പെട്രോള്‍ വില 3 രൂപ കൂട്ടി; കേരളത്തില്‍ വില 70 രൂപയോളം
ന്യൂഡല്‍ഹി: പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്. ലിറ്ററിന് 3.14 രൂപയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഇതോടെ നികുതിയുള്‍പ്പെടെ സംസ്ഥാനങ്ങളില്‍ വില മൂന്നര രൂപ വരെ കൂടുമെന്നാണ് കരുതുന്നത്. കേരളത്തില്‍ വര്‍ധനവ് 3.32 രൂപയാണ്. വില വര്‍ധിപ്പിക്കുന്നതോടെ കേരളത്തില്‍ വില 70 രൂപയുടെ അടുക്കലെത്തും. നാലു മാസത്തിനിടെ രണ്ടാമത്തെ വര്‍ധനവാണിത്. മേയില്‍ ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിച്ചിരുന്നു. അതിനുശേഷം രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഗണ്യമായി കുറഞ്ഞിരുന്നു.
ഡോളറിനു മുന്നില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ ക്രൂഡോയില്‍ ഇറക്കുമതിക്കുള്ള ചെലവു കൂടിയെന്നാണു വിശദീകരണം. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഗണ്യമായി കുറഞ്ഞിട്ടും പെട്രോളിന്റെ വിപണിവില കുറയ്‌ക്കാന്‍ വിസമ്മതിച്ച എണ്ണക്കമ്പനികളാണ് രൂപയുടെ മൂല്യം കുറഞ്ഞപാടേ വില കൂട്ടാന്‍ സമ്മര്‍ദം ചെലുത്തിയത്. ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപയുടെ മൂല്യം 2009 സെപ്‌റ്റംബറിനുശേഷമുള്ള ഏറ്റവും താണ നിരക്കിലാണ്.
പൊതുമേഖലാ എണ്ണക്കമ്പനികളുടെ അറ്റാദായം കുതിച്ചുയരുമ്പോഴാണ് ഈ വിലവര്‍ധനവെന്നതാണ് മറ്റൊരു കൗതുകം. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള ആദ്യപാദത്തില്‍ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഐ.ഒ.സിയുടെ അറ്റാദായത്തില്‍ 27.9% വര്‍ധനയുണ്ടായതായാണ് കമ്പനി പുറത്തുവിട്ട കണക്ക്. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവ സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്നതിനാല്‍ 3719 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നും കമ്പനി പറയുന്നു. അതായത്, കമ്പനികള്‍തന്നെ വില നിശ്‌ചയിക്കുന്ന പെട്രോളിന്റെ വില്‍പന നല്ല ലാഭമാണെന്നര്‍ഥം. പെട്രോള്‍ വില്‍പനയില്‍ എത്ര ലാഭമുണ്ടാകുന്നു എന്ന വിവരം കമ്പനികള്‍ മറച്ചുവയ്‌ക്കുകയാണ്. വീപ്പയ്‌ക്ക് 110 ഡോളറിലധികം ക്രൂഡോയിലിനു വിലയുണ്ടായിരുന്നപ്പോള്‍ നിര്‍ണയിച്ച വിലയാണ് ഉപയോക്‌താക്കള്‍ ഇപ്പോഴും നല്‍കുന്നത്.
പെട്രോള്‍ വില്‍പനയില്‍ ലിറ്ററിന് 2.61 രൂപ നഷ്‌ടമാണ് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നത്. പെട്രോള്‍ വില്‍പനയിലൂടെ നിലവില്‍ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്‌ഥാന്‍ പെട്രോളിയം കമ്പനികളുടെ നഷ്‌ടം 2,450 കോടി രൂപയാണെന്നും വില വര്‍ധിപ്പിച്ചില്ലെങ്കില്‍ നടപ്പുസാമ്പത്തികവര്‍ഷം ഇത് 5,300 കോടിയിലെത്തുമെന്നുമാണ് വാദം. ഡീസല്‍ ലിറ്ററിന് 6.05 രൂപയും മണ്ണെണ്ണ ലിറ്ററിന് 23.25 രൂപയും 14.2 കിലോ എല്‍.പി.ജി. സിലിണ്ടറിന് 267 രൂപയും നഷ്‌ടത്തിലാണു വില്‍ക്കുന്നതെന്നും കമ്പനികള്‍ അവകാശപ്പെടുന്നു. മേയില്‍ പെട്രോളിന് ഒറ്റയടിക്ക് 5 രൂപയാണു കൂട്ടിയത്. എല്‍.പി.ജി 50 രൂപ, ഡീസല്‍ 3 രൂപ, മണ്ണെണ്ണ 2 രൂപ എന്നിങ്ങനെയും കൂട്ടിയിരുന്നു.
ക്രൂഡ് വില കഴിഞ്ഞ മാസം ആദ്യം 80 ഡോളറിലും താഴെയെത്തിയിരുന്നു. പെട്രോള്‍ ലിറ്ററിന് 1.65 രൂപവരെ കുറയ്‌ക്കാമെന്ന് അന്നു കമ്പനികള്‍ ശിപാര്‍ശ ചെയ്‌തിരുന്നു. വകുപ്പു മന്ത്രി ജയ്‌പാല്‍ റെഡ്‌ഡി പ്രഖ്യാപിച്ചിട്ടും കമ്പനികള്‍ വില കുറച്ചില്ല. ക്രൂഡ് വില രണ്ടാഴ്‌ച തുടര്‍ച്ചയായി താഴ്‌ന്നുകൊണ്ടിരുന്നാലേ പെട്രോള്‍ വില കുറയ്‌ക്കാനാകൂ എന്ന തന്ത്രമാണു കമ്പനികള്‍ പുറത്തിറക്കിയത്. ക്രൂഡ് വില തുടര്‍ന്ന് 80-90 ഡോളറിനിടയില്‍ കയറിയിറങ്ങി നില്‍ക്കുകയാണുണ്ടായത്. ക്രൂഡിന്റെ അടിസ്‌ഥാന വില കഴിഞ്ഞയാഴ്‌ച 85 ഡോളറിലെത്തിയപ്പോള്‍ കമ്പനികള്‍ വീണ്ടും വാക്കുമാറ്റി.
പെട്രോളിന് 41 പൈസ നഷ്‌ടമുണ്ടെന്നാണു കമ്പനികളുടെ വാദം. ഇപ്പോള്‍ ക്രൂഡോയില്‍ വില 88 ഡോളറാണ്. ഇതുകൊണ്ടു പെട്രോള്‍ ലിറ്ററിനു മൂന്നു രൂപാ നിരക്കില്‍ നഷ്‌ടമുണ്ടെന്നാണു കമ്പനികള്‍ പറയുന്നത്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment