എന്റെ വീട്ടുകാരി ഒരു മഹിളാമാസിക എന്റെ മുന്നിലേക്കു നീട്ടി ചോദിച്ചു, 'ഇതാ കണ്ടില്ലെ? ഇമ്മാതിരി വിവരക്കേടു പറയുന്നതു കേട്ട് മിണ്ടാതിരിക്കുന്നതാണൊ ശരി?'
കര്‍ക്കശഭാവം പതിവില്ലാത്ത ആളായതിനാല്‍ ഇത്രയും പ്രകോപിതയാകാന്‍ എന്തു കാരണമെന്ന ആശ്ചര്യത്തോടെ ഞാന്‍ ആ വാരിക വാങ്ങി നോക്കി. വി. മീരയുടെ ഒരു പ്രസ്താവം വാചകമേളയില്‍ വന്നതാണ് കാര്യം. ഉദ്ധരണി ഇതാണ്: 'വീട്ടമ്മ എന്ന പദം സ്ത്രീകളുടെ തൊഴിലില്ലായ്മയുടെ തോത് മറച്ചു വെക്കുന്നു. മിക്ക സ്ത്രീകളും വീട്ടമ്മമാര്‍ മാത്രമല്ല, അവര്‍ തൊഴിലില്ലാത്തവര്‍കൂടിയാണ്.- വി. മീര.'
വീട്ടമ്മ കൈയും കെട്ടി വീട്ടിലിരിപ്പാണ് എന്ന നിലപാടാണ് എന്റെ വീട്ടുകാരിയെ ചൊടിപ്പിച്ചതെന്നു മനസ്സിലായി. അവള്‍ തുടര്‍ന്നു. 'ഒരു വീടു കൊണ്ടുനടത്തുക എന്നത് അത്ര ചെറിയ പണിയാണൊ? രാവിലെ മുതല്‍ വൈകുന്നേരമെന്നല്ല പാതിരാത്രിവരെ പണിതിട്ടും തീരാത്ത പണിയല്ലെ അത്? വൃത്തിയും വെടിപ്പുമുള്ള ഒരു വീടില്ലാതെ എന്തു ജീവിതം? കുട്ടികളെ ആര്‍ നോക്കും? എന്താണാവൊ ഇപ്പറയുന്നവരുടെയൊക്കെ ജീവിതരീതി?'
ഈ കാലത്ത് സ്ത്രീക്കും പുരുഷനും സമ്പാദ്യമുണ്ടെങ്കിലേ കാര്യങ്ങള്‍ നടക്കൂ എന്നു ഞാന്‍ പറഞ്ഞുനോക്കി. ഏശിയില്ല. സൃഷ്ടികളില്‍ എല്ലാ ജീവികളിലും ആണും പെണ്ണും തമ്മില്‍ പ്രവൃത്തിവിഭജനം ഇല്ലെ എന്നായി അപ്പോള്‍ അവളുടെ ചോദ്യം. ഒരാള്‍ ഇര തേടുമ്പോള്‍ മറ്റെയാള്‍ അടയിരിക്കുന്നു. അല്ലെങ്കില്‍ മറിച്ചും. ഒരാള്‍ കൂടു റിപ്പെയര്‍ ചെയ്യാന്‍ നില്‍ക്കുമ്പോള്‍ ഇണ ഇര തേടി ഇറങ്ങുന്നു.
എന്റെ എല്ലാ വാദങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് അവള്‍ ശഠിക്കുന്നു, കുടുംബം എന്ന സങ്കല്പം നശിച്ചതാണ് ഇത്തരം പ്രസ്താവനകള്‍ക്ക് കാരണമെന്ന്. വീട്ടിലെ സ്വസ്ഥതയും സന്തോഷവും കുട്ടികളുടെ ഭാവിയുമാണ് ജീവിതത്തില്‍ പ്രധാനമെന്നു കരുതുന്നവര്‍ക്ക് ഇത്തരം നിലപാടുകള്‍ യോജിക്കില്ല. ആണൊ പെണ്ണൊ ആകട്ടെ, ഒരാള്‍ കുടുംബം നോക്കാന്‍ വേണം. കുടുംബമെന്നത് ഒരു വെറും ഹോട്ടല്‍മുറി അല്ലല്ലോ.
ഞാന്‍ പറഞ്ഞു, ഏതു ജോലി ആര്‍ ചെയ്യണമെന്നതാണ് പ്രശ്‌നം.
കുട്ടികളെ മുലയൂട്ടാന്‍ കുട്ടികളുടെ അച്ഛന്‍ വീട്ടിലിരുന്നാല്‍ മതിയൊ എന്ന ചോദ്യം അപ്പോള്‍ അമ്പുപോലെ വന്നു. ഒരാളുടെ അദ്ധ്വാനംകൊണ്ട് ദാരിദ്ര്യം തീരുമെങ്കില്‍ അതു പോരെ? ആര്‍ഭാടം വാങ്ങാന്‍ കൂടു മറന്നു പറക്കണൊ? ഗര്‍ഭിണിയായാലും വീര്‍ത്ത വയറുമായി ബസ്സിലും ട്രെയിനിലും പിടിച്ചു തൂങ്ങി സര്‍ക്കസ്സു കളിക്കണൊ? അവസാനം, ഭാര്യയ്ക്കു പകരം ഭര്‍ത്താവു പ്രസവിക്കുമൊ? ചുമതലകളെക്കുറിച്ച് ഒരു പരസ്പരധാരണ ഉണ്ടായാല്‍ എന്താണ് തെറ്റ്? ശമ്പളം കിട്ടുന്നതേ ചെയ്യൂ എങ്കില്‍ കുളിക്കുന്നതിനും മുടി ചീകുന്നതിനുമൊക്കെ ശമ്പളം കിട്ടണ്ടെ? പരസ്പരസ്നേഹത്തിനു ശമ്പളം കിട്ടുമൊ, എന്നെങ്കിലും? കിട്ടണമെന്നു ചിന്തിക്കുന്നവരെ വീട്ടമ്മമാര്‍ എന്നു പറയാമൊ?
ഞാന്‍ ചോദിച്ചു, 'ആളുകള്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ പാടില്ലെ?'
അവള്‍ പറഞ്ഞു, 'തീര്‍ച്ചയായും. പക്ഷേ, എന്റെ അഭിപ്രായംകൂടി നാലുപേര്‍ അറിയണം.'
ഞങ്ങള്‍ക്കിടയില്‍ മുപ്പതു കൊല്ലമായി ഉള്ള ധാരണ അനുസരിച്ച് ഞാനത് കുറിക്കുന്നു.
(സി. രാധാകൃഷ്ണന്റെ ലേഖനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
No comments:
Post a Comment