ന്യൂഡല്‍ഹി: അണ്ണ ഹസാരെയുടെ സമരം അവസാനിപ്പിച്ച് ജനലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ റെയില്‍വേ സ്തംഭിപ്പിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ തൊഴിലാളി യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി. നാലു സംഘടനകളാണ് സംയുക്തമായി ഇക്കാര്യം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം രാംലീല മൈതാനത്തെത്തിയ സംഘടനാ നേതാക്കള്‍ അണ്ണ ഹസാരെയ്ക്ക് പൂര്‍ണപിന്തുണ അറിയിച്ചു. ഓള്‍ ഇന്ത്യ റെയില്‍വേ മെന്‍സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ശിവഗോയല്‍ മിത്ര, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍വേ മെന്‍ ജനറല്‍ സെക്രട്ടറി എം.രാഘവയ്യ, ആള്‍ ഇന്ത്യ റെയില്‍വേ സുരക്ഷാബല്‍സംഘ് ജനറല്‍ സെക്രട്ടറി യു. എസ്. ഝാ, ഇന്ത്യന്‍ റെയില്‍വേ പ്രൊമോട്ടീസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങ് എന്നിവരുടെ നേതൃത്വത്തിലാണ് റെയില്‍വേ ജീവനക്കാരും തൊഴിലാളികളും സമരപ്പന്തലിലെത്തിയത്. സമരസമിതിയംഗവും ഏകതാ പരിഷത്ത് ദേശീയ പ്രസിഡന്റുമായ പി.വി. രാജഗോപാലുമായി നേതാക്കള്‍ ചര്‍ച്ച നടത്തി.
സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി. തുടങ്ങിയ ഇടതു-വലതു യൂണിയനുകളെല്ലാം അംഗങ്ങളായുള്ളതാണ് ഈ നാലു റെയില്‍വേ സംഘടനകള്‍. റെയില്‍വേ ഇന്ത്യയുടെ ജീവനാഡീയാണെന്നും അഴിമതി തടയാനുള്ള ജനലോക്പാല്‍ ബില്‍ പാസ്സാക്കിയില്ലെങ്കില്‍ റെയില്‍വേ സ്തംഭിപ്പിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
അണ്ണ ഹസാരെയുടെ നിരാഹാരം ഒമ്പതാം ദിവസമായതോടെ പിന്തുണയുമായി കൂടുതല്‍ വ്യക്തികളും സംഘടനകളും രംഗത്തെത്തി. അദ്ദേഹത്തിന്റെ സമരരീതിയെ എതിര്‍ക്കുന്നവര്‍ തന്നെ കേന്ദ്രനിലപാടിനെതിരെ രംഗത്തെത്തിയതും ശ്രദ്ധേയമായി. ഇടതുപക്ഷ ചിന്തകരായ പ്രഭാത് പട്‌നായിക്, പ്രൊഫ. ജയതി ഘോഷ്, കമല്‍ മിത്ര ഷിനോയ്, കലാകാരന്മാരായ എം.കെ. റെയ്‌ന, ഗീത ഹരിഹരന്‍, മാധ്യമ പ്രവര്‍ത്തകരായ സീമ മുസ്തഫ, പ്രഫുല്‍ ബിദ്വായ്, ആര്‍.രാമചന്ദ്രന്‍, ജസ്റ്റിസ് ബി.ജി. ഖോല്‍സെ പാട്ടീല്‍, സാമൂഹിക പ്രവര്‍ത്തകരായ ഡോ. മോഹിനിഗിരി, ഫാ.സെഡ്രിക് പ്രകാശ്, അലോക് ബാജ്‌പേയ് തുടങ്ങിയ 90 പ്രമുഖര്‍ സംയുക്തമായി ഒപ്പിട്ട നിവേദനം കേന്ദ്രസര്‍ക്കാറിനു സമര്‍പ്പിച്ചു.
എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് രാജ്യത്ത് അഴിമതി വര്‍ധിച്ചതായി നേതാക്കള്‍ കുറ്റപ്പെടുത്തി. ഹസാരെയുടെ സമരരീതികളെ പൂര്‍ണമായി അനുകൂലിക്കുന്നില്ലെങ്കിലും അഴിമതിക്കെതിരെ നിയമം വേണമെന്ന ആവശ്യം രാജ്യത്തിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരുന്നതില്‍ അദ്ദേഹം വിജയിച്ചെന്നും സാംസ്‌കാരിക നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഹസാരെക്കു പിന്തുണയുമായി ബോളിവുഡ് നടന്‍ രഘുഭീര്‍ യാദവ് രാംലീലയിലെത്തി. 'പീപ്പ്‌ലി ലൈവ്' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഹസാരെ വിജയം നേടുമെന്ന് പ്രഖ്യാപിച്ചു. കുമാര്‍ ദീപക് എന്ന ബോളിവുഡ് നടനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഗായകന്‍ കൈലാഷ് ഖെര്‍, ബോളിവുഡ് താരങ്ങളായ അനുപം ഖേര്‍, ഓംപുരി, പ്രിയങ്ക ചോപ്ര, ബിപാഷ ബസു, ജോണ്‍ എബ്രഹാം, നാനാ പടേക്കര്‍ തുടങ്ങിയവരും നേരത്തേ ഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
No comments:
Post a Comment