എന്നാല്‍, ഒരു വിഷയം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും പരിശോധിക്കണമല്ലോ. ഒരു കൗതുകത്തിന്റെ പേരില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നു. ശ്രീനിവാസനെ മര്‍ദ്ദിച്ചതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു എന്ന പേരില്‍ എന്റെ നെഞ്ചില്‍ പൊങ്കാലയിടാന്‍ ആരും വരരുത് എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ.
ശ്രീനിവാസന്‍ നല്ലൊരു നയതന്ത്രവിദഗ്ദ്ധനായിരിക്കാം, പക്ഷേ നല്ലൊരു വിദ്യാഭ്യാസ വിചക്ഷണനാണെന്ന് പറയരുത്. പിണറായി വിജയന്‍ അത് ഇപ്പോള്‍ മാത്രമേ പറഞ്ഞുള്ളൂവെങ്കില്‍ ഈയുള്ളവന്‍ നാലു വര്‍ഷം മുമ്പ് അതു പറഞ്ഞതാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മുന്നിലെത്തി എന്നത് വിദ്യാഭ്യാസ വിചക്ഷണനാവാനുള്ള യോഗ്യതയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതു ശരിവെയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
'Why don't you clear out these bastards and make way?'
'ഈ തന്തയില്ലാക്കഴുവേറികളെ പൊക്കി മാറ്റി വഴിയൊരുക്കാന്‍ നിങ്ങളെന്താ തയ്യാറാവാത്തത്?' എന്ന് മലയാള പരിഭാഷ.
ഇത് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുള്ളതാണ്. വാചകത്തിന്റെ കര്‍ത്താവ് നമ്മുടെ ബഹുമാന്യനായ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍. അടുത്തുനിന്ന പോലീസുദ്യോഗസ്ഥനോടാണ് അദ്ദേഹം ചോദിച്ചത്. താനടക്കമുള്ളവരെ 'തന്തയില്ലാത്തവര്‍' എന്നു വിശേഷിപ്പിക്കുന്നത് കേട്ട ഒരു ചെറുപ്പക്കാരന്‍ പ്രകോപിതനായത് സ്വാഭാവികം. എന്നാല്‍, ഒരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്നയാള്‍ ഇത്തരത്തില്‍ പൊതുസ്ഥലത്ത് പെരുമാറാമോ എന്നത് വേറെ കാര്യം. ശ്രീനിവാസന്‍ പുലഭ്യം പറഞ്ഞുവെന്ന് സത്യമാണെങ്കില്‍ തല്ല് അര്‍ഹിക്കുന്നുണ്ടെന്ന് എന്റെ പക്ഷം. പ്രായമേറുന്നു എന്നത് ആരെയും പുലഭ്യം പറയാനുള്ള ലൈസന്‍സല്ല. ഇനി 'bastard' എന്നാല്‍ 'പൗരബോധമുള്ളവന്‍' എന്നോ മറ്റോ ആണോ അര്‍ത്ഥം?
കോവളത്ത് അദ്ദേഹം ചോദിച്ചുവാങ്ങിയ അടിയാണ് -ഞാന്‍ പറയുന്നതല്ല, പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടാണ്. വിദ്യാഭ്യാസ സംഗമത്തിനെതിരെ പ്രക്ഷോഭം ശക്തമാണെന്നും സുരക്ഷ ഉറപ്പാക്കാനാവില്ലെന്നും പോലീസ് ബന്ധപ്പെട്ടവരെ എല്ലാവരെയും അറിയിച്ചിരുന്നു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇത് മുഖവിലയ്‌ക്കെടുത്തു. എന്നാല്‍, ശ്രീനിവാസന്‍ മുന്നറിയിപ്പ് അവഗണിക്കുകയും സമരക്കാര്‍ക്കിടയില്‍ ചെന്നു കയറുകയും ചെയ്തു. ബോധപൂര്‍വ്വമായിരുന്നോ അദ്ദേഹത്തിന്റെ നടപടി എന്ന സംശയം പലരും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഞാന്‍ അത് വിശ്വസിക്കുന്നില്ല. സമരപോരാട്ടങ്ങളോടുള്ള പുച്ഛവും വിവരക്കേടും കാരണം ചെയ്തതാവാനേ വഴിയുള്ളൂ. സത്യം ഇതായതുകൊണ്ടാണ് പോലീസിനെതിരെ ശ്രീനിവാസനെപ്പോലൊരാള്‍ നേരിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ചു പരാതി പറഞ്ഞിട്ടും കാര്യമായ നടപടിയുണ്ടാവാത്തത്. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരെയും മൂന്ന് കോണ്‍സ്റ്റബിള്‍മാരെയും കേരളാ പോലീസ് അക്കാദമിയില്‍ റിഫ്രഷര്‍ ട്രെയിനിങ്ങിന് അയയ്ക്കുമത്രേ! എന്തൊരു വലിയ ശിക്ഷയാ!!!
തിരുവിതാംകൂറിന്റെ വികസനത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയയാളാണ് സര്‍ ചെട്ട്പാട്ട പട്ടാഭിരാമ രാമസ്വാമി അയ്യര്‍. എന്നാല്‍ അടിച്ചമര്‍ത്തലായിരുന്നു മുഖമുദ്ര. ഇന്ന് സി.പിയല്ല സ്മരിക്കപ്പെടുന്നത്, അദ്ദേഹത്തെ വെട്ടിയ കെ.സി.എസ്.മണിയാണ്. ശ്രീനിവാസന്‍ മികച്ച അന്താരാഷ്ട്ര നയതന്ത്രജ്ഞനാണ്. എന്നാല്‍, സംസ്ഥാന വിദ്യാഭ്യാസ കൗണ്‍സില്‍ തലവനെന്ന നിലയില്‍ അദ്ദേഹം സ്വീകരിച്ച പല നടപടികളും സംശയാസ്പദമാണ്. ശ്രീനിവാസനെ തല്ലിയതിന്റെ പേരില്‍ ശരത് സ്മരിക്കപ്പെടുന്ന കാലം വരുമോ? വൈസ്രോയിക്കെതിരെ പ്രതിഷേധിക്കാന്‍ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞ 23കാരനായ ഭഗത് സിങ് ഇന്നെല്ലാവര്‍ക്കും ധീരവിപ്ലവകാരിയാണ് എന്ന് സാന്ദര്‍ഭികമായി സ്മരിക്കുന്നു.
* * * * * *
വാല്‍ക്കഷ്ണം: തങ്ങളുടെ ഭാഗത്തുണ്ടായ വീഴ്ച മറച്ചുവെയ്ക്കാന്‍ പോലീസ് കെട്ടിച്ചമച്ച റിപ്പോര്‍ട്ടാണോ ഇതെന്ന് അറിയില്ല. അങ്ങനെയാണെങ്കില്‍ മാപ്പ്… മാപ്പ്…. മാപ്പ്….
No comments:
Post a Comment