ഇടുക്കി കുലുങ്ങിക്കൊണ്ടിരിക്കുകയാണ്. മുല്ലെപ്പെരിയാര്‍ ഡാം പൊട്ടി 35 ലക്ഷത്തിലധികം ജനങ്ങളുടെ ജിവിതം അറബിക്കടലിലെത്തിയാല്‍ ലോകത്തിലെ ഏറ്റവും വലിയ ഡാം ദുരന്തം നടന്ന സൈറ്റ് കാണാന്‍ തിരുവിതാംകൂറില്‍ നിന്നും മലബാറില്‍ നിന്നും ജനം തുറന്നു വച്ച മൊബൈല്‍ ക്യാമറകളുമായി മധ്യകേരളത്തിലേക്കു തിരിക്കും. സര്‍ക്കാര്‍ സ്പെഷല്‍ സര്‍വീസുകള്‍ നടത്തുകയും ഗ്രാന്‍ഡ് കേരള ഡാംപൊട്ട് ഫെസ്റ്റിവല്‍ നടത്തി സായിപ്പന്മാരെയും മദാമ്മമാരെയും ഇതില്‍ പ്രത്യേക താല്‍പര്യമുള്ള തമിഴന്‍മാരെയും അകര്‍ഷിച്ച് ടൂറിസം രംഗത്തെ വളര്‍ത്താന്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്യാതിരിക്കില്ല.ദീര്‍ഘവീക്ഷണത്തോടെ ഇപ്പോഴേ ടൂറിസം വകുപ്പിന് നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ അന്നേരം കാര്യങ്ങള്‍ എളുപ്പമുണ്ടാവും. കാരണം,ഇങ്ങനെ ഇനി അധികം പോവില്ല.
ഇത്രേം സ്‍ട്രോങ്ങായിട്ടൊരു ഡാം കണ്ടിട്ടില്ല എന്നാണ് തമിഴ്‍നാട് പറയുന്നത്. കേരളത്തില്‍ നിന്നു ഫ്രീയായി കിട്ടുന്ന വെള്ളമുപയോഗിച്ച് കൃഷി നടത്തി ആ വിളകള്‍ കേരളത്തില്‍ തന്നെ വിറ്റഴിക്കുന്നതിലാണ് തമിഴ്‍നാടിന്റെ ലാഭം. എന്നാല്‍ ഡാം പൊട്ടിയാല്‍ വെള്ളവും 35 ലക്ഷം കസ്റ്റമേഴ്‍സും നഷ്ടമാകുമെന്ന സത്യം അവന്മാര്‍ക്കു പിടികിട്ടാത്തതാണോ അതോ കൊച്ചി പോലൊരു ബിസിനസ് മെട്രോയെ അറബിക്കടലില്‍ താഴ്‍ത്തുക എന്നൊരു ലക്ഷ്യമാണോ ഇതിനൊക്കെ പിന്നിലുള്ളത് ?
ഇടുക്കിയില്‍ ആഴ്ചയിലൊന്നോ രണ്ടോ തവണ വീതം ഇപ്പോള് ഭൂമി കുലുങ്ങുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ 12 തവണ ഭൂമി കുലുങ്ങി. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ എന്നത് വിദൂരസാധ്യതയുള്ള ഭീഷണിയല്ലാതായി,അരികിലുള്ള യാഥാര്‍ഥ്യമാണത്.കേരള സര്‍ക്കാര്‍ ഇതിനൊരു പരിഹാരമുണ്ടാക്കുമെന്ന മിഥ്യാധാരണ അവിടുത്തെ ജനങ്ങള്‍ക്കില്ല.ഡാം പൊട്ടുകയും വെള്ളം ഒഴുകി വരികയും അങ്ങനെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാം ദുരന്തത്തിന്റെ ഭാഗമായി മരിക്കുകയും ചെയ്യാന്‍ മാനസികമായെങ്കിലും തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ജനങ്ങള്‍.
കേരളം രക്ഷിക്കാന്‍ നോക്കാത്ത ജനങ്ങളെ തമിഴ്‍നാട് രക്ഷിക്കണം എന്നു പറയുന്നതില്‍ ഒരു യുക്തിയുമില്ല.കേരളത്തെ സംബന്ധിച്ച് എങ്ങനെ ഈ ദുരന്തത്തെ സമര്‍ഥമായി ഉപയോഗിക്കാം എന്നതാണ് ആലോചിക്കാവുന്ന ഒരു മാര്‍ഗം. മിക്കവാറും ചാനലുകളും കൊച്ചി കേന്ദ്രീകരിച്ചായതിനാല്‍ വെള്ളം നേര്യമംഗലം വഴി കൊച്ചി റൂട്ടിലേക്കു വരുന്നതൊക്കെ എച്ച്ഡി ക്വാളിറ്റിയില്‍ തന്നെ കാണിക്കാന്‍ പറ്റും.പക്ഷെ അര മണിക്കൂറിനുള്ളില്‍ കൊച്ചി കടലിലെത്തിക്കഴിയുമ്പോള്‍ വിദേശികളെ നമ്മള്‍ എന്തു കാണിക്കും ? ദ് ഷോ മസ്റ്റ് ഗോ ഓണ്‍ എന്നതാണല്ലോ നമ്മുടെ സംസ്ഥാനത്തിന്റെ ക്യാപ്ഷന്‍ തന്നെ.ബഹിരാകാശത്തു നിന്നുള്ള തല്‍സമയ സംപ്രേഷണത്തിന് ഇനിയെങ്കിലും ഒരുക്കങ്ങള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു (രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ സന്ദര്‍ശിക്കുന്നതും മറ്റും മിസ്സ് ചെയ്യുകയുമില്ല).
ഒരിക്കലും കടല്‍ കണ്ടിട്ടില്ലാത്ത ഇടുക്കിയുടെ അധികതുംഗപദങ്ങളിലുള്ളവര്‍ക്ക് അങ്ങനെ തങ്ങളുടെ വീട്ടുമുറ്റത്ത് വേലിയേറ്റവും വേലിയിറക്കവും കാണാം.ഹൈറേഞ്ച് എന്നു വിളിക്കപ്പെടുന്ന പ്രദേശങ്ങളൊക്കെ ഉശിരന്‍ തീരങ്ങളാവും. തോപ്രാംകുടി ബീച്ചിലും മുരിക്കാശ്ശേരി ബീച്ചിലുമൊക്കെ മലയോരകര്‍ഷപിള്ളേര്‍ കക്കപെറുക്കി നടക്കും. കൊച്ചിയില്‍ നിന്ന് കോട്ടയത്തേക്ക് എത്ര കിലോമീറ്ററാണ് എന്നു തലപുകയ്‍ക്കാറുള്ള ഹൈ എന്‍ഡ് പ്രതിഭകള്‍ക്ക് പിന്നെ എല്ലാം നോട്ടിക്കല്‍ മൈല് വച്ച് എളുപ്പത്തില്‍ കൂട്ടിയെടുക്കാം.
കൊച്ചിയും കോട്ടയവും മുങ്ങി പച്ചക്കറിക്കച്ചവടം നഷ്ടത്തിലായാലും ലോങ് റണ്ണില്‍ തമിഴ്‍നാടിനു ലാഭമായിരിക്കും.തമിഴ്‍നാട്ടിലെ നല്ല നല്ല തുറമുഖങ്ങളും മെട്രോയാകാന്‍ കൊതിക്കുന്ന നഗരങ്ങളും ആഗോളതലത്തിലേക്ക് കൈയുയര്‍ത്തി നില്‍ക്കും.തിരുട്ടുഗ്രാമങ്ങളിലെ അരുമയാന തമിഴ്‍മക്കള്‍ക്ക് ധൈര്യമായി പിടിച്ചുപറിയും ബലാല്‍സംഗവും നടത്താം(ഗോവിന്ദച്ചാമി കണ്ണൂര്‍ ജയിലലിയാതുകൊണ്ട് പുണ്യാത്മാവിന്റെ ജീവനു റിസ്‍കില്ല).നിലപാടില്‍ ഉറച്ചു നിന്ന് തമിഴ്‍നാടിന്റെ താല്‍പര്യം സംരക്ഷിക്കുന്ന ഭരണാധികാരിക്ക് പിന്നെ സമാധിയടയും വരെ ഭരണത്തിലിരിക്കാം.കോട്ടയം മുങ്ങിയാല്‍ മിക്കവാറും പത്രങ്ങളും മുങ്ങും.അപ്പോള്‍ ബാക്കിയുള്ള കേരള ദ്വീപുകളില്‍ ദിനമലര്‍ എഡിഷനുകള്‍ തുടങ്ങി സര്‍ക്കുലേഷന്‍ റോക്കറ്റു പോലെ കേറ്റാം.
ഭൂകമ്പ പ്രവാചകനായ ശിവനുണ്ണി ഈ സാഹചര്യത്തില്‍ ഒരു പ്രവചനം കൂടി നടത്തിയിട്ടുണ്ട്. നവംബര്‍ 24ന് ഈരാറ്റുപേട്ട പ്രഭവകേന്ദ്രമായി 5.4 തീവ്രതയില്‍ ഉഗ്രന്‍ ഭൂകമ്പമുണ്ടാകും എന്നാണ് പ്രവചനം.ഇതോടൊപ്പം ചേരുന്ന മറ്റൊരു സത്യം ഇതാണ്- സോഹന്‍ റോയ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ഡാം999(3ഡി)ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത് പിറ്റേന്നാണ്- നവംബര്‍ 25ന്. പ്രകൃതി പോലും ആ സിനിമയുടെ മാര്‍ക്കറ്റിങ്ങില്‍ പങ്കാളികളാവുകയാണ്. സിനിമ മുല്ലപ്പെരിയാര്‍ ഡാമിനെ അടിസ്ഥാനമാക്കിയാണെന്നു പലരും പറയുമ്പോഴും ചൈനയില്‍ 1975ല്‍ രണ്ടരലക്ഷം ആളുകളുടെ ജീവനെടുത്ത ഡാം ദുരന്തമാണ്സിനിമയ്‍ക്കാധാരമെന്ന് സിനിമക്കാര്‍ ഉറപ്പിച്ചു പറയുന്നു.
സിനിമയുടെ കഥ ഭാവനയാണെങ്കിലും അതിന്റെ സംവിധായകന്‍ സോഹന്‍ റോയ് ഒരുക്കിയ ഒരു ഡോക്യുമെന്ററി ഇന്നു ലോകമെങ്ങും ശ്രദ്ധ നേടിക്കഴിഞ്ഞു. ശ്രദ്ധേയമായ 20 പുരസ്കാരങ്ങള്‍ നേടി 'Dams:The Lethal Water Bombs'എന്ന ഡോക്യുമെന്ററി മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭീഷണിയെക്കുറിച്ച് ലോകത്തോടു സംസാരിക്കുന്നു,കേരളത്തിനും തമിഴ്‍നാടിനും ഉന്നതാധികാരസമിതിക്കും മനസ്സിലാവാത്ത മനുഷ്യത്വത്തിന്റെ ഭാഷയില്‍.
വെള്ളത്തിന്റെ കണക്കുപുസ്തകത്തില്‍ മനുഷ്യജിവനു പുല്ലുവിലയാണ്.സര്‍ഗപ്രതിഭകളായ തമിഴ്‍നാട്ടുകാരുടെ ആക്ഷേപഹാസ്യം കേട്ട് കയ്യടിക്കുന്നവന്റെ തലയ്‍ക്കു മുകളിലും മരണത്തിന്റെ കടലിരമ്പമായി മുല്ലപ്പെരിയാര്‍ ഡാം കള്ളയുറക്കത്തിലാണെന്നതു മറന്നുകളയുന്നു.പൊട്ടിയൊലിച്ചു വരുന്ന കൊലവെള്ളത്തിന് ആക്ഷേപഹാസ്യവും കുമ്മായംപൂശിയ സത്യങ്ങളും തമ്മില്‍ തിരിച്ചറിയാനുള്ള ശേഷിയുണ്ടാവില്ലല്ലോ
No comments:
Post a Comment