ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ |
നവംബര്‍ 13, 1879. നേരം പുലര്‍ന്നാല്‍ ദീപാവലി. ഇനിയും രണ്ടു മണിക്കൂറുണ്ട് സൂര്യനുദിക്കാന്‍. സി.ആര്‍. പട്ടാഭിരാമ അയ്യരുടെ പത്‌നി സീതാലക്ഷ്മി അമ്മാള്‍ക്ക് പ്രസവവേദന തുടങ്ങി. ഏതാനും നിമിഷങ്ങള്‍ക്കകം അവര്‍ ഒരാണ്‍കുഞ്ഞിനു ജന്മം നല്കി. പ്രകാശത്തിന്റെ ഉത്സവമായ ദീപാവലിദിനത്തില്‍ ജനിച്ച ഈ ആണ്‍കുട്ടിയുടെ കീര്‍ത്തി ലോകമെമ്പാടും പരന്നു. പാരമ്പര്യമനുസരിച്ച് മുത്തച്ഛന്റെ പേര് ഈ സന്താനത്തിനു നല്കി-രാമസ്വാമി അയ്യര്‍. പില്ക്കാലത്ത് സര്‍ സി.പി. എന്ന ചുരുക്കപ്പേരില്‍ ഖ്യാതി നേടിയ ആ മഹാന്റെ ബാല്യകാലവും വിദ്യാഭ്യാസവും ലോകരാഷ്ട്രങ്ങളില്‍ അദ്ദേഹത്തിനുണ്ടായ മതിപ്പും മര്യാദയും അറിയണം. തിരുവിതാംകൂര്‍ രാജ്യത്തെ ഭരിക്കാന്‍ ഇത്രയും നല്ലൊരു പ്രഗത്ഭനെ കിട്ടിയത് പ്രജകളുടെയും ഭാഗ്യമാണ്.
തമിഴ്‌നാട്ടിലെ വടക്ക് ആര്‍ക്കോട്ടിലെ വാന്‍ഡിവാഷിലാണ് ജനനം. അച്ഛന്‍ ന്യായാധിപനായിരുന്നു. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ സന്ദര്‍ശനത്തിനായി രൂപംകൊടുത്ത കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. മദ്രാസ് വെസ്‌ലി കോളേജ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു രാമസ്വാമി അയ്യര്‍. 'പ്രൈസ് ബോയ്' എന്നാണ് പരക്കെ അറിയപ്പെട്ടിരുന്നത്. ഇംഗ്ലീഷിലും സംസ്‌കൃതത്തിലും കവിതകള്‍ രചിക്കുമായിരുന്നു. ഉപന്യാസരചനയിലും തത്പരനായിരുന്നു. നെബ്യുല സിദ്ധാന്തത്തെക്കുറിച്ച് തയ്യാറാക്കിയ ഉപന്യാസത്തിന് എല്‍ഫിന്‍സ്റ്റണ്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. സ്വര്‍ണമെഡലോടെയാണ് ഡിഗ്രി പാസ്സായത്. തുടര്‍ന്ന് മദ്രാസ് ലോ കോളേജില്‍ ചേര്‍ന്നു. ഇംഗ്ലീഷ് അധ്യാപകനാകാനായിരുന്നു താത്പര്യമെങ്കിലും പിതാവിന്റെ അഭിലാഷം മറ്റൊന്നായിരുന്നു. തന്റെ പാത മകനും പിന്‍തുടരണമെന്ന മോഹം അദ്ദേഹത്തിനുണ്ടായിരുന്നു. മാത്രമല്ല, ഭരണകാര്യങ്ങളില്‍, മകന് പ്രായോഗികപരിശീലനം നേടുവാന്‍ അദ്ദേഹം ഒരു വഴി കണ്ടെത്തി. മകന്‍ രാമസ്വാമിയുടെ അവധിക്കാലം മൈസൂര്‍ ദിവാനും സുഹൃത്തുമായ കെ. ശേഷാദ്രി അയ്യരോടൊപ്പം ചെലവിടുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തുകൊടുത്തു.
1903-ല്‍ വി. കൃഷ്ണസ്വാമി അയ്യരുടെ ജൂനിയറായിട്ടാണ്, സി.പി. അഭിഭാഷകവൃത്തിക്കു തുടക്കംകുറിച്ചത്. പക്ഷേ, വി. ഭാഷ്യം അയ്യങ്കാരുടെ പരിശീലനത്തില്‍ മകന്‍ വളരണമെന്ന പിതാവിന്റെ ആഗ്രഹം എന്തുകൊണ്ടോ സഫലമാകാതെപോയി. അച്ഛന്റെ നിര്യാണത്തെത്തുടര്‍ന്ന്, സി.പി. സ്വയം പരിശീലനം നേടുകയായിരുന്നു.
ഏറ്റെടുക്കുന്ന കേസുകളെല്ലാം വിജയിച്ചു. മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായി കിട്ടിയ നിയമനം അദ്ദേഹം വേണ്ടെന്നുവെച്ചു. അന്നത്തെ മദ്രാസ് ഗവര്‍ണര്‍ ലോര്‍ഡ് വെല്ലിങ്ടണ്‍ സി.പിയെ മദ്രാസ് അഡ്വക്കേറ്റ് ജനറലാക്കി.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ജ്വാലയായി പടര്‍ന്ന ദിനങ്ങളായിരുന്നു. ഗോപാലകൃഷ്ണഗോഖലെയുടെ ആരാധകനായ സി.പി. സെര്‍വന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റിയില്‍ ചേര്‍ന്നു. ജിദ്ദു കൃഷ്ണമൂര്‍ത്തി- ആനിബെസന്റ് കേസില്‍ ആനിബെസന്റിന് എതിരായി വാദിച്ചുജയിച്ചു. എങ്കിലും, അവര്‍ തമ്മില്‍ വ്യക്തിവൈരാഗ്യമില്ലായിരുന്നു. ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ ആരംഭഘട്ടത്തില്‍ സി.പി. ആനിബെസന്റിനെ സഹായിക്കുകയും, അവരുടെ ഉടമസ്ഥതയിലുള്ള ന്യൂ ഇന്ത്യ എന്ന പത്രത്തിന്റെ പത്രാധിപരായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
മദ്രാസ് ഗവര്‍ണറുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായപ്പോഴാണ് പൈക്കര ഡാമിന് തറക്കല്ലിട്ടത്. 6.75 കോടി രൂപ ചെലവില്‍ പണിത ഡാം, കോയമ്പത്തൂരിനെ വ്യവസായകേന്ദ്രമാക്കി വളര്‍ത്തി. തഞ്ചാവൂര്‍, തിരുച്ചി എന്നിവിടങ്ങളില്‍ ജലസേചനത്തിനായി മേട്ടൂര്‍ ഡാം പണിതതും സര്‍ സി.പി.യാണ്.
1924-ല്‍ രൂപംകൊണ്ട ലീഗ് ഓഫ് നേഷന്‍സിന്റെ ഇന്ത്യന്‍ പ്രതിനിധിയായി 1926 ലും 1927 ലും സി.പി. ജനീവയില്‍ ചെന്നു. 1932-ല്‍ ലണ്ടനില്‍ നടന്ന മൂന്നാം വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്തു. 1933-ല്‍ ഞങ്ങള്‍ ആദ്യമായി വിദേശയാത്ര ചെയ്തപ്പോള്‍, ലണ്ടനില്‍ ലോക സാമ്പത്തികസമ്മേളനം നടക്കുകയായിരുന്നു. ഇന്ത്യയുടെ പ്രതിനിധിയായി ലണ്ടനില്‍ എത്തിയതും സര്‍ സി.പി.യാണ്. 1934-ല്‍ ജമ്മു-കാശ്മീര്‍, ഗ്വാളിയര്‍, ബിക്കാനീര്‍ എന്നീ രാജ്യങ്ങളുടെ ഭരണഘടനകള്‍ തയ്യാറാക്കി. നിയമജ്ഞനും ഭരണാധികാരിയും ദീര്‍ഘദര്‍ശിയുമായ സര്‍ സി.പി.യുടെ സ്തുത്യര്‍ഹമായ ചില സേവനങ്ങള്‍കൂടി
സ്മരിക്കട്ടെ.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്കഞ്ഞിസമ്പ്രദായം തുടങ്ങിയത് സര്‍ സി.പി.യാണ്. തിരുവനന്തപുരത്തെ വഞ്ചി പുവര്‍ ഫണ്ടിന്റെ രൂപീകരണത്തോടെയാണ് ഉച്ചക്കഞ്ഞിസമ്പ്രദായം യാഥാര്‍ഥ്യമായത്. ഭാരതത്തിലെ എല്ലാ നദികളെയും പരസ്പരം ബന്ധിപ്പിക്കണമെന്ന ആശയം അവതരിപ്പിച്ചതും അദ്ദേഹമാണ്.
തിരുവിതാംകൂറില്‍ 'ക്ഷേത്രപ്രവേശനവിളംബരം' നടപ്പില്‍ വരുത്തിയതില്‍ സര്‍ സി.പി.യുടെ പങ്ക് നാം എങ്ങനെ മറക്കും? അദ്ദേഹത്തിന് അവര്‍ണര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമൂഹത്തോട് ഒരിക്കലും വെറുപ്പോ വിദ്വേഷമോ ഉണ്ടായിരുന്നില്ല. എന്‍. ശെല്‍വരാജ് എന്ന അവര്‍ണ അഭിഭാഷകനെ തന്റെ ജൂനിയറായി സ്വീകരിച്ച് ലോകത്തിനു മാതൃക കാട്ടിയ വ്യക്തിയാണ് അദ്ദേഹം.
ഇന്ത്യയില്‍ ആദ്യമായി വധശിക്ഷ നിര്‍ത്തലാക്കിയ രാജ്യം തിരുവിതാംകൂറാണ്. അതിനു വേണ്ട നടപടികളെടുത്തതും അദ്ദേഹമായിരുന്നു. നോബല്‍ സമ്മാനം ലഭിച്ചിട്ടുള്ള സോമര്‍സെറ്റ് മോം കവടിയാര്‍ കൊട്ടാരം സന്ദര്‍ശിച്ചിട്ടുണ്ട്. ഇവിടെ വളരെ കുറച്ചു ദിവസങ്ങള്‍മാത്രം ചെലവിട്ട ആ വിശ്വസാഹിത്യകാരന്‍ സര്‍ സി.പി.യുമായി പരിചയപ്പെട്ടു. 'The Narrow Corner ' എന്ന അടുത്ത നോവലിലെ ഒരു കഥാപാത്രത്തിന് രാമസ്വാമി അയ്യര്‍ എന്ന പേരു നല്കി സോമര്‍സെറ്റ് മോം സി.പിയോടുള്ള ആദരവ് പ്രകടിപ്പിച്ചു. ഐക്യരാഷ്ട്രസഭയില്‍ കാശ്മീര്‍ പ്രശ്‌നം അവതരിപ്പിക്കാന്‍ ജവാഹര്‍ലാല്‍ നെഹ്‌റു നിയോഗിച്ചത് ഗോപാലസ്വാമി അയ്യങ്കാരെയാണ്. 'സര്‍ സി.പിയെ നിയോഗിച്ചിരുന്നെങ്കില്‍ പ്രശ്‌നം അന്നേ തീരുമായിരുന്നു' എന്ന് മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ സി.എസ്. വെങ്കിടാചാര്‍ അഭിപ്രായപ്പെട്ടിരുന്നു:
'... that newly elected member of Parliament and State Assemblies should take an allegiance to the Indian Union...' എന്ന ഉപവകുപ്പ് ജമ്മു കാശ്മീര്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തതുകൊണ്ടാണ് ഇന്നും കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി തുടരുന്നത്. അറുപതുകളില്‍ 'ദ്രാവിഡമുന്നേറ്റകഴകം' അവരുടെ വിഘടനവാദം ഉപേക്ഷിച്ചതിന് ഇതും ഒരു കാരണമാണ്.
എന്റെ പത്താംവയസ്സില്‍ നടന്ന സംഭവം ഞാന്‍ പറയാം. കുട്ടിയല്ലേ? ആഗ്രഹങ്ങള്‍ ധാരാളമുണ്ടായിരുന്നു. പലതും ചോദിക്കുന്നതിനുമുന്‍പേ, അമ്മയും സഹോദരനും എനിക്ക് നല്കിയിരുന്നു. ഒരു ദിവസം രാവിലെ ചിത്തിര തിരുനാള്‍ എന്നെ വിളിപ്പിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ മുറിയിലേക്കു പോയി.
'മുറ്റത്ത് ഒരു സാധനമുണ്ട്. ഇഷ്ടപ്പെടുമെന്ന് തോന്നുന്നു. പോയി
നോക്കാന്‍...' എന്നായി മഹാരാജാവ്.
'എന്തായിരിക്കും?' ആകാംക്ഷാഭരിതനായി ഞാന്‍ മുറ്റത്തേക്കോടി. എന്റെ കണ്ണുകള്‍ വിടര്‍ന്നു. 'കുതിര!' ഞാന്‍ ആശ്ചര്യത്തോടെ ഉറക്കെപ്പറഞ്ഞു. അതിരില്ലാത്ത സന്തോഷം ആദ്യമായി അനുഭവിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.
ഇങ്ങനെ പലതും ആവശ്യപ്പെടുന്നതിനു മുന്‍പേ ലഭിക്കാറുണ്ടെങ്കിലും, എന്തു ചോദിച്ചാലും ലഭിക്കുമെന്ന ധാരണയൊന്നും വേണ്ട. കിട്ടുകയില്ല. അത്രതന്നെ. അതിനാല്‍ ചോദിക്കാന്‍ മടിയും പേടിയുമുണ്ടായിരുന്നു.
അന്ന് എനിക്ക് വാച്ചുകളോട് വല്ലാത്ത ഇഷ്ടമായിരുന്നു (ഇന്നുമുണ്ട്). ഒരെണ്ണം കിട്ടിയിരുന്നെങ്കില്‍ കൈയില്‍ കെട്ടിനടക്കാമായിരുന്നു. എന്തു ചെയ്യാം. ചോദിക്കാന്‍ പേടി. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ എന്തെങ്കിലുമൊരു വഴി ഞാന്‍ കണ്ടെത്തിയിരുന്നു. വാച്ച്, കാര്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ ക്യാറ്റലോഗുകള്‍ കൊട്ടാരത്തില്‍ എത്താറുണ്ട്. ഇവയില്‍ വാച്ചിന്റെ ക്യാറ്റലോഗുകള്‍ എടുത്ത്, ക്ഷമയോടെ വാച്ചിന്റെ ചിത്രങ്ങള്‍ വെട്ടിയെടുത്ത് കൈയില്‍ കെട്ടിനടക്കും. ഇടയ്ക്കിടെ 'വാച്ച്' മാറ്റുകയും ചെയ്യും.
ഒരു ദിവസം സര്‍ സി.പി. എന്ന വിളിച്ചു.
'അതെന്താ കൈയില്?'
അന്തസ്സോടെ ഞാന്‍ പറഞ്ഞു, 'സ്വിസ് വാച്ച്.'
നോക്കട്ടെ എന്നായി അദ്ദേഹം. ഞാന്‍ കൈ നീട്ടിക്കാണിച്ചു. അദ്ദേഹം നോക്കി. പുഞ്ചിരിച്ചുകൊണ്ട്, കവിളില്‍ ചെറുതായൊന്നു തലോടി.
'മിടുക്കന്‍' എന്നു പറഞ്ഞിട്ട് നടന്നുനീങ്ങി.
മാസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം ഭൃത്യന്‍ എന്റെ മുറിയിലേക്കു വന്നു.
സര്‍ സി.പി. വിളിക്കുന്നുണ്ടെന്നറിയിച്ചു.
ഞാനാകെ വിരണ്ടു. 'ഇന്ന് ഇതേവരെ വികൃതികളൊന്നും കാണിച്ചില്ലല്ലോ? പിന്നെന്തിനാണ് വിളിപ്പിക്കുന്നത്?'
പോകാതിരിക്കാന്‍ തരമില്ല. പോയി. അദ്ദേഹം എന്നെ അടുത്തു വിളിച്ചു. എന്നിട്ട് 'ആ കോട്ട്‌പോക്കറ്റിലൊന്നു കൈയിടാന്‍...'
ഞാന്‍ അദ്ദേഹത്തെ നോക്കി.
'അതെ... സംശയിക്കണ്ട... പോയ് നോക്കൂ...'
ഞാന്‍ കോട്ടിന്റെ വലത്തേ പോക്കറ്റില്‍ കൈയിട്ടപ്പോള്‍ ഒരു പൊതി തടഞ്ഞു.
ഞാനതെടുത്തു.
'ഇങ്ങ് കൊണ്ടുവരാന്‍...'
വളരെ അനുസരണയോടെ ഞാന്‍ കൊണ്ടുപോയി.
'തുറക്കാന്‍...'
ഞാന്‍ വീണ്ടും അദ്ദേഹത്തെ നോക്കി.
'ഉം...'
ഞാന്‍ തുറന്നപ്പോള്‍ കണ്ടത് ചെറിയൊരു പെട്ടി. അതും തുറന്നപ്പോള്‍ കണ്ടത് കല്ലുകള്‍ പതിച്ച സ്വര്‍ണവാച്ച്.
'ഇഷ്ടപ്പെട്ടോ?' അദ്ദേഹം എന്നോടു ചോദിച്ചു.
ഞാന്‍ തലകുലുക്കി. 'എന്റെ വക സമ്മാനം സ്വീകരിച്ചുകൊള്ളുക' എന്നു പറയുമ്പോള്‍ എന്നെക്കാളേറെ അദ്ദേഹം സന്തോഷിച്ചു.
എന്റെ ആദ്യത്തെ വാച്ചായിരുന്നു അത്. വാച്ച് ശേഖരണം ഒരു വിനോദമായി. കഴിഞ്ഞ എട്ട് ദശാബ്ദത്തിനുള്ളില്‍ ഞാന്‍ 31 വാച്ചുകള്‍ ശേഖരിച്ചു. എല്ലാം കൃത്യമായി ചലിക്കുന്നവ. വാച്ചിന്റെ കാര്യത്തില്‍ പത്തു വയസ്സുകാരന്റെ മനസ്സാണ് ഇപ്പോഴുമെനിക്ക്. ഓരോ സമയം ഓരോ വാച്ച് കെട്ടും!
തിരുവിതാംകൂറിനുവേണ്ടി അവിരാമം യത്‌നിച്ച വ്യക്തി. അവസാനം വേദനയോടെയാണ് വിടപറഞ്ഞത്. സത്യമറിയാതെ പലരും അദ്ദേഹത്തെ വിമര്‍ശിച്ചു. വേണ്ടാത്തത് പ്രചരിപ്പിച്ചു. തെറ്റിദ്ധരിപ്പിച്ചു.
ഭരണമാറ്റം എല്ലാവരേയും എപ്പോഴും പറ്റിക്കാനാവില്ലല്ലോ. 1946-47 കാലയളവില്‍ തിരുവിതാംകൂറില്‍ കരിനിഴല്‍ പരത്തിയ സാഹചര്യത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പുന്നപ്ര-വയലാര്‍ സമരം സ്വതന്ത്രതിരുവിതാംകൂര്‍ പ്രഖ്യാപനത്തിനെതിരെ നടന്ന പ്രക്ഷോഭമായിട്ടാണ് ഇപ്പോഴും ചിലര്‍ അവകാശപ്പെടുന്നത്. ആ നിലയ്ക്ക് വേണ്ട പ്രചാരവും അവര്‍ നല്കി.
1947 ജൂലായ് 11 നാണ്, സ്വതന്ത്രതിരുവിതാംകൂര്‍ എന്ന ആശയം സര്‍ സി.പി. പ്രഖ്യാപിക്കുന്നത്. പുന്നപ്ര-വയലാര്‍ പ്രക്ഷോഭം നടന്നതാകട്ടെ, 1946 ഒക്‌ടോബര്‍ 24 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലും! അതുപോലെ, 1947 ജൂലായ് 25 നാണ് സര്‍ സി.പി.ക്കുനേരെ വധശ്രമമുണ്ടാകുന്നത്. 'അന്നുതന്നെ അദ്ദേഹം പേടിച്ചരണ്ട് നാടുവിട്ടു' എന്നു പ്രചരണം നടത്തുന്നു ഇന്നും. ചിലരുടെ നിലനില്പിന് ഇത്തരം പ്രചരണങ്ങള്‍ ആവശ്യമായിരിക്കാം.
അധികാരം കൈമാറുന്നു
1931 നവംബര്‍ ആറിനാണ് ശ്രീചിത്തിര തിരുനാള്‍ മഹാരാജാവായി അധികാരമേല്ക്കുന്നത്. അന്നുതന്നെ, സര്‍ സി.പി.യെ രാജ്യത്തിന്റെ ലീഗല്‍-കോണ്‍സ്റ്റിറ്റിയൂഷണല്‍ അഡൈ്വസറായി നിയമിച്ചു. അഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം അദ്ദേഹം ദിവാന്‍പദവി ഏറ്റെടുത്തു. കൃത്യമായി പറഞ്ഞാല്‍ ഒക്‌ടോബര്‍ പത്ത്, 1936. ഒരു മാസം പിന്നിട്ടപ്പോള്‍ ക്ഷേത്രപ്രവേശനവിളംബരം പ്രഖ്യാപിക്കപ്പെട്ടു. അടുത്ത വര്‍ഷം തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിക്കപ്പെട്ടു. രാജ്യത്ത് വ്യവസായവത്കരണം ത്വരിതഗതിയിലായി. ഇങ്ങനെയിരിക്കെയാണ് 1942-ല്‍ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായി സര്‍ സി.പി. നിയമിതനാകുന്നത്. അദ്ദേഹം ദിവാന്‍പദവി രാജി വെക്കുകയും ഡല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്തു. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ കൗണ്‍സില്‍ അംഗത്വം രാജി വെച്ച സര്‍ സി.പി., തിരുവിതാംകൂര്‍ ദിവാനായി ആഗസ്ത് 23, 1942ന് വീണ്ടും ചുമതലയേറ്റു. ഭാരതത്തിലുടനീളം സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടു. 1946-ല്‍ വൈസ്രോയി വേവല്‍ പ്രഭുവിനെ സന്ദര്‍ശിച്ച ദിവാന്‍ ഏകീകൃത ഇന്ത്യയ്ക്കു വേണ്ടി തന്റെ വ്യക്തിപരമായ നിലപാട് അറിയിച്ചിരുന്നു.
പിന്നീടുള്ള ദിനങ്ങള്‍ സംഭവബഹുലമായിരുന്നു. വഴിത്തിരിവുകള്‍ പലതുമുണ്ടായി. അതില്‍ സുപ്രധാനമായത് 1946 സപ്തംബര്‍ രണ്ടിന് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇടക്കാലസര്‍ക്കാര്‍ നിലവില്‍ വന്നു എന്നുള്ളതാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്കാനും അധികാരക്കൈമാറ്റം നടത്തുവാനും ബ്രിട്ടീഷ് ഭരണകൂടം നടപടികളെടുത്തുതുടങ്ങി. ഈ സാഹചര്യത്തില്‍ 576-ല്‍പ്പരം നാട്ടുരാജ്യങ്ങളുടെ ഭാവി ചര്‍ച്ചാവിഷയമായി. അവ സ്വതന്ത്ര ഇന്ത്യയില്‍ ലയിക്കുമോ?
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാട്ടുരാജ്യങ്ങളെ സ്വതന്ത്ര ഇന്ത്യയില്‍ ചേര്‍ക്കുന്നതിനുള്ള നടപടികള്‍ക്കു തുടക്കമിട്ടു.
ഇതിനായി പ്രത്യേക വകുപ്പുണ്ടാക്കി. വി.പി. മേനോനെ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ആലപ്പുഴയില്‍ പുന്നപ്ര-വയലാര്‍ പ്രദേശങ്ങളില്‍ പ്രക്ഷോഭമുണ്ടായി. മൂന്നു ദിവസം നീണ്ടുനിന്ന പ്രക്ഷോഭം വെറുതേ നോക്കിയിരിക്കാന്‍ എങ്ങനെ സാധിക്കും? ഏതു ഭരണാധികാരിയും നടപടികളെടുക്കും. അത് വെടിവെപ്പില്‍ കലാശിച്ചു. നിരവധി പേര്‍ മരിക്കുകയും ചെയ്തു. ജീവിതാവസാനംവരെ, നിര്‍ഭാഗ്യകരമായ ഈ സന്ദര്‍ഭത്തെ ഓര്‍ത്ത് എന്റെ ജ്യേഷ്ഠന്‍ ദുഃഖിച്ചിരുന്നു.
ഈ സംഭവത്തെത്തുടര്‍ന്ന് പലരും സി.പി.യെ ഒരു കിരാതനായി ചിത്രീകരിച്ചു. 1946 ഡിസംബറില്‍ സര്‍ സി.പി. ദിവാന്‍സ്ഥാനം രാജിവെച്ചു. എങ്കിലും മൂന്നാഴ്ചയ്ക്കു ശേഷം 1947 ജനവരിയില്‍ അദ്ദേഹം തിരിച്ചെത്തി.
നൂറ്റാണ്ടുകളായി സ്തുത്യര്‍ഹമായിത്തന്നെ ഭരിച്ചിരുന്ന ഒരു രാജവംശമാണ് ഞങ്ങളുടേത്. ശ്രീപത്മനാഭസ്വാമിക്ഷേത്രവും തിരുവിതാംകൂറും ഞങ്ങളുടെ ആത്മാവാണ്, അഭിമാനമാണ്.
വിദേശീയരെപ്പോലെ ഇടയ്ക്ക് വന്നുപോയവരല്ല, ജനങ്ങളെ അത്യന്തം സേവിച്ചും സ്‌നേഹിച്ചും അവര്‍ക്ക് നന്മകള്‍ മാത്രം ചെയ്ത് ഔന്നത്യത്തിലേക്ക് ഉയര്‍ത്തിയവരാണ് ദീര്‍ഘവീക്ഷണമുള്ള തിരുവിതാംകൂര്‍ ഭരണാധികാരികള്‍. അന്ന് ഇന്ത്യയില്‍ ഏറ്റവും മികച്ച നാട്ടുരാജ്യം തിരുവിതാംകൂറായിരുന്നു. കാര്യങ്ങളിങ്ങനെയിരിക്കെ, എങ്ങനെ പെട്ടെന്ന് രാജ്യം വിട്ടുകൊടുക്കും? അതെന്താ ആരും ആലോചിക്കാത്തത്? തിരുവിതാംകൂര്‍ കൈവിട്ടുപോകുകയെന്നാല്‍, ജീവന്‍ പറിച്ചുകൊണ്ടുപോകുന്നതിനു തുല്യമാണ്. വേദനാജനകവുമാണ്. കുടുംബവീടോ തറവാടോ ഭാഗാവസ്ഥയിലായി അന്യംനിന്നുപോകുമ്പോള്‍ കുടുംബനാഥന്‍ അനുഭവിക്കുന്ന, വേദനയുടെ, മാനസികസംഘര്‍ഷത്തിന്റെ എത്രയോ മടങ്ങാണ് ഞങ്ങള്‍ അനുഭവിച്ചത്.
1947 ജൂണ്‍ 11 ന് ഭക്തിവിലാസില്‍ നടന്ന പത്രസമ്മേളനത്തില്‍ 'ആഗസ്ത് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ തിരുവിതാംകൂര്‍ ഒരു സ്വതന്ത്രരാജ്യമായി നിലനില്ക്കും' എന്ന് സര്‍ സി.പി. വ്യക്തമാക്കി. ജൂണ്‍ രണ്ടാംതീയതി വൈസ്രോയി മൗണ്ട്ബാറ്റണെ ഈ വിവരം അറിയിച്ചശേഷമാണ് സര്‍ സി.പി. പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് ഈ പ്രഖ്യാപനം നടത്തിയത്. രണ്ടാഴ്ചയ്ക്കു ശേഷം, വി.ജെ.ടി. ഹാളില്‍ നടത്തിയ മറ്റൊരു പത്രസമ്മേളനത്തില്‍ രാജ്യരക്ഷ, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലും മറ്റുള്ളവയ്ക്ക് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും ദിവാന്‍ വ്യക്തമാക്കി.
ആഭ്യന്തര സ്വയംഭരണവും വ്യാപാരബന്ധങ്ങളും തിരുവിതാംകൂറിനുതുടര്‍ന്നുകൊണ്ടുപോകാമെന്ന ഉറപ്പ് വൈസ്രോയി നല്കി. ഇത് രേഖാമൂലംതന്നെ മഹാരാജാവിനെ അറിയിച്ചിരുന്നു. ശരിക്കും, വൈസ്രോയിയുടെ ഈ കത്ത്, സര്‍ സി.പി.യാണ് മഹാരാജാവിന് എത്തിച്ചതും. പരാമര്‍ശിച്ചിട്ടുള്ള മൂന്നു വകുപ്പുകളുടെ കാര്യത്തില്‍ ഇന്ത്യന്‍ ഡൊമിനിയനില്‍ ചേരാനുള്ള സമ്മതം അറിയിച്ചാല്‍, ആഭ്യന്തരഭരണത്തില്‍ കേന്ദ്രം ഇടപെടുകയില്ലെന്ന വാഗ്ദാനംകൂടിയായിരുന്നു അത്.
ദിവസങ്ങള്‍ രണ്ടു കഴിഞ്ഞു. സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ സംഗീതക്കച്ചേരി നടക്കുകയാണ്. മഹാരാജാവും ഞാനും അമ്മയും കച്ചേരിക്കു പോയി. കുറച്ചു നേരം കേട്ടു. ഞങ്ങള്‍ പോയതിനുശേഷമാണ് സര്‍ സി.പി. വന്നത്.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയിലും, അല്പനേരം കച്ചേരി കേട്ടിരിക്കാന്‍ സര്‍ സി.പി. അക്കാദമിയില്‍ എത്തി. കുറച്ചുനേരം കച്ചേരി ശ്രവിച്ച
ശേഷം, പുറത്തേക്കിറങ്ങി. ഏതാനും ചുവടുകള്‍ വെച്ചതും, വൈദ്യുതിപ്രവാഹം നിലച്ചു. അന്ധകാരത്തില്‍ ചടുലമായ കാല്‌പെരുമാറ്റം ശ്രവിച്ച ദിവാന്‍ ജാഗരൂകനാകുന്നതിനു മുന്‍പേ, ആദ്യവെട്ടേറ്റു. കവിളിലാണ് കൊണ്ടത്. ഘാതകന്‍ വിട്ടില്ല. കഴുത്തില്‍ വെട്ടിയപ്പോള്‍ അംഗവസ്ത്രം തുണയായി. എന്തുകൊണ്ടോ മുറിപ്പെടുത്താനായില്ല. അതിനാല്‍ വീണ്ടും വെട്ടാനൊരുങ്ങിയപ്പോള്‍ ദിവാന്‍ കൈപ്പത്തികൊണ്ടു തടഞ്ഞു. ഇനി അവിടെ നില്ക്കുന്നത് അപകടമാണെന്നു കരുതിയ ഘാതകന്‍ ദൗത്യം പൂര്‍ത്തിയാക്കാതെ ഇരുളില്‍ മറഞ്ഞു. സി.പി.ക്ക് ബോധമുണ്ടായിരുന്നു. മനഃസാന്നിധ്യമുണ്ടായിരുന്നു. കാറില്‍ കയറി ജനറല്‍ ആശുപത്രിയിലേക്ക് പോയി. തൂങ്ങിക്കിടന്ന കവിള്‍ത്തടം ചേര്‍ത്തുപിടിച്ചുകൊണ്ടാണ് ദിവാന്‍ ആശുപത്രിയിലെത്തിയത്.
ഡോ. കേശവന്‍നായരായിരുന്നു ദിവാനെ ചികിത്സിച്ചത്. 'ഉച്ചഭക്ഷണം വൈകിക്കഴിച്ചതിനാല്‍ അനസ്തീഷ്യ നല്കുവാന്‍ പ്രയാസമാണ്,' ഡോക്ടര്‍ പറഞ്ഞു.
'ബോധം കെടുത്തണ്ട. തുന്നിക്കൊള്ളൂ,' ദിവാന്‍ മറുപടി നല്കി.
അവിചാരിതമായ ഈ ആക്രമണം കാരണം 27 നുള്ള ദിവാന്റെ ഡല്‍ഹിയാത്ര റദ്ദാക്കി. വൈസ്രോയി മൗണ്ട്ബാറ്റണ്‍ നല്കിയ ഉറപ്പിന്മേല്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ച ദിനമായിരുന്നു അത്.
'പരിക്കേറ്റ ദിവസം രാത്രിതന്നെ സര്‍ സി.പി. നാടുവിട്ടു' എന്ന് പറഞ്ഞുപരത്തിയതില്‍ സത്യമില്ല. സി.പി. ചികിത്സയിലായതിനാല്‍ 28 നുതന്നെ ചിത്തിര തിരുനാള്‍ വൈസ്രോയിക്ക് സന്ദേശമയച്ചു. തിരുവിതാംകൂറില്‍ സ്വയംഭരണം നിലനിര്‍ത്താന്‍ വേണ്ടിയുള്ള നിലപാട് സ്വീകരിച്ചതില്‍ നന്ദിയറിയിച്ച മഹാരാജാവ്, ഇന്ത്യന്‍ ഡൊമിനിയനില്‍ ചേരുവാനുള്ള നടപടി കൈക്കൊള്ളുവാനും തീരുമാനിച്ചു. ഇന്ത്യന്‍ ഡൊമിനിയന്റെ അന്തിമ ഭരണഘടന നിലവില്‍ വരുമ്പോള്‍, മറ്റു നാട്ടുരാജ്യങ്ങളെപ്പോലെ, തിരുവിതാംകൂറിനും നിലപാട് പുനഃപരിശോധിക്കാന്‍ അവകാശം വേണമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.
ചിത്തിര തിരുനാളിന്റെ ഈ നടപടിയും വികലമായി വ്യാഖ്യാനിക്കപ്പെട്ടു.
'സര്‍ സി.പി.ക്ക് വെട്ടേറ്റതിനെത്തുടര്‍ന്ന് ഭീരുവായ മഹാരാജാവ് ഇന്ത്യന്‍ യൂണിയനില്‍ ചേരുവാന്‍ തീരുമാനിച്ചതായി' ചിത്രീകരിക്കപ്പെട്ടു.
ആഗസ്ത് നാലിന് വി.പി.മേനോന്‍ ലയനപ്രമാണവും നിശ്ചലകരാറും ദിവാന് അയച്ചുകൊടുത്തു. വെട്ടേറ്റ് ചികിത്സയിലായിരുന്ന ദിവാന്‍ ഭക്തിവിലാസില്‍ വെറുതേ വിശ്രമിക്കുകയായിരുന്നില്ല. തിരുവിതാംകൂറിനു പ്രത്യേക ഭരണഘടനയുണ്ടാക്കുകയായിരുന്നു.
1947 ആഗസ്ത് 10 ലെ കരാര്‍ പ്രകാരം രാജ്യരക്ഷ, വാര്‍ത്താവിനിമയം, വിദേശനയം എന്നീ വകുപ്പുകളുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെയും നിശ്ചലകരാര്‍ പ്രകാരം മറ്റുള്ളവ തിരുവിതാംകൂറിന്റെയും അധികാരപരിധിയില്‍ വരുന്നതാണ്. മാത്രമല്ല, സംസ്ഥാനത്തിന്റെ പരമാധികാരത്തിലും ആഭ്യന്തരാധികാരത്തിലും ഇടപെടില്ലെന്നും ഉറപ്പുണ്ടായിരുന്നു.
വിദേശനയം കേന്ദ്രസര്‍ക്കാരിന്റേതാണെങ്കിലും, തിരുവിതാംകൂറിനു വിദേശരാജ്യങ്ങളുമായി വാണിജ്യ ഇടപാട് നടത്താം. അതിന് ട്രേഡ് കമ്മീഷണറെ നിയമിക്കുകയുമാകാം. പക്ഷേ, കമ്മീഷണര്‍ വ്യാപാര വാണിജ്യ കരാറിലല്ലാതെ മറ്റൊന്നിലും ഇടപെടരുത് എന്ന നിര്‍ദേശവും നല്കിയിരുന്നു.
രാജ്യത്തില്‍ ധാന്യക്കമ്മി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കറാച്ചിയില്‍നിന്നും ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുവാന്‍ ഒരു ട്രേഡ് കമ്മീഷണറെ നിയമിച്ചപ്പോള്‍, 'നിയമലംഘനം നടത്തി അംബാസഡറെ നിയമിച്ചതായി' വാര്‍ത്ത പ്രചരിപ്പിച്ചു.
ഇങ്ങനെ പലവിധത്തിലും ബുദ്ധിമുട്ടിച്ചു. സര്‍വോപരി, തന്ന വാഗ്ദാനങ്ങളെല്ലാം വൈസ്രോയി വിഴുങ്ങി. പിന്നീട്, വി.പി.മേനോന്റെ ഊഴമായിരുന്നു.
'ഏതു വിധേനയും ചിത്തിര തിരുനാളിന്റെ ഒപ്പ് വാങ്ങണം.' പരമാവധി ശ്രമിച്ചു. ചില സന്ദര്‍ഭങ്ങളില്‍, അതിരു കടന്ന സംഭാഷണം നടത്താനും വി.പി.മേനോന്‍ മടിച്ചില്ല.
'ഞാന്‍ നാളെ രാവിലെ എട്ടു മണിക്കു വരും. കരാര്‍ എല്ലാം ഒപ്പിട്ടു വെക്കണം.' ധാര്‍ഷ്ട്യം കലര്‍ന്ന ധ്വനിയില്‍ മേനോന്‍ മഹാരാജാവിനോട് പറഞ്ഞു.
'ഞാനപ്പോള്‍ ശ്രീപത്മനാഭസന്നിധിയിലായിരിക്കും...' തമ്പുരാന്‍ മറുപടി നല്കി.
'പോകണ്ട...' എന്നായി മേനോന്‍.
'അത് തീരുമാനിക്കേണ്ടത് ഞാനാണ്' എന്നായി മഹാരാജാവ്.
ഇത്തരം ഗൗരവമേറിയ ചര്‍ച്ചകള്‍ കവടിയാറില്‍ നടക്കുമ്പോഴും ചിത്തിരതിരുനാള്‍ ശാന്തനായിരുന്നു. ശബ്ദമുയര്‍ത്തി സംസാരിച്ചിട്ടില്ല. പ്രാതല്‍ കഴിച്ചുകഴിയുമ്പോഴേക്കും മേനോന്‍ എത്തും. ഉച്ചവരെ ചര്‍ച്ചയാണ്. ഉച്ചയൂണു കഴിഞ്ഞാല്‍ പൂയം തിരുനാളിനും അശ്വതി തിരുനാളിനും പഞ്ചതന്ത്രകഥകളും ഈസോപ്പ് കഥകളും പറഞ്ഞുകൊടുക്കുന്ന കുഞ്ഞുങ്ങളുടെ പൊന്നമ്മാവനെ കാണാമായിരുന്നു.
കൊടുത്ത വാക്ക് നാം പാലിക്കും. അങ്ങനെയാണ് പഠിപ്പിച്ചിട്ടുള്ളതും. മറ്റുള്ളവരും ഇതുപോലെയാണ്, പറയുന്ന വാക്കുകള്‍ സത്യമാണ്, അവര്‍ അത് പാലിക്കും എന്ന് നാം വിശ്വസിക്കും. അവിടെയാണ് നമുക്ക് തെറ്റുപറ്റുന്നത്. ഈ വിശ്വാസത്തില്‍ നാം ചതിക്കുഴികള്‍ കാണാറില്ല. മന്ദസ്മിതത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതി നാം തിരിച്ചറിയാറില്ല.
ഞാന്‍ രാഷ്ട്രപതി വി.വി.ഗിരിയെ കാണുമ്പോള്‍ 'ഏയ്.. അങ്ങനെയൊന്നുമില്ല...' എന്നാണ് പ്രതികരിച്ചത്. വിഷയം പ്രിവി പഴ്‌സ് നിര്‍ത്തലാക്കുന്നതിനെക്കുറിച്ചായിരുന്നു. ഏതാനും മിനിറ്റുകള്‍ക്കു മുന്‍പ് ഒപ്പിട്ട ശേഷമാണ്, രാഷ്ട്രപതി ഞങ്ങളോട് ചിരിച്ചുകൊണ്ട് നുണ പറഞ്ഞതെന്ന് പിന്നീട് മനസ്സിലായി.
കാലം മുറിവുണക്കുമെന്നാണ് പറയുന്നതെങ്കിലും, ഉണങ്ങാത്ത മുറിവുകള്‍ മനസ്സില്‍ അവശേഷിക്കുന്നു. ശ്രീപത്മനാഭനോടല്ലാതെ ആരോടു പറയാന്‍? പ്രാചീനകാലംമുതല്‍ ഞങ്ങളുടെ കുലദൈവം ശ്രീപത്മനാഭസ്വാമിയും കുടുംബക്ഷേത്രം ശ്രീപത്മനാഭസ്വാമിക്ഷേത്രവുമാണ്.
രാജകുടുംബത്തില്‍ ഏറ്റവും പ്രായംകൂടിയ പുരുഷന്‍ (കാരണവര്‍) ചിറവാമൂപ്പ് കൊണ്ട് രാജ്യഭാരം ചെയ്തിരുന്നു. ഇളമുറരാജാവ് തൃപ്പാദപുരത്തു വെച്ച് തൃപ്പാപ്പൂര്‍ മൂപ്പ് ഏറ്റെടുത്ത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണം നിര്‍വഹിച്ചിരുന്നു. 'തൃപ്പാപ്പൂര്‍മൂപ്പ്' ഏല്ക്കുന്നതിന്, 'ക്ഷേത്രമൂപ്പ്' ഏല്ക്കുന്നു എന്നും മതിലകംരേഖകളില്‍ കാണാം.
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലഘട്ടത്തില്‍, പ്രാപ്തിയുള്ള പുരുഷസന്താനങ്ങളില്ലാതിരുന്നതിനാല്‍, ക്ഷേത്രമൂപ്പും ചിറവാമൂപ്പും രാജ
കുടുംബത്തിന്റെ കാരണവരായ അനിഴം തിരുനാള്‍തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. ആ പാരമ്പര്യം ഇന്നും തുടരുന്നു.
എന്റെ മുന്‍ഗാമികളില്‍ ഒരാളായ മഹാരാജാ സ്വാതിതിരുനാള്‍ അനുഭവിച്ച മാനസികസംഘര്‍ഷത്തിനു സമാനമായി ഞാനും അനുഭവിക്കുന്നുണ്ട്. കാലാനുസൃതമായ വ്യത്യാസമുണ്ടെന്നു മാത്രം. അദ്ദേഹത്തിന് റസിഡന്റ് കല്ലന്റെ പ്രതികൂലനിലപാടുകള്‍ അരോചകമായി തോന്നി. ഐഹികങ്ങളില്‍നിന്നും മോചനം നേടി ശ്രീപത്മനാഭനില്‍ കൂടുതല്‍ക്കൂടുതല്‍ സ്വയം അര്‍പ്പിച്ചു.
എന്റെ അവസ്ഥയും അതുപോലെയാണ്. ശ്രീപത്മനാഭദര്‍ശനം ഞങ്ങള്‍ക്ക് മുടക്കാന്‍ പറ്റില്ല. അതിനു കഴിയില്ല.
ശ്രീപത്മനാഭന്റെ പ്രസാദം കാംക്ഷിച്ചുകൊണ്ട് സ്വാതിതിരുനാള്‍ ഭക്തിമഞ്ജരിയില്‍ രചിച്ച വരികള്‍ ഓര്‍മ വരുന്നു. അദ്ദേഹത്തെപ്പോലെ തരളഹൃദയനായി ഞാനും പ്രാര്‍ഥിക്കുന്നു. ശ്രീപത്മനാഭനില്‍ അചഞ്ചലഭക്തി കുടുംബത്തിലെ ഓരോ അംഗത്തിനും എന്നെന്നും സിദ്ധിക്കേണമേ! ആചന്ദ്രതാരം ഈ ബന്ധം തുടരേണമേ!
ആനന്ദാമൃതസാരസന്തതിമയ-
സ്വാരാജ്യ മൂര്‍ധാഭിഷി-
ക്താത്മന്നംബുജനാഭ, തേ ചരണയോര്‍-
നത്വാ മുഹുഃ സാദരം.
ഏതാവത് പുനരര്‍ത്ഥയേ കുരു കൃപാ-
മാപത്‌സു സമ്പത്‌സു വാ
ഭൂയാത് ത്വത്പദപത്മയോരവിരതം
ഭക്തിര്‍ മമാചഞ്ചലാ.
സച്ചിദാനന്ദസ്വരൂപിയായ ശ്രീപത്മനാഭ, ആപത്തിലും സമ്പത്തിലും അവിടുത്തെ ചരണങ്ങളില്‍ സ്ഥിരമായ ഭക്തി ഉണ്ടാകുന്നതിനു കനിയണേ എന്നു മാത്രമാണ് എന്റെ പ്രാര്‍ഥന.
(തൃപ്പടിദാനം: ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ രാജസ്മരണകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
തയ്യാറാക്കിയത്:എസ്. ഉമാ മഹേശ്വരി
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment