ആടുകള്‍ പോലും ഈ ജീവിതം കണ്ടു സഹതാപം കാണിചിട്ടുണ്ടാവണം അവരുടെ പിറവിയോര്‍ത്തു സന്തോഷിചിട്ടുമുണ്ടാവും മനുഷ്യനായി പിറക്കാഞ്ഞിട്ട്.. സമയത്തിന് ഭക്ഷണം പിന്നെ സവാരിയും.. കാവലിന് മനുഷ്യ ജന്തുവും .. "ഷകൂര്‍ .. യാ അള്ളാ.. ലെയിഷ് മാ ഇന്സില്‍ ... ഷുനു നോം ഇന്ത്ത....", കൂട്ടുകാരന്‍ ഈജിപ്ത്തുകാരനായ മുഹമ്മദിന്റെ ചോദ്യം കേട്ടാണ് എനിക്ക് ഇറങ്ങേണ്ട സ്ഥലമെത്തിയെന്ന് അറിഞ്ഞത് ... ദിവസവും ജോലി കഴിഞ്ഞു ശുവൈഖില്‍ നിന്നും അബ്ബാസിയയിലെക്ക് വരുമ്പോള്‍ ഫര്‍വാനിയ വരെ അവന്റെ കൂടെയാണ് യാത്ര .. നാട്ടു വര്‍ത്താനങ്ങള്‍ പറഞ്ഞോണ്ട് വരും.. ആട് ജീവിതം എന്ന നോവല്‍ ഇന്നാണ് വായിച്ചതു. കാറില്‍ കയറിയത് മാത്രം ഓര്മ ... ഞാന്‍ മരുഭൂമിയില്‍ നജീബായി യാത്രയിലായിരുന്നു.. റോഡിന്റെ അരികിലുള്ള സ്ഥാപനങ്ങള്‍ ഒന്നും ഞാന്‍ കണ്ടില്ല, ഉച്ച സമയത്തുള്ള ട്രാഫിക് ബ്ലോക്ക് ഞാന്‍ അറിഞ്ഞില്ല,. തൊട്ടടുത്ത വണ്ടിയില്‍ യാത്ര ചെയ്യുന്നവരെയൊന്നും ഞാന്‍ ശ്രദ്ധിച്ചതേയില്ല ...ഞാന്‍ മരുഭൂമിയിലായിരുന്നു.... ഒരു നെട്ടോട്ടത്തില്‍..... മൂന്ന് വര്‍ഷം നാലു മാസം ഒമ്പത് ദിവസം ശമ്പളം പറ്റാതെ മരുഭൂമിയില്‍ ഒരാടായി ജീവിച്ച നജീബിന്റെ കഥ, മൂന്ന് മൂന്നര മണിക്കൂര്‍ കമ്പനിയുടെ ശമ്പളവും വാങ്ങി ശീതികരിച്ച റൂമില്‍ ഇരുന്നു വായിച്ചു തീര്‍ത്തിട്ടാണ് വരുന്നത്..
ഈ നോവല്‍ വായിക്കണമെന്ന് കുറെ മാസങ്ങളായുള്ള മനസ്സിലെ ഒരു ആഗ്രഹമായിരുന്നു, ചില കൂട്ടുകാരോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു, അങ്ങനെ ഇരിക്കെ "ബുക്ക് ടോക്" എന്ന ഗ്രൂപ്പില്‍ വെച്ച് അതിന്റെ PDF ലഭിച്ചു, വില കൂടിയ അത്തറും പൂശി വിലകൂടിയ വസ്ത്രം ധരിച്ചു വിലയേറിയ കാറില്‍ മറ്റുള്ളവരെ കൊതിപ്പിച്ചു നടക്കുമ്പോള്‍, വയറു നിറയെ ബിരിയാണിയും, കെന്റക്കിയും, ബ്രോസ്റെടും, മജ്ബൂസും കഴിച്ചു ഏമ്പക്കം വിടുമ്പോള്‍ നമ്മള്‍ ഓര്‍ക്കുന്നില്ലല്ലോ ആയിരങ്ങള്‍ മരുഭൂമിയില്‍ വെള്ളത്തില്‍ മുക്കിയ ഖുബ്ബൂസും കഴിച്ചു ജീവിക്കുന്ന കാര്യം....മരിച്ചു ജീവിക്കുന്ന യാഥാര്‍ത്യങ്ങള്‍...
ഞാന്‍ കുറച്ചു വര്‍ഷം ഷാര്‍ജയിലായിരുന്നു, അവിടം വിട്ടു നാട്ടിലേക്ക് തിരിച്ചു പോയി, കുറച്ചു കാലം തേരാ പാര നടന്നപോഴാണ് അറിയുന്നത്, എനിക്ക് പറ്റിയ സ്ഥലം ഗള്‍ഫ് തന്നെയാണെന്ന്, അങ്ങനെ ഒരു കൂട്ടുക്കാരന്‍ മുഖേന വിസ ശരിയായി, വീണ്ടും ഗള്‍ഫിലേക്ക് ...കുവൈത്തിലേക്ക്..
യാത്രയാവുന്നതിന്റെ തലേ ദിവസം യാത്ര പറയാന്‍ വരുന്നവരുടെ കൂട്ടത്തില്‍ അമീറിന്റെ ഉമ്മ, അവന്‍റെ മൂത്തമ്മ എന്നിവര്‍ എന്‍റെ വീട്ടില്‍ വന്നിരുന്നു, അവര്‍ അമീറിന്റെ (ശരിയായ പേരല്ല) കാര്യം എന്നോട് കണ്ണീര്‍ തുടച്ചു കൊണ്ട്, വിങ്ങി പൊട്ടികൊണ്ട് പറഞ്ഞു.
അമീര്‍ എന്‍റെ നാട്ടിലെ ചുറു ചുറുക്കുള്ള നല്ലൊരു പയ്യന്‍, അവന്‍റെ ഉമ്മയുടെ ഏക സന്തതി, പട്ടിണി കുടുംബത്തില്‍ വളര്‍ന്നവന്‍, നാട്ടിലെ എല്ലാവര്ക്കും പ്രിയപ്പെട്ടവന്‍, എന്‍റെ അനുജന്റെ കൂടെ പഠിച്ചവന്‍, കൂടാതെ എന്‍റെ ഭാര്യയുടെ ബന്ധുവുമാണ്.. അവന്‍ കുവൈറ്റില്‍ പോയിട്ട് ഒരു വര്‍ഷത്തില്‍ കൂടുതലായി. "ആട് ഫാം" എന്ന് കരുതി നാട്ടില്‍ നിന്നു വന്ന് എത്തിപെട്ടത് ആട് "മസരയിലേക്ക്". അവനും നമ്മളെ പോലെ നാട്ടില്‍ വെച്ച് പല ഗള്‍ഫ്‌ക്കാരെ അഹങ്കരിച്ചു നടക്കുന്നത് കണ്ടിട്ടുണ്ടാവണം, അങ്ങനെ തോന്നിയതാവണം ഇവിടത്തെക്ക് വരാന്‍, പാവം വളരെ കഷ്ട്ടപെട്ടു, ആട് മേയിക്കണം, അതിന്റെ തീറ്റണം, കറക്കണം, നജീവിന്‍റെ കഥ പോലെ തന്നെ വീട്ടില്‍ "ആട്" പോയിട്ട് ഒരു "കോഴി" പോലും വളര്‍ത്തിയ പരിചയം ഇല്ലാതിരുന്ന അമീര്‍... കഷ്ട്ടപെട്ടു ജോലി ചെയ്തു.. വെറും മുപ്പത്തിയഞ്ച് ദീനാര്‍ ശമ്പളത്തിന്, നജീവിനെ പോലെയല്ല ശമ്പളം കിട്ടിയിരുന്നു, ഭക്ഷണവും സമയാസമയം കിട്ടിയിരുന്നു. അവന്‍റെ കുവൈത്തി (അവന്‍റെ അര്‍ബാബ്-ഇവിടെ അങ്ങനെ വിളിക്കാറില്ല) നല്ലവനായിരുന്നെനു തോന്നുന്നു... വല്ലപ്പോഴും രണ്ടോ മൂന്നോ മാസത്തില്‍ ഒരിക്കല്‍ അമീര്‍ നാട്ടിലേക്കു വിളിക്കുമായിരുന്നു അപ്പോഴാണ് അവന് എന്താണ് ജോലി, അവന്‍റെ കഷ്ടപ്പാട് എന്നിവയെ കുറിച്ച് വീടുകാരോട് പറഞ്ഞത്. അതിനെ കുറിച്ച് അന്ന്വഷിക്കാന്‍ അവനെ നാട്ടിലേക്കു തിരിച്ചയക്കാന്‍ ഇതിനൊക്കെ വേണ്ടിയായിരുന്നു അവര്‍ എന്നെ കാണാന്‍ വന്നത്....
കുവൈത്തില്‍ ഞാന്‍ ആദ്യമായി വരുകയാണ്, പുതിയ നാട്, ആകെ കൂട്ട് എന്‍റെ കൂട്ടുക്കാരന്‍ സിദ്ദീക്ക് മാത്രം, ഇവിടെയെത്തി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ സിദ്ദീക്കും ഞാനും അവന്‍റെ സ്പോന്സറെ വിളിച്ചു കാര്യങ്ങള്‍ സംസാരിച്ചു, അയാള്‍ക്ക് അവനെ നാട്ടിലേക്ക് തിരിച്ചു അയക്കാന്‍ തീരെ സമ്മതമല്ല, കാരണം നന്നായി ജോലി ചെയ്യും, വല്ല ബംഗാളികളെയോ മറ്റോ നിര്‍ത്തിയാല്‍ ആടിന്റെ ആര്‍ക്കെങ്കിലും വിറ്റതിന് ശേഷം ചത്തുപോയി എന്ന് പറയും... പിന്നെ വേറെ ജോലിക്കാരെ കിട്ടാന്‍ പ്രയാസവുമാണ്, ഇതൊക്കെ കാരണം ആയിരിക്കണം അയക്കാന്‍ പറ്റില്ലാന് പറഞ്ഞു, ഞങ്ങളുടെ വിളിക്ക് കുറെ പ്രാവിശ്യം അയാള്‍ മറുപടി വരെ തന്നില്ല... പക്ഷെ പലപ്രാവശ്യം വിളിക്കുമ്പോള്‍ ഒരു പ്രാവശ്യം എടുക്കുമല്ലോ നമ്മളെ ചീത്ത പറയാനെങ്കിലും, അങ്ങനെ അവന്‍റെ നാട്ടിലെ പ്രശ്നങ്ങള്‍ എല്ലാം ഞാന്‍ അവതരിപിച്ചു (ഷാര്‍ജയില്‍ വെച്ച് തട്ടി മുട്ടി അറബി സംസാരിക്കാന്‍ പഠിച്ചിരുന്നു)... അങ്ങനെ മൂപ്പര്‍ സംഗതിയുടെ നേരായ വശം മനസിലാക്കി, ഒരു മാസത്തിനുള്ളില്‍ കബ്ജിയില്‍ (സൌദിയ) നിന്നും തിരിച്ചു കൊണ്ട് വരാമെന്ന് പറഞ്ഞു...
അങ്ങനെ ഒരു മാസം കഴിഞ്ഞു ഒരു ദിവസം രാത്രി സമദ് (കുവൈത്തിയുടെ കൂട്ടുക്കാരന്‍ - കാസറഗോഡ് ജില്ലക്കാരന്‍ ) വിളിച്ചു പറഞ്ഞു അമീര്‍ മങ്കഫില്‍ വന്നിട്ടുണ്ട് , കുവൈത്തിയുടെ വീണ്ടിന്റെ തൊട്ടടുത്തുള്ള ഒരു മലയാളി ഗ്രോസ്സറി ഉടമയുടെ റൂമില്‍ ഉണ്ടെന്ന്, അതിരാവിലെ ഞാനും കൂട്ടുക്കാരന്‍ സിദീക്കും അബ്ബാസിയയില്‍ നിന്നും മങ്കഫിലേക്ക് പോയി, അവരുടെ റൂം കണ്ടു പിടിച്ചു, കാള്ളിംഗ് ബെല്ലടിച്ചു വാതില്‍ തുറന്നത് ഒരു കോഴിക്കോട്ടുകാരനാണ് അവനോടു സലാം പറഞ്ഞു അകത്തു കയറി അമീറിനെ കാണാന്‍ വന്നതാണെന്ന് പറഞ്ഞു, അവന്‍ ഞങ്ങളെ റൂമിലേക്ക് കൂട്ടികൊണ്ട് പോയി തറയില്‍ ഒരാള്‍ കിടക്കുന്നുണ്ട്, അവനെ ഞങ്ങള്‍ക്ക് കാണിച്ചു തന്നു, താടി വളര്‍ത്തി മുടി വളര്‍ത്തി ഒരു മനുഷ്യന്‍ (ആണോ?), എനിക്ക് ആളെ വേറെ എവിടേ വെച്ചങ്കിലും കണ്ടിരിന്നുവെങ്കില്‍ ആളെ മനസ്സിലാകുമായിരുനില്ല , അതെ ഞങ്ങളുടെ അമീര്‍, വെളുത്ത് നല്ല സുന്ദരനായിരുന്ന അമീര്‍, അവന്‍റെ കോലം കണ്ടിട്ട് ഞങ്ങള്‍ ആകെ ബേജാറിലായി, അവന്‍ ബാത്‌റൂമില്‍ പോയപ്പോള്‍ ഞാന്‍ സിദ്ദീക്കിനോദ് ചോദിച്ച ചോദ്യം ഇന്നും മറക്കാതെ എന്‍റെ മനസ്സിലുണ്ട് ചിലപ്പോള്‍ സിദ്ദീക്കും മറന്നിട്ടുണ്ടാവില്ല ഇവനും അവിടെ ആട്ടിന്‍ കൂട്ടിലാണോ താമസ്സിച്ചതെന്ന്... സത്യം പറഞ്ഞാല്‍ ഒരു ആട് മനുഷ്യന്‍... അവനെ ആദ്യം കൊണ്ടുപോയത് ഒരു ബാര്‍ബര്‍ ഷോപ്പിലേക്ക്, അവിടത്തെ മലയാളി അറപ്പോടെ അവനോടു ചോദിച്ചു പോലും നീ എവിടേ ഉണ്ടായതെന്നും നിനക്ക് എന്താണ് ജോലിയെന്നും, ആകെ മണല്‍, മുഖത്തും കഴുത്തിലും ചെവിയിലും, തലയിലും മണ്ണ് പിടിച്ചു കിടക്കുന്നു പിന്നെ എങ്ങിനെ ചോദിക്കാതിരിക്കും .. മരുഭൂമിയില്‍ ആകാശത്തിന്റെ തണലില്‍ ചൂടും തണുപ്പും പൊടിക്കാറ്റും തന്റെ ശരീരത്തില്‍ തട്ടി ജീവിച്ചവന്റെ കോലം അതിനെക്കാള്‍ ഭംഗിയില്‍ ഉണ്ടാവില്ലല്ലോ...
ഏതായാലും ഞങ്ങള്‍ അവനെ കൂട്ടികൊണ്ട് പോന്നു, ഞങ്ങളുടെ റൂമില്‍ പുറത്തിറക്കാതെ ഒരു മാസം താമസിപ്പിച്ചു അവന്‍റെ പഴയ കളറും, പ്രസരിപ്പും വന്നപ്പോള്‍ നാട്ടിലേക്കു തിരിച്ചയച്ചു... ഇപ്പോല്‍ നാട്ടില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു, കഴിഞ്ഞ പ്രാവിശ്യം നാട്ടിലേക്ക് പോയപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു കുവൈത്തില്‍ വല്ല ജോലിയും നോക്കണോ എന്ന്, ഉടനെ വന്നു നല്ല നിഷ്കളങ്കമായ മറുപടി ഞാന്‍ "വരിന്നില്ലപ്പ....."
അതെ ഒരു പ്രാവിശ്യം ഇവിടെ ഗള്‍ഫില്‍ വന്നു ആടായി ജീവിച്ചവന് ... ഗള്‍ഫെന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പേടിയും പുച്ചവും... ....
ആട് വീവിതം വായിച്ചപ്പോള്‍ എനിക്കുണ്ടായ ചില സംശയങ്ങള്‍ ഇവിടെ പങ്കു വെക്കട്ടെ... സംശയിക്കാനും ബ്ലോഗ് എഴുതാനും നമ്മുക്ക് കമ്പനി ശമ്പളം തരുന്നുണ്ടല്ലോ....
ഒന്ന്: രണ്ടു മൃത ദേഹങ്ങളോട് (ഹക്കീം പിന്നെ ഭീകര ജീവി) നജീബും കൂടെ ബിന്യാമിനും നീതി കാട്ടിയില്ല, മദ്രസ്സയില്‍ പഠിച്ചതിന്റെ ഗുണം ജീവിതത്തില്‍ ആകെ കിട്ടിയത് കയ്യില്‍ നമ്പര്‍ പച്ച കുത്തിയപ്പോള്‍ വായിക്കാന്‍ മാത്രമാണെന്ന് പറഞ്ഞ നജീബിന് മൃത ദേഹം എന്ത് ചെയ്യണമെന്നു അതിനോട് എങ്ങനെ പെരുമാറണമെന്ന് അറിയാതിരിക്കാന്‍ തരമില്ല.... പിന്നെ അവിടെ നിന്നും രക്ഷപെടാനുള്ള വെപ്രാളത്തില്‍ ആയിരുന്നുവെങ്കില്‍, കുഞ്ഞിക്കാനോട് സൂചിപ്പിച്ചു രണ്ടാമത് ഒരിക്കല്‍ വരാമായിരുന്നു, കുഞ്ഞിക്ക ഒരു പൊതു പ്രവര്‍ത്തകനല്ലേ അദ്ദേഹത്തിന് കണ്ടു പിടിക്കാന്‍ കഴിയുമായിരുനല്ലോ അല്ലെ? ഒന്ന് നാട്ടുകാരന്‍ മറ്റേതു ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഒരു ബംഗാളി (രണ്ടായാലും മനുഷ്യ ജീവന്‍), എവിടേ നജീബ് സ്വാര്‍ത്തനായി പോയി എന്ന് തോന്നി, ബിന്യാമിന്‍ ഈ കഥയുടെ സത്യാവസ്ഥ അറിഞ്ഞിട്ടുണ്ടാങ്കില്‍ ഹക്കീമിന്റെ വീട്ടില്‍ പോയി അന്വേഷിക്കാമായിരുന്നു .
രണ്ട്: ഞാന്‍ ആദ്യമായിട്ട് അറിയുകയാണ് പോലീസ് സ്റ്റേഷനില്‍ ഇല്ലെങ്കില്‍ ജയിലില്‍ വന്നു ഒരാളെ അദ്ദേഹത്തിന്റെ സ്പോന്സര്‍ക്ക് തിരിച്ചു കൊണ്ട് പോകാന്‍ കഴിയുമെന്ന്.. .. പിന്നെ ഇനി ജയിലിലേക്ക് വരാന്‍ പറ്റുമെങ്കിലും തന്റെ കീഴിലല്ലാത്ത ഒരാളെ കാണാന്‍ അര്‍ബാബ് എന്തിനാണ് വന്നത്.. തനിക്കു കൊണ്ട്പോകാന്‍ പറ്റില്ലായെന്ന് അറിവുണ്ടായിട്ടും? സംശയങ്ങള്‍ അങ്ങിനെ കിടക്കുന്നു....
മൂന്ന്: എയര്‍പ്പോര്‍ട്ടില്‍ കമ്പനിയുടെ തൊഴിലാളികള്‍ വരുമ്പോള്‍ ആരും എടുക്കാന്‍ വരാത്തത് എന്‍റെ സംശയമാണ്. .. വിസ അയച്ചു കൊടുത്ത കൂട്ടുക്കാരന്റെ അളിയനെ പോലും നാട്ടില്‍ നിന്നും വരുമ്പോള്‍ അറിയിക്കാത്തത്, അവിടെയും കിടക്കട്ടെ ഒരു സംശയം.. ആരും അങ്ങിനെ വന്നില്ലങ്കിലും വേറെ ഒരാള്‍ക്ക് തട്ടി കൊണ്ട് പോകാന്‍ പറ്റുമോ?
നാല്: മരുഭൂമിയില്‍ പാമ്പ് ഉണ്ടാകുമെന്ന് പറഞ്ഞു കെട്ടിട്ടുണ്ട്.. പക്ഷെ പാമ്പിന്റെ സംസ്ഥാന സമ്മേളനം വേണ്ടായിരുന്നു...
എന്നെ ഇരുത്തി ചിന്തിപ്പിച്ച ഭാഗം: ഖാദരി... "വിശ്വസിച്ചാലും ഇല്ലെങ്കിലും" ഇയാളുടെ റോള്‍ വളരെ നന്നായി.. പോലീസ് സ്റ്റേഷനിലെ ഫോട്ടോയും നോക്കി നജീബ് കുറെ നേരം നിന്നതും, "ചെവിന്റെ കുറ്റിക്ക്" കിട്ടിയതും മറന്നു പോയിരുന്നു, ഖാടരിയുടെ തീരോധാനം വന്നപ്പോഴാണ് അത് വീണ്ടും ഓര്‍മ്മ വന്നത് ... അങ്ങനെ അത് തമ്മില്‍ യോജിപ്പിച്ചു നോക്കി രണ്ടും ഒരാളാണെന്ന് എനിക്ക് തോന്നി, ഏതായാലും ഖാദരി ഒരു വിമോചകനാണ്, ഒരു പ്രതീകമാണ് അഭിനവ അടിമത്തത്തില്‍ നിന്നും പാവപെട്ട ആട് ജീവിതം നയിക്കുന്ന "ആട് മനുഷരെ" സ്വാതന്ത്രത്തിലേക്ക് കൈ പിടിച്ചു കയറ്റി കൊണ്ടുപോകുന്ന പാവപ്പെട്ടവന്‍റെ കാവലാള്‍, എങ്ങനെ പല ആളുകളെയും അദ്ദേഹം രക്ഷിച്ചിരിക്കും, ചിലപ്പോള്‍ നജീബ് ഖാദരി രക്ഷിച്ച ആദ്യത്തെയോ- അവസാനത്തെയോ ആളായിരിക്കാന്‍ തരമില്ല, അങ്ങനെ നോക്കിയാല്‍ വിമോചകര്‍ എവിടെയും പോലിസുക്കാരന്റെ, ഭരണാധികാരികളുടെ കണ്ണിലെ കരടായിരിക്കും.... അത് കൊണ്ടായിരിക്കാം അയാളുടെ ഫോട്ടോ പോലീസ് സ്റ്റേഷനില്‍ ഒട്ടിച്ചു വെച്ചത്..
എന്ത് സംശയങ്ങള്‍ ഉണ്ടെങ്കിലും ... ഇത് വളരെ നല്ല നോവലാണ് .. എല്ലാ പ്രവാസികളും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം...കഥ പറഞ്ഞ നജീബിനും എഴുതിയ ബിന്യാമീനും എന്‍റെ ഭാവുകങ്ങള്‍ ....
വാല്‍ കഷ്ണം: ഇവിടെ കുവൈത്തില്‍ "കബദ്" എന്നൊരു സ്ഥലമുണ്ട് രണ്ട് വര്ഷം മുമ്പ് അങ്ങോട്ട് എന്‍റെ ഒരു കൂട്ടുക്കാരന്റെ കൂടെ പോകാന്‍ അവസരം ഉണ്ടായി, അവിടെ കുവൈത്തികള്‍ വാരാന്ത്യത്തില്‍ അല്ലെങ്കില്‍ മറ്റു അവധി ദിവസങ്ങളില്‍ താമസിക്കാന്‍ ഉല്ലസ്സിക്കാന്‍ വരുന്ന സ്ഥലമാണ്, അവിടെയുമുണ്ട് ഇങ്ങനെയുള്ള കുറെ മനുഷ്യര്‍, നല്ല ഭക്ഷണമില്ലാതെ താമസ സൗകര്യമില്ലാതെ, ആടായിട്ടും പക്ഷിയായിട്ടും ജീവിക്കുന്നു... കുറെ ആള്‍ക്കാര്‍ ആടിന്റെയും, താറാവിന്റെയും മറ്റു പക്ഷി മൃഗങ്ങളുടെയും കൂടെയാണെങ്കില്‍ .. മറ്റു കുറച്ചുപേര്‍ മരുഭൂമിയില്‍ പക്ഷി പറപ്പിക്കല്‍ ജോലിയിലും.. ഉടുമ്പ് വേട്ടയിലും.... അല്ലാഹുവേ നിന്റെ കാവല്‍ ...
No comments:
Post a Comment