Wednesday, 7 September 2011

[www.keralites.net] ഇത്ര ജീവിച്ചില്ലേ, എന്തുണ്ട്‌ സമ്പാദ്യം !!??

 

അസ്സലാമു അലൈകും,

നമ്മള്‍ കുറച്ചുകാലം ഈ ലോകത്ത്‌ ജീവിച്ചു എന്നതിന്റെ തെളിവ്‌ എന്താണ്‌? നമ്മള്‍ ഇവിടെ ബാക്കിയാക്കുന്ന കാര്യങ്ങളാണ്‌, അല്ലേ?
എങ്കില്‍ അതെന്താണ്‌? നമ്മുടെ മക്കളും നാം വാങ്ങിക്കൂട്ടിയ സമ്പത്തുമാണോ? നമുക്ക്‌ മുമ്പ്‌ മരിച്ചുപോയവര്‍ക്കെന്താണ്‌ വല്ലപ്പോഴും അവരെയൊന്ന്‌ ഓര്‍ക്കുന്ന മക്കള്‍ എങ്ങനെയാണ്‌ അവരുടെ ഏറ്റവും നല്ല സമ്പാദ്യമാവുക? അവരുടെ മരണശേഷം മറ്റുള്ളവരുടേതായിത്തീര്‍ന്ന സമ്പത്ത്‌ എങ്ങനെയാണ്‌ ഈ ലോകത്തെ മികച്ച വിഭവമാവുക?
അപ്പോള്‍ പിന്നെയെന്താണ്‌?
വിശുദ്ധ ഖുര്‍ആന്‍ അതിന്‌ ഉത്തരം പറയുന്നു: ``സ്വത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്‌ അലങ്കാരങ്ങളാകുന്നു. എന്നാല്‍ നിലനില്‌ക്കുന്ന സല്‍ക്കര്‍മങ്ങളാണ്‌ നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‌കുന്നതും.'' (18:46)
`
നിലനില്‍ക്കുന്ന സല്‍ക്കര്‍മങ്ങള്‍' എന്ന്‌ അര്‍ഥം നല്‌കിയിട്ടുണ്ടെങ്കിലും `കര്‍മങ്ങള്‍' എന്ന്‌ ഖുര്‍ആന്‍ ഈ ആയത്തില്‍ പ്രയോഗിച്ചിട്ടില്ല. വല്‍ബാഖിയാതുസ്സ്വാലിഹാതു എന്നേ പറഞ്ഞിട്ടുള്ളൂ. അഥവാ `നീണ്ടുനില്‌ക്കുന്ന നന്മകള്‍'. അതെ. നന്മകള്‍, നീണ്ടുനില്‌ക്കുന്ന നന്മകള്‍. അതു മാത്രമാണീ ജീവിതത്തിന്റെ സമ്പാദ്യം.
സ്വത്തും സന്താനങ്ങളും `അലങ്കാരം' മാത്രമാണെന്ന്‌ അല്ലാഹു ഓര്‍മപ്പെടുത്തുന്നു. അലങ്കാരങ്ങള്‍ എല്ലാ കാലത്തേക്കുമുള്ളതല്ല. അല്‌പനേരത്തേക്കുള്ളതാണ്‌. പുതിയ ഷോപ്പിന്‌ മുന്നില്‍ അലങ്കാരങ്ങള്‍ കെട്ടിത്തൂക്കാറുണ്ട്‌. നിറവെളിച്ചങ്ങളും അരങ്ങുകളുമൊക്കെ. ഒന്നോ രണ്ടോ ദിവസമേ അതവിടെ കാണൂ. പിന്നെ എടുത്തുമാറ്റുന്നു. അതാണ്‌ അല്ലാഹുവും പറഞ്ഞത്‌.
നന്മകളെക്കുറിച്ച വീണ്ടുവിചാരമാണ്‌ ഓരോ ദിവസവും നമ്മിലുണ്ടാകേണ്ടത്‌. ``ഇത്രകാലം ജീവിച്ചിട്ടും എന്താണ്‌ സമ്പാദ്യം?'' എന്ന്‌ നമ്മള്‍ നമ്മളോടു തന്നെ ചോദിച്ച്‌ നെടുവീര്‍പ്പിടാറുണ്ട്‌. പ്രവാസികള്‍ കൂടുതല്‍ കേള്‍ക്കുന്ന ചോദ്യമാണിത്‌. ആര്‍ക്കുള്ള സമ്പാദ്യത്തെക്കുറിച്ചാണ്‌ ഈ ചോദ്യം? കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടിയുള്ള സമ്പാദ്യത്തെ കുറിച്ച്‌!
അല്ലാഹു ഓര്‍മപ്പെടുത്തുന്നത്‌ മറ്റൊരു സമ്പാദ്യത്തെ കുറിച്ചാണ്‌: ``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നാളേക്കു വേണ്ടി എന്തൊരു മുന്നൊരുക്കമാണ്‌ ചെയ്‌തിട്ടുള്ളതെന്ന്‌ ഓരോരുത്തരും നോക്കട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്‌മജ്ഞാനമുള്ളവനാകുന്നു, അല്ലാഹു.'' (59:18)
ഞങ്ങളുടെ കുടുംബത്തിലൊരു വല്ല്യുമ്മയുണ്ടായിരുന്നു. അവരുടെ ജീവിതം മുഴുവനും മക്കള്‍ക്കും പേരമക്കള്‍ക്കും വേണ്ടിയായിരുന്നു. ഹൃദയം നിറയെ വാത്സല്യവുമായി അവര്‍ ജീവിച്ചു. മക്കളുടെ സന്തോഷത്തിനു വേണ്ടി മാത്രമായി കഴിഞ്ഞുകൂടുന്നതിനിടയില്‍ രോഗങ്ങളൊന്നുമില്ലാതെ പെട്ടെന്നവര്‍ മരണപ്പെട്ടു. കുടുംബത്തെയാകെ ഉലച്ചുകളഞ്ഞ വേര്‍പാടായിരുന്നു അത്‌. സ്‌നേഹത്തിന്റെ നിറകുടമായ വല്യുമ്മയെ ഓര്‍ത്ത്‌ എല്ലാവരും വിങ്ങിപ്പൊട്ടി. വല്യുമ്മയില്ലാത്ത വീട്ടിലേക്ക്‌ ഇനി എങ്ങനെ വരുമെന്ന്‌ സങ്കടപ്പെട്ടു. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞുപോയി. ഇപ്പോള്‍ ആരും വല്യുമ്മയെക്കുറിച്ച്‌ പറയുന്നത്‌ കേള്‍ക്കാറില്ല. വല്ലപ്പോഴുമൊരു പെരുന്നാളിനോ കല്യാണത്തിനോ ഒക്കെ ഒന്നോര്‍ക്കുന്നു. `വല്യുമ്മയുണ്ടായിരുന്ന ആ കാലം...!' എന്ന്‌ പരസ്‌പരം പറയുന്നു, അത്രമാത്രം.

ഇനിയൊന്നോര്‍ത്തുനോക്കൂ.
ആ വല്യുമ്മക്ക്‌ ഇനിയെന്താണ്‌ ബാക്കിയുള്ളത്‌?
ഈ മക്കള്‍ അവരുടെ ഓര്‍മ പോലും നിലനിര്‍ത്തുന്നില്ല. ആ ഖബ്‌ര്‍ സന്ദര്‍ശിച്ച്‌ സ്‌നേഹധന്യയായ ആ ഉമ്മക്കു വേണ്ടി പ്രാര്‍ഥിക്കുന്നില്ല.
ആ ഖബ്‌റില്‍ ഉമ്മയോടൊപ്പം ബാക്കിയുള്ളതെന്താണ്‌?
നമ്മുടെ ഖബ്‌റില്‍ നമുക്ക്‌ ബാക്കിയാകുന്നതെന്താണ്‌? നാം ചെയ്‌ത നന്മകള്‍, അതു മാത്രം. ആരോഗ്യം കൊണ്ടും സമയം കൊണ്ടും സമ്പത്തുകൊണ്ടും അറിവുകൊണ്ടും ചെയ്‌തുവെച്ച നന്മകള്‍ മാത്രം.
മരണപ്പെട്ടവര്‍ക്ക്‌ നഷ്‌ടപ്പെട്ടതും നമുക്ക്‌ നഷ്‌ടപ്പെടാത്തതുമെന്താണ്‌?
സമയം!
സമയമാണ്‌ പ്രധാനം. എങ്ങനെ ഈ നിമിഷങ്ങളെ വിനിയോഗിക്കുന്നു എന്നതു തന്നെയാണ്‌ പ്രധാനം.

നന്മുടെ മരണത്തെക്കുറിച്ച്‌ ഏകദേശ ധാരണ പോലും നമുക്കില്ല. ജീവിതത്തെക്കുറിച്ച്‌ അത്ര തന്നെ ഉറപ്പുമില്ല. അതിനിസ്സാരമായ ഈ ആയുസ്സു കൊണ്ട്‌ നാമെങ്ങനെയാണ്‌ ഓര്‍മിക്കപ്പെടുക? നമുക്ക്‌ ശേഷം ഇവിടെ ജീവിക്കുന്നവരും ഈ ജീവിതം തന്ന അല്ലാഹുവും നമ്മെപ്പറ്റി നല്ലതു പറയണം, അതാണ്‌ വിജയം.
``
പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്കു നീ സല്‍കീര്‍ത്തിയുണ്ടാക്കേണമേ?'' (26:84) എന്ന്‌ ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ചിട്ടുണ്ടല്ലോ.
കിട്ടിയ ആയുസ്സുകൊണ്ട്‌ വിജയം നേടണം.
സമയം ചെലവഴിക്കുന്നതെല്ലാം പ്രതിഫലാര്‍ഹമാകണം. വിനോദം, രസങ്ങള്‍, തമാശകള്‍... എല്ലാം നിയന്ത്രിക്കപ്പെടണം. ഭക്ഷണത്തോടൊപ്പം നമ്മള്‍ അച്ചാര്‍ ഉപയോഗിക്കാറുണ്ടല്ലോ. എത്ര ഉപയോഗിക്കും? വളരെക്കുറച്ച്‌. ഒരു പുളിക്ക്‌, രസത്തിന്‌ അത്രമാത്രം.

ഭക്ഷണത്തേക്കാള്‍ അച്ചാറു കൂട്ടിയാല്‍ എങ്ങനെയിരിക്കും! കളി തമാശകള്‍ക്ക്‌ നമ്മുടെ ജീവിത്തിലുള്ള സ്ഥാനവും അത്രമാത്രമേ ഉണ്ടാകാവൂ.
ഇന്റര്‍നെറ്റിനു മുന്നില്‍ ദീര്‍ഘസമയം ചെലവഴിക്കുന്നവര്‍ ആ സമയം കൊണ്ട്‌ നാളേക്ക്‌ എന്തുനേടിയെന്ന്‌ വീണ്ടും വീണ്ടും ചിന്തിക്കേണ്ടതുണ്ട്‌. നമുക്ക്‌ രസിക്കാനും മറ്റുള്ളവരെ രസിപ്പിക്കാനുമാണ്‌ സമയം നശിപ്പിച്ചതെങ്കില്‍ അല്ലാഹുവിന്റെ മുന്നില്‍ നഷ്‌ടക്കാരായിരിക്കില്ലേ നമ്മള്‍?
തിരുനബി(സ) ധാരാളമായി പ്രാര്‍ഥിച്ചിരുന്ന ഒരു ദുആ നമ്മുടെയും കൂട്ടുകാരനാകട്ടെ; ``ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ നീ ഉറപ്പിച്ചു നിര്‍ത്തേണമേ.'' (തിര്‍മിദി 3522)
നാവിന്‌ സീലുവെക്കുകയും കൈകാലുകള്‍ സംസാരിക്കുകയും ചെയ്യുന്ന ദിവസം നമ്മുടെ ഹൃദയത്തെ ഇനിയും വിറപ്പിക്കുന്നില്ലേ?

ലത്തീഫ് കെപി

 

ഇന്ത്യന്‍ സ്കൂള്‍ അലൈന്‍

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment