പെട്രോളിനും ഡീസലിനും ഭക്ഷ്യ വസ്തുക്കള്‍ക്കുമൊക്കെ വില ഉയരുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുകയാണ്. ഉയരുന്ന പണപ്പെരുപ്പവും മറ്റും പത്രവാര്‍ത്തകളില്‍ നിറയുമ്പോള്‍ ഉള്ളിയടക്കമുള്ള പച്ചക്കറികള്‍ക്കും അരിക്കും മാംസത്തിനും മുട്ടയ്ക്കുമൊക്കെ മാത്രമേ വില കൂടൂ എന്നാണ് നമ്മുടെ ധാരണ.
എന്നാല്‍, പച്ചക്കറിയും പഴങ്ങളും മാത്രമാണോ നമ്മുടെ പോക്കറ്റ് ചോര്‍ത്തുന്നത്? അല്ല. മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഒക്കെയുള്ള ഷോപ്പിങ് വേളകളില്‍ പലവ്യഞ്ജനങ്ങളുടെ വില വിവരപ്പട്ടികയിലൂടെയൊന്ന് ശ്രദ്ധിച്ചു കണ്ണോടിച്ചാല്‍ ഇത് മനസ്സിലാവും. പാക്കറ്റില്‍ ലഭിക്കുന്ന പാലിനും പാമോയിലിനും പൗഡറിനും സോപ്പിനും ഷാമ്പുവിനും വരെ ഇന്ന് ഇരട്ടി വിലയാണ് നമ്മള്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ ഷോപ്പിങ് മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമൊക്കെ ചെലവഴിക്കുന്ന തുക ഇതുവരെ രേഖപ്പെടുത്തി പരിശോധിച്ചിട്ടില്ലെങ്കില്‍ അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. കൃത്യമായ ആസൂത്രണത്തിലൂടെ ഷോപ്പിങ് വേളയിലെ അനാവശ്യ ചെലവുകള്‍ വലിയൊരളവോളം കുറക്കാനാവും. ഷോപ്പിങ്ങിനായി നിലവില്‍ ചെലവഴിക്കുന്നതിന്റെ 20 ശതമാനം വരെയെങ്കിലും ഇത്തരത്തില്‍ ചുരുക്കാം.
ഷോപ്പിങ് ചെലവ് എങ്ങനെ കുറക്കാം?
ഷോപ്പിങ്ങിനായി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് തന്നെ ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കണം. ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങുന്നത് ഇതുവഴി ഒഴിവാക്കാം. വീട്ടിലുള്ള സാധനങ്ങള്‍ വീണ്ടും വാങ്ങി പാഴാക്കാതിരിക്കാനും ലിസ്റ്റ് തയ്യാറാക്കുന്നത് ഗുണം ചെയ്യും. ഷോപ്പിങ്ങിനായി പോകുമ്പോള്‍ കുട്ടികളെ കൊണ്ടു പോകുന്നത് കഴിവതും ഒഴിവാക്കുക. പരസ്യങ്ങളിലും മറ്റും ആകൃഷ്ടരായി, അല്ലെങ്കില്‍ സൗജന്യ ഗിഫ്റ്റുകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കുമൊക്കെയായി ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങാന്‍ കുട്ടികള്‍ വാശി പിടിക്കും. പലപ്പോഴും ഈ വാശിക്ക് വഴങ്ങേണ്ടിയും വരും. ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കിയാല്‍ തന്നെ കുടുംബ ബജറ്റില്‍ നല്ലൊരു തുക സേവ് ചെയ്യാന്‍ കഴിയും.
എവിടെ നിന്ന് സാധനങ്ങള്‍ വാങ്ങാം?
ഒരു ടീഷര്‍ട്ട് വേണം. എന്നാല്‍ പിന്നെ നൈകിയുടെ ഷോറൂമില്‍ പോവാം അല്ലെങ്കില്‍ വേണ്ട ടൗണില്‍ ഏതെങ്കിലും മാളുകളില്‍ പോയാല്‍ മറ്റ് സാധനങ്ങളും വാങ്ങാമല്ലോ. സമയത്തിന് ഏറ്റവും വിലയുള്ള ഈ അവസരത്തില്‍ സാധാരണക്കാരന്‍ ഇങ്ങനെ ചിന്തിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല. എന്നാല്‍ ഒരേ ഉത്പന്നങ്ങള്‍ തന്നെ പല കടകളിലും പല വിലയ്ക്കാണ് ലഭിക്കുന്നത്. അതായത് സാധനങ്ങള്‍ വാങ്ങുമ്പോള്‍ എം.ആര്‍.പിയില്‍ ലഭിക്കുന്ന ഡിസ്‌ക്കൗണ്ടിനായിരിക്കണം മുന്‍ഗണനയെന്ന് സാരം. ടൗണിലെ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോറുകളില്‍ നിന്ന് ലഭിക്കുന്നതിനെക്കാള്‍ ഡിസ്‌ക്കൗണ്ട് ലഭിക്കുക ഒരുപക്ഷെ തൊട്ടടുത്തുള്ള സ്റ്റോറിലായിരിക്കും. അതുകൊണ്ട് തന്നെ പല കടകളിലെയും വില താരതമ്യം ചെയ്ത് മാത്രം സാധനങ്ങള്‍ വാങ്ങിയാല്‍ ചിലപ്പോള്‍ വലിയൊരു തുക തന്നെ ലാഭിക്കാന്‍ സാധിച്ചേക്കും.
സാധനങ്ങളുടെ മൂല്യം എങ്ങനെ മനസ്സിലാക്കാം?
ബിസ്‌ക്കറ്റും ന്യൂഡില്‍സുമടക്കമുള്ള ഭക്ഷണ സാധനങ്ങളും ഷാമ്പൂ പോലെയുള്ള പാക്കറ്റ് ഉത്പ്പന്നങ്ങളും വാങ്ങുമ്പോള്‍ പലപ്പോഴും ബ്രാന്‍ഡാണ് ആദ്യം നോക്കുക. എം.ആര്‍.പി എത്രയാണെന്നായിരിക്കും പിന്നീട് നോക്കുക.
എന്നാല്‍, എഫ്.എം.സി.ജി ഉത്പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ മൂല്യത്തിനനുസരിച്ചുള്ള തോതില്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ടോ എന്നാണ് കാര്യമായി ശ്രദ്ധിക്കേണ്ടത്. കാരണം, പണപ്പെരുപ്പവും മറ്റും നേരിടുന്നതിനായി മറ്റ് കമ്പനികളെല്ലാം ഉത്പ്പനന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുമ്പോള്‍ എഫ്.എം.സി.ജി കമ്പനികള്‍ വില വര്‍ധിപ്പിക്കാതെ തന്നെ നിലനില്‍ക്കാനുള്ള മാര്‍ഗങ്ങളാണ് കൈക്കൊള്ളുന്നത്. ഇതിനായി ഇവര്‍ അളവോ തുക്കമോ കുറക്കുന്നു. ഇതുകൊണ്ട് വില മാത്രം നോക്കി സാധനങ്ങള്‍ വാങ്ങുമ്പോള്‍ മൂല്യമനുസരിച്ചുള്ള ഉത്പന്നങ്ങള്‍ പലപ്പോഴും നമുക്ക് ലഭിക്കുന്നില്ല. അതിനാല്‍ തന്നെ വിപണിയില്‍ ഇന്ന് ലഭിക്കുന്ന പല കമ്പനികളുടെ ബിസക്കറ്റ് പാക്കുകളും ഇന്ന് നൂറ് ഗ്രാമില്‍ നിന്നും 89ഓ 80ഓ ഗ്രാമായി കുറഞ്ഞിട്ടുണ്ട്. അതുപോലെ ചെറിയ പാക്കറ്റുകളില്‍ എത്തുന്ന ഷാമ്പുവും മറ്റും വാങ്ങുമ്പോഴും ശ്രദ്ധിക്കണം. ഒരുപക്ഷെ മൂന്നോ നാലോ രൂപക്ക് ചെറിയ പാക്കറ്റുകളില്‍ ലഭിക്കുന്ന ഷാമ്പൂ വാങ്ങുന്നതിനെക്കാള്‍ 200-400 മില്ലി ലിറ്റര്‍ ബോട്ടിലുകളില്‍ വരുന്ന ബ്രാന്‍ഡ് വാങ്ങുന്നതായിരിക്കും കൂടുതല്‍ ലാഭകരം.
വെളിച്ചെണ്ണയും ആട്ടയും പോലെ പാക്കറ്റില്‍ ലഭ്യമാവുന്ന മറ്റ് ഭക്ഷണ വസ്തുക്കള്‍ വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ചില പ്രമുഖ ബ്രാന്‍ഡുകളെക്കാള്‍ 15-20 ശതമാനം വരെ വില കുറഞ്ഞവയായിരിക്കും ചില ലോക്കല്‍ ബ്രാന്‍ഡുകള്‍. ചില റീട്ടെയില്‍ സ്‌റ്റോര്‍ ശൃംഖലകളും കുറഞ്ഞ നിരക്കില്‍ ഇവ ലഭ്യമാക്കുന്നുണ്ട്.
ഓഫറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍
പല കമ്പനികളും ഉപഭോക്താക്കളുടെ മനംകവരാന്‍ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായാണ് വിപണിയിലെത്തുന്നത്. ഒന്നെടുത്താല്‍ രണ്ടെണ്ണം സൗജന്യമെന്ന് കേള്‍ക്കുമ്പോള്‍ ആരും ആ ഉത്പന്നത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും സ്വാഭാവികം. എന്നാല്‍, ഇത്തരത്തിലുള്ള ഓഫറുകളെ കണ്ണടച്ച് വിശ്വസിക്കരുത്; പ്രത്യേകിച്ചും പാക്കറ്റ് ജ്യൂസുകളോ മറ്റോ വാങ്ങുന്ന അവസരത്തില്‍. കാരണം അമിതമായ സ്‌റ്റോക്ക് ഒഴിവാക്കുന്നതിനായി പല കമ്പനികളും ഇത്തരം ഓഫറുകള്‍ അവതരിപ്പിക്കാറുണ്ട്. ഇത് തിരിച്ചറിയാന്‍ പാക്കറ്റിന് മുകളില്‍ രേഖപ്പെടുത്തിയ എക്‌സ്പയറി ഡേറ്റ് പരിശോധിക്കുക മാത്രമാണ് മാര്‍ഗം. സൗജന്യ ഓഫറുകളാണെങ്കിലും ഒരുപാട് കാലം സൂക്ഷിക്കാവുന്ന വസ്തുക്കള്‍ മാത്രമേ തിരഞ്ഞെടുക്കാവൂ. അതുപോലെ ഗ്ലാസ് ബൗളുകളും ക്രിക്കറ്റ് ബാറ്റുകളും മറ്റും തിരഞ്ഞെടുക്കുമ്പോള്‍ ഗുണനിലവാരം കണക്കിലെടുത്ത് ഓഫറില്ലാത്തവ വാങ്ങുന്നതാണ് നല്ലത്.
മാളിന് പുറത്ത് കടക്കുമ്പോള്‍
സാധനങ്ങളെല്ലാം തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ ബില്ലിങ് ടേബിളിന് മുന്നില്‍ പലപ്പോഴും കാത്ത് നില്‍ക്കേണ്ടതായി വരാറുണ്ട്. അതുകൊണ്ട് തന്നെ തിരക്കൊഴിഞ്ഞാലുടന്‍ പണമടച്ച് കടയ്ക്ക് പുറത്ത് കടക്കാനായിരിക്കും ഏവര്‍ക്കും തിടുക്കം. എന്നാല്‍ ശ്രദ്ധിക്കാതെ ബില്ലടച്ചാല്‍ ഒരുപക്ഷെ വലിയൊരു തുക തന്നെ നിങ്ങള്‍ക്ക് നഷ്ടമായേക്കുമെന്ന് ഓര്‍ക്കണം. പല കമ്പ്യൂറുകളിലെ ബില്ലിങ് സംവിധാനത്തിലും തകരാറുകളുണ്ടാവുന്നതിനാല്‍ ഒരുപക്ഷെ വാങ്ങാത്ത സാധനങ്ങള്‍ പോലും ബില്ലില്‍ കടന്നു വരികയും ചെയ്യാറുണ്ട്. ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉത്പ്പന്നങ്ങളുടെ അളവും തൂക്കവും വിലയും വരെ വ്യക്തമായി പരിശോധിക്കുക വഴി ഇത്തരത്തിലുള്ള നഷ്ടം ഒഴിവാക്കാനാവും.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment