ജനാധിപത്യ കാഴ്ചപ്പാടില്‍ ഏത് ഭക്ഷണം കഴിക്കണം, കഴിക്കരുത് എന്നത് കഴിക്കുന്ന മനുഷ്യരുടെ സ്വാതന്ത്ര്യത്തിന്റെയും അഭിരുചിയുടെയും പ്രശ്‌നമാണ്. ചിലയാളുകള്‍ കരുതുന്നത് പോലെ വിശപ്പിന്റെ പ്രശ്‌നമല്ല ഭക്ഷണമെന്ന് പറയുന്നത്. ഭക്ഷണം സ്വാദ് മാത്രമല്ല, സ്വാതന്ത്ര്യം കൂടിയാണ്. ഈ മൗലികമായ യാഥാര്‍ഥ്യമാണ് നമ്മുടെ സംവാദങ്ങളില്‍ നിന്ന് നഷ്ടപ്പെട്ടുപോകുന്നത്. അങ്ങനെ വരുമ്പോള്‍ ഇതിനു പകരം ഒരു സ്വാദ് നല്‍കാന്‍ മറ്റൊന്നിന് കഴിയും. രാജ്യത്ത് മാട്ടിറച്ചി നിരോധിക്കപ്പെട്ടാല്‍ ജനിതക ശാസ്ത്രം വളരെയേറെ വളര്‍ന്ന സാഹചര്യത്തില്‍ മാട്ടിറച്ചിയുടെ രുചി തരാന്‍ കഴിയുന്ന വേറെയൊരു ഭക്ഷണം വികസിപ്പിച്ചെടുക്കാം. അതിനാലിത് സ്വാദിന്റെ പ്രശ്‌നമല്ല, സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. ഈ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നത്തെ ജനിതക ശാസ്ത്രംകൊണ്ട് പരിഹരിക്കാന്‍ സാധിക്കില്ല. ആ അര്‍ഥത്തില്‍ ജനാധിപത്യത്തിന്റെ മൗലിക പ്രശ്‌നമായി ഇത് വിശകലനം ചെയ്യപ്പെടുകയാണ് വേണ്ടത്. അങ്ങനെ വരുമ്പോള്‍ ഒരു കാര്യംകൂടി നാമാലോചിക്കേണ്ടിവരും. ജനാധിപത്യത്തെക്കുറിച്ച് പറയുമ്പോള്‍ ലോകത്തിന്റെ തന്നെ ആദരവ് പിടിച്ചെടുക്കുന്ന നിലയില്‍ ഏറ്റവും ഗംഭീരമായ നിര്‍വചനം മുന്നോട്ടുവെച്ചത് ബുദ്ധനാണ്. സാധാരണ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ 1863 ലെ അബ്രഹാം ലിങ്കണിന്റെ 'ഗട്ടിസ് ബര്‍ഗ്' പ്രസംഗമാണ് പറയുക. മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള, 272 വാക്കുകള്‍ മാത്രമുള്ള ചരിത്രപ്രസിദ്ധമായ പ്രസംഗം. ആദ്യത്തെ വാക്കിനേക്കാള്‍ ഗംഭീരമായത് അവസാനത്തെ വാക്കാണ്. Democracy is the govenrnment of the people by the people for the people, that shall not perish on the earth. അത് ഭൂമിയില്‍ നിന്ന് അവസാനിച്ചുകൂടാ, ഇതാണ് പ്രധാനം. അങ്ങനെ സാംസ്‌കാരിക വിജയവും രാഷ്ട്രീയ വിജയവും സമന്വയിപ്പിച്ചുകൊണ്ട് രാഷ്ട്രീയ സാംസ്‌കാരിക സംയുക്ത മണ്ഡലം 2014 ഓടുകൂടി ഇന്ത്യയില്‍ രൂപപ്പെട്ടിരിക്കുന്നു. നേരത്തെ വാജ്‌പേയി ഗവണ്‍മെന്റിന് കഴിയാത്തതാണിത്. സാംസ്‌കാരിക മേല്‍കോയ്മയിലൂടെയും രാഷ്ട്രീയ മേല്‍കോയ്മയിലൂടെയും ഇത് നേടിയെടുക്കുക എന്നുള്ളതാണ് പതിനാറാം ലോകസഭയുടെ മൗലികമായ പ്രത്യേകത. പിടിച്ചെടുക്കല്‍ (ഹെജിമോണിയല്‍ അപ്രോപ്രിയേഷന്‍) എന്ന ഫാഷിസ്റ്റ് പദ്ധതിയുണ്ട്. അയ്യങ്കാളി, പൊയ്കയില്‍ അപ്പച്ചന്‍, ഇവി.ആര്‍, ശ്രീനാരായണ ഗുരു, അംബേദ്കര്‍, ഭഗത്‌സിംഗ് തുടങ്ങി ആരൊക്കെയാണോ ജാതി മേല്‍ക്കോയ്മക്കെതിരെ പൊരുതിയത്, അവരെയൊക്കെയും പിടിച്ചെടുക്കുക. ഒരു സൈനിക നീക്കത്തിലൂടെയുമല്ല പിടിച്ചെടുക്കുന്നത്. മറിച്ച് സാംസ്‌കാരിക അധീശത്വത്തിലൂടെയാണ്. സാംസ്‌കാരിക മേല്‍ക്കോയ്മയിലൂടെ വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരെപ്പോലും പിടിച്ചെടുക്കാന്‍ സംഘ്പരിവാറിന് കഴിയുന്നു. പതിനാറാം ലോകസഭ തെരഞ്ഞെടുപ്പോടെ ഒരു നവ ഫാഷിസമാണ് ഇന്ത്യയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനെ മതപ്രശ്‌നത്തിലേക്ക് ചുരുക്കുന്നതിനപ്പുറമുള്ള കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ വലിയ സാധ്യത കാണാതെ പോകരുത്. നിരവധി സാംസ്‌കാരിക-സാമൂഹിക-രാഷ്ട്രീയ സമരങ്ങള്‍ നടന്ന കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാന്‍സര്‍ രോഗികളുടെ ചികില്‍സ ചെലവ് വര്‍ധിക്കുന്നത് അലസമായി കാണാന്‍ സാധിക്കില്ല. ശ്രീ ചിത്തിര ഹോസ്പിറ്റലിലടക്കം ചികില്‍സ ചെലവ് 30-40 ശതമാനം വര്‍ധിച്ചിരിക്കുന്നു. മതപ്രശ്‌നമല്ല എന്ന് പറയാന്‍ കാരണം മര്‍ദ്ദിത ജനവും മര്‍ദ്ദിത ജാതിയും എന്നര്‍ഥത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷ മതങ്ങള്‍ മര്‍ദ്ദിത മതങ്ങളും ഇന്ത്യയിലെ വിവിധ ജാതികള്‍ മര്‍ദ്ദിത ജാതികളുമായും മാറുകയാണ് എന്നുള്ള സംവാദം സാധ്യമാകുമ്പോള്‍ തന്നെ ഇവിടെ കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തെക്കുറിച്ച് നാം ആലോചിക്കേണ്ടതുണ്ട്. ഭൂരിപക്ഷം വരുന്ന ജനത്തിന്റെ, അതില്‍ മധ്യവര്‍ഗം വരെ പെടും, നിലനില്‍പ്പ് അസാധ്യമായിക്കൊണ്ടിരിക്കുന്നു. സാധാരണ കേരളത്തില്‍ പച്ചക്കറിക്കടയും ഇറച്ചിക്കടയും അടുത്തടുത്തിടത്താണ്. എന്നാല്‍, പച്ചക്കറിയുടെ വിപരീതമാണ് ഇറച്ചി എന്നു വന്നിരിക്കുന്നു. ഒരു പുതിയ വിപരീതം കൂടി ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. 2014 ന് മുമ്പ് ഒരു കെട്ടിടത്തിലുണ്ടായ കടകള്‍ 2014 കഴിയുമ്പോഴേക്കും തമ്മില്‍ അടിച്ചുപിരിയേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ അധികാരത്തിന് ജനാധിപത്യത്തെ വെല്ലുവിളിക്കാന്‍ കഴിയും, ഒരു ഫാഷിസ്റ്റ് അധികാരത്തിന് എന്ത് ചെയ്യാന്‍ കഴിയില്ല എന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ പറയാന്‍ കാരണമുണ്ട്. ആളുകള്‍ ചോദിക്കുന്നു, പാര്‍ലമെന്റ് നിലനില്‍ക്കുന്നില്ലേ? നിലനില്‍ക്കുന്നുണ്ടോ? നമ്മുടെ പാര്‍ലമെന്റില്‍ ഏറ്റവും വലിയ പാര്‍ട്ടി ബി.ജെ.പി പോലുമല്ല. കാരണം 308 പേര്‍ കൊക്കോടീശ്വരന്മാരാണ്. കോടീശ്വരന്‍ എന്നുപോലും പറയാന്‍ പറ്റില്ല. മുമ്പ് മലയാളത്തില്‍ ഒരു വാക്കുണ്ടായിരുന്നു. ആ വാക്ക് ഇപ്പോള്‍ നെഞ്ചത്തടിച്ചു കരയുകയാണ്. ലക്ഷപ്രഭു എന്നാണാ വാക്ക്. 'ലക്ഷപാവം' എന്നാണ് ഇപ്പോള്‍ ഉപയോഗിക്കേണ്ടത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ധന മൂലധന ശക്തിക്കാണ് (308 കോടീശ്വരന്മാര്‍ക്കാണ്) ഭൂരിപക്ഷം. ചുരുക്കിപ്പറഞ്ഞാല്‍ ഔപചാരിക ജനാധിപത്യത്തിന്റെ മൂല്യം ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. രൂപം നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും ജനാധിപത്യം നിലനില്‍ക്കുന്നു എന്ന വാദം ശക്തിയാര്‍ജിക്കുകയാണ്. എത്ര പെട്ടെന്നാണ് ഫാഷിസ്റ്റ് അധികാരം നമ്മുടെ അനുവാദം കൂടാതെതന്നെ ജീവിതത്തിന്റെ അജണ്ടകള്‍ തീരുമാനിക്കുന്നത്. സാധാരണഗതിയില്‍ എല്ലാ അധികാരത്തിനും അതിന്റേതായ പ്രവര്‍ത്തന പദ്ധതിയുണ്ട്. ഒരുദാഹരണം, ഒന്നാം ലോക യുദ്ധ കാലത്ത്, ബ്രിട്ടനില്‍ പട്ടാളത്തിലേക്ക് ചേരാന്‍ വേണ്ടിയിരുന്ന ശാരീരിക യോഗ്യതയായി പറയപ്പെട്ടിരുന്നത് ഉയരം അഞ്ചടി എട്ടിഞ്ചായിരുന്നു. യുദ്ധം ഒരു ഘട്ടത്തിലെത്തിയപ്പോള്‍ ബ്രിട്ടീഷ് പട്ടാളം ഇളവുവരുത്തി അത് അഞ്ചടി അഞ്ചിഞ്ചാക്കി. രണ്ടുമാസംകൂടി കഴിഞ്ഞ് മുപ്പതിനായിരത്തോളം പട്ടാളക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ അഞ്ചടി മൂന്നിഞ്ചാക്കി. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വശക്തി രണ്ടുമൂന്നു മാസം കൊണ്ട് അവരുടെ പട്ടാളത്തിലേക്കുള്ള തെരഞ്ഞെടുപ്പ് രീതിയില്‍ പെട്ടെന്ന് മാറ്റംവരുത്തുവാന്‍ ഉണ്ടായ കാരണം എന്തായിരിക്കും? കാര്യം വളരെ വ്യക്തമാണ്. യുദ്ധം ഇങ്ങനെ തുടരുകയാണെങ്കില്‍ അംഗപരിമിതരെക്കൂടി പട്ടാളത്തിലേക്ക് എടുക്കുന്ന അവസ്ഥയുണ്ടാകും. പൊതുവേ, അധികാരം എന്താണ് തീരുമാനിക്കുന്നത് അത് ഒരു ക്രമമായി അംഗീകരിക്കപ്പെടും. അംഗപരിമിതരെ സാധാരണ ഗതിയില്‍ പട്ടാളത്തിലേക്കെടുക്കാറില്ലല്ലോ എന്ന് ജനങ്ങള്‍ പറയുന്നതുകൊണ്ടോ അംഗപരിമിതരായ ഞങ്ങള്‍ക്ക് യുദ്ധം ചെയ്യാന്‍ ആകുമോ എന്ന് അവര്‍ ചോദിക്കുന്നത് കൊണ്ടോ, ഒരു കാര്യവുമില്ല. കാരണം അത് തീരുമാനിക്കുന്നത് അവരല്ല, അധികാരമാണ്. അധികാരം മാട്ടിറച്ചി കഴിക്കുന്നത് ഭ്രാന്തിന്റെ ലക്ഷണമാണെന്ന് പറയുമ്പോള്‍ തീര്‍ച്ചയായും ഇതിനെ അലസമായ അധികാര പ്രകടനമായി അവഗണിക്കാന്‍ പറ്റില്ല. അടിയില്‍നിന്നുള്ള ഇന്ത്യന്‍ ജനാധിപത്യ മതനിരപേക്ഷതയെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനമാണ് ഇവിടെ തുടങ്ങിക്കഴിഞ്ഞിരിക്കുന്നത്. കാരണം, ഇത് അവതരിപ്പിക്കപ്പെടുന്നത് ഹിന്ദു-മുസ്‌ലിം പ്രശ്‌നമെന്ന നിലക്കാണ്. സത്യത്തില്‍ ഇത് ഹിന്ദു-മുസ്‌ലിം പ്രശ്‌നമാണോ? നമ്മള്‍ ആലോചിക്കേണ്ടതുണ്ട്. അടിയില്‍ നിന്നുള്ള ജനാധിപത്യം മുംബൈയില്‍ കണ്ടു. ഗര്‍ഭിണിയായ നൂറുദ്ദീന്‍ ശൈഖ് പാവപ്പെട്ട സ്ത്രീയാണ്. അവള്‍ ഒറ്റക്ക് തന്നെ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയാണ്. ഏറക്കുറെ ഓട്ടോറിക്ഷയില്‍ വെച്ച് പ്രസവിക്കും എന്ന അവസ്ഥ വന്നപ്പോള്‍ ഓട്ടോറിക്ഷക്കാരന്‍ അവരെ ഇറക്കിവിട്ടു. പാടില്ലാത്തതാണ്, കാരണം ഓട്ടോറിക്ഷയില്‍ തന്നെ സാധ്യമാകുന്ന പ്രസവം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സംവിധാനങ്ങളൊക്കെയും സങ്കീര്‍ണമാക്കിത്തീര്‍ക്കുകയാണ്. ഇത്ര നിസ്സാരമായതിനെ സങ്കീര്‍ണമാക്കിയത് ഈ ഔഷധ വ്യവസായമാണ്. ഇവിടെ നൂറുദ്ദീന്‍ ശൈഖിനെ അവിടുന്ന് തന്നെ പ്രസവിപ്പിക്കാമായിരുന്നു. റിക്ഷക്കാരന്‍ ഇറക്കിവിട്ടത് ഗണേശ ക്ഷേത്രത്തിന്റെ മുമ്പിലായിരുന്നു. അവിടെ ഭക്തകളായ സ്ത്രീകള്‍ ക്ഷേത്രത്തില്‍ തന്നെ സാരിവലിച്ചുകെട്ടി ലേബര്‍ റൂമുണ്ടാക്കി; അവിടെ തന്നെ പ്രസവിച്ചു. ഇതാണ് ഇന്ത്യയിലെ അടിയില്‍ നിന്നുള്ള ജനാധിപത്യം. നൂറുദ്ദീന്‍ ശൈഖ് തന്റെ കുട്ടിക്ക് പേരിടുകയും ചെയ്തു. ഇന്ത്യന്‍ ജനങ്ങളില്‍ സ്‌നേഹമുണ്ട്. സഹിഷ്ണുതയുണ്ട്. സഹകരണമുണ്ട്. ചിലപ്പോള്‍ വൈകാരികമായി ഇടപെടും. എന്നാലും ഞങ്ങള്‍ ഇന്ത്യക്കാരാണെന്ന ഐക്യമുണ്ട്, അടുപ്പമുണ്ട്, സൗഹൃദമുണ്ട്. സ്‌നേഹമുണ്ട്. അതാണ് അടിയില്‍ നിന്നുള്ള ജനാധിപത്യം. എന്നാല്‍, ഇന്ത്യയിലെ ഇപ്പോഴത്തെ സര്‍ക്കാരിന് ഈ ഐക്യമില്ല, ഈ അടുപ്പമില്ല, ഈ സഹിഷ്ണുതയില്ല, ഈ സ്‌നേഹമില്ല, അവര്‍ക്ക് ജനാധിപത്യവുമില്ല. അവര്‍ക്കുള്ള ഏക ജനാധിപത്യമെന്ന് പറയുന്നത് അദാനിക്കും എസ്.ആറിനും റിലയന്‍സിനുമൊക്കെ സൗകര്യമുമുണ്ടാക്കുക എന്നതാണ്. അതിനെതിരെ ഇന്ത്യന്‍ ജനങ്ങള്‍ ജാതിമതത്തിനപ്പുറം ഞങ്ങള്‍ ഇന്ത്യക്കാര്‍ എന്ന രീതിയില്‍ ഐക്യപ്പെടുമ്പോള്‍ നിങ്ങള്‍ ഇന്ത്യക്കാരല്ല, നിങ്ങള്‍ വിവിധ മതത്തിന്റെ പേരില്‍ തമ്മിലടിക്കേണ്ട വിവിധ മതക്കാരാണെന്നാണ് ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടം വരുത്തിത്തീര്‍ക്കുന്നത്. ഫാഷിസത്തിന്റെ ഈ കോര്‍പ്പറേറ്റ് അജണ്ടകള്‍ക്കെതിരെ പ്രതിരോധ നിര കെട്ടിപ്പടുക്കാനും നിങ്ങള്‍ മാത്രമല്ല, ഞങ്ങളും ജീവിക്കുന്ന രാഷ്ട്രമാണ് ഇന്ത്യയെന്ന് ഉറക്കെപ്പറയാനുമുള്ള ഒരു ചരിത്രസംഭവമായി ഈ ഒത്തുചേരലിനെ നാം മാറ്റിയെടുക്കണം. ഭക്ഷണം സ്വാദ് മാത്രമല്ല സ്വാതന്ത്ര്യം കൂടിയാണ്
കെ.ഇ.എന്‍/ പ്രഭാഷണം www.keralites.net
Posted by: SALAM M <mekkalathil@yahoo.co.in>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment