Thursday, 20 February 2014

Re: [www.keralites.net] ?????? ???

 

Dear Sir,
Thank you very much for this wonderful article.


On Wednesday, 19 February 2014 6:40 PM, പ്രസൂണ്‍ ( പ്രസൂ ) <prasoonkp1@gmail.com> wrote:
 
രാജീവ് വധം

ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ ഇന്ത്യയിലും പ്രതിധ്വനിച്ചുകൊണ്ടിരുന്നു. തമിഴ്‌നാട്ടില്‍ എത്തിയ അഭയാര്‍ത്ഥികളുടെ എണ്ണം ഒരു ലക്ഷത്തോളം കവിഞ്ഞു. ശ്രീലങ്കയിലെ തമിഴരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധസമരങ്ങള്‍ വീണ്ടും അരങ്ങേറി. സമാധാന ചര്‍ച്ചകളിലൂടെ പോരാട്ടം അവസാനിപ്പിക്കാന്‍ ഇന്ത്യ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പുലികളും ശ്രീലങ്കന്‍ സര്‍ക്കാരും കണക്കിലെടുത്തില്ല.
 

'ജാഫ്‌നയില്‍ എല്‍.ടി.ടി.ഇ. തലവനായ പ്രഭാകരന്‍ ഡല്‍ഹിയിലെ നീക്കങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിക്കുകയായിരുന്നു. അതിനു രണ്ടു കാരണങ്ങളുണ്ട്. ഡി.എം.കെ. സര്‍ക്കാരിനെ പിരിച്ചുവിട്ട ചന്ദ്രശേഖര്‍ സര്‍ക്കാര്‍ മാറണം എന്ന് എല്‍.ടി.ടി.ഇ. ആഗ്രഹിച്ചു. മറ്റൊന്ന് രാജീവ്ഗാന്ധി മടങ്ങിവരുന്നതിനോട് പ്രഭാകരനു യോജിപ്പില്ലായിരുന്നു. തിരഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ പത്രങ്ങളില്‍ അക്കാലത്തു വന്നു. 'സണ്‍ഡേ' എന്ന വാരികയില്‍ വന്ന ഈ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി എല്‍.ടി.ടി.ഇ.യ്ക്ക് ഫാക്‌സില്‍ ലഭിച്ചു. ഈ റിപ്പോര്‍ട്ട് പ്രഭാകരനെ ഉത്കണ്ഠപ്പെടുത്തി. തുടര്‍ന്ന് ഡല്‍ഹിയില്‍ എത്തി രാജീവ്ഗാന്ധിയെ കാണാന്‍ പ്രഭാകരന്‍ രണ്ടു ദൂതന്മാരെ അയച്ചു. പാര്‍ലമെന്റ് പിരിച്ചുവിടുന്നതിന് അഞ്ചുദിവസം മുമ്പ് എല്‍.ടി.ടി.ഇ. നേതാവായ കാശി ആനന്ദന്‍ രാജീവ്ഗാന്ധിയെ കണ്ട് ദ്വീപിലെ അവസ്ഥ വിവരിച്ചു. ശ്രീലങ്കയില്‍ ഒരു തമിഴ് രാഷ്ട്രം വേണമെന്ന ആവശ്യത്തോട് യോജിക്കാന്‍ പറ്റില്ലെന്ന് രാജീവ്ഗാന്ധി ഈ ചര്‍ച്ചയില്‍ തുറന്നുപറഞ്ഞു. ലണ്ടനിലുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അര്‍ജുന്‍ സിത്തംപാലനും രാജീവ്ഗാന്ധിയെ കണ്ട് ഇതേ കാര്യം ചര്‍ച്ചചെയ്തു. എല്‍.ടി.ടി.ഇ.യുടെ ലണ്ടനിലെ പ്രമുഖ സഹായിയായിരുന്നു ഇദ്ദേഹം. ഈ ചര്‍ച്ചകളിലെല്ലാം സമാധാനചര്‍ച്ചകള്‍ക്ക് ഒരുങ്ങി യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത എല്‍.ടി.ടി.ഇ.യെ രാജീവ് ഗാന്ധി വിമര്‍ശിച്ചു. 'ടെലോ'യുടെ നേതാക്കളും ഇക്കാലത്ത് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയിരുന്നു.' (അസാസിനേഷന്‍ ഓഫ് രാജീവ്ഗാന്ധി. അണ്‍ ആന്‍സേഡ് ക്വസ്റ്റ്യന്‍സ് ആന്‍ഡ് അണ്‍ ആസ്‌ക്ക്ഡ് ക്വറീസ് - ഡോ. സുബ്രഹ്മണ്യസ്വാമി)

ശ്രീലങ്കയോടും ഇന്ത്യയോടും എല്‍.ടി.ടി.ഇ.യ്ക്കു വിശ്വാസം നഷ്ടപ്പെട്ട സമയമായിരുന്നു അത്. എല്‍.ടി.ടി.ഇ.യുടെ മറ്റൊരു പ്രധാനതാവളമായിരുന്ന തമിഴ്‌നാട്ടിലും അവര്‍ക്കു തിരിച്ചടി നേരിട്ട സമയം. 1991 ജനവരിയില്‍ ഡി.എം.കെ. സര്‍ക്കാരിനെ കേന്ദ്രം ഡിസ്മിസ് ചെയ്തതിനുശേഷമാണ് ഈ തിരിച്ചടി തുടങ്ങിയത്. 1991 ഫിബ്രവരിയില്‍ തമിഴ്‌നാട് പോലീസ് 92 എല്‍.ടി.ടി.ഇ. നേതാക്കളെയും 54 പ്രാദേശിക അനുഭാവികളെയും അറസ്റ്റുചെയ്തു. 17,000 ലിറ്റര്‍ പെട്രോള്‍, 53,000 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 43,000 ഡിറ്റോനേറ്റേഴ്‌സ്, 1,60,000 രൂപയുടെ വിദേശ കറന്‍സി എന്നിവ ഇവരില്‍ നിന്നു പിടിച്ചെടുത്തു. എല്‍.ടി.ടി.ഇ.യുടെ ലണ്ടനിലുള്ള ഓഫീസുമായി ബന്ധപ്പെടാന്‍ ശേഷിയുള്ള കമ്മ്യൂണിക്കേഷന്‍ സെറ്റുകള്‍, ഫാക്‌സ് മെഷീനുകള്‍ എന്നിവ കണ്ടെത്തുകയും അവരുടെ ഓഫീസുകള്‍ സീലു ചെയ്യുകയും ചെയ്തു.

ഇന്ത്യയില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്ന സമയമായിരുന്നു അത്. ജയലളിത നേതൃത്വം നല്‍കുന്ന എ.ഐ.എ.ഡി.എം.കെ., കോണ്‍ഗ്രസ്സിനു പിന്തുണ നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാജീവ്ഗാന്ധി തമിഴ്‌നാട്ടില്‍ എത്തേണ്ട ആവശ്യമില്ലെന്നും സംസ്ഥാനത്ത് തനിക്കുതന്നെ വിജയം ഉറപ്പിക്കാനാവുമെന്നും ജയലളിത കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. രാജീവ്ഗാന്ധി തമിഴ്‌നാട്ടില്‍ പ്രചാരണത്തിനെത്തുന്നതില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് വാഴപ്പാടി രാമമൂര്‍ത്തിക്കും താല്പര്യമില്ലായിരുന്നു. സംസ്ഥാനം പ്രസിഡന്റ് ഭരണത്തിലായിരുന്നെങ്കിലും പല കുഴപ്പങ്ങളും ഉണ്ടാകാം എന്ന സുരക്ഷാറിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ രാജീവ്ഗാന്ധിയുടെ വരവ് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാക്കുമെന്നു കരുതി ചില നേതാക്കള്‍ അദ്ദേഹത്തെ സംസ്ഥാനത്ത് എത്തിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി.

മെയ് 21ന് രാത്രി 8.30ന് രാജീവ്ഗാന്ധി വിശാഖപട്ടണത്തുനിന്ന് മീനമ്പാക്കം വിമാനത്താവളത്തില്‍ വന്നിറങ്ങി. അവിടെ നിന്ന് ബുള്ളറ്റ്് പ്രൂഫ് അംബാസിഡര്‍ കാറില്‍ റോഡുമാര്‍ഗം മദ്രാസ് -ബാംഗ്ലൂര്‍ ഹൈവേ ജംഗ്ഷനിലെത്തി അവിടെ ഉണ്ടായിരുന്ന ഇന്ദിരാഗാന്ധിയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയശേഷം അര കിലോമീറ്റര്‍ ദൂരത്തുള്ള യോഗസ്ഥലത്തേക്കു തിരിച്ചു. ശ്രീപെരുമ്പത്തൂരില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജിന് 20 മീറ്റര്‍ അടുത്ത് ഇറങ്ങുമ്പോള്‍ ആ പ്രദേശം മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരെ വാഴ്ത്തുന്ന മുദ്രാവാക്യം വിളികള്‍കൊണ്ട് അന്തരീക്ഷം നിറഞ്ഞു.

സ്ത്രീകള്‍ ഉള്‍പ്പെടെ വലിയൊരു സംഘം രാജീവ്ഗാന്ധിയെ കാണാന്‍ സ്റ്റേജിനടുത്തുള്ള വഴിയില്‍ കാത്തുനിന്നിരുന്നു. ഐ.ജി. ആര്‍.കെ. രാഘവനായിരുന്നു യോഗത്തിന്റെ സുരക്ഷാചുമതല. ഡി.ഐ.ജി, എസ്.പി. എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം രംഗത്തുണ്ടായിരുന്നു.

സ്റ്റേജിലേക്കുള്ള ചുവന്ന പരവതാനി വിരിച്ച സ്ഥലത്തേക്ക് രാജീവ്ഗാന്ധി ഇറങ്ങിയപ്പോള്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു സ്വീകരിക്കാന്‍ 20 പേര്‍ മുന്‍കൂട്ടിയുള്ള പോലീസ് അനുമതിയോടെ കാത്തുനിന്നു. ഇതുകൂടാതെ പൂമാല ചാര്‍ത്താന്‍ മൂന്നു പേര്‍ക്കുകൂടി പോലീസ് അനുമതി നല്‍കി. മറ്റാര്‍ക്കും രാജീവ് ഗാന്ധിയുടെ അടുത്തേക്ക് പോകാനോ മാലയിടാനോ അനുവാദമില്ലായിരുന്നു.

രാജീവ്ഗാന്ധി സ്റ്റേജിലേക്ക് നടക്കുമ്പോള്‍ ഇരുഭാഗത്തും നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിനുമേല്‍ പൂക്കള്‍ ചൊരിഞ്ഞു. ഇവരേയും ഡി.ജി.പി. രാഘവന്‍ മുന്‍കൂട്ടി പരിശോധിച്ചിരുന്നു. പ്രവര്‍ത്തകര്‍ക്ക് കൈകൊടുത്തുകൊണ്ട് പുഞ്ചിരിയോടെ രാജീവ്ഗാന്ധി സ്റ്റേജിനടുത്തേക്ക് നടന്നു. അവിടെ നിന്ന നാല് സ്ത്രീകള്‍ അദ്ദേഹത്തിന് സില്‍ക്ക് മുണ്ടുകള്‍ സമ്മാനിക്കുകയും ലത കണ്ണന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മകള്‍ ഒരു ഹിന്ദി ഗാനത്തിലെ വരികള്‍ ആലപിക്കുകയും ചെയ്തു.
 

പെട്ടെന്ന് കണ്ണട ധരിച്ച 25 വയസ്സു പ്രായമുള്ള യുവതി കൈയില്‍ ഒരു ചന്ദനമാലയുമായി സൈഡില്‍ നിന്ന് അദ്ദേഹത്തിനു മുന്നിലേക്കു വന്ന് കാലില്‍ തൊട്ട് അനുഗ്രഹം തേടുന്ന മട്ടില്‍ കുനിഞ്ഞു. ഉഗ്രമായ സ്‌ഫോടന ശബ്ദമാണ് പിന്നീടു കേട്ടത്. രാത്രി 10:18. തീയും പുകയും കൊണ്ട് അവിടം നിറഞ്ഞു. മൂന്നു മീറ്ററോളം ഉയരത്തില്‍ ഉയര്‍ന്ന തീ നാലഞ്ചു സെക്കന്‍ഡുകള്‍ മാത്രമേ നീണ്ടു നിന്നുള്ളു. രാജീവ് ഗാന്ധി ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. 33 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. സ്‌ഫോടനം നടക്കുമ്പോള്‍ തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. രാമമൂര്‍ത്തി, കോണ്‍ഗ്രസ് പാര്‍ട്ടി സെക്രട്ടറി ജി.കെ. മൂപ്പനാര്‍ എന്നിവര്‍ സ്റ്റേജിനടുത്ത് ഉണ്ടായിരുന്നെങ്കിലും അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. എന്നാല്‍ രാജീവ് ഗാന്ധിക്ക് മുന്നില്‍ സ്റ്റേജിലേക്കു നടന്നിരുന്ന മറ്റൊരു നേതാവായ മരഗതം ചന്ദ്രശേഖര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ശരീരം പല ഭാഗങ്ങളിലായി ചിതറി. നാലു മീറ്റര്‍ ചുറ്റളവില്‍ അവ തെറിച്ചു. രാജീവ് ഗാന്ധിയുടെ മരണം രാജ്യത്തെ നടുക്കി. കനത്ത സുരക്ഷയ്ക്കിടയില്‍ ബോംബു സ്‌ഫോടനം നടന്നത് സുരക്ഷാ ഉദ്യോഗസ്ഥരേയും അത്ഭുതപ്പെടുത്തി. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഈ സംഭവത്തിന്റെ അന്വേഷണം സി.ബി.ഐ.യെ ഏല്പിച്ചു. മെയ് 24-ന് കാര്‍ത്തികേയന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ.യുടെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം തുടങ്ങി. ഇന്ത്യന്‍ സമാധാനസേനയുടെ സമയത്ത് ശ്രീലങ്കയില്‍ ഉണ്ടായിരുന്ന കാര്‍ത്തികേയന്‍ എല്‍.ടി.ടി.ഇ.യുടെ ശത്രുനിരയിലുള്ള ആളായിരുന്നു.

1986-നും 1991-നും ഇടയ്ക്ക് തമിഴ്‌നാട്ടില്‍ 13 ബോംബ് സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ടെന്നും ഉഗ്രശേഷിയുള്ള സ്‌ഫോടനം ശ്രീപെരുമ്പത്തൂരില്‍ നടത്തിയതിന്റെ പിന്നില്‍ എല്‍.ടി.ടി.ഇ.യ്ക്കും തമിഴ്‌നാട് ലിബറേഷന്‍ ആര്‍മിക്കും പങ്കുള്ളതായി ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോ സംശയിച്ചു. ഇന്ദിരാഗാന്ധിയുടെ കൊലയ്ക്കു കാരണക്കാരായ സിഖ് തീവ്രവാദികളേയും ഇതില്‍ ആദ്യം സംശയിച്ചെങ്കിലും തമിഴ്‌നാട്ടില്‍ അവരുടെ സ്വാധീനം കുറവായതുകൊണ്ട് എല്‍.ടി.ടി.ഇ.യെയാണ് ഇതിന്റെ പിന്നില്‍ മുഖ്യമായി കണ്ടത്. എല്‍.ടി.ടി.ഇ.യുമായുള്ള 'റോ'യുടെ കണ്ണികളില്‍ ഒരാളായിരുന്നു ലണ്ടനില്‍ ഉള്ള കിട്ടു. വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ 'റോ'യെ സഹായിച്ചിരുന്ന കിട്ടുവിന് മാസംതോറും പ്രതിഫലം നല്‍കിയിരുന്നതായും ഡോ.സുബ്രഹ്മണ്യസ്വാമി ഈ സംഭവത്തെപ്പറ്റി എഴുതിയ പുസ്തകത്തില്‍ പറയുന്നു. പ്രഭാകരനോ എല്‍.ടി.ടി.ഇ.ക്കോ ഇതുമായി യാതൊരു ബന്ധവുമില്ലെന്നാണ് കിട്ടു 'റോ'യെ അറിയിച്ചത്. കാര്‍പ്പറ്റിനടയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന കുഴിബോംബാണ് സ്‌ഫോടനത്തിനു കാരണമെന്നും സംശയിച്ചു. സ്‌ഫോടനസ്ഥലത്തുനിന്ന് ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെടുത്ത വസ്തുക്കളുടെ കൂട്ടത്തില്‍ കട്ടികൂടിയ ബെല്‍
റ്റിന്റെ ഭാഗം, വയറുകളുടെ കഷണങ്ങള്‍, ബ്രിട്ടന്‍ നിര്‍മിതമായ 9 വോള്‍ട്ടിന്റെ ബാറ്ററി, ഓണ്‍-ഓഫ് സ്വിച്ച്, കാര്‍പ്പറ്റില്‍നിന്നും സ്‌ഫോടനവസ്തുവിന്റെ പൊടി, ഒരു കണ്ണാടിയുടെ ഫ്രെയിം എന്നിവ ഉണ്ടായിരുന്നു. ആര്‍.ഡി.എക്‌സ്. ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് നടന്നതെന്നും സ്‌ഫോടകവസ്തു ബെല്‍റ്റില്‍ സൂക്ഷിച്ച് ശരീരത്തോട് കെട്ടിവെക്കുകയും സ്വിച്ചുകളും വയറുകളും ബന്ധിപ്പിച്ച് ബാറ്ററിയുടെ സഹായത്തോടെയാണ് അത് പ്രവര്‍ത്തിപ്പിച്ചതെന്നുമായിരുന്നു ഫോറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം.

സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഒരു ക്യാമറയാണ് കേസ് അന്വേഷണത്തിന് വഴിത്തിരിവായത്. രാജീവ്ഗാന്ധിയുടെ ശ്രീപെരുമ്പത്തൂരിലെ പരിപാടികളുടെ ഫോട്ടോകള്‍ എടുക്കാനെത്തിയ ചെന്നൈയിലുള്ള ഹരിബാബുവിന്റെതായിരുന്നു ക്യാമറയെന്ന് തിരിച്ചറിഞ്ഞു. സ്‌ഫോടനത്തില്‍ ഹരിബാബു മരിച്ചെങ്കിലും തെറിച്ചുപോയ ക്യാമറയ്‌ക്കോ ഫിലിമിനോ കേട് പറ്റിയിരുന്നില്ല.

തമിഴ്‌രാഷ്ട്രം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ തങ്ങള്‍ നടത്തിയ നീക്കങ്ങളോരോന്നും പകര്‍ത്തിസൂക്ഷിച്ച എല്‍.ടി.ടി.ഇ. രാജീവ്‌വധവും അപ്രകാരം ക്യാമറയില്‍ പകര്‍ത്താന്‍ ആഗ്രഹിച്ചെങ്കിലും അവയ്ക്ക് കൈവന്ന ഉപയോഗം മറ്റൊന്നായി. ക്യാമറയിലുണ്ടായിരുന്ന ഫിലിം ഡെവലപ്പ് ചെയ്ത് എടുത്തപ്പോള്‍ അതില്‍ ചെറുപ്പക്കാരായ ഒരു സ്ത്രീയും പുരുഷനുമുള്ളത് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു. രാജീവ്‌വധം നടക്കുന്നതിന് രണ്ടാഴ്ച മുന്‍പ് ചെന്നൈയില്‍ മുന്‍പ്രധാനമന്ത്രി വി.പി.സിങ് പ്രസംഗിച്ച വേദിയിലും ശ്രീപെരുമ്പത്തൂരിലെ ഫോട്ടോയില്‍ ഉണ്ടായിരുന്ന തനു, ശിവരശന്‍ എന്നിവര്‍ പോയിരുന്നു. സുരക്ഷാസംവിധാനങ്ങളെ മറികടന്ന് മുന്നേറാന്‍ കഴിയുമോ എന്നു പരിശോധിക്കാനായിരുന്നു ഇത്. തനുവിന്റെയും ശിവരശന്റെയും ആ നീക്കങ്ങളും ഹരിബാബു വീഡിയോവില്‍ പകര്‍ത്തിയിരുന്നു.
തമിഴ്‌നാടിന്റെ തീരപ്രദേശമായ വേദാരണ്യത്തുവെച്ച് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന തമിഴ് യുവാവായ ശങ്കറിനെ പോലീസ് പിടികൂടിയത് അന്വേഷണത്തിന് തുടക്കത്തില്‍ സഹായകമായി. 1991 മെയ് ഒന്നിന് ശ്രീലങ്കയില്‍നിന്നും വേദാരണ്യത്തിനടുത്ത് കടൈക്കരയില്‍ എത്തിയ ഒമ്പതംഗ സംഘത്തിലെ അംഗമാണ് ശങ്കറെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. അയാളുടെ കൈവശമുണ്ടായിരുന്ന പേപ്പറില്‍നിന്ന് നളിനി, റോബര്‍ട്ട് പയസ് എന്നിവരുടെ ഫോണ്‍ നമ്പറുകളും പോലീസിന് കിട്ടി.

ഹരിബാബുവിന്റെ ക്യാമറയില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പത്തു ഫോട്ടോകള്‍ ലഭിച്ചു. ഒറ്റക്കണ്ണന്‍ ശിവരശനും മനുഷ്യബോംബായി പ്രവര്‍ത്തിച്ച തനുവും ചന്ദനമാലയുമായി രാജീവ്ഗാന്ധിയുടെ വരവ് പ്രതീക്ഷിച്ചുനില്‍ക്കുന്നതായിരുന്നു ആദ്യചിത്രം. രാജീവ്ഗാന്ധി യോഗത്തിനെത്തുന്നതിന് തൊട്ടുമുന്‍പ് എടുത്ത രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളില്‍ നളിനിയും ശുഭയും പരിഭ്രാന്തി കലര്‍ന്ന മുഖഭാവത്തോടെ ആള്‍ക്കൂട്ടത്തിനിടയില്‍ ഇരിക്കുന്ന ദൃശ്യമാണ് ഉണ്ടായിരുന്നത്. രാജീവ്ഗാന്ധി യോഗസ്ഥലത്തെത്തുന്നതും തമിഴ്ബാലികയുടെ പാട്ട് കേള്‍ക്കുന്നതും മനുഷ്യബോംബായ തനു, ചന്ദനമാലയുമായി അദ്ദേഹത്തിന്റെ സമീപത്തേക്കു നീങ്ങുന്നതും, പിന്നീട് അതിശക്തമായ പൊട്ടിത്തെറി നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ നാലു മുതല്‍ പത്തുവരെയുള്ള ചിത്രങ്ങളില്‍ വ്യക്തമായിരുന്നു. സ്‌ഫോടനത്തിന്റെ ആസൂത്രകരെ എളുപ്പം തിരിച്ചറിയാന്‍ അന്വേഷണസംഘത്തെ ഇത് സഹായിച്ചു. കേസ്സിലെ പ്രതികളിലൊരാളായ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ശുഭസുന്ദരമാണ് എല്‍.ടി.ടി.ഇ. നേതൃത്വത്തിനുവേണ്ടി ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഹരിബാബുവിനെ ഏര്‍പ്പെടുത്തിയത്. രാജീവ്ഗാന്ധിയെ വെടിവെച്ചുകൊല്ലുമെന്നാണ് അയാളോട് പറഞ്ഞിരുന്നത്. സ്‌ഫോടനം നടത്തിയത് മനുഷ്യബോംബായി പ്രവര്‍ത്തിച്ച സ്ത്രീയാണെന്ന് ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ വന്നതോടെ ശിവരശന്‍, തനു തുടങ്ങി ഹരിബാബുവിന്റെ ക്യാമറയില്‍നിന്ന് ലഭിച്ച ചിത്രങ്ങള്‍ പത്രങ്ങളിലും വന്നു. ഇതിനിടെ രാജീവ്ഗാന്ധിയുടെ കൊലപാതകത്തിലേക്കു നയിച്ച സുരക്ഷാപാളിച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ജെ.എസ്.വര്‍മയെ കേന്ദ്രസര്‍ക്കാര്‍ കമ്മീഷനായി നിയമിച്ചു.

വേദാരണ്യത്തുനിന്ന് ശങ്കറിനെ കിട്ടിയതോടെ അന്വേഷണസംഘം ഈ കേസ്സുമായി ബന്ധപ്പെട്ട പ്രതികളെ ഓരോരുത്തരെയായി പിടികൂടി. പത്മ, ഭാഗ്യനാഥന്‍, നളിനി, മുരുകന്‍, പെരരിവലന്‍, റോബര്‍ട്ട് പയസ്സ്, ഫോട്ടോഗ്രാഫര്‍ ശുഭസുന്ദരം, അതിരായ്, കനകസഭാപതി, ശാന്തന്‍ തുടങ്ങി 14 പേരെ അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിലേക്ക് രക്ഷപ്പെട്ട ശിവരശന്റെ താവളം ആഗസ്ത് 19-ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. കൊണ്ടനകുണ്ടെയിലുള്ള അവര്‍ താമസിച്ചിരുന്ന വീട് റെയ്ഡ് ചെയ്യാന്‍ അന്വേഷണ സംഘം എത്തിയപ്പോഴേക്കും ശിവരശന്‍ സ്വയം വെടിവെച്ചും ശുഭയും അംഗരക്ഷകന്‍ നെഹ്‌റുവും സയനൈഡ് കഴിച്ചും മരിച്ചു. ശിവരശനേയും ശുഭയേയും ടാങ്കര്‍ ലോറിയില്‍ മേട്ടൂരിലേക്കു കൊണ്ടുപോയ ദ്രാവിഡ കഴകം പ്രവര്‍ത്തകന്‍ ധനശേഖരന്‍, മറ്റൊരു പ്രവര്‍ത്തകനായ ഇരുമ്പൊറായ് എന്നിവരും അറസ്റ്റിലായി. എല്‍.ടി.ടി.ഇ.യുടെ അനുഭാവിയായിരുന്ന ഗുണ്ടുശാന്തനെ പിടികൂടാന്‍ തിരുച്ചിറപ്പള്ളിയില്‍ അയാളുടെ വീട് വളഞ്ഞപ്പോള്‍തന്നെ ശാന്തന്‍ ആത്മഹത്യചെയ്തു.
സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ കൊലപാതകത്തിന്റെ ഗൂഢാലോചന മുഴുവന്‍ പുറത്തുവന്നു. കൊലപാതകസംഘത്തിലെ ആദ്യ ടീം 1990 സപ്തംബര്‍ 12-നാണ് എത്തിയത്. എസ്. വിജയന്‍, ഭാര്യ ശെല്‍വലക്ഷ്മി, ഭാര്യാപിതാവ് എസ്. ഭാസ്‌കരന്‍ എന്നിവര്‍ അഭയാര്‍ഥികള്‍ എന്ന പേരിലാണ് ജാഫ്‌നയില്‍നിന്ന് ചെന്നൈയില്‍ വന്നത്. തുടര്‍ന്ന് ശാന്തന്‍, ശങ്കര്‍, വിജയാനന്ദന്‍, ശിവരശന്‍, തനു, ശുഭ തുടങ്ങി 14 പേരും പല ദിവസങ്ങളിലായി രഹസ്യമായി തമിഴ്‌നാട് തീരത്തെത്തി. തമിഴ്‌നാട്ടിലെ ഓപ്പറേഷന്റെ മുഖ്യചുമതല ശിവരശനായിരുന്നു. എല്‍.ടി.ടി.ഇ.യ്ക്ക് വിവരങ്ങള്‍ എത്തിച്ചിരുന്ന മുത്തുരാജ, എല്‍.ടി.ടി.ഇ.യുടെ വക പ്രിന്റിങ് പ്രസ് നടത്തിവന്നിരുന്ന ബേബി സുബ്രഹ്മണ്യം എന്നിവരെ മദ്രാസില്‍നിന്നും ജാഫ്‌നയിലേക്കു വിളിച്ചുവരുത്തി പ്രഭാകരന്‍ ഓപ്പറേഷന്‍ നടത്തേണ്ട രീതികള്‍ വിശദമാക്കിയെന്നാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീംകണ്ടെത്തിയത്.

മടങ്ങിയെത്തിയ ഇവര്‍ ദ്രാവിഡ കഴകം പ്രവര്‍ത്തകനായ എസ്. ഭാഗ്യനാഥന്‍ എന്ന ചെറുപ്പക്കാരനെ വലയിലാക്കി. ഭാഗ്യനാഥന്‍ അക്കാലത്ത് നടത്തിക്കൊണ്ടിരുന്ന രാഷ്ട്രീയമാസിക ചുരുങ്ങിയ ചെലവില്‍ അച്ചടിച്ചുതരാമെന്നും പണമില്ലെങ്കില്‍ കടമായിട്ടോ ചെറിയ തുകകള്‍ കിട്ടുന്ന മുറയ്ക്ക് തരുന്ന രീതിയിലോ മതിയെന്നും പറഞ്ഞാണ് അയാളെ വശത്താക്കിയത്. ഭാഗ്യനാഥനിലൂടെയാണ് പുലികള്‍ ഫോട്ടോഗ്രാഫര്‍ ഹരിബാബു, സഹോദരി നളിനി, അമ്മ പത്മ എന്നിവരുമായി പരിചയത്തിലായത്. ഇവരെയെല്ലാം ഒറ്റ ടീമാക്കി മാറ്റി 'ഓപ്പറേഷന്' ഉപയോഗിക്കാനാണ് പുലികള്‍ പദ്ധതിയിട്ടത്.

1990-ല്‍ മദ്രാസില്‍ എത്തിയ ശിവരശന്‍ ഓപ്പറേഷന്‍ വിശദമായി പ്ലാന്‍ ചെയ്തശേഷം ജാഫ്‌നയില്‍ പോയി ചെലവിനുള്ള പണത്തിന് കുറെ സ്വര്‍ണവുമായിട്ടാണ് മടങ്ങിയെത്തിയത്. 1991 ഫിബ്രവരിയിലാണ് ശിരിഹരന്‍ എന്ന മുരുകന്‍ എത്തുന്നത്. എല്‍.ടി.ടി.ഇ.യുടെ സ്‌ഫോടക വിദഗ്ധനാണ് മുരുകന്‍. ഇലക്‌ട്രോണിക്‌സിലും കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതിലും സാമര്‍ഥ്യമുള്ള ജി. പേരരിവാളനും അയാളുടെ അളിയന്‍ ജയകുമാറും കൂടിയാണ് മുരുകന്റെ നിര്‍ദേശപ്രകാരം ബെല്‍റ്റ് ബോംബ് നിര്‍മിച്ചത്. ഈ ബോംബ് അരയില്‍ ഒതുങ്ങിയിരിക്കുമോ എന്ന് തനു, ശുഭ എന്നിവരെ ധരിപ്പിച്ചു പരീക്ഷിച്ചു. ബോംബ്, ഓണ്‍ ചെയ്യേണ്ട രീതിയും മുരുകന്‍ പരിശീലിപ്പിച്ചു. തുടര്‍ന്നാണ് ശ്രീപെരുമ്പത്തൂരില്‍ എത്തി സ്‌ഫോടനം നടത്തിയതെന്നും 1992 മെയ് 20-ന് പ്രത്യേക അന്വേഷണസംഘം ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ പറയുന്നു. 41 പേരായിരുന്നു കേസ്സിലെ പ്രതികള്‍. ഇതില്‍ പ്രഭാകരന്‍ ഉള്‍പ്പെടെ 26 പേരെ പിടികിട്ടിയിരുന്നില്ല. 1014 സാക്ഷികളും 1180 തൊണ്ടിസാധനങ്ങളും 1477 രേഖകളും സി.ബി.ഐ. കോടതിയില്‍ ഹാജരാക്കി. 1994 ജനവരി 19-ന് സാക്ഷിവിസ്താരം തുടങ്ങിയ കേസ്സിന്റെ വിധി പറഞ്ഞത് 1998 ജനവരി 28-നായിരുന്നു. നീതിന്യായ ചരിത്രത്തിലെ അത്യപൂര്‍വവിധിന്യായമായിരുന്നു ചെന്നൈയിലെ പ്രത്യേക ടാഡ വിചാരണക്കോടതിയുടേത്.കേസ്സിലെ 26 പ്രതികളെ തൂക്കിക്കൊല്ലാന്‍ ആയിരുന്നു കോടതി ഉത്തരവിട്ടത്. ഇതില്‍ പത്തു പേര്‍ ഇന്ത്യക്കാരും 16 പേര്‍ ശ്രീലങ്കക്കാരുമായിരുന്നു. എല്‍.ടി.ടി.ഇ. തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍, ഇന്റലിജന്‍സ് വിഭാഗം നേതാവ് പൊട്ടുഅമ്മന്‍, വനിതാവിഭാഗം നേതാവ് അഖില എന്നിവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. 1991-ലെ തിരഞ്ഞെടുപ്പില്‍ രാജീവ്ഗാന്ധി അധികാരത്തിലെത്തുന്നത് തടയാന്‍ പ്രഭാകരന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. 1987-ലെ ഇന്ത്യ-ശ്രീലങ്ക ഉടമ്പടിയില്‍ അസന്തുഷ്ടനായ പ്രഭാകരന്‍ ഇന്ത്യ, ശ്രീലങ്കയിലേക്ക് സമാധാനസേനയെ അയച്ചതിനെത്തുടര്‍ന്നാണ് രാജീവ്ഗാന്ധിയുടെ കടുത്ത ശത്രുവായിത്തീര്‍ന്നതെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

ടാഡ കോടതിയുടെ വിധി സുപ്രീം കോടതിയില്‍ പ്രതികള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് 26 പ്രതികളില്‍ 19 പേരെ സുപ്രീം കോടതി കുറ്റവിമുക്തരാക്കി. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി എന്നിവര്‍ക്ക് വധശിക്ഷയും ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരെ ജീവപര്യന്തം ശിക്ഷയ്ക്കും സുപ്രീംകോടതി വിധിച്ചു. രാജീവ്ഗാന്ധി വധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രാഷ്ട്രീയരംഗത്ത് സജീവചര്‍ച്ചാവിഷയമായി. ഈ വധത്തെക്കുറിച്ച് അന്വേഷിച്ച രണ്ട് കമ്മീഷനുകളും അഭിപ്രായപ്പെട്ടത് യഥാര്‍ത്ഥ പ്രതികള്‍ ഇവര്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുകയാണെന്നാണ്. ശ്രീപെരുമ്പത്തൂരില്‍ മനുഷ്യബോംബായി പൊട്ടിത്തെറിച്ച തനുവും ഓപ്പറേഷനില്‍ പങ്കാളിയായിരുന്ന ഒറ്റക്കണ്ണന്‍ ശിവരശനും ശുഭയുമെല്ലാം ഗൂഢാലോചനയിലെ ഇങ്ങേത്തലയ്ക്കലെ കണ്ണികള്‍ മാത്രമായിരുന്നു.

രാജീവ് വധം എല്‍.ടി.ടി.ഇയ്ക്ക് വലിയ തിരിച്ചടിയായി. എല്‍.ടി.ടി.ഇയെ എന്നും സഹായിച്ചുപോന്നിരുന്ന ഇന്ത്യ അവരെ കൈവിടുകയും പുലികളുടെ പ്രസ്ഥാനത്തെ നിരോധിക്കുകയും ചെയ്തു. എല്‍.ടി.ടി.ഇ. ഏറ്റവും വലിയ ഭീകര സംഘടനകളില്‍ ഒന്നാണെന്ന് ലോകരാഷ്ട്രങ്ങള്‍ വിധിയെഴുതുകയും ചെയ്തു.
2002 ഏപ്രില്‍ 10ന് വന്നിയിലെ തന്റെ കേന്ദ്രത്തില്‍വെച്ച് പ്രഭാകരന്‍ ആദ്യമായി ഒരു പത്രസമ്മേളനം നടത്തി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പത്രപ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു. രാജീവ്ഗാന്ധിയുടെ വധത്തെപ്പറ്റി പല ചോദ്യങ്ങളും ഇതില്‍ ഉയര്‍ന്നു.

'രാജീവ്ഗാന്ധി വധത്തില്‍ നിങ്ങളുടെ പങ്കെന്തായിരുന്നു?'
'ആ കേസ് തീര്‍ന്നിട്ടില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ ദയാഹര്‍ജികള്‍ നല്‍കിയിരിക്കുകയാണ്. അതുകൊണ്ട് ഈ സമയം അതിനെപ്പറ്റി ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല.'
'നിങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെപ്പറ്റി?'
'വളരെ ദുഃഖകരമായ ഒരു സംഭവമാണത്. പത്തുവര്‍ഷം മുമ്പു നടന്ന അതിനെപ്പറ്റി അഭിപ്രായം പറയുന്നില്ല.'
'രാജീവ്ഗാന്ധി കൊലചെയ്യപ്പെട്ടതിനെപ്പറ്റി നിങ്ങളുടെ അഭിപ്രായം?'
ചോദ്യം കേട്ട് പ്രഭാകരനൊപ്പമുണ്ടായിരുന്ന ബാലസിംഗം ഇടപെടുന്നു. അദ്ദേഹമാണ് മറുപടി പറഞ്ഞത്.
'നിങ്ങള്‍ ഈ പത്രസമ്മേളനത്തില്‍ വലിയ ആളാകാന്‍ ശ്രമിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് നിങ്ങള്‍ ഇവിടെ വന്നിരിക്കുന്നതെന്ന് ഓര്‍ക്കണം. നിങ്ങള്‍ പഴയൊരു സംഭവത്തെപ്പറ്റിയാണ് ചോദിക്കുന്നത്. കഴിഞ്ഞുപോയത് വീണ്ടും കുത്തിപ്പൊക്കാന്‍ നോക്കണ്ട'
രാജീവ് ഗാന്ധി വധത്തില്‍ തനിക്കുള്ള പങ്കിനെ പ്രഭാകരന്‍ നിഷേധിച്ചില്ല എന്നതാണ് ഈ പത്രസമ്മേളനത്തില്‍ ശ്രദ്ധേയമായ കാര്യം.

രാജീവ് വധത്തോടെ ശത്രുവായി എല്‍.ടി.ടി.ഇ. മാറിയതോടെ ഇന്ത്യ, ശ്രീലങ്ക പ്രശ്‌നത്തില്‍ പിന്നെ കാര്യമായി ഇടപെട്ടില്ല. നോര്‍വേയുടെ നേതൃത്വത്തില്‍ നടന്ന കൂടിയാലോചനകളിലും സഹകരിച്ചില്ല. സുനിശ്ചിതമായ ഒരു ശ്രീലങ്കന്‍നയം ഇന്ത്യ ഒരിക്കലും കൈക്കൊണ്ടിരുന്നില്ലെന്നു മാത്രമല്ല ഇന്ദിരാഗാന്ധിയുടെ കാലഘട്ടം, രാജീവ്ഗാന്ധിയുടെ കാലഘട്ടം, രാജീവ് വധത്തിനുശേഷമുള്ള കാലം- മൂന്നു തരത്തിലാണ് ഇന്ത്യ ഈ പ്രശ്‌നം കൈകാര്യം ചെയ്തത്. ശ്രീലങ്ക ഒരു പരമാധികാര രാഷ്ട്രമാണെന്നും അവിടത്തെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്നുമായിരുന്നു തുടക്കം മുതല്‍ ഇന്ത്യയുടെ പൊതുവേയുള്ള നയം. എന്നാല്‍ ആദ്യത്തെ രണ്ടു കാലഘട്ടത്തിലും ഇതായിരുന്നില്ല സ്ഥിതി. അവിടത്തെ ആഭ്യന്തരകാര്യങ്ങളില്‍ ഇന്ത്യ സജീവതാല്പര്യം കാട്ടി. കാല്‍നൂറ്റാണ്ടുകാലത്തോളം ഇന്ത്യയുടെ ചാരസംഘടനയായ 'റോ' കൊളംബോയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. തമിഴ്‌വംശജര്‍ക്ക് അവര്‍ ആയുധപരിശീലനം നല്‍കിയതായും പരാതികളുണ്ടായി. അന്നുതുടങ്ങിയതാണ് ഇരുപക്ഷത്തേയും സൈനികവത്കരണം. ഇന്ദിരാഗാന്ധിയുടേത് ബഹുമുഖ സമീപനമായിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാറുമായും തമിഴ് വിമോചനപുലികളുമായും ഒരേസമയം ഇന്ത്യ അന്ന് സഹകരിച്ചു പ്രവര്‍ത്തിച്ചു. രാജീവ്ഗാന്ധിയുടെ കാലത്ത് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടാക്കുകയും സമാധാന സേനയെ അയയ്ക്കുകയും ചെയ്തു. രാജീവ് വധത്തോടെ ശ്രീലങ്കാപ്രശ്‌നത്തില്‍ ഇനി ഇടപെടേണ്ട എന്ന രീതിയായിരുന്നു ഇന്ത്യയ്ക്ക്. മൂന്നു കാര്യങ്ങളിലായിരുന്നു ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ ഇന്ത്യ താല്‍പ്പര്യമെടുത്തത്. തമിഴ് വംശജരുടെ സംരക്ഷണമായിരുന്നു ആദ്യത്തേത്. മറ്റൊന്ന് തന്ത്രപരമായ താല്പര്യം. മറ്റൊന്ന് തമിഴ്‌നാട് രാഷ്ട്രീയവുമായി ബന്ധപ്പെട്ടതും.

(പ്രഭാകരന്‍: ജീവിതവും രാഷ്ട്രീയവും എന്ന പുസ്തകത്തില്‍ നിന്ന്)

www.keralites.net


__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (2)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] ??? '?????????' ? ?????

 

വിവാഹപ്പിറ്റേന്നു രാവിലെ മുഖക്ഷൗരം ചെയ്യാനിരുന്നപ്പോള്‍ മീശയുടെ ഉന്മൂലനാശംകൂടി പരിപാടിയിലുള്‍പ്പെടുത്തേണമെന്നു ഭാര്യ പറഞ്ഞു. ഇതെന്നെ അമ്പരപ്പിച്ചു. എട്ടു കൊല്ലത്തെ അനുസ്യൂതപ്രണയത്തിനു ശേഷമാണ് ഞങ്ങള്‍ വിവാഹിതരായത്. ഈ കാലമത്രയും എന്റെ സുസുന്ദരന്‍ മീശയ്‌ക്കെതിരായി പാതി പുരികംപോലും അവള്‍ പൊക്കിയതല്ല. അപ്പോള്‍, യഥാര്‍ഥ പാണിഗ്രഹണം കഴിഞ്ഞ ഈ സുപ്രഭാതത്തില്‍ വിചിത്രമായ ഇത്തരമൊരഭിപ്രായം അവളില്‍നിന്നു പൊന്തിവന്നപ്പോള്‍ ഞാന്‍ അമ്പരന്നതു സ്വാഭാവികം മാത്രമാണല്ലോ. സംഗതി വിശദീകരിക്കാന്‍ ഞാന്‍ അവളോട് ആവശ്യപ്പെട്ടു. പ്രണയിച്ചു നടക്കുന്ന കാലത്ത്, ഇക്കിളികൂട്ടുന്ന ആ സാധനം എന്റെ മേല്‍ച്ചുണ്ടിലുണ്ടായിരുന്നത് അവളത്ര കാര്യമായെടുത്തില്ലത്രേ. അതുമായി സന്തതസമ്പര്‍ക്കം പുലര്‍ത്തണമെന്ന സ്ഥിതിവിശേഷമാണ് തലേന്നാള്‍ രാത്രിമുതല്‍ ഉണ്ടായിട്ടുള്ളത്. അതവള്‍ക്കു വയ്യ. വ്യക്തിപരമായി മീശയോടൊരിക്കലും അവള്‍ക്ക് കമ്പമുണ്ടായിട്ടില്ല. അതെന്തേ എന്നെ അറിയിക്കാഞ്ഞതെന്നുവെച്ചാല്‍ അവളുടെ (പെണ്‍) സഖാക്കളില്‍ മിക്കവരും മീശക്കമ്പക്കാരായതുകൊണ്ടാണ്. അവരില്‍ ചിലര്‍ക്ക് എന്റെ വരയന്‍മീശയോട് ഒരു പ്രത്യേക കമ്പംകൂടിയുണ്ടായിരുന്നുപോലും! (സ്വഗതം: അമ്പടി കേമി! പരമസുന്ദരനായ എന്നെ അവരാരെങ്കിലും തട്ടിയെടുത്താലോ എന്നു പേടിച്ചാണ് നീ എന്റെ മീശയെപ്പറ്റി നേരത്തേ പരാമര്‍ശിക്കാഞ്ഞത് അല്ലേ?) ഈ പ്രത്യേക കമ്പക്കാരാരെന്ന് ഞാന്‍ ചോദിച്ചു. ശകുന്തളയുടെ പേരാണ് അവള്‍ എടുത്തുപറഞ്ഞത്. എന്റെ മുഖം വാടി. കാരണം, ശകുന്തളയെയാണ് ഞാന്‍ ആദ്യം പ്രേമിച്ചത്. അവള്‍ക്കിങ്ങോട്ട് പ്രേമം തുടങ്ങാന്‍ കുറച്ചു കാലതാമസമുണ്ടായതുകൊണ്ട് ഞാന്‍ പിന്‍വാങ്ങിയതാണ്; ഇവളുടെ പിന്നാലെ കൂടിയതാണ്-ഗതികെട്ടിട്ട്!!

എനിക്ക് കലികയറി. എന്തിനധികം പറയുന്നു, ഞാന്‍ മീശ കളയുകയില്ലെന്ന് അവളോട് തീര്‍ത്തുപറഞ്ഞു. ഒരു നിമിഷത്തിനകം അന്തരീക്ഷമാകെ ക്ഷുഭിതമായി. അവളുടെ മുഖത്ത് കാറടിഞ്ഞുകൂടി, കണ്ണുകളില്‍ മിന്നല്‍ പാളി, മഴ വിദൂരമല്ലെന്നായി, പെയ്യുകയും ചെയ്തു. അവള്‍ ഒരു ജലധാരായന്ത്രത്തെപ്പോലെ കരഞ്ഞു.

ഞാന്‍ പരുങ്ങി. വിവാഹം കഴിഞ്ഞ് 24 മണിക്കൂര്‍ കഴിയുന്നതിനു മുന്‍പുതന്നെ ആകെ നനയ്ക്കുന്ന ഒരു നവവധു കയ്യിലാവുകയെന്നത് തികച്ചും അസുഖകരമായിരുന്നു. സമാധാനപ്രേമിയും അഹിംസാവിശ്വാസിയുമായ എന്റെ കൈയില്‍നിന്നു റേസര്‍ താഴെ വീണു.
അടുത്ത നിമിഷം ഒരു നാടകം അഭിനയിക്കുന്നതായിട്ടാണ് ഞാന്‍ എന്നെത്തന്നെ കണ്ടത്. ഞാന്‍ അവളോട് പലതും പറഞ്ഞുനോക്കി. സിനിമയ്ക്ക് കൂട്ടിക്കൊണ്ടുപോകാമെന്നു പറഞ്ഞു. കൂളിങ് ഗ്ലാസ് മേടിച്ചുകൊടുക്കാമെന്നുപറഞ്ഞു. എന്നാലെങ്കിലും ഉടനെ 'വെടിനിര്‍ത്തല്‍' കരാറില്‍ ഒപ്പിടണമെന്നു പറഞ്ഞു. സഹവര്‍ത്തിത്വസിദ്ധാന്തത്തില്‍ വിശ്വസിക്കുന്നില്ലേ എന്നു കെഞ്ചിച്ചോദിച്ചു. ഭയജനകമായ ആ മീശ എന്റെ മുഖത്തുള്ളേടത്തോളം കാലം ഇല്ലെന്നവള്‍ ഇനിയും വാദിക്കുന്നത് 'ക്രിക്കറ്റ'ല്ലെന്ന് എനിക്ക് ബോധ്യമായി. എടുക്കുകയും കൊടുക്കുകയുമല്ലാതെ ജീവിതം മറ്റെന്താണ്? വരുന്നതുവരട്ടെയെന്നും കരുതി ഞാന്‍ മേല്‍ച്ചുണ്ട് സോപ്പിന്‍പതയില്‍ കുതിര്‍ത്തി. അടുത്ത നിമിഷം റേസര്‍ ഒരു ട്രാക്ടറെന്നോണം അതിലൂടെ ജൈത്രയാത്ര നടത്തുകയായി, സോപ്പിനെയും മീശയെയും സൗന്ദര്യത്തെയും പിഴുതെറിഞ്ഞുകൊണ്ട്. നിരാശനായി, നിരാലംബനായി, നിര്‍മീശനായി ഞാന്‍ കണ്ണാടിയില്‍ നോക്കി. വര്‍ഷം നിറുത്തി പുഞ്ചിരിതൂകി അവളെനിക്കു പിറകിലങ്ങനെ നില്ക്കുകയാണ്. അവളെക്കുറിച്ച് അപ്പോള്‍ എനിക്കു തോന്നിയ വിശേഷണപദം എന്തായിരുന്നിരിക്കണമെന്നു നിങ്ങള്‍ ഊഹിച്ചാല്‍ മതി.

ഇവിടം മുതല്‍ക്കാണ് എന്റെ അധഃപതനം തുടങ്ങിയത്. അപ്രതീക്ഷിതമായ ആ ആദ്യവിജയത്തെത്തുടര്‍ന്ന് അവള്‍ പല ത്യാഗങ്ങളും എന്നെക്കൊണ്ടു ചെയ്യിച്ചു. വരിസംഖ്യ കൊടുത്ത് പത്രം വരുത്തുന്നതും പുകവലിക്കുന്നതും സിനിമയ്ക്ക് പോകുന്നതും പുറമേനിന്നു കാശിറക്കി ചായ കുടിക്കുന്നതും ചെയ്തുകൂടെന്നായി. അവളുടെ മുന്‍കൂര്‍ സമ്മതമില്ലാതെ എന്തുമേതും ചെയ്യരുതെന്നായി.

വേണമെങ്കില്‍ എനിക്ക് ആദ്യംമുതല്‍ക്കേ ചെറുത്തുനില്ക്കാമായിരുന്നു. പക്ഷേ, കുഴപ്പമുണ്ട്. വാക്കേറ്റമാവും, അടികലശലാവും, പരസ്​പരവിദ്വേഷമാവും, അങ്ങേയറ്റം ഒരു വിവാഹമോചനംതന്നെ നടന്നെന്നുവരും. അത്തരമൊരു വൈവാഹികജീവിതം സമാധാനകാംക്ഷിയായ എനിക്കു ബോധിച്ചില്ല. ഞാന്‍ വഴങ്ങിക്കൊടുത്തു.

അതിനുശേഷമെല്ലാം സുഖയാത്രയാണിപ്പോള്‍. ഞങ്ങള്‍ക്കിടയില്‍ യാതൊരു തകരാറുമില്ല. അവള്‍ ചിരിക്കുമ്പോള്‍ ഞാന്‍ ചിരിക്കുന്നു; അവള്‍ കരയുമ്പോള്‍ ഞാനും കരയുന്നു. അവളുടെ അഭിപ്രായങ്ങളും ഇഷ്ടങ്ങളുമാണ് എന്റേതും. എനിക്ക് സ്വയം ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതുമായ പണിതന്നെ ഇല്ലാതായി. ചുരുക്കിപ്പറഞ്ഞാല്‍ ഭര്‍ത്താവിനു പകരം ഞാന്‍ ഒരു ഭാര്യനായിരിക്കുന്നു.

വെറും രസത്തിനു വേണ്ടിയാണോ ഞാന്‍ ഭരിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നത്? തീര്‍ച്ചയായുമല്ല. സമാധാനമോ സമരമോ-രണ്ടിലൊന്ന് എനിക്ക് തിരഞ്ഞെടുക്കേണ്ടിയിരുന്നു. ഞാന്‍ സമാധാനം കാംക്ഷിച്ചു. അതിന്റെ വില ഭാര്യ എന്നെ ഭരിക്കുകയെന്നതായി. ഭാര്യയാല്‍ ഭരിക്കപ്പെടുന്ന മറ്റു ഭര്‍ത്താക്കന്മാരെപറ്റിയും ഞാന്‍ പറഞ്ഞുകൊള്ളട്ടെ: അവര്‍ സമാധാനപ്രേമികളായതുകൊണ്ടുമാത്രം അങ്ങനെ ആയതാണ്, അല്ലാതെ ഭീരുക്കളായിട്ടൊന്നുമല്ല! അവിവാഹിതരേ അവര്‍ നിങ്ങളുടെ ആക്ഷേപമല്ല, അനുകമ്പയാണ് അര്‍ഹിക്കുന്നത്.
(8 ജൂലായ് 1956)

(പത്രാധിപരുടെ വ്യസനം എന്ന പുസ്തകത്തില്‍ നിന്ന്)
 
Prince

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] ???????? ????????? ?? ?????????? ??????? ?? ????????????

 

'എന്റെ ജീവിതത്തിലുടനീളം ഞാന്‍ കടന്നു വന്ന കല്ലും മുള്ളും നിറഞ്ഞവഴികളും, ഞാന്‍ സ്‌നേഹിച്ചവരില്‍ നിന്ന് എനിക്ക് തിരിച്ചു കിട്ടിയ തിക്താനുഭവങ്ങളും എനിക്കു നല്കിയ കരുത്താണ് ഈ പുസ്തകം എഴുതാന്‍ പ്രചോദനമായത്.'

മലയാള സിനിമയിലെ ശബ്ദവിസ്മയം ഭാഗ്യലക്ഷ്മിയുടെ ജീവിതകഥ. അനാഥത്വത്തിന്റെ വഴിത്താരയിലൂടെ നടന്ന് അവഗണനയുടെയും മാത്സര്യത്തിന്റെയും ലോകത്തേക്ക് കയറിച്ചെന്ന് മലയാള സിനിമയുടെ വര്‍ണ്ണാഭമായ ലോകത്തു തന്റേതായ ഇടം കണ്ടെത്തിയ ഒരു സ്ത്രീയുടെ ജീവിതകഥ. ലാളിത്യമാര്‍ന്ന ഭാഷയില്‍, ആഘോഷങ്ങളകന്ന, തീവ്രമായ അനുഭവങ്ങളില്‍ ചാലിച്ച കലര്‍പ്പില്ലാത്ത ജീവിതചിത്രണം.

''ഈ ആത്മാവിഷ്‌കാരം ഒരു പാഠപുസ്തകമാണ്. ഇന്നത്തേതിലും ദുസ്സഹമായേക്കാവുന്ന ജീവിതഭൂമികളില്‍ വളര്‍ന്നുവരേണ്ട, ജീവിക്കേണ്ട പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമെല്ലാം കരുത്തുപകരുന്ന പാഠപുസ്തകം: സര്‍വ്വോപരി താങ്ങാന്‍ ശക്തികളൊന്നുമില്ലാത്ത ഒരു സാധാരണ പെണ്ണിന് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള കരുത്തുപകരുന്ന പാഠപുസ്തകം.''-സത്യന്‍ അന്തിക്കാട്

ജീവിതം തുറന്നുപറയുന്നതിലെ സത്യസന്ധതയാണ് ഭാഗ്യലക്ഷ്മിയുടെ ആത്മകഥയെ ജനപ്രിയമാക്കിയത്. അപ്രിയ സത്യങ്ങള്‍ പറയേണ്ടി വരുമ്പോള്‍ തന്നെ അവഹേളിച്ച വ്യക്തികളുടെ പേരു വെളിപ്പെടുത്താതെ വരികള്‍ക്കിടയില്‍ എല്ലാം ഒളിപ്പിച്ച് അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിക്കുന്ന ഭാഗ്യലക്ഷ്മിയുടെ അസാധാരണമായ രചനാ വൈഭവം സ്വരഭേദങ്ങള്‍ക്ക് ചാരുതയേറ്റുന്നു.

പുസ്തകത്തിന്റെ മറ്റൊരു ആകര്‍ഷണീയത പുസ്തകത്തിനൊപ്പം സൗജന്യമായി ലഭിക്കുന്ന ഓഡിയോ ബുക്കാണ്.

സ്വരഭേദങ്ങള്‍ വാങ്ങാം

ആത്മകഥയില്‍ നിന്ന് ഒരു ഭാഗം /വൈകി വന്ന പ്രണയം


അങ്ങനെ എനിക്കുമുണ്ടായി ഒരു പ്രണയം.മോഹനസുന്ദര സ്വപ്നങ്ങള്‍ പൂവിടുന്ന കൗമാരത്തിലോ പ്രണയം തീവ്ര ആവേഗം സൃഷിടിക്കുന്ന യൗവനത്തിലോ ആയിരുന്നില്ല അതെന്നില്‍ വന്നുചേര്‍ന്നത്. എല്ലാ തുണയും തണലും നഷ്ടപ്പെട്ടുനില്‍ക്കുന്ന മധ്യവയസ്സിലായിരുന്നു ഞാനൊരു പ്രണയിനിയായത്. നമ്മള്‍ ഒരുപാട് സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമേ നമ്മെ ഒത്തിരി വേദനിപ്പിക്കാനും സാധിക്കൂ. ജീവിതത്തില്‍ ഒരിടത്തും തോല്‍ക്കാത്ത എന്നെ ഞാന്‍ പ്രണയിച്ച വ്യക്തി തോല്‍പ്പിച്ചു.കുട്ടിക്കാലം മുതല്‍ക്കേ സംഘര്‍ഷഭരിതമായ സാഹചര്യത്തിലൂടെ ജീവിച്ചതു കൊണ്ട് പ്രണയത്തിന്റെ പാരവശ്യമൊന്നും എനിക്കനുഭവപ്പെട്ടില്ല. പതിനെട്ട് പത്തൊന്‍പത് വയസ്സുള്ളപ്പോള്‍ ഗാനമേളയ്ക്ക് പാടാന്‍ പോകുമ്പോഴും ഡബ്ബിങ് തിയേറ്ററുകളിലും തുണ്ടുകടലാസുകളില്‍ ഐ ലൗ യു എന്ന് എഴുതിത്തരുന്നവരുണ്ട്. പക്ഷേ പിന്നെയത് എങ്ങനെ തുടരണം എന്നറിയില്ല, ഫോണില്ല, ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ നിര്‍വ്വാഹമില്ല .സ്വപ്നങ്ങളിലും, വല്ല്യമ്മ കൂടെയുണ്ടായിരുന്നു, ഒരു വടിയുമായി. ആദ്യമായി ഐ ലൗ യു എന്നെഴുതിയ കടലാസുതുണ്ട് കിട്ടിയ ദിവസം ഇന്നും ഓര്‍ത്ത് ഞാന്‍ ചിരിക്കും. അത് കിട്ടിയപ്പോള്‍ ഒരു വെപ്രാളമായിരുന്നു. എന്റെ മുഖത്തെ കള്ളലക്ഷണം വല്ല്യമ്മ പെട്ടെന്ന് തിരിച്ചറിഞ്ഞു. പിന്നെ അടിയോടടി. വല്ല്യമ്മ അടിതുടങ്ങിയാല്‍ പിന്നെ രക്ഷയില്ല. വടി പൊട്ടുന്നതുവരെ അടിക്കും. ഏതെങ്കിലും ഒരാണ്‍ക്കുട്ടിയോട് സംസാരിക്കുന്നതിനായിരിക്കും മിക്കവാറും അടിക്കൊള്ളുന്നത്. ആ പേടികൊണ്ട് ആ കടലാസു തുണ്ട് അപ്പോഴേ കാറ്റില്‍ പറത്തും. എന്റെ പ്രണയത്തേയും. പ്രണയത്തിന്റെ സുഖമെന്താണെന്ന് ഒരിക്കലും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല .സ്വാതന്ത്രമില്ലാത്തതുകൊണ്ട്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ , പ്രായം കഴിഞ്ഞുപോയി. പ്രണയത്തില്‍ അകപ്പെട്ട കുട്ടികളെ കാണുമ്പോള്‍ എനിക്കു പുച്ഛമായിരുന്നു. മണ്ടന്മാരും മണ്ടികളൂം ആവും അവര്‍ അപ്പോള്‍ . ഈ ലോകത്ത് പ്രണയം എന്നൊന്നില്ല എന്നുതന്നെ വിശ്വസിച്ചു ഞാന്‍ . സ്ത്രീ പുരുഷ ബന്ധം വെറും ശാരീരിക ബന്ധം മാത്രമാണെന്നും. പക്ഷേ എനിക്കുമുണ്ടായി പ്രണയം എന്റെ നാല്പതാം വയസ്സില്‍ . എനിക്കദ്ദേഹത്തോടുണ്ടായിരുന്ന പ്രണയം അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്നോ എന്നറിയില്ല. അതുകൊണ്ട് ഞാന്‍ ആ പേര് പറയുന്നില്ല. ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. വല്ലപ്പോഴും മാത്രം ഫോണില്‍ സംസാരിക്കുന്ന, അപൂര്‍വ്വമായി കാണാറുള്ള വെറുമൊരു സുഹൃത്ത്. എപ്പോഴും പുസ്തകങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. അതുകൊണ്ടുതന്നെ എനിക്കയാളോട് തികഞ്ഞ ബഹുമാനമായിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തി താമസിക്കുന്ന കാലം. ഒരു ദിവസം ഞാനും മക്കളും പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ വരുകയായിരുന്നു. ഞങ്ങള്‍ ആ ട്രെയിനില്‍ ഉണ്ടെന്ന് അയാളോട് പറഞ്ഞിരുന്നു. വണ്ടി എറണാകുളത്ത് എത്തിയപ്പോള്‍ വൈകുന്നേരം ആറുമണി. അദ്ദേഹം ഞങ്ങളുടെ കംപാര്‍ട്ട്‌മെന്റില്‍ വന്നു കയറി. കുട്ടികള്‍ക്ക് കഴിക്കാനും കുടിക്കാനും എന്തൊക്കെയോ വാങ്ങിക്കൊണ്ടു വന്നിരുന്നു. അല്പം കഴിഞ്ഞ് അദ്ദേഹം യാത്ര പറഞ്ഞ് ഇറങ്ങിപ്പോയി. സമയം കഴിഞ്ഞിട്ടും വണ്ടി അനങ്ങുന്നില്ല. അയാള്‍ തിരികെയെത്തി.
'വണ്ടി നാല് മണിക്കൂര്‍ വൈകും, നിങ്ങള്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഒന്ന് ഒന്നര മണിയെങ്കിലും ആവും. എന്തു ചെയ്യും ലക്ഷ്മീ?' 'ഓ, എന്തു ചെയ്യാനാ, ഒരു ടാക്‌സി വിളിച്ച് പോകും. അല്ലെങ്കില്‍ നേരം വെളുക്കുന്നതുവരെ സ്‌റ്റേഷനില്‍ ഇരിക്കും.'

അയാള്‍ വീണ്ടും ഇറങ്ങിപ്പോയി. അല്പസമയം കഴിഞ്ഞ് തിരിച്ചുവന്നു. 'ഞാനും വരാം നിങ്ങളോടൊപ്പം..'
ട്രെയിനില്‍ അദ്ദേഹം കുട്ടികളോടൊത്ത് എന്തോ പറഞ്ഞു ചിരിക്കുകയും കളിക്കുകയും അവരെ ടോയ്‌ലറ്റില്‍ കൊണ്ടുപോവുകയും ഒക്കെ ചെയ്യുന്നുണ്ട്. വണ്ടി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പറഞ്ഞതുപോലെ ഒന്നരമണി. ഒരു ടാക്‌സി പിടിച്ച് ഞങ്ങളെ വീട്ടില്‍ ഇറക്കിയിട്ട് അദ്ദേഹം തിരികെ പോയി. അപ്പോഴൊന്നും എനിക്കൊന്നും തോന്നിയില്ല. കാരണം അന്ന് എന്നെ അങ്ങനെയൊക്കെ സഹായിക്കുന്ന ഒരുപാടു പേരുണ്ടായിരുന്നു. സഹായിക്കുന്നവരോടെല്ലാം പ്രണയം തോന്നുക സ്വാഭാവികമല്ലല്ലോ . പിന്നെ കുറേ നാള്‍ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. സംസാരിച്ചിട്ടുമില്ല. ഞാന്‍ അതേക്കുറിച്ച് ചിന്തിച്ചിട്ടുമില്ല. 2001 കാലഘട്ടത്തിലെല്ലാം നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുത്ത് പകര്‍ന്നാട്ടം നടത്തുകയായിരുന്നു ഞാന്‍ . ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊരു കഥാപാത്രത്തിലേയ്ക്ക്. ഒരു സിനിമയില്‍ നിന്ന് മറ്റൊരു സിനിമയിലേക്ക്. റെക്കോര്‍ഡിങ്ങ് റൂമില്‍ കയറുമ്പോള്‍ ഞാന്‍ എല്ലാം മറന്നു. ആ മുറിയില്‍ കയറുമ്പോള്‍ ഞാനെന്റെ ദു:ഖം വാതില്‍പ്പടിക്കു പുറത്തുവച്ചു. പിന്നീട് ഡബ്ബിങ്ങ് തീരുവോളം ഞാനവ ഓര്‍ക്കുകയേയില്ല. ഒടുവില്‍ എല്ലാം കഴിഞ്ഞ് റൂമിലെത്തുമ്പോള്‍ വീണ്ടും എന്നെ തേടിയെത്തും. ആരും എന്നെ കാത്തിരിക്കാനില്ല എന്ന അറിവ് എന്നെ ഭ്രാന്ത് പിടിപ്പിച്ചു. ജീവിതം വല്ലാത്തൊരു അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങിതുടങ്ങിയിരുന്നു. ഒരിക്കല്‍ ഞാന്‍ ചെന്നൈയില്‍ ഡബ്ബിങ്ങിന് പോയ ദിവസം. ജോലി കഴിഞ്ഞ് ഞാന്‍ റൂമില്‍ തിരിച്ചെത്തി. രാത്രി ഒന്‍പതരയായി കാണും. അയാള്‍ വിളിച്ചു. കുറേ നാളുകള്‍ക്ക്‌ശേഷം. പതിവുപോലെ പലതും സംസാരിച്ചു. മൂന്ന് നാല് ദിവസം ഞാന്‍ ചെന്നൈയിലായിരുന്നു. അപ്പോഴൊക്കെ അയാള്‍ വിളിക്കും. പിന്നീട് അയാളുടെ ഫോണ്‍ വിളിക്കായി ഞാന്‍ കാത്തിരിക്കും. ഒടുവില്‍ ഒരു ദിവസം അദ്ദേഹം പറഞ്ഞു: എന്നെ വല്ലാതെ സ്‌നേഹിക്കുന്നു എന്ന്. ആദ്യമായാണ് ഒരാള്‍ വാക്കുകളിലൂടെ, ശബ്ദത്തിലൂടെ 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്ന് എന്നോട് പറയുന്നത്. അതും എന്റെ ചെവിയില്‍.നിശ്ശബ്ദമായിരുന്ന് അയാള്‍ പറയുന്നത് ഞാന്‍ കേട്ടുകൊണ്ടേയിരുന്നു. ഞാന്‍ സംസാരിച്ചാല്‍ അയാളുടെ ശബ്ദത്തിന്റെ സുഖം മുറിഞ്ഞുപോകുമോ എന്നു തോന്നി .അതെ, ഞാന്‍ പ്രണയിനിയാവുകയായിരുന്നു .

പിന്നീട് പലപ്പോഴും ഞങ്ങള്‍ സംസാരിച്ചു. പലതും. സിനിമ, പുസ്തകം, സംഗീതം, ഞാന്‍ ചെയ്ത സിനിമകള്‍ , എന്തിന് എന്നിലുള്ള അപാകതകളെക്കുറിച്ചുമൊക്കെ അയാള്‍ പറഞ്ഞു. ആദ്യമായിട്ടാണ് ഒരാള്‍ എന്നോട് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. പ്രണയം ഒരു സ്ത്രീയെ സുന്ദരിയാക്കും എന്ന് പറയുന്നത് ശരിയാണ്. അതെ, ആദ്യമായി ഞാന്‍ സുന്ദരിയാണെന്ന് പറയുന്നത് അയാളായിരുന്നു. അതുവരെ എന്നോടാരും അങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്റെ ഭര്‍ത്താവുപോലും. നുണയാണോ ഇയാള്‍ പറയുന്നത് എന്നുപോലും തോന്നി. എനിക്കും അങ്ങനെ ഒരു വിശ്വാസമില്ലായിരുന്നു.

ഞാന്‍ പ്രണയത്തിന്റെ പുഴയില്‍ ഒഴുകുകയായിരുന്നു. അതുവരെ ഒരുങ്ങി നടക്കാന്‍ ശ്രദ്ധയില്ലാത്ത ആളായിരുന്നു ഞാന്‍ . സാരി നന്നായി ചുറ്റുന്നതിനോ മുഖം മിനുക്കുന്നതിനോ ഞാന്‍ പ്രാധാന്യം കൊടുത്തിരുന്നില്ല.സാരിക്ക് മാച്ചിങ്ങ് ബ്ലൗസ്സോ , അതോ എനിക്കു ചേരുന്ന നിറമോ ആയിരിക്കണമെന്നില്ല. ഞാന്‍ വൃത്തിയായി നടക്കും അത്ര തന്നെ.അയാള്‍ എനിക്കു ചേരുന്ന നിറങ്ങള്‍ പറഞ്ഞു തന്നു. വായിക്കേണ്ട പുസ്തകങ്ങളെക്കുറിച്ച്, കേള്‍ക്കേണ്ട പാട്ടുകളെക്കുറിച്ച്. ലോക ക്ലാസിക് സിനിമകളെക്കുറിച്ചും ഒക്കെ അയാള്‍ പറഞ്ഞുതന്നു. അദ്ദേഹവും എന്നെപ്പോലെ മുന്‍കോപിയും ഈഗോയിസ്റ്റുമായിരുന്നു. മദ്യപിക്കില്ല. പുകവലിക്കില്ല. ഇങ്ങനെ എനിക്കിഷ്ടമുള്ള ഒരുപാടു ഗുണങ്ങളായിരിക്കാം എന്നെ അയാളിലേക്ക് അടുപ്പിച്ചത്. ഞങ്ങള്‍ സ്‌നേഹിച്ചു, വഴക്കുകൂടി പിണങ്ങി, വീണ്ടും അതിലേറെ സ്‌നേഹിച്ചു. മനോഹരമായിരുന്നു ആ കാലങ്ങള്‍ . ജീവിതത്തില്‍ ഇത്രയേറെ സന്തോഷിച്ച നാളുകള്‍ ഉണ്ടായിട്ടില്ല. ഞാന്‍ എന്നെത്തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്നിലെ ഗുണങ്ങളെയും ദോഷങ്ങളേയുംകുറിച്ചു ഞാന്‍ ബോധവതിയായി. ഞാന്‍ മാറുകയായിരുന്നു. രൂപത്തില്‍ മാത്രമല്ല സ്വാഭാവത്തിലും. അതുവരെ റെക്കോര്‍ഡിങ്ങ് റൂമിലും പുറത്തും എല്ലായ്‌പ്പോഴും മുഖം വീര്‍പ്പിച്ച് എല്ലാവരേയും തുറിച്ചുനോക്കുന്ന ഒരു ഭാഗ്യലക്ഷ്മിയായിരുന്നു ഞാന്‍ . ഞാനെങ്ങാനും ഒന്നു ചിരിച്ചുപോയാല്‍ എല്ലാവരും എന്നെ പറ്റിക്കും എന്ന ചിന്ത എന്നില്‍ എപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്കു മുമ്പില്‍ എപ്പോഴും ഞാന്‍ ഒരു ബാരിക്കേഡ് സൃഷ്ടിച്ചു. മുടി മുറുക്കി പിന്നിയിട്ട് ഒരു തരം ധാര്‍ഷ്ട്യത്തോടെ ഡബ്ബിങ്ങ് തീയറ്ററിലേയ്ക്ക് ഞാന്‍ വരുന്നത് കാണുമ്പോള്‍ പലരും പറയുന്നതുകേട്ടിട്ടുണ്ട്: 'എന്തൊരു ജാതി വരവാണിത്.' എന്റെ പ്രണയം മുറുക്കിപിന്നിയിരുന്ന എന്റെ മുടി വിടര്‍ത്തിയിട്ടു. എന്റെ നെറ്റിയില്‍ എപ്പോഴും ഒരു ചുവന്ന പൊട്ടു തൊടുവിച്ചു. മുഖത്തൊരു പുഞ്ചിരി ഉണ്ടായിരിക്കാനും മറ്റുള്ളവരെ വിശ്വസിക്കാനും പഠിപ്പിച്ചു. ഒരിക്കലും മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാന്‍ ഒരു വ്യക്തിക്ക് സാധിക്കില്ല എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. നമുക്ക് ജീവിക്കാന്‍ മറ്റൊരാള്‍ പുറകില്‍ നിന്ന് പിന്താങ്ങിയിട്ട് കാര്യമില്ല. നമ്മള്‍ തന്നെയാണ് നമ്മുടെ ശക്തിയും ധൈര്യവും. നമ്മെ തന്നെയാണ് നമ്മള്‍ ആദ്യം സ്‌നേഹിക്കേണ്ടത്, എത്ര സ്‌നേഹമുള്ള മാതാപിതാക്കളുണ്ടെങ്കിലും, ഭര്‍ത്താവുണ്ടെങ്കിലും, മക്കളുണ്ടെങ്കിലും നമ്മളുടെ ശരീരവും മനസ്സും ആരോഗ്യത്തോടെ വെയ്‌ക്കേണ്ടത് നമ്മള്‍ തന്നെയാണ്. ഒരാളും അവസാനം വരെ നമ്മോടൊപ്പം ഉണ്ടാകുമെന്ന് വിചാരിക്കരുത്. ആരുമില്ലെങ്കിലും നീ നിന്റെ ആത്മധൈര്യം കൈവിടരുത്, നമുക്ക് മറ്റുള്ളവരെ സ്‌നേഹിക്കാനെ അവകാശമുള്ളു.

വേദനിപ്പിക്കാന്‍ അവകാശമില്ല. ഇങ്ങനെ കുറേ കാര്യങ്ങള്‍ അയാള്‍ എന്നെ പഠിപ്പിച്ചുതന്നു. അദ്ദേഹം കുറേശ്ശെ കുറേശ്ശെ എന്നെ മാറ്റിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അടിമത്ത്വം സഹിക്കവയ്യാത്തതുകൊണ്ട് ഒരു ധൈര്യത്തില്‍ വിവാഹബന്ധത്തില്‍നിന്ന് ഇറങ്ങിയെങ്കിലും ,മറ്റ് പല കാര്യങ്ങളിലും തീരെ ധൈര്യമില്ലാത്ത ആളായിരുന്നു 2001 വരെ ഞാന്‍ . മാധ്യമങ്ങളിലും, വേദികളിലും ഒന്നും പ്രസംഗിക്കാനും, സാംസ്‌ക്കാരിക കാര്യങ്ങളില്‍ ഇടപെടാനും അദ്ദേഹമെന്നെ നിര്‍ബ്ബന്ധിച്ചു. സംസാരിക്കേണ്ട വിഷയങ്ങള്‍ എഴുതി പഠിപ്പിച്ചു. ആദ്യമൊക്കെ നോക്കി വായിക്കാന്‍ പറയും. മോശമല്ലേ നോക്കി വായിക്കുന്നത് എന്നു ചോദിക്കുമ്പോള്‍ പറയും, എത്രയോ വലിയ ആളുകള്‍ നോക്കി വായിക്കുന്നത് കണ്ടിട്ടില്ലേ. ഏത് വിഷയം സംസാരിക്കുമ്പോഴും, എന്റെ മുമ്പില്‍ ഇരിക്കുന്നവരേക്കാള്‍ ആ വിഷയം സംസാരിക്കാന്‍ ഞാന്‍ എന്തുകൊണ്ടും അര്‍ഹയാണ് എന്ന് സ്വയം തോന്നണം. ഒരു കളിമണ്ണിനെ ശില്പ്മാക്കുകയായിരുന്നു അയാള്‍ , ഞാന്‍ അടിമുടി മാറിത്തുടങ്ങി. എനിക്കുതന്നെ എന്നെക്കുറിച്ച് അഭിമാനം തോന്നത്തക്കവിധം, രൂപത്തിലും, ഭാവത്തിലും ,പെരുമാറ്റത്തിലും, സംസാരത്തിലും മാത്രമല്ല,സമൂഹത്തിലും എനിക്കൊരു വ്യക്തിത്വം ഉണ്ടാക്കിത്തന്നത് അയാളായിരുന്നു. പിന്നിട് എന്തു സംഭവിച്ചു എന്നറിയില്ല. പതുക്കെ പതുക്കെ അയാള്‍ എന്നില്‍നിന്ന് അകലാന്‍ തുടങ്ങി. ഫോണ്‍ വിളികള്‍ കുറഞ്ഞു. കാണാറില്ല.

ഇതിനിടയില്‍ എനിക്കൊരു ആക്‌സിഡന്റ് ഉണ്ടായി. സാമാന്യം നല്ല അപകടമായിരുന്നു. ഒരു ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് വണ്ടി തവിടുപൊടിയായി. എനിക്കൊന്നും പറ്റിയില്ലെങ്കിലും ആ റോഡില്‍ ആള് കൂടിയപ്പോ പെട്ടെന്ന് ഞാന്‍ ടെന്‍ഷനിലായി. പക്ഷേ, എനിക്ക് ഒട്ടും ഭയമില്ലായിരുന്നു. എനിക്ക് വിളിക്കാന്‍ ഒരാളുണ്ട്, അതായിരുന്നു എന്റെ ധൈര്യം. ഉടനെ ഞാന്‍ അയാളെ വിളിച്ചു. എന്നെ ഞെട്ടിപ്പിക്കുന്ന മറുപടിയായിരുന്നു അയാള്‍ പറഞ്ഞത്. 'എനിക്കിപ്പോ വരാന്‍ പറ്റില്ല.' ആ നിമിഷം ഞാന്‍ തളര്‍ന്നുപോയി. ജീവിതത്തില്‍ ഒരപകടം സംഭവിച്ചാല്‍ ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോകും. ഞാന്‍ ഒരു അനാഥതന്നെയാണ് എന്നൊക്കെ തോന്നി. അപകടത്തേക്കാള്‍ വലിയ ഞെട്ടലാണ് അതെന്നിലുണ്ടാക്കിയത്. ആ സമയത്ത് എന്നെ ഓടി വന്ന് സഹായിച്ചത് മറ്റു പലരുമായിരുന്നു.
 
 

 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___