ന്യൂഡല്‍ഹി: കൃഷ്ണ ഗോദാവരി തടത്തിലെ പ്രകൃതിവാതക പര്യവേക്ഷണത്തിന് റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ഉണ്ടാക്കിയ കരാര്‍ കേന്ദ്രസര്‍ക്കാരിനു കണക്കാക്കാന്‍ കഴിയാത്ത വിധം ഭീമമായ നഷ്ടം വരുത്തിവച്ചതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സിഎജി).
ഈ സാഹചര്യത്തില്‍ റിലയന്‍സുമായുള്ള ഉല്‍പ്പാദന-പങ്കുവയ്ക്കല്‍ കരാര്‍ പുനഃപരിശോധിക്കണമെന്നും സിഎജി ആവശ്യപ്പെട്ടു.
ചെലവ് 30,000 കോടി രൂപവരെ പെരുപ്പിച്ചുകാട്ടിയാണ് റിലയന്‍സ് കേന്ദ്രഖജനാവിന് വന്‍നഷ്ടം ഉണ്ടാക്കിയത്.
നേരത്തെ, അശോക് ചാവ്ല കമ്മിറ്റിയും കരാര്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനു അനര്‍ഹമായ നേട്ടം ഉണ്ടാക്കാന്‍ പെട്രോളിയം മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സും (ഡിജിഎച്ച്) കൂട്ടുനിന്നുവെന്ന് രൂക്ഷമായ ഭാഷയിലാണ് കംപ്ട്രോള്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിമര്‍ശിച്ചത്.
വന്‍അഴിമതി ആരോപണങ്ങള്‍ നേരിടുന്ന രണ്ടാം യുപിഎ സര്‍ക്കാരിന് ഇത് കനത്ത പ്രഹരമായി. വന്‍ വിഭവശേഖരണം ആവശ്യമായ പദ്ധതിയുടെ ആസൂത്രണത്തിലും മേല്‍നോട്ടത്തിലും കേന്ദ്രസര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണകുറവിനെ സിഎജി കുറ്റപ്പെടുത്തി. സുപ്രധാനമായ പത്ത് കരാറുകളില്‍ എട്ടെണ്ണവും എതിരാളിയില്ലാതെ റിലയന്‍സിന്റെ അകേര്‍ ഗ്രൂപ്പിന് ലഭിക്കാന്‍ സാഹചര്യമൊരുക്കി. ഈ കരാറുകള്‍ പുനഃപരിശോധിക്കണമെന്ന് സിഎജി നിര്‍ദേശിച്ചു.
വാതക ഖനനത്തിനുള്ള ചെലവ് റിലയന്‍സ് കാലാകാലം പെരുപ്പിച്ചുകാട്ടുകയും ഡിജിഎച്ച് ഇത് ചോദ്യംചെയ്യാതെ അംഗീകരിക്കുകയും ചെയ്തത് വന്‍ അഴിമതിക്ക് വഴിയൊരുക്കി. കരാര്‍ ഒപ്പിടുന്ന 2004 മെയില്‍ പ്രതീക്ഷിത ഖനനച്ചെലവ് 240 കോടി ഡോളര്‍ മാത്രമായിരുന്നു. 2006ല്‍ ഒന്നാംഘട്ട ചെലവ് 520 കോടിഡോളറായും രണ്ടാംഘട്ട ചെലവ് 360 കോടി ഡോളറായും വര്‍ധിപ്പിച്ചു. മൊത്തം ചെലവിനത്തില്‍ 880 കോടി ഡോളര്‍ എന്നിങ്ങനെ 30,000 കോടി രൂപ റിലയന്‍സ് പെരുപ്പിച്ചു കാട്ടി.
ഇത്തരം ക്രമക്കേട് കണ്ടെത്തി സര്‍ക്കാരിന്റെ താല്‍പ്പര്യം സംരക്ഷിക്കേണ്ട ഡിജിഎച്ച് പെരുപ്പിച്ചു കാട്ടിയ ചെലവ് അനുവദിച്ചു. കമ്പനിയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പെട്രോളിയം മന്ത്രാലയം റെഗുലേറ്ററായ ഡിജിഎച്ച് കൂട്ടുനിന്നുവെന്ന് സിഎജി നിരീക്ഷിച്ചു. പെട്രോളിയം മന്ത്രാലയം ഇതു തടയാന്‍ ശ്രമിച്ചില്ലെന്നും കുറ്റപ്പെടുത്തി.
പര്യവേക്ഷണത്തിനായി റിലയന്‍സിനു നല്കിയ ഭൂമി കരാര്‍ പ്രകാരം സര്‍ക്കാരിന് തിരിച്ചുനല്‍കാതെ സൂക്ഷിക്കാന്‍ അനുവദിച്ചതും വന്‍ നഷ്ടമുണ്ടാക്കി.
പര്യവേക്ഷണം നടത്തി വാതകം കണ്ടെത്തിയാല്‍ ആ ഭഭൂമിയില്‍ വാതക കിണറുകള്‍ കുഴിക്കുകയും വാതകം കണ്ടെത്താത്ത ഭൂമി സര്‍ക്കാരിന് തിരിച്ചുനല്‍കുകയും വേണമെന്നാണ് കരാര്‍ . മുഴുവന്‍ ഭൂമിയും വാതകം കണ്ടെത്തിയ ഭൂമിയാക്കി കണക്കാക്കി അവ കൈവശംവയ്ക്കാന്‍ റിലയന്‍സിനെ മന്ത്രാലയം അനുവദിച്ചു.
മൊത്തം 7645 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് റിലയന്‍സിന് പര്യവേക്ഷണത്തിനു നല്‍കിയത്. ഒന്നാംഘട്ട പര്യവേക്ഷണത്തില്‍ നിന്നും രണ്ടും മൂന്നും ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കരാര്‍പ്രകാരം 25 ശതമാനം ഭൂമി തിരിച്ചുനല്‍കണമെന്ന വ്യവസ്ഥ റിലയന്‍സ് പാലിച്ചില്ല. ഇതിനു ഉത്തരവാദി ഡിജിഎച്ച് ആണെന്നും സിഎജി കുറ്റപ്പെടുത്തി.
ഉല്പാദന- പങ്കുവെക്കല്‍ കരാറനുസരിച്ചുള്ള ചട്ടങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും സിഎജി പെട്രോളിയം മന്ത്രാലയത്തോടു നിര്‍ദ്ദേശിച്ചു. ധനസഹമന്ത്രി പളനി മാണിക്കമാണ് സിഎജി റിപ്പോര്‍ട്ട് ലോക്സഭയില്‍ വച്ചത്.
No comments:
Post a Comment