സ്വാശ്രയ കോളേജുകളെ ശക്തമായി എതിര്‍ത്ത സി.പി.എം എഞ്ചിനീയറിംഗ് കോളേജ് സ്വന്തമായി ആരംഭിക്കുന്നു. അമ്യൂസ്മെന്റ് പാര്‍ക്കിനും ഷോപ്പിങ് മാളിനും പിന്നാലെ വിദ്യാഭ്യാസ മേഖലയിലും പാര്‍ട്ടി തങ്ങളുടെ സ്ഥാപനങ്ങള്‍ ആരംഭിക്കുകയാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. എം.ദാസന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജി എന്ന പേരില്‍ കോഴിക്കോട് ഉള്ള്യേരിയില്‍ സി.പി.എം നിയന്ത്രണത്തില്‍ ഉള്ള സഹകരണ സൊസൈറ്റിയാണ് എഞ്ചിനീയറിങ് കോളേജിന്റെ നടത്തിപ്പ്. കഴിഞ്ഞ ദിവസം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സ്ഥാപനത്തിന് എന്‍.ഒ.സി നല്‍കിക്കഴിഞ്ഞു. സ്വാശ്രയ സ്ഥാപനങ്ങളുടെ പേരില്‍ കൂത്തുപറമ്പില്‍ രക്തസാക്ഷികളെ സൃഷ്ടിച്ച ഡി.വൈ.എഫ്.ഐയുടെ നേതാവ് പറയുന്നതും ഇത്തരം സ്ഥാപനങ്ങള്‍ ഉയര്‍ന്നു വരണമെന്നുള്ളത് അവര്‍ പണ്ടുമുതലേ പിന്തുണയ്ക്കുന്നതാണെന്നാണ്. സ്വാശ്രയ കോളജുകള്‍ക്കു തുടക്കംകുറിച്ച അന്നുമുതല്‍ സമരം ചെയ്യുന്ന എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ സ്വന്തം മക്കളുടെ കാര്യം വന്നപ്പോള്‍ മറിച്ചൊരു നിലപാട് സ്വീകരിച്ചത് കഴിഞ്ഞ വര്‍ഷം നിരവധി ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളജിനെതിരേ തീപ്പൊരി സമരം നടത്തിയ, വി.വി രമേശന്‍ മകള്‍ക്ക് എന്‍.ആര്‍.ഐ ക്വാട്ടായില്‍ പരിയാരത്ത് തന്നെ അഡ്‌മിഷന്‍ നേടിയതും കോട്ടയം മുന്‍ എം.എല്‍.എ വി.എന്‍ വാസവന്റെ മകള്‍ക്ക് പ്രവേശന പരീക്ഷയില്‍ മതിയായ മാര്‍ക്കുപോലും ലഭിക്കാതെ ഗോകുലം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് സംഘടിപ്പിച്ചതുമൊക്കെ മുന്‍പ് വിവാദമായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷികളെ സൃഷ്ടിച്ച പരിയാരം മെഡിക്കല്‍ കോളേജ് 1993ല്‍ സ്ഥാപിച്ചത് മുതല്‍ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ 'വിദ്യാഭ്യാസ കച്ചവട'ത്തിനെതിരെ രൂക്ഷസമരങ്ങളായിരുന്നു നടത്തിയത്. സഹകരണ മേഖലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ നേതൃത്വം നല്‍കിയ സിഎംപി നേതാവ് എംവി രാഘവന്‍ മന്ത്രിയായിരിക്കുമ്പോള്‍ ഡിവൈഎഫ്‌ഐ കൂത്തുപറമ്പില്‍ നടത്തിയ സമരത്തിലാണ് പൊലീസ് വെടിവെയ്പില്‍ അഞ്ചുപേര്‍ രക്തസാക്ഷികളായത്. സിപിഎം പിന്നീട് കോളേജിന്റെ ഭരണസമിതി തന്നെ പിടിച്ചെടുത്തു. അന്ന് ആ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡിവൈഎഫ്‌ഐ നേതാവായിരുന്ന എം വി ജയരാജന്‍ ഇപ്പോള്‍ പരിയാരം കോളേജ് ഭരണസമിതിയുടെ ചെയര്‍മാനാണ്. |
No comments:
Post a Comment