Thursday, 17 November 2011

[www.keralites.net] സീരിയല്‍ കഥാപാത്രങ്ങളേ, നിങ്ങളീ ദുഃഖം അറിയുന്നുണ്ടോ

 

ഇക്കഴിഞ്ഞ ഓണക്കാലത്ത്‌ രാത്രി ഏഴരയോടുകൂടി അകന്ന ഒരു ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു. സ്വീകരണമുറിയിലെ ടെലിവിഷനില്‍ നിന്നും ഏതോ കണ്ണീര്‍പ്പരമ്പരയുടെ തേങ്ങലും അട്ടഹാസവും പുറത്ത്‌ കേള്‍ക്കാം. സീരിയലില്‍ ലയിച്ചിരിക്കുകയാണ്‌ കുടുംബം. കുടുംബനാഥന്‍ ജോലി കഴിഞ്ഞ്‌ എത്തിയിരുന്നില്ല. എന്നെ അപ്രതീക്ഷിതമായി കണ്ടപ്പോള്‍ കുടുംബാംഗങ്ങളില്‍ പെട്ടെന്നൊരു സ്ഥാനചലനം. ഇരിക്കാന്‍ ഉടന്‍ കസേരകിട്ടി. പക്ഷേ, ടെലിവിഷന്‍ സെറ്റില്‍നിന്നും ആരും ശ്രദ്ധ മാറ്റുന്നില്ല. കുടുംബിനി ക്ഷമാപണത്തോടെ പറഞ്ഞു, ``ഇതു ഞങ്ങള്‌ സ്ഥിരമായി കാണുന്നതാ. ഇപ്പം തീരും.'' എനിക്ക്‌ ലഭിച്ച ആ ഇരിപ്പിടത്തിലിരുന്ന്‌ ഞാനും ടെലിവിഷന്‍ സ്‌ക്രീനിലേക്ക്‌ നോക്കി. അപ്പോള്‍ കഴിഞ്ഞ കഥയുടെ സംഗ്രഹമെന്തെന്ന്‌ ആ വീട്ടിലെ മൂത്ത പെണ്‍കുട്ടി ഏതാനും സെക്കന്റിനുള്ളില്‍ വിവരിച്ചു.
``ജോലിക്കൊന്നും പോകാതെ അലസനായി കഴിയുന്ന ഭര്‍ത്താവ്‌. ഭാര്യ കുടുംബഭാരവും ജോലി യും ചെയ്‌ത്‌ തളരുന്നു. അപ്പോള്‍ അവള്‍ക്ക്‌ പിന്നാലെ ദുഷ്‌ടലാക്കോടെ സമീപിക്കുന്ന വില്ലന്‍. ഇയാളുടെ ഒരേയൊരു ചിന്ത അവളെ എങ്ങനെയെങ്കിലും നശിപ്പിക്കണമെന്നതാണ്‌. ഭര്‍ത്താവ്‌ ഇതൊന്നും അറിയുന്നില്ല. ആ സ്‌ത്രീ, രക്ഷപെടാന്‍ വേണ്ടി എല്ലാ ദിവസവും ഓടിക്കൊണ്ടിരിക്കുന്നു...'' പത്തോ നൂറോ എപ്പിസോഡുകള്‍ പിന്നിട്ട കഥ ഇപ്പോഴും അവസാനിക്കാത്തതിന്റെ പൊരുളെന്തെന്ന്‌ പരസ്യബാഹുല്യം കണ്ടപ്പോള്‍ വ്യക്തമായി. സ്‌ക്രീനില്‍ പരസ്യം നിറഞ്ഞതോടെ വീട്‌ ചലനാത്മകമായി. അവര്‍ കുശലപ്രശ്‌നം നടത്തി. ഇതിനിടയില്‍ കാപ്പിയും കിട്ടി. പരസ്യം തീര്‍ന്നപ്പോള്‍ വീണ്ടും തുടര്‍ക്കഥയിലേക്ക്‌. അതു തീര്‍ ന്നപ്പോള്‍ മറ്റൊരു ചാനലിലെ പരമ്പരയിലേക്ക്‌. അവിടെ ഒരു പെണ്ണിന്റെ തീരാദുഃഖം. അവള്‍ കരഞ്ഞുകൊണ്ടേയിരുന്നു. ആ കണ്ണീര്‍കണ്ട്‌ കുടുംബവും കണ്ണീര്‍ വാര്‍ത്തു. 150 എപ്പിസോഡുകള്‍ പിന്നിട്ടതാണ്‌ ഈ പരമ്പര. റിമോട്ടിന്റെ കീ ബട്ടണുകള്‍ അമരുകയും ചാനലുകള്‍ മാറിമറിയുകയും ചെയ്‌തുകൊണ്ടിരുന്നു. റിയാലിറ്റി ഷോകളും സീരിയലുകളും തുടര്‍ന്നു. പത്തരവരെ. ഇതിനിടയിലെപ്പോഴോ ഗൃഹനാഥന്‍ വന്നു. വസ്‌ത്രം മാറി അയാളും ടി.വിയിലേക്ക്‌ മുഖം പൂഴ്‌ത്തി. പത്തരയായപ്പോഴാണ്‌ `പ്രാര്‍ത്ഥിച്ചില്ലല്ലോ' എന്ന്‌ വല്യമ്മച്ചി ഓര്‍മിപ്പിക്കുന്നത്‌. പെട്ടെന്നുതന്നെ കുഞ്ഞുമകന്‍ എവിടെ നിന്നോ ഒരു പ്രാര്‍ത്ഥനാകാര്‍ഡ്‌ തപ്പിയെടുത്തു. അതില്‍ അച്ചടിച്ചിരിക്കുന്ന പ്രാര്‍ത്ഥന രണ്ടു മിനിറ്റുകൊണ്ട്‌ ചൊല്ലിത്തീര്‍ത്തു. എല്ലാവരും അത്യു ച്ചത്തില്‍ `ആമ്മേന്‍' ചൊല്ലി. കുടുംബപ്രാര്‍ത്ഥന തീര്‍ന്നു. സീരിയല്‍ കണ്ട്‌ ആനന്ദിച്ചിരുന്നവരുടെയെല്ലാം മുഖത്തിപ്പോള്‍ ആലസ്യം. ഭക്ഷണം കഴിച്ച്‌ ഓരോരുത്തരും അവരവരുടെ മുറികളിലേക്ക്‌ പോയി.
ഇപ്പോള്‍ നമ്മുടെ മലയാളി കുടുംബത്തിന്റെ അവസ്ഥയിങ്ങനെയാണ്‌. പുതിയ ചാനലുകള്‍ ഓരോന്നായി നമ്മുടെ വീടകങ്ങളിലേക്ക്‌ കടന്നുവരുമ്പോഴും നമ്മുടെ കുടുംബങ്ങളിലെ സ്‌നേഹാന്തരീക്ഷവും കെട്ടുറപ്പും ഊഷ്‌മളബന്ധങ്ങളും പ്രാര്‍ത്ഥനാജീവിതവും ചോര്‍ന്നുപോകുന്നു.

സന്ധ്യാപ്രാര്‍ത്ഥനയുടെ സമയമാണ്‌ ഏറെ ലോപിച്ചത്‌. അതിഥിസൗഹൃദവും ഒരുമിച്ചുള്ള ഭക്ഷണം കഴിക്കലും പങ്കുവയ്‌ക്കലും അന്യം നിന്നു പോ യിരിക്കുന്നു. ഇന്ന്‌ പീഡനപര്‍വങ്ങളുടെ എണ്ണം കൂടുന്നതെന്തുകൊണ്ട്‌? കുട്ടികള്‍ മാതാപിതാ ക്കളെ വിട്ട്‌ ഒളിച്ചോടുന്നതെന്തുകൊണ്ട്‌? പ്രണയത്തിന്‌ പുതിയ ഭാഷ്യം രൂപപ്പെട്ടതെങ്ങനെ? മാ താപിതാക്കളും മക്കളുമായുള്ള സൗഹൃദം നേര്‍ ത്തുപോയതെങ്ങനെ? ദാമ്പത്യബന്ധം ശിഥിലമാകുന്നതിന്‌ പിന്നിലെന്ത്‌? ടെലിവിഷന്‍ ചെലുത്തുന്ന സ്വാധീനം തന്നെയാണ്‌ പ്രധാനം.
ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന്‌ നാദാപുരത്തുനിന്നും രണ്ടു വിദ്യാര്‍ത്ഥികളെ വെള്ള ആള്‍ട്ടോ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നും വടകരയില്‍ ഉപേക്ഷിച്ചെന്നുമുള്ള വാര്‍ത്ത പത്രങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഇരുവരെയും തീര്‍ത്തും അവശനിലയിലാണ്‌ വഴിയാത്രക്കാര്‍ കണ്ടെത്തിയത്‌. തട്ടിക്കൊണ്ടുപോയ കഥ അത്ഭുതത്തോടെയാണ്‌ നാട്ടുകാര്‍ കേട്ടത്‌. എന്നാല്‍ പോലിസ്‌ കുട്ടികളെ തുടര്‍ച്ചയായി ചോദ്യം ചെ യ്‌തതോടെ സംഭവത്തിന്റെ ഗതി മാറി. വീട്ടില്‍ സ്ഥിരമായി കാണുന്ന ടി.വി സീരിയലില്‍നിന്നുമാണത്രേ `തട്ടിക്കൊണ്ടുപോകല്‍' കഥ മെനയാ ന്‍ കുട്ടികള്‍ക്ക്‌ പ്രേരണയായത്‌.

സുഹൃത്തിന്റെ ജന്മദിനം പ്രമാണിച്ച്‌ ഒരുമിച്ച്‌ ബിരിയാണി കഴിച്ച്‌ തലശേരിക്ക്‌ ബസ്‌ കയറിയ കുട്ടികള്‍ അവിടെനിന്നും പിന്നീട്‌ വടകരയ്‌ക്ക്‌ പോകുകയായിരുന്നു. ഇരുട്ടായതോടെ വീട്ടിലേക്ക്‌ ഫോ ണ്‍ ചെയ്‌തു. വീട്ടുകാര്‍ ശകാരിക്കുമെന്ന ധാരണയിലാണ്‌ തട്ടിക്കൊണ്ടുപോയി എന്ന കള്ളക്കഥ മെനഞ്ഞതെന്ന്‌ പോലിസിനോട്‌ കുട്ടികള്‍ പറഞ്ഞു. എന്നും കാണുന്ന സീരിയലില്‍ ഇങ്ങ നെയുള്ള രംഗം കണ്ടതാണ്‌ പൊടിപ്പും തൊങ്ങലുംവച്ച്‌ കഥ മെനയാന്‍ കുട്ടികള്‍ക്ക്‌ പ്രേരണയായത്‌. `കുട്ടിക്കഥ' പോലിസ്‌ പുറത്തുവിടുന്നതുവരെ നാട്ടിലെങ്ങും കുട്ടികളെ തട്ടിക്കൊണ്ടുപോയ അജ്ഞാതരെക്കുറിച്ചുള്ള ഭീതിയി ലായിരുന്നു.

സീരിയലുകള്‍ കുടുംബത്തിന്‌ നല്‍കുന്ന രണ്ടാമ ത്തെ സമ്മാനമാണിത്‌. കുട്ടികളുടെ ഭാവന പെ രുകിവരുന്നതിന്‌ ഇതുപോലെയുള്ള അനേകം ഉദാഹരണങ്ങള്‍ മിക്ക സ്‌കൂളിലെ അധ്യാപകര്‍ ക്കും പോലിസധികൃതര്‍ക്കും പറയാനുണ്ട്‌. സമ ര്‍ത്ഥമായി കള്ളം പറയാനും നമ്മുടെ കുട്ടികള്‍ പഠിച്ച്‌ കഴിഞ്ഞു.

സീരിയലുകള്‍ക്കനുസൃതമായാണ്‌ പലരും വൈകുന്നേരത്തെ ടൈംടേബിള്‍ ക്രമീകരിച്ചിരിക്കുന്നത്‌. കുട്ടികള്‍ പഠനത്തിനിടയില്‍ ടി.വിയിലേക്ക്‌ എ ത്തിനോക്കാതിരിക്കാന്‍ മാതാപിതാക്കളുടെ വിലക്കുകളൊന്നും ഫലപ്രദമാകാറില്ല. കുട്ടികള്‍ക്കിടയില്‍ ടെലിവിഷന്‍ സംബന്ധിച്ച്‌ പഠനം നടത്തിയവരുടെ അഭിപ്രായപ്രകാരം അഞ്ചു വയസ്‌ മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ ആഴ്‌ചയില്‍ ഏകദേശം 17 മുതല്‍ 21 മണിക്കൂര്‍ വരെ ടെലിവിഷ ന്‍ കാണുന്നു എന്നതാണ്‌. പരമ്പരകളും റിയാലിറ്റി ഷോകളുമാണത്രേ കുട്ടികള്‍ക്ക്‌ താല്‍പര്യം.

ടി.വി പരസ്യങ്ങളിലെ കഥാപാത്രങ്ങളെ ജനങ്ങള്‍ അതുപോലെതന്നെ സ്വീകരിക്കുന്നു എന്നുള്ളതിന്‌ ധാരാളം ഉദാഹരണങ്ങളുണ്ട്‌. ഏറെ ജനപ്രീതി നേടിയ ഒരു സീരിയലില്‍ `ഗ്ലോറി' എന്ന പേരില്‍ ദുഷ്‌ടകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയെ കോവളത്ത്‌ സ്‌ത്രീകള്‍ കൂട്ടത്തോടെ തടഞ്ഞുവച്ചതാണ്‌ അതിലൊന്ന്‌. `നീയെന്തിനാണ്‌ ആ പരമ്പരയിലെ പാവപ്പെട്ട പെണ്‍കുട്ടിയെ ഉ പദ്രവിക്കാന്‍ ശ്രമിക്കുന്നത്‌?' എന്നായിരുന്നു അ വരുടെ ആക്രോശം. സ്‌ത്രീകള്‍ കൂട്ടത്തോടെ ആ ക്രമിക്കാനെത്തിയത്‌ സംഭ്രമത്തോടെ നടി പി ന്നീട്‌ മാധ്യമങ്ങളോട്‌ വിവരിച്ചു. ഇതുപോലെ നല്ല കഥാപാത്രങ്ങള്‍ക്ക്‌ കിട്ടുന്ന സ്വീകാര്യതയും വില്ലന്‍ കഥാപാത്രങ്ങള്‍ക്ക്‌ കിട്ടുന്ന തിരസ്‌കരണവും കുടുംബങ്ങളില്‍ സീരിയലുകള്‍ ചെലുത്തുന്ന സ്വാധീനമാണ്‌ വെളിവാക്കുന്നത്‌.

പല സീരിയലുകളുടെയും കഥ മുഴുവന്‍ കേട്ടാല്‍ അതിലെ `കഥയില്ലായ്‌മ' പകല്‍പോലെ തെളിയും. ഒരാളുടെ ഭാര്യയായി ഒരേ പേരില്‍ മൂന്നുപേര്‍വരെ അഭിനയിക്കും. ഇടയ്‌ക്ക്‌ ഏതെങ്കിലും കഥാപാത്രം പരമ്പരയുടെ പിന്നണി പ്രവര്‍ത്തകരുമായി കശപിശ ഉണ്ടായി പുറത്തുപോയാല്‍ പിറ്റേ ആഴ്‌ചയില്‍ ആ കഥാപാത്രത്തിന്റെ ഫോ ട്ടോ ഫ്രെയിം ചെയ്‌ത്‌ ഭിത്തിയില്‍ തൂക്കും. ഫോ ട്ടോ നോക്കി സീരിയലിന്റെ അമ്മക്കഥാപാത്രം വിങ്ങിപ്പൊട്ടും. കഴിഞ്ഞയാഴ്‌ച ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ മകനോ മകളോ ആയിരിക്കും അത്‌. ഇതൊക്കെ കണ്ടും കേട്ടും വിഡ്‌ഢികളായ പ്രേക്ഷകര്‍ കണ്ണീരൊഴുക്കുന്നു.

ഹൈസ്‌കൂള്‍ കുട്ടികളുടെ പ്രണയവും ഒളിച്ചോട്ടവും പോലും പരമ്പരയാക്കി പ്രൈംടൈമില്‍ ചാനലുകള്‍ നമുക്ക്‌ മുന്നില്‍ വിളമ്പുന്നു. ഇതൊക്കെ കുടുംബമൊന്നിച്ചിരുന്ന്‌ കണ്ടാല്‍ കുട്ടികള്‍ക്ക്‌ ഉണ്ടാകുന്ന മൂല്യത്തകര്‍ച്ചകളെക്കുറിച്ച്‌ മാതാപിതാക്കള്‍ തിരിച്ചറിയാത്തതെന്താണ്‌?

`ടെലിവിഷനില്‍ പാടുകയും അഭിനയിക്കുകയുമാണ്‌ ഏറ്റവും വലിയ നേട്ടമെന്ന്‌ കരുതുന്നവരാണ്‌ ന മ്മുടെ കുട്ടികളിലേറെയും. അഭിനയിക്കാന്‍ അവസരം തേടി എത്തുന്ന കൗമാരക്കാരില്‍ ഏറെയും വീട്ടുകാര്‍ പോലും അറിയാതെത്തുന്നവരാണെ ന്ന്‌' ഈയിടെ ഒരു സംവിധായകന്‍ എഴുതി. ഇ തില്‍ എത്രയോ പെണ്‍കുട്ടികള്‍ ചതിയില്‍പ്പെടുന്നുണ്ടാകും. ഒരു ദിവസം കേരളത്തില്‍ മാത്രം 17 സ്‌ത്രീ പീഡനക്കേസുകളെങ്കിലും രജിസ്റ്റര്‍ ചെ യ്യപ്പെടുന്നു എന്നത്‌ ഇതിനോട്‌ ചേര്‍ത്ത്‌ വച്ച്‌ വായിക്കേണ്ട യാഥാര്‍ഥ്യമാണ്‌.
തിരുവനന്തപുരം ജില്ലയിലെ ലൈംഗിക രോഗികളില്‍ 25 ശതമാനം പതിനഞ്ചും ഇരുപതും വയസിനിടയില്‍ പ്രായമുള്ളവരാണെന്നാണ്‌ മറ്റൊരു സര്‍വ്വേഫലം. ആത്മഹത്യയും ഒളിച്ചോട്ടവും മദ്യപാനവും കൗമാരക്കാരില്‍ പെരുകിവരുന്നു. തകരുന്ന കുടുംബബന്ധങ്ങളും വളര്‍ന്നുകൊണ്ടിരിക്കുന്ന അനാശാസ്യപ്രവണതകള്‍ക്കും ടെലിവിഷന്‍ കാരണമാകുന്നുണ്ടെന്ന്‌ തന്നെയാ ണ്‌ പല വിദഗ്‌ധരുടെയും അഭിപ്രായം.

ഏത്‌ ദുഷ്‌പ്രവണതയ്‌ക്കും ദൈവവും ദിവ്യശക്തികളും കൂട്ടുനില്‍ക്കുമെന്ന തെറ്റായ ധാരണയും `ഭക്തി'യുടെ ലേബലൊട്ടിച്ച്‌ വരുന്ന സീരിയലുകള്‍ നല്‍കുന്നു. ഏത്‌ അധര്‍മ്മം പ്രവര്‍ത്തി ച്ചാലും ദൈവത്തിന്‌ വഴിപാട്‌ നല്‍കിയാല്‍ അവയ്‌ക്ക്‌ പരിഹാരമാകും എന്ന ചിന്തയും സീരിയലുകളിലൂടെ പ്രവഹിച്ച്‌ കൊണ്ടിരിക്കുന്നു. മൗലികവും സനാതനവുമായ മൂല്യങ്ങളുടെ നിരാകരണവും ഇതോടൊപ്പമുണ്ട്‌.

സിനിമാതാരം നെടുമുടി വേണു ഒരിക്കല്‍ പറഞ്ഞു, ``ടെലിവിഷന്‍ കുട്ടികളുടെ സ്വാഭാവിക വാസനകളെയും ഭാവനകളെയും ഇല്ലാതാക്കുകയോ വഴിതെറ്റിച്ച്‌ വിടുകയോ ചെയ്യുമെന്നുള്ളത്‌ ലോകമെമ്പാടുമുള്ള വിലാപമാണ്‌. മിനി സ്‌ക്രീനിന്റെ മായക്കാഴ്‌ചകളില്‍നിന്നും കുട്ടികളെ പഠനത്തിലേ ക്കും അനുസരണത്തിലേക്കും വലിച്ചടുപ്പിക്കാന്‍ മാതാപിതാക്കള്‍ പെടുന്ന പാട്‌ ചില്ലറയല്ല. ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ ടി.വി ഓഫാക്കി കിടക്കുന്ന കുട്ടികളുടെ ഉള്ളില്‍ ബാക്കിയാവുന്നത്‌ വെടിയും പുകയും ചോരക്കറകളും. എന്തായാലും ഉണ്ടായതിനുശേഷം ഇത്രയേറെ പഴി കേ ട്ടിട്ടുള്ള മറ്റൊരു മാധ്യമവുമില്ല.''

ദൈവവിളിയുടെ പ്രഭവകേന്ദ്രം കുടുംബങ്ങളാണ്‌. മാ താപിതാക്കളും മക്കളും ഒന്നിച്ചു മുന്നേറുന്ന കുടുംബങ്ങളില്‍നിന്നാണ്‌ നല്ല ദൈവവിളി ഉണ്ടാകുന്നത്‌. സന്ധ്യാപ്രാര്‍ത്ഥന ഇതില്‍ നിര്‍ ണായകഘടകമാണ്‌.

മക്കള്‍ നന്മയിലേക്ക്‌ തിരിയണമെന്ന്‌ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ യാഥാര്‍ത്ഥ്യബോധത്തോടെ ടെ ലിവിഷനെ ഉപയോഗപ്പെടുത്തണം. ടെലിവിഷന്റെ പ്രൈംടൈം കുടുംബപ്രാര്‍ത്ഥനയുടെ `പ്രൈം ടൈമാക്കുക.' അതുവഴി ദൈവാശ്രയത്തിലേക്ക്‌ തിരിയാനുള്ള പ്രവണത കുട്ടികളില്‍ വളരും. കുടുംബങ്ങള്‍ക്ക്‌ പ്രയോജനപ്രദമായ പ്രോഗ്രാമുകള്‍ സെലക്‌ട്‌ ചെയ്‌ത്‌ കുട്ടികളൊടൊപ്പം കാണുക.

കുട്ടികളുടെ മനസില്‍ പെരുമാറ്റ വൈകല്യങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്ന പലതും ഇത്തരം പരമ്പരകളിലൂടെ മിന്നിമറയുന്നുണ്ടെന്ന്‌ മാതാപിതാക്കള്‍ ഓര്‍ക്കണം. കുട്ടികളുടെ ശാരീരികവളര്‍ച്ച ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ അതിനേക്കാളുപരി അവരുടെ മാനസികവളര്‍ച്ചയും ആത്മീയ വളര്‍ ച്ചയുമാണ്‌ മുന്നില്‍ കാണേണ്ടത്‌. ജീവിതത്തില്‍ ദൈവത്തിന്‌്‌ പ്രഥമസ്ഥാനം നല്‍കുമ്പോള്‍ തന്നെ നമ്മുടെ ജീവിതം കൂടുതല്‍ പ്രകാശമാനമായി മാറും. പ്രാര്‍ത്ഥനയ്‌ക്കും മക്കളുടെ ആത്മീയജീവിതത്തിനും മക്കളെ ശ്രവിക്കുന്നതിനും മാതാപിതാക്കള്‍ സമയം കണ്ടെത്തണം. ഇഷ്‌ടമുള്ള കാര്യങ്ങളല്ല നാം ടിവിയില്‍ കാണേണ്ടത്‌. ആവശ്യമുള്ളവയാണ്‌. ഇഷ്‌ടങ്ങളുടെ തടവറയില്‍നിന്നും പ്രയോജനത്തിന്റെയും ആത്മീയതയുടെയും തലത്തിലേക്ക്‌ നാം മാറണം. ഇഷ്‌ടങ്ങളില്‍ മാത്രം നാം കുടുങ്ങിക്കിടക്കുന്നതുകൊണ്ടാണ്‌ പരമ്പരകളില്‍ കാണുന്ന ധൂര്‍ത്തിലും ആര്‍ഭാടങ്ങളിലും മനസ്‌ അഭിരമിക്കുന്നത്‌.

നന്മ വിതറുന്ന പരിപാടികള്‍ കുടുംബാംഗങ്ങളില്‍ നന്മ വളര്‍ത്തും. നല്ലത്‌ കണ്ടാല്‍ അഭിനന്ദിക്കാ നും പ്രോത്സാഹിപ്പിക്കാനും കുട്ടികള്‍ക്കും പ്ര ചോദനാമാകും. ചുരുക്കത്തില്‍, ചാനലുകളെ നിയന്ത്രിക്കുന്നത്‌ നമ്മളാണ്‌. വേണ്ടതും വേണ്ട ത്താതും നിശ്ചയിക്കുന്നത്‌ നാമാണ്‌. ഭൗതിക സ ന്തോഷത്തേക്കാളുപരി ആത്മീയ സന്തോഷത്തി നും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍ കുന്നവര്‍ സമയം പാഴാക്കുന്നില്ല. അവര്‍ മറ്റുള്ളവര്‍ക്ക്‌ അനുഗ്രഹപ്രദമായ വിധത്തില്‍ ജീവിത ത്തെ ക്രമീകരിക്കും. `സീരിയല്‍ മാനിയ' അവരുടെ ജീവിതത്തെ ബാധിക്കുകയുമില്ല.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment