാരശമനം നേടി തടി രക്ഷപ്പെടുത്താന്‍ ഇസ്ലാം ഒരു വഴിയും നല്‍കിയിട്ടില്ല.
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മാന്യമായ പരിചരണം എന്നിവ നല്‍കി അവകാശങ്ങള്‍ വകവെച്ച് കൊടുത്ത് ഒരു സ്ത്രീയെ സംരക്ഷിക്കാന്‍ എനിക്ക് സാധിക്കുമോ എന്ന് ചിന്തിച്ച് അനുകൂല മറുപടി ലഭിക്കുമ്പോഴാണ് വിവാഹത്തിനു മുതിരേണ്ടത്.
പുത്തന്‍ സമൂഹത്തിലും പ്രാചീന വര്‍ഗങ്ങളിലുമൊക്കെ സ്ത്രീ ചൂഷണോപാധിയായാണ് പരിഗണിക്കപ്പെട്ടത്. വികാരപൂര്‍ത്തിക്കുള്ള ഉപകരണമായി മാത്രം സ്ത്രീയെ കണ്ട പ്രാചീന യൂറോപ്പും അറേബ്യന്‍ ജാഹിലിയ്യത്തും ഇസ്ലാമിന്റെ പരിഷ്കരണങ്ങള്‍ക്കുമുന്നില്‍ വെറുപ്പോടെ, അമര്‍ഷത്തോടെ തലകുനിക്കുകയായിരുന്നു. എഗ്രിമെന്റ് മേരേജ്, കോണ്‍ട്രാക്റ്റ് മേരേജ് തുടങ്ങിയ ആധുനിക ജീര്‍ണ്ണതകളുടെ മുഖമുദ്രകളായ വിവാഹങ്ങള്‍ സ്ത്രീകളെ വികാരപൂര്‍ത്തിക്കുള്ള ഉപകരണങ്ങള്‍ മാത്രമായാണ് കാണുന്നത്. ഭാര്യയുടെയും മക്കളുടെയും സംരക്ഷണമേറ്റെടുക്കേണ്ട പുരുഷനെ കനത്ത സാമ്പത്തിക ഭാരവും ആത്മനിയന്ത്രണവുമാവശ്യമുള്ള ഈ ബാധ്യതകളില്‍ നിന്നൊഴിവാക്കിക്കൊടുത്തിരിക്കയാണ് പുത്തന്‍ പുരുഷാധിപത്യം. സ്ത്രീ സ്വാതന്ത്യ്രമെന്ന പേരിട്ട് അടങ്ങിക്കഴിയുന്ന സ്ത്രീകളെ തെരുവിലിറക്കിയ ഈ വര്‍ഗ്ഗം ആത്യന്തികമായി ലക്ഷ്യമാക്കുന്നത് പുരുഷമേധാവിത്വവും സ്ത്രീ ചൂഷണവുമാണ്.
ഇസ്ലാമില്‍ സ്ത്രീ പൂര്‍ണ്ണസ്വതന്ത്രയാണ്. തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ഭാവി നിര്‍ണ്ണയിക്കാനും അവകാശങ്ങള്‍ ചോദിച്ച് വാങ്ങാനും സ്വന്തം വ്യക്തിത്വം വച്ചുപുലര്‍ത്താനും അവര്‍ക്കധികാരമുണ്ട്. സമ്പാദിക്കാനും ക്രയവിക്രയം നടത്താനും സ്ത്രീക്ക് സ്വാതന്ത്യ്രമുണ്ട്. തന്റെയും സന്താനങ്ങളുടെയും സംരക്ഷണം പുരുഷനെ ഏല്‍പ്പിച്ചിരിക്കയാണ് ഇസ്ലാം. പിതാവ്, ഭര്‍ത്താവ്, സഹോദരന്‍, ആണ്‍ സന്താനങ്ങള്‍ ഇങ്ങനെ പുരുഷരുടെ ഗ്രേഡ് നിര്‍ണ്ണയിച്ച് ഓരോരുത്തര്‍ക്കും സംരക്ഷണോത്തരവാദിത്തം നല്‍കിയിരിക്കുന്നു. ഇവരൊന്നിമില്ലാത്ത സാഹചര്യത്തില്‍ സമൂഹത്തിലെ സമ്പന്ന വ്യക്തികളോ ഇസ്ലാമിക രാഷ്ട്രസംവിധാനമോ ആണ് സ്ത്രീയുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കേണ്ടത്.
തനിക്ക് ഇഷ്ടപ്പെടാത്ത ഒരു പുരുഷനെ ജീവിത പങ്കാളിയായി സ്വീകരിക്കാന്‍ സ്ത്രീയെ ആരും നിര്‍ബന്ധിക്കുന്നില്ല. ഏതെങ്കിലും പിതാക്കന്‍മാര്‍ അനുയോജ്യനല്ലാത്ത പുരുഷനെ തന്റെ മകള്‍ക്ക് നിര്‍ബന്ധിച്ച് വിവാഹം ചെയ്തുകൊടുത്താല്‍ അത് കേന്‍സല്‍ ചെയ്യാന്‍ മുസ്ലിം വനിതക്കവകാശമുണ്ടെന്നാണ് ഇസ്ലാമിക നിയമം. വിമര്‍ശകര്‍ക്ക് പക്ഷേ, ഇസ്ലാമിക നിയമങ്ങള്‍ പഠിക്കാന്‍ മനസ്സില്ലല്ലോ.
വിവാഹമോചനം, ബഹുഭാര്യത്തം, സ്വത്തവകാശം തുടങ്ങിയ നിയമങ്ങളിലും സ്ത്രീപിഢനം ആരോപിക്കാറുണ്ട്. ദമ്പതിമാരുടെ സംതൃപ്തജീവിതമാണ് വിവാഹലക്ഷ്യമെങ്കില്‍ ആ സംതൃപ്തി പൂര്‍ണ്ണമായി നഷ്ടപ്പെടുകയും പരസ്പരം പൊരുത്തപ്പെട്ട് ജീവിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യത്തില്‍ പരസ്പരം വഴിപിരിയാന്‍ അനുവദിക്കുകയാണ് ബുദ്ധി. പൊരുത്തപ്പെടാത്ത രണ്ടുജീവിതങ്ങള്‍, രണ്ട് ദിശകളിലേക്കൊഴുകിക്കൊണ്ടിരിക്കുന്ന രണ്ട് നദികളാണ്. ഇതുരണ്ടും സന്ധിക്കുക അസാധ്യമാണ്. ഓരോന്നിനെയും അതാതിന്റെ ദിശയിലേക്കൊഴുകാന്‍ വിടാതെ സന്ധിപ്പിക്കാന്‍ തുനിയുന്നതാണ് ബുദ്ധിശൂന്യത. വിവാഹമോചനത്തിന്റെ അടിസ്ഥാനമിതാണ്. പക്ഷേ, എല്ലാ നിയമങ്ങളെയും പോലെ വിവാഹമോചന നിയമവും സമൂഹം ദുരുപയോഗപ്പെടുത്താറുണ്ട്. അതു തടയാന്‍ മറ്റു നടപടികള്‍ സ്വീകരിക്കയാണ് വേണ്ടത്.
No comments:
Post a Comment