ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള വിമാനയാത്രയില്‍ എംപിമാര്‍ക്ക് സ്ഥിരം പരാതി നല്‍കുന്നവരാണ് എയര്‍ഹോസ്റ്റസുമാര്‍ . മാസങ്ങളുടെ ശമ്പളകുടിശ്ശിക എന്നു കിട്ടുമെന്ന് അറിയുന്നതിനുള്ള ഉല്‍ക്കണ്ഠയാണ് ഇവരുടെ വാക്കുകളില്‍ . മൂന്നുമാസമായിട്ടും ഒരു രൂപപോലും ശമ്പളം കിട്ടാത്ത അവസ്ഥയിലായിരുന്നു ജീവനക്കാര്‍ . ഒടുവില്‍ സര്‍ക്കാര്‍ നല്‍കിയ സാമ്പത്തികസഹായത്തിന്റെ പിന്‍ബലത്തില്‍ പകുതി മാസത്തെ ശമ്പളത്തില്‍ പലരും തൃപ്തിപ്പെടേണ്ടിവന്നു. അങ്ങേയറ്റത്തെ സാമ്പത്തിക കുഴപ്പത്തില്‍പ്പെട്ട് എയര്‍ ഇന്ത്യ തകര്‍ച്ചയുടെ പടിവാതില്‍ക്കലാണ് നില്‍ക്കുന്നത്. പ്രഫുല്‍ പട്ടേല്‍ സിവില്‍ വ്യോമയാനമന്ത്രിയായിരുന്ന കാലമാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചത്. എയര്‍ഇന്ത്യയുടെ ഔദ്യോഗിക ലികിഡേറ്റര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സ്വകാര്യ വിമാനക്കമ്പനികളുടെ താല്‍പ്പര്യമാണ് പ്രഫുല്‍ പട്ടേലിനെ നയിച്ചിരുന്നത്. ഡല്‍ഹിയിലേക്ക് പോകുന്നതിനായി ഒരു ദിവസം രാത്രി കൊച്ചിയില്‍നിന്ന് വിമാനം കയറി. ബോര്‍ഡിങ് കഴിഞ്ഞ് കുറെ സമയം കഴിഞ്ഞിട്ടും വിമാനം പുറപ്പെടുന്നില്ല. യാത്രക്കാര്‍ അസ്വസ്ഥരായിത്തുടങ്ങി. സാങ്കേതിക തകരാറാണ് കാരണമെന്നും അല്‍പ്പസമയം കഴിഞ്ഞാല്‍ പുറപ്പെടുമെന്നും അറിയിപ്പ് വന്നു. പക്ഷേ, കാത്തിരിപ്പ് നീണ്ടു. പരിഹരിക്കാന്‍ പറ്റാത്ത തകരാറാണെന്ന് ഉറപ്പായതോടെ യാത്ര മുടങ്ങി. ഡല്‍ഹിയില്‍നിന്ന് വരാനുള്ള വിമാനം തിരിച്ച് പറത്താമെന്ന ധാരണയില്‍ യാത്രക്കാര്‍ പുറത്തേക്കിറങ്ങി. കാത്തിരിപ്പിന് കൂട്ടായി പൈലറ്റിനെ കിട്ടി. എയര്‍ ഇന്ത്യയെക്കുറിച്ച് നല്ല ധാരണയുള്ളയാളായിരുന്നു അദ്ദേഹം. ഞെട്ടിപ്പിക്കുന്ന ചില വസ്തുതകള്‍ അദ്ദേഹം പറഞ്ഞു. മുപ്പതുവര്‍ഷത്തെ പഴക്കമുള്ള വിമാനത്തിനു യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്തുന്ന കാര്യത്തില്‍ പോലും മാനേജ്മെന്റ് ശ്രദ്ധിക്കുന്നില്ലെന്നതായിരുന്നു ഒരു പ്രശ്നം. ആകാശത്തിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്കും കൃത്യമായ സഞ്ചാരപാതകളുണ്ട്. ഏറ്റവും ഉയരത്തിലാണ് പോകുന്നതെങ്കില്‍ ഇന്ധനച്ചെലവ് കുറവ് മതി. വായുവുമായുള്ള ഘര്‍ഷണത്തിന്റെ കുറവാണ് ഇതിനു കാരണം. താഴത്തെ പാതകളിലേക്ക് പോകുംതോറും ഇന്ധനം കുടുതല്‍ കത്തും. കുറഞ്ഞ ചെലവില്‍ പറക്കാവുന്ന ഉയര്‍ന്ന തലങ്ങളെല്ലാം പ്രഫുല്‍പട്ടേല്‍ നല്‍കിയത് സ്വകാര്യവിമാനക്കമ്പനികള്‍ക്കാണ്. മിക്കവാറും റൂട്ടുകളില്‍ താഴത്തെ പാതയാണ് എയര്‍ഇന്ത്യക്ക് നല്‍കിയിട്ടുള്ളത്. ബോയിങ് ലോകത്തിലെ പ്രധാന വിമാനക്കമ്പനിയാണ്. അവരുടെ പുതിയ വിമാനമായ 787 വാങ്ങുന്നതിനായി എയര്‍ ഇന്ത്യ ബുക്ക് ചെയ്തിരുന്നു. വിമാനം പുറത്തിറങ്ങുന്നത് വൈകിയപ്പോള്‍ മറ്റു വിമാനക്കമ്പനികള്‍ നഷ്ടപരിഹാരവും വാങ്ങി കാത്തിരുന്നു. എന്നാല്‍ , എയര്‍ ഇന്ത്യ മാത്രം ബോയിങ് നിര്‍ദേശിച്ചതുപ്രകാരം 777 വിമാനങ്ങള്‍ വാങ്ങി തൃപ്തിപ്പെട്ടു. കൂടുതല്‍ ഇന്ധനച്ചെലവുള്ള ഈ വിമാനങ്ങള്‍ക്ക് നിരവധി പരാതികളുണ്ട്. അതുകൊണ്ടാണ് മറ്റു കമ്പനികള്‍ ഇതിനു തയ്യാറാകാതിരുന്നത്. 777 വിമാനങ്ങള്‍ വാങ്ങിയതിന്റെ ഫലമായി മാത്രം പ്രതിവര്‍ഷം 500 കോടി രൂപയുടെ അധിക ഇന്ധനച്ചെലവ് എയര്‍ഇന്ത്യ സഹിക്കേണ്ടി വന്നുവെന്നാണ് പറയുന്നത്. സിഎജി റിപ്പോര്‍ട്ടും വിമാനങ്ങള്‍ വാങ്ങിയതിലെ അഴിമതി പുറത്തുകൊണ്ടുവരുന്നുണ്ട്. വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണം വഴി കോടികളാണ് രാജ്യത്തിനു നഷ്ടപ്പെട്ടിട്ടുള്ളത്. എയര്‍ ഇന്ത്യയുടെ ഈ നഷ്ടത്തിന്റെ കണക്കില്‍ മന്ത്രി ധനികനായിക്കൊണ്ടിരുന്നുവെന്നാണ് ജനങ്ങളെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പ്രഫുല്‍പട്ടേല്‍ നല്‍കിയ കണക്കുപ്രകാരം അദ്ദേഹത്തിന്റെ സ്വത്ത് 79 കോടി രൂപയായിരുന്നു. 2011 ആഗസ്തില്‍ മന്ത്രിമാര്‍ സ്വത്ത് പരസ്യപ്പെടുത്തിയതുപ്രകാരം അദ്ദേഹത്തിന്റെ സ്വത്ത് 122 കോടി രൂപയായി വര്‍ധിച്ചു! തെരഞ്ഞെടുപ്പില്‍ ജയിച്ചതിനുശേഷമുള്ള ഓരോ ദിവസവും അഞ്ചുലക്ഷം രൂപവീതം വര്‍ധിച്ചുകൊണ്ടിരുന്നു! എയര്‍ ഇന്ത്യ ജീവനക്കാര്‍ ശമ്പളത്തിനായി കേണുകൊണ്ടിരുന്നപ്പോഴാണ് 28 മാസത്തിനുള്ളില്‍ 79 കോടി രൂപയില്‍നിന്ന് 122 കോടി രൂപയായി അദ്ദേഹത്തിന്റെ സമ്പത്ത് വര്‍ധിച്ചത്. ഇത്തരം കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്ന സംഘടനകളാണ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസും നാഷണല്‍ ഇലക്ഷന്‍ വാച്ചും. അവരാണ് രണ്ടു ഘട്ടങ്ങളിലെ കണക്കുകള്‍ താരതമ്യം ചെയ്ത് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസംഭ"ദ ഹിന്ദു" ദിനപത്രത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സായ്നാഥ് ഇതു സംബന്ധിച്ച് ഒരു ലേഖനം എഴുതിയിരുന്നു. 2009ലെ കണക്കുപ്രകാരം കേന്ദ്രമന്ത്രിമാരുടെ ശരാശരി ആസ്തി 7.3 കോടി രൂപയായിരുന്നുവെങ്കില്‍ 2011ല്‍ അത് 10.6 കോടി രൂപയായി കുത്തനെ ഉയര്‍ന്നിരിക്കുന്നു. മന്ത്രിമാരില്‍ ഏറ്റവും സമ്പന്നന്‍ പ്രഫുല്‍ പട്ടേല്‍ തന്നെയാണ്. പക്ഷേ, സമ്പത്തിന്റെ വര്‍ധനയില്‍ അദ്ദേഹത്തിനു ഒന്നാം സ്ഥാനം നിലനിര്‍ത്താനായില്ല. അത് ഡിഎംകെയുടെ പ്രതിനിധി ജഗതരക്ഷകന്‍ തട്ടിയെടുത്തു! 2009ല്‍ 5.9 കോടി രൂപ മാത്രമുണ്ടായിരുന്ന അദ്ദേഹത്തിന്റെ സമ്പത്ത് ഈ വര്‍ഷം 70 കോടി രൂപയായി കുത്തനെ ഉയര്‍ന്നു. 1092 ശതമാനത്തിന്റെ വര്‍ധന. എ രാജയും മാരനും രാജിവച്ചതിന്റെ ക്ഷീണം അറിയാതെ കാത്തതിനു ജഗതരക്ഷകനോട് ഡിഎംകെ കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് ഇപ്പോള്‍ സഹമന്ത്രി സ്ഥാനം മാത്രമാണുളളത്. ഉള്ള ഒഴിവുകളിലേക്ക് പരിഗണിച്ച് ക്യാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തുന്നതിനുള്ള യോഗ്യത ഉണ്ടെന്നാണ് അദ്ദേഹം തെളിയിച്ചിട്ടുള്ളത്. ഇനിയും കൂടുതല്‍ രക്ഷകനായി മാറാന്‍ ഡിഎംകെ നേതൃത്വം അദ്ദേഹത്തിന് അവസരം നല്‍കേണ്ടതാണ്. മിലന്ദ് ദേവ്ര അടുത്തകാലത്താണ് മന്ത്രിയായത്. എന്നാല്‍ , അദ്ദേഹത്തിന്റെ പിതാവ് മുരളി ദേവ്ര നേരത്തെ മന്ത്രിയായിരുന്നു. റിലയന്‍സിനെ വഴിവിട്ട് സഹായിക്കുന്നെന്ന ആക്ഷേപം വന്നതിനെ തുടര്‍ന്ന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ , പിതാവ് ദുഃഖിക്കേണ്ടെന്നാണ് മകന്റെ വരുമാനക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2009ല്‍ 17 കോടി രൂപ മാത്രമായിരുന്ന അദ്ദേഹത്തിന്റെ സമ്പാദ്യം 2011ലായപ്പോള്‍ അത് 33 കോടി രൂപയായി വര്‍ധിച്ചു! നമ്മുടെ മന്ത്രിമാരുടെ കഴിവ് നന്നായി പ്രകടിപ്പിക്കുന്ന കണക്കുകളാണ് ഇവ. ഇതെല്ലാം അവരവര്‍ തന്നെ നല്‍കുന്ന ഔദ്യാഗികമായ കണക്കുകളാണ്. ജനാധിപത്യത്തിന്റെ പഴയ നിര്‍വചനങ്ങള്‍ ഇന്ന് അപ്രസക്തമാകുന്നു. 79 ശതമാനം ജനങ്ങളും ഇരുപതുരൂപയില്‍ താഴെ പ്രതിദിന ഉപഭോഗത്തിനായി ചെലവഴിക്കാന്‍ വിധിക്കപ്പെട്ട രാജ്യത്തിന്റെ മന്ത്രിമാരാണ് ഇവര്‍ . ലോക്സഭയില്‍ 315 പേരും രാജ്യസഭയില്‍ 98 പേരും കോടിപതികളാണ്. രാജ്യസഭയില്‍ അടുത്തിടെ സത്യപ്രതിജ്ഞചെയ്ത 53 പേരില്‍ 48 പേരും കോടിപതികളാണ്. ഈ 48 പേരുടെ ശരാശരി ആസ്തി 23 കോടി രൂപയിലുമധികമാണ്. ഉദാരവല്‍ക്കരണ നയങ്ങളുടെ രണ്ടു പതിറ്റാണ്ടുകൊണ്ട് രാജ്യത്തുവന്ന മാറ്റമാണിത്. 1948നും 2008 നുമിടയില്‍ പത്തുലക്ഷം കോടി രൂപയിലധികമാണ് ഇന്ത്യയില്‍നിന്ന് പുറത്തേക്ക് കള്ളപ്പണമായി ഒഴുകിയത്. അതില്‍ ഏകദേശം ആറുലക്ഷം കോടി രൂപയും രണ്ടായിരത്തിനുശേഷമാണ്. ജനാധിപത്യത്തിന്റെ അവശേഷിക്കുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നാണ് ഈ വസ്തുകളെല്ലാം പഠിപ്പിക്കുന്നത്. ഭൂമിയും ആകാശവും പാതാളവും എല്ലാം അഴിമതിയുടെ കേന്ദ്രമാക്കി മാറ്റുന്ന സംഘത്തെ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment