പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മൗനത്തെ കളിയാക്കിനടന്നവര്‍ തലയില്‍ കൈവച്ച് കണ്ണുതള്ളിനില്‍ക്കുന്നു. എപ്പോള്‍ പറയണമെന്നും എന്തു പറയണമെന്നും തനിക്ക് കൃത്യമായി അറിയാമെന്നു പ്രധാനമന്ത്രി തെളിയിച്ചിരിക്കുന്നതു. എപ്പോഴും പറയുന്നതിലല്ല എന്തു പറയുന്നു എന്നതാണ് കാര്യമെന്നതിന് തെളിവാകുകയാണ് കപ്പല്‍ വെടിവയ്പ്പിലും കൂടംകുളം പ്രശ്‌നത്തിലും മന്‍മോഹന്‍ സിങ് നടത്തിയ പ്രസ്താവയും ഇടപെടലും. ഇന്ത്യയുടെ ആണവ താല്‍പര്യത്തിന് അതിരിടാന്‍ നില്‍ക്കുന്ന അമേരിക്കയ്ക്ക് ചുട്ടമറുപടി നല്‍കുന്നതിനൊപ്പം റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ ഒറ്റദിവസംകൊണ്ട് ഇക്കാര്യത്തില്‍ നേടാനും പ്രധാനമന്ത്രിക്കായി. ഒരുവെടിക്ക് രണ്ടുപക്ഷിയെന്നാണ് കേട്ടിട്ടുള്ളതെങ്കില്‍ ഒരു വാക്കുകൊണ്ട് ഒരു സംഘം പക്ഷികളെ മന്‍മോഹന്‍ വീഴിത്തിയിരിക്കുന്നു. കൂടംകുളത്തെ സമരത്തിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടു എന്നതാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനകൊണ്ട് പ്രത്യക്ഷത്തിലുണ്ടാകുന്ന ഫലമെന്നു തോന്നാമെങ്കിലും രാജ്യാന്തര നയതന്ത്ര രംഗത്ത് ഇതിന്റെ പതിന്മടങ്ങ് പ്രഹരമാണ് മന്‍മോഹന്‍ ഏല്‍പ്പിച്ചത്. കൂടംകുളം ആണവനിലയ വിരുദ്ധ സമരത്തിന് പിന്നില്‍ അമേരിക്കയില്‍ നിന്ന് പണം പറ്റുന്ന എന്‍.ജി.ഒ. കളാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. തൊട്ട് പിന്നാലെ എന്‍.ജി.ഒകള്‍ക്കെതിരേ സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്തു. സാമ്പത്തിക സഹായം വഴിമാറ്റി ചെലവിട്ടതിന്റെ പേരില്‍ മൂന്ന് എന്‍.ജി.ഒ.കളുടെ പ്രവര്‍ത്തനാനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. കൂടുതല്‍ എന്‍.ജി.ഒ.കളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചു തുടങ്ങി. അംഗീകാരം റദ്ദാക്കിയ എന്‍.ജി.ഒ.കളുടെ വിവരങ്ങള്‍ ഇതുവരെ കേന്ദ്രം പുറത്തുവിട്ടിട്ടില്ലെങ്കിലും തൂത്തുക്കുടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തൂത്തുക്കുടി ഡയസിസ് അസോസിയേഷന്‍ (ടി.ഡി.എ), തൂത്തുക്കുടി മള്‍ട്ടിപര്‍പ്പസ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ടി.എം.എസ്.എസ്.എസ്) എന്നീ സംഘടനകളുടെ പേര് വിദേശസഹായ നിയന്ത്രണനിയമപ്രകാരം പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ.കളുടെ പട്ടികയില്‍ നിന്ന് ആഭ്യന്തരമന്ത്രാലയം ഒഴിവാക്കിയതായി റിപ്പോര്‍ട്ടുണ്ട്. കൂടംകുളത്തെ ആണവനിലയ വിരുദ്ധസമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയാണ് രണ്ട് സംഘടനകളും. വിദേശത്തുനിന്ന് ലഭിച്ച ധനസഹായം വകമാറ്റി ചെലവഴിച്ചുവെന്നതാണ് ഈ സംഘടനകളുടെ പേരില്‍ ആരോപിക്കപ്പെടുന്നത്. വിദേശ സഹായ നിയന്ത്രണ നിയമപ്രകാരം (എഫ്.സി.ആര്‍.എ) അനുമതി ലഭിച്ച രണ്ട് സംഘടകള്‍ക്ക് മാത്രം അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 64 കോടി രൂപ ലഭിച്ചിട്ടുണ്ട്. തൂത്തുക്കുടി സമരത്തിന്റെ മുഖ്യനേതാക്കളിലൊരാളായബിഷപ്പ് യുവോന്‍ ആബ്രോയ്‌സിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒ.യാണ് ടി.എം.എസ്.എസ്.എസ്. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഈ സംഘടന കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 42 കോടി രൂപയുടെ വിദേശസഹായം സ്വീകരിച്ചിട്ടുണ്ട്. ഡി.ഡി.എ.യ്ക്ക് ലഭിച്ചത് 22.7 കോടിയാണ്. കൂടംകുളത്ത് പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ള എന്‍.ജി.ഒ.കളെല്ലാം അന്വേഷണം നേരിടുകയാണ്. 42,000 എന്‍.ജി.ഒ.കള്‍ക്കാണ് എഫ്.സി.ആര്‍.എ അനുമതിയുള്ളത്. കൂടംകുളം സമരത്തിന് പിന്തുണ നല്‍കുന്ന ക്രിസ്തീയ സാമൂഹികസംഘടകളുടെ അക്കൗണ്ടുകള്‍ ആഭ്യന്തരമന്ത്രാലയം പരിശോധിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. മധുര ആസ്ഥാനമായ പീപ്പിള്‍സ് എഡ്യൂക്കേഷന്‍ ഫോര്‍ ആക്ഷന്‍ ആന്‍ഡ് ലിബറേഷന്‍, നാഗര്‍കോവില്‍ ആസ്ഥാനമായുള്ള ഗുഡ് വിഷന്‍ എന്നീ സംഘടകളുടെ കണക്കുകള്‍ പരിശോധിച്ചു വരുന്നതായി അറിയുന്നു. അമേരിക്കയെ പരസ്യമായി എതിര്‍ക്കാന്‍ ഇന്ത്യയെപ്പോലൊരു രാജ്യം മുന്നോട്ടുവരുന്നത് കൗതുകത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. ഇത് മനസ്സിലാക്കിത്തന്നെയാണ് മന്‍മോഹന്റെ നീക്കവും. രാജ്യാന്തര രംഗത്ത് എന്ത്യയെ എതിര്‍ക്കുന്ന ചൈനയ്ക്ക് ഇക്കാര്യത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കാതിരിക്കാനാവില്ല. കാരണം ചൈന വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആരോപണം തന്നെയാണിത്. ജപ്പാനെ പിന്തള്ളി ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യയ്ക്ക് രാജ്യാന്തര തലത്തില്‍ സ്വന്തമായി വ്യക്തിത്വം ഉണ്ടാകേണ്ടതുണ്ടെന്ന തിരിച്ചറിവാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ പ്രധാനമന്ത്രിയെക്കൊണ്ട് ഇങ്ങനെ പറയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പരാമര്‍ശത്തെ റഷ്യന്‍ സ്ഥാനപതി അലക്‌സാണ്ടര്‍ കഡകിന്‍ പിന്തുണച്ചതും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റഷ്യന്‍ സഹായത്തോടെയാണ് കൂടംകുളം ആണവോര്‍ജ പദ്ധതി നടക്കുന്നത്. കൂടംകുളത്തെ സമരത്തെ പിന്തുണയ്ക്കുന്നത് അമേരിക്കയിലെയും സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളിലെയും സര്‍ക്കാറിതര സംഘടകളാണെന്നുള്ള സംശയം റഷ്യ നേരത്തേ ഉന്നയിച്ചിരുന്നുവെന്നാണ് റഷ്യന്‍ സ്ഥാനപതി വ്യക്തമാക്കിയത്. ലോകത്തെ ഏറ്റവും സുരക്ഷിതമായ ആണവനിലയത്തിനെതിരെ കൂടംകുളത്ത് നടക്കുന്ന സമരത്തിനു പിന്നില്‍ രഹസ്യ അജണ്ട ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്‍മോഹന്റെ പ്രസ്താവന കൊള്ളേണ്ടിടത്തു കൊണ്ടു എന്നതിന്റെ തെളിവാണ് എതിര്‍പ്പ് പ്രകടമാക്കാത്ത വിധത്തിലുള്ള അമേരിക്കയുടെ പ്രസ്താവന. ഇന്ത്യയുടെ സൈനികേതര ആണവോര്‍ജ പരിപാടികളില്‍ അമേരിക്കയ്ക്ക് ഒരു തരത്തിലുള്ള എതിര്‍പ്പുമില്ലെന്നാണ് ഇന്ത്യയിലെ യു.എസ്.സ്ഥാനപതി പീറ്റര്‍ ബര്‍ലേ പറഞ്ഞത്. ഇന്ത്യയുടെ സൈനികേതര ആണവപരിപാടികളുമായി യു.എസ്.സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എല്ലാതലത്തിലും സൗഹാര്‍ദത്തോടെ മുന്നോട്ട് പോവുകയാണെന്നും പറഞ്ഞ് ബര്‍ലേ അമേരിക്കയുടെ ഭാഗം ന്യായീകരിച്ചു. കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പറഞ്ഞതല്ലാതെ പ്രധാനമന്ത്രി മന്മോഹന്‍ സിങ് പറഞ്ഞത് തെറ്റാണെന്ന് പറയാന്‍ അമേരിക്കന്‍ സ്ഥാനപതിയ്ക്കും നാവ് പൊന്തിയില്ല. മന്‍മോഹന്‍ അമേരിക്കന്‍ ചാരനാണെന്ന് ആക്ഷേപം ഉന്നയിച്ചവരും ഈ പ്രസ്താവനയോടെ എങ്ങനെ പ്രതികരിക്കണമെന്ന ആശയക്കുഴപ്പത്തിലാണ്. കൂടംകുളം പോലെതന്നെ ഇറ്റാലിയന്‍ കപ്പല്‍ ,വെടിവയ്പ്പു സംഭവത്തിലും പ്രധാനമന്ത്രിയുടെ ഇടപെടലാണ് കാര്യങ്ങള്‍ വേഗമാക്കിയത്. നടപടി ക്രമങ്ങളിലെ അജ്ഞതമൂലം ഉദ്യോഗസ്ഥര്‍ വട്ടംകറക്കുന്ന സമയത്താണ് മന്‍മോഹനന്‍ ഇടപട്ട് കപ്പല്‍ പിടിച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. |
No comments:
Post a Comment