തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്‌ഥ പരിശോധിക്കാന്‍ എത്തിയ വിദഗ്‌ധസംഘം നാവടക്കാന്‍ കേരളസംഘത്തോടു പറഞ്ഞശേഷം കേസ് ജയിക്കാനുള്ള വഴികള്‍ തമിഴ്‌നാടിനു പറഞ്ഞുകൊടുത്തതിനെതിരേ കേരളം പരാതി നല്‍കും. പരിശോധന ബഹിഷ്‌കരിച്ച കേരളാ ചീഫ് എന്‍ജിനീയര്‍ പി. ലതികയും മുല്ലപ്പെരിയാര്‍ സെല്‍ തലവന്‍ എം.കെ. പരമേശ്വരന്‍നായരും ഇന്നു മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്‌ത് നിലപാടു സ്വീകരിക്കും. ഭൂകമ്പംമുലം മുല്ലപ്പെരിയാര്‍ അണക്കെട്ടിനുണ്ടായ ബലക്ഷയം പരിശോധിക്കാനെത്തിയ സി.ഡി. തട്ടേ, ഡി.കെ. മേത്ത എന്നിവര്‍ സുപ്രീംകോടതി നിര്‍ദേശം മറികടന്ന് ഡാം ബലപ്പെടുത്താന്‍ വേണ്ട ഉപദേശം തമിഴ്‌നാടിനു നല്‍കിയാണു മടങ്ങിയത്. പക്ഷപാതപരമായ ഈ സമീപനം ഉന്നതാധികാരസമിതിയുടെയും സുപ്രീംകോടതിയുടെയും ശ്രദ്ധയില്‍പ്പെടുത്താനാണ് കേരളം നിയമവശങ്ങള്‍ ആലോചിക്കുന്നത്. ഇന്നുച്ചയ്‌ക്കു ശേഷം കൊച്ചിയില്‍ പോകുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഡ്വക്കേറ്റ് ജനറലുമായി ഇക്കാര്യം ചര്‍ച്ചചെയ്യും. പരാതി ഉന്നതാധികാരസമിതിക്കാണോ സുപ്രീം കോടതിക്കാണോ നല്‍കേണ്ടതെന്ന പ്രശ്‌നമാണു പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയുടെ നിയമോപദേശം തേടാനും ആലോചനയുണ്ട്. ഉന്നതാധികാരസമതിക്കാണെങ്കില്‍ ഉടന്‍ പരാതി നല്‍കണമോ അതോ അടുത്ത സിറ്റിംഗില്‍ മതിയോ എന്ന കാര്യത്തിലും തീരുമാനം എടുക്കേണ്ടതുണ്ട്. വിദഗ്‌ധസംഘത്തില്‍ സി.ഡി. തട്ടെയുടെ നിയമനത്തെ കേരളം നേരത്തെ എതിര്‍ത്തിരുന്നതാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ഉന്നതാധികാരസമിതിയെ നിയോഗിച്ചവേളയില്‍ തന്നെ ഈ വിഷയവുമായി നേരത്തെ ബന്ധപ്പെട്ട ആരെയും വിദഗ്‌ധസമിതിയില്‍ നിയമിക്കരുതെന്ന് സുപ്രീം കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചിരുന്നു. അതു മറികടന്നാണ് സി.ഡി. തട്ടെയെ നിയമിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ബലക്ഷയമില്ലെന്ന് സുപ്രീം കോടതിക്ക് 2001ല്‍ റിപ്പോര്‍ട്ട് നല്‍കിയ വിദഗ്‌ധസമിതിയിലും തട്ടേ അംഗമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നതാധികാരസമിതിക്കു കേരളം കത്തു നല്‍കിയിരുന്നു. ഈ കാര്യങ്ങളൊക്കെ വീണ്ടും ഉന്നതാധികാരസമിതിയുടെയും സുപ്രീംകോടതിയുടെയും മുന്നില്‍ കൊണ്ടുവരാനാണു കേരളനീക്കം. |
No comments:
Post a Comment